കോവിഡിന്റെ മൂന്നാം തരംഗം വരുമെന്നും അത് കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നും മാധ്യമങ്ങളിലൂടെ നാം കേള്‍ക്കുന്നുണ്ട്. ഇത് ശാസ്ത്രീയമായ ഒരു വിശകലനമാണോ അതോ ഊഹാപോഹമാണോ എന്നു പരിശോധിക്കാം.

എന്തുകൊണ്ട് കുട്ടികള്‍

കോവിഡിന്റെ ഒന്നാം തരംഗത്തില്‍ വിദേശരാജ്യങ്ങളില്‍ പ്രായമായവരെയാണ് രോഗം കൂടുതലായി ബാധിച്ചത്. രോഗബാധ തടയാനായി വയോജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. ഇതേത്തുടര്‍ന്ന് രോഗബാധ മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും കേന്ദ്രീകരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പിന്നീട് 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തി. അതായത്, 18 വയസ്സിനുമേലുള്ള എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കിവരുന്നു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ അവശേഷിക്കുന്ന ഏകവിഭാഗം ഇനി കുട്ടികള്‍ മാത്രമാണ്. കൂടാതെ, ഒരു വര്‍ഷത്തിലേറെയായി വീടുകളിലാണ് കുട്ടികള്‍ കഴിയുന്നത്. അന്തരീക്ഷത്തിലുള്ള രോഗാണുക്കളുമായി അവര്‍ക്ക് സമ്പര്‍ക്കം ഉണ്ടാകുന്നില്ല. ഇത് രോഗത്തിനെതിരേ പ്രതിരോധശക്തി ആര്‍ജിക്കാനുള്ള സ്വാഭാവിക കഴിവ് കുട്ടികളില്‍ വളര്‍ത്തുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടായാല്‍ അത് കൂടുതലായി ബാധിക്കുന്നത് കുട്ടികളെ ആയിരിക്കുമെന്ന നിഗമനത്തിലെത്തിച്ചത്.

ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള കോവിഡ് ബാധിതരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം നാലുശതമാനം പേര്‍ മാത്രമാണ് പത്തുവയസ്സിനു താഴെയുള്ള കുട്ടികള്‍. 20 വയസ്സുള്ളവരുടെ കണക്കുകള്‍ പരിശോധിച്ചാലും ഇത് 10 മുതല്‍ 12 ശതമാനത്തിലധികം വരുന്നില്ല.

കോവിഡ് രണ്ടാം തരംഗത്തിലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മൊത്തം കോവിഡ് രോഗികള്‍ അധികരിച്ചതിന് ആനുപാതികമായൊരു വര്‍ധന മാത്രമേ കുട്ടികളില്‍ ഉണ്ടായിട്ടുള്ളൂ. അതായത്, ഇപ്പോഴും കോവിഡ് രോഗികളില്‍ നാലു ശതമാനം മാത്രമാണ് കുട്ടികള്‍. അതിനാല്‍ കോവിഡ് രോഗപ്പകര്‍ച്ച കുട്ടികളില്‍ കുറവാണെന്ന് അനുമാനിക്കുന്നു.

കുട്ടികളില്‍ എപ്രകാരം ബാധിക്കും

കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടായി അത് കുട്ടികളെ ബാധിക്കുന്നതില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യം വന്നാല്‍ അത് അവരെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിക്കാം. 90 മുതല്‍ 95 ശതമാനം കുട്ടികളിലും ഒരുവിധ രോഗലക്ഷണങ്ങളും ഉണ്ടാകാതിരിക്കുകയോ ലഘുവായ രോഗലക്ഷണങ്ങള്‍ മാത്രം ഉണ്ടാകുകയോ ചെയ്യാം. ഇതില്‍ ആശുപത്രിച്ചികിത്സ ആവശ്യമുള്ള കുട്ടികള്‍ അഞ്ചുശതമാനവും തീവ്രപരിചരണം ആവശ്യമുള്ളവര്‍ ഒരു ശതമാനത്തില്‍ താഴെയുമായിരിക്കും. അതിനാല്‍, നമ്മുടെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങളെ തകിടംമറിക്കുന്ന രീതിയില്‍ കുട്ടികളിലെ കോവിഡ് രോഗബാധ ഗുരുതരമാകാന്‍ സാധ്യതയില്ല. എന്നാലും ഇത്തരം ഒരു അവസ്ഥ സംജാതമാകുകയാണെങ്കില്‍ അവ നേരിടാന്‍ സര്‍ക്കാര്‍മേഖലയിലെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിവരുകയാണ്.

തയ്യാറെടുപ്പുകള്‍ നടത്തണം

യഥാര്‍ഥത്തില്‍ കോവിഡ് രോഗമല്ല, കോവിഡ് രോഗാനന്തരം മൂന്നുമുതല്‍ ആറാഴ്ച കഴിഞ്ഞ് ഉണ്ടാകുന്ന എം.ഐ.എസ്.സി. (Multisystem Inflammatory Syndrome in Children - MIS-C) എന്ന പ്രതിഭാസമാണ് കുട്ടികളില്‍ ഗുരുതര പ്രശ്‌നം ഉണ്ടാക്കുന്നത്. ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ നടത്തിവരുകയാണ്.

മൂന്നാംതരംഗം ഉണ്ടായാല്‍ അത് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ഇതുവരെ പ്രതിപാദിച്ചത്. എന്നാല്‍, മൂന്നാം തരംഗം വരാന്‍തന്നെ സാധ്യതയുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സാധാരണഗതിയില്‍ വളരെ ഗുരുതരമായ ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ രോഗികളുടെ അതിവ്യാപനംമൂലം സമൂഹത്തിന് സ്വാഭാവിക രോഗപ്രതിരോധശക്തി ഉണ്ടാവുകയും പിന്നീടുള്ള തരംഗങ്ങളില്‍ രോഗതീവ്രത കുറയുകയുമാണ് പതിവ്. എന്നാല്‍, കോവിഡിനെ സംബന്ധിച്ചിടത്തോളം ജനിതകമാറ്റം സംഭവിച്ച രോഗാണു കൂടുതല്‍ ശക്തിയോടെ പടര്‍ന്നുപിടിച്ചതാണ് രണ്ടാം തരംഗത്തിന് കാരണം. കൂടുതല്‍ പ്രഹരശേഷിയുള്ള ജനിതകമാറ്റം പ്രകൃതിയില്‍ അപൂര്‍വമാണ്. അതിനാല്‍, പ്രഹരശേഷി കൂടുതലായുള്ള മറ്റൊരു ജനിതകമാറ്റം വന്ന കോവിഡ് തരംഗം ഉടനെ പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

18 വയസ്സിനുമേലുള്ള എല്ലാവരും, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരും വാക്‌സിനെടുക്കുകയും ശരിയായവിധം മാസ്‌ക് ധരിക്കുകയും ചെയ്താല്‍ കോവിഡ്  കുട്ടികളിലേക്ക് പകരാനുള്ള സാധ്യത വിരളമാണ്. വിദേശരാജ്യങ്ങളിലെ കുട്ടികളിലെ രോഗാവസ്ഥ പരിശോധിച്ചാല്‍ കോവിഡ് രോഗപ്പകര്‍ച്ചയ്‌ക്കെതിരേ വാക്‌സിന്‍ എടുത്തതും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അപൂര്‍വമായേ രോഗം വന്നിട്ടുള്ളൂ. അതും സ്‌കൂളിനു പുറത്ത് മറ്റു സമ്പര്‍ക്കങ്ങള്‍ മുഖേനയാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.

കുട്ടികളില്‍ ഉണ്ടാവുന്ന കോവിഡ് രോഗബാധ ലഘുവാണ്, സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, മറ്റൊരു ജനിതകമാറ്റം വന്ന് മൂന്നാംതരംഗമുണ്ടായാല്‍ അത് നേരിടാന്‍ നാം തയ്യാറാവേണ്ടതുണ്ട്.

(സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് ഫോര്‍ കൊറോണ മുന്‍ ചെയര്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പീഡിയാട്രിക്‌സ് വിഭാഗം മുന്‍ മേധാവിയുമാണ് ലേഖകന്‍)

Content Highlights: Covid19 third wave and kids, Health, Kids Health