വാക്‌സിന്‍ എന്നാല്‍ കോവിഡ് വാക്‌സിന്‍ മാത്രമല്ല എന്ന് ഓര്‍മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനം ഗബ്രിയേസസ്. 2021 ജൂലായ് 15-ന് ജനീവയില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഉത്കണ്ഠ പങ്കുവെച്ചത്. 

സാധാരണയായി കുട്ടികള്‍ക്ക് നല്‍കിവരുന്ന വാക്‌സിനുകളുടെ വിതരണത്തില്‍ കോവിഡ്കാലത്ത് ഉണ്ടായ തിരിച്ചടി ഗൗരവസ്വഭാവമുള്ളതാണ്. കഠിനവും നിരന്തരവുമായ പ്രവര്‍ത്തനങ്ങള്‍വഴി ആരോഗ്യരംഗത്ത് നൂറ്റാണ്ടുകള്‍കൊണ്ട് നേടിയെടുത്തതെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടുമോയെന്നാണ് ആശങ്ക.

കുട്ടികള്‍ക്ക് നല്‍കിവരുന്ന വാക്‌സിനുകളുടെ വിതരണത്തില്‍ ലോകവ്യാപകമായി ഉണ്ടായ കുറവ് ഏറ്റവും ഗുരുതരമായത് ഇന്ത്യയിലാണെന്ന വസ്തുത നമുക്കുള്ള മുന്നറിയിപ്പാണ്. കഴിഞ്ഞ വര്‍ഷം 30 ലക്ഷം കുട്ടികള്‍ക്ക് ഇന്ത്യയില്‍ ട്രിപ്പിള്‍ വാക്‌സിനും അഞ്ചാംപനിയുടെ വാക്‌സിനും ലഭിച്ചില്ലെന്നാണ് സൂചന. കുട്ടികളില്‍ മീസില്‍സ്, ഡിഫ്ത്തീരിയ, വില്ലന്‍ചുമ തുടങ്ങിയ അസുഖങ്ങള്‍ പടര്‍ന്നുപിടിച്ചാല്‍ കോവിഡിനെക്കാള്‍ എത്രയോ അധികം വില നമുക്ക് നല്‍കേണ്ടിവന്നേക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നു.

രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിലെ വടക്കന്‍ജില്ലകളില്‍ ഡിഫ്ത്തീരിയ പടര്‍ന്നുപിടിച്ചപ്പോഴുണ്ടായ ഉത്കണ്ഠകള്‍ ഓര്‍മയില്‍നിന്ന് മാഞ്ഞിട്ടില്ല. അത്തരമൊരു പശ്ചാത്തലത്തില്‍ വാക്‌സിന്‍മൂലം ഫലപ്രദമായി പ്രതിരോധിക്കുന്ന അസുഖങ്ങള്‍ തിരിച്ചുവന്നാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്പിക്കാന്‍പോലും സാധ്യമല്ല.

ലോകത്തെമ്പാടുമായി 2.3 കോടി കുട്ടികള്‍ക്കാണ് കഴിഞ്ഞവര്‍ഷം വാക്‌സിന്‍ ലഭിക്കാതെപോയത്. ആഫ്രിക്കന്‍ രാജ്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയും നൈജീരിയയും ബ്രസീലും പാകിസ്താനുമൊക്കെയടങ്ങുന്ന പത്തോളം രാജ്യങ്ങളിലാണ് അനഭിലഷണീയമായ ഈ മാറ്റം സംഭവിച്ചത്.

സംശയം വേണ്ട

രോഗങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ മനുഷ്യരാശി വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച ആയുധങ്ങളിലൊന്നാണ് വാക്‌സിനുകള്‍. എന്നാല്‍ ചരിത്രത്തിലുടനീളം അതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. എഡ്വേഡ് ജെന്നറുടെ കാലംമുതല്‍ കോവിഡ് വാക്‌സിന്‍ കാലംവരെ ഈ അസാധാരണമായ സ്ഥിതിവിശേഷത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

കോവിഡ്കാലത്ത് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതിലുണ്ടായ കുറവിന് പല കാരണങ്ങളുണ്ട്. പുറത്തിറങ്ങാനുള്ള ഭയം, കുട്ടികള്‍ക്ക് കോവിഡ് വരുമോ എന്ന പേടി, വാക്‌സിന്‍ എടുത്താല്‍ ഫലിക്കുമോ എന്ന ആശങ്ക, വാക്‌സിന്‍ എടുത്ത ഉടന്‍ കോവിഡ് വന്നാല്‍ ഗുരുതരമാവുമോ എന്ന ആശങ്ക, യാത്രാസൗകര്യങ്ങളുടെ അഭാവം, കോവിഡ് നിയന്ത്രണങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കോവിഡ് പ്രതിരോധത്തിന് പ്രാമുഖ്യം നല്‍കുന്നതിനാല്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുറവ്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നതുകൊണ്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിങ്ങനെ പോ
കുന്നു തടസ്സങ്ങള്‍.

കോവിഡ്കാലത്ത് വാക്‌സിന്‍ നല്‍കുന്നതില്‍ ഒരുതരത്തിലും പ്രശ്നമില്ല. മാത്രമല്ല, ഈ സമയത്ത് ഏറ്റവും മുന്‍ഗണന നല്‍കേണ്ടതുകൂടിയാണ് പ്രതിരോധ കുത്തിവെപ്പുകള്‍. 2014-15 കാലത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നുപിടിച്ചപ്പോള്‍, ആ രോഗംകൊണ്ട് മരിച്ചതിലേറെ കുട്ടികള്‍ യഥാവസരത്തിലുള്ള വാക്‌സിനുകള്‍ ലഭിക്കാത്തതിനാല്‍ അഞ്ചാംപനി, ക്ഷയരോഗം മലേറിയ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച് മരിച്ചതായി രേഖയുണ്ട്.

വാക്‌സിന്‍ സ്വീകരിക്കാന്‍ ആശുപത്രികളില്‍ പോവുമ്പോള്‍ മുഖാവരണങ്ങളുടെ ശാസ്ത്രീയ ഉപയോഗം, കൃത്യമായ സാമൂഹിക അകലം, കൈകള്‍ വൃത്തിയാക്കല്‍ എന്നിവ ശ്രദ്ധിച്ചാല്‍ മാത്രം മതി. കോവിഡിന്റെ ബീജഗര്‍ഭകാലത്ത് (Incubation period) അറിയാതെ വാക്‌സിന്‍ എടുത്താലും പ്രശ്നങ്ങളൊന്നുമില്ല എന്ന് നിരവധി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റ് വാക്‌സിനുകള്‍ ഒരിക്കലും കോവിഡ് ബാധയ്ക്ക് കൂടുതല്‍ സാധ്യത സൃഷ്ടിക്കുകയോ കോവിഡ് പിടിപെട്ടാല്‍ ഗുരുതരാവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യില്ല. കോവിഡ്കാലത്തും കുട്ടികള്‍ക്ക് മുന്‍പ് നല്‍കിയതുപോലെതന്നെ വാക്‌സിനുകള്‍ അതേ സമയക്രമം പാലിച്ച് നല്‍കേണ്ടതാണ്.

ഏതെങ്കിലും കാരണവശാല്‍ കുട്ടിക്ക് കൃത്യമായ സമയത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും അടുത്ത സമയത്ത് നല്‍കാവുന്നതാണ്. വൈകിപ്പോയാല്‍ വാക്‌സിനുകള്‍ ആദ്യ ഡോസ് മുതല്‍ പുനരാരംഭിക്കേണ്ടതില്ല.
ഒരുപ്രാവശ്യം വാക്‌സിനുകള്‍ നല്‍കുമ്പോള്‍ പലതരം വാക്‌സിനുകള്‍ ഒരേസമയത്ത് നല്‍കാവുന്നതാണ് (ഇതിന് ഒരു അപവാദം ബി.സി.ജി.യും മീസില്‍സ് വാക്‌സിനും മാതമാണ്. രണ്ടും ഒരേസമയത്ത് നല്‍കാവുന്നതല്ല).

വാക്‌സിന്‍ നല്‍കേണ്ട സമയത്ത് കുട്ടിക്ക് കോവിഡ്ബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍ ക്വാറന്റീന്‍കാലം കഴിയുന്നതുവരെ കാത്തുനില്‍ക്കാം. കോവിഡ് ടെസ്റ്റ് നിര്‍ബന്ധമല്ലെങ്കില്‍കൂടി, ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ വാക്‌സിന്‍ നല്‍കുന്നതാണ് നല്ലത്. കോവിഡ് വന്ന കുട്ടിക്ക് രോഗലക്ഷണങ്ങള്‍ മുഴുവനായി മാറിയതിനുശേഷം വാക്‌സിന്‍ നല്‍കുന്നതാണ് ഉത്തമം.

കോവിഡിനെതിരേയുള്ള പോരാട്ടത്തിലും മറ്റ് രോഗങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തിലും വാക്‌സിനുകള്‍പോലെ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ മാര്‍ഗങ്ങള്‍ ഏറെയില്ല. പക്ഷേ, കോവിഡ് വാക്‌സിന് പ്രാധാന്യം നല്‍കുമ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്ന മറ്റ് വാക്‌സിനുകള്‍ മറക്കുന്നത് രോഗാണുശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ഒട്ടും അഭിലഷണീയമല്ല.

(മാഹി ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനാണ് ലേഖകന്‍)

Content Highlights: Covid19 pandemic leads to major backsliding on childhood vaccination, Health, Covid Vaccination, Kids Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌