കോവിഡിന്റെ രണ്ടാം തരം​ഗം വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെ ആരോ​ഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. 

കുട്ടികളുടെ കാര്യത്തിലും പ്രാധാന്യത്തോടെ നാം ശ്രദ്ധിക്കേണ്ടത് SMS തന്നെയാണ്. സോപ്പും, മാസ്ക്കും, സാനിറ്റൈസറും, സാമൂഹിക അകലവും അവരെ പറഞ്ഞു പരിശീലിപ്പിച്ച്, കുഞ്ഞു മനസ്സുകളിലും ആരോഗ്യശീലം വളർത്താം. പുറത്തുപോയി വന്നാൽ കൈയും കാലും സോപ്പിട്ട് കഴുകുന്ന രക്ഷിതാക്കളെക്കാൾ വലിയ ഉദാഹരണം ഒരു കുഞ്ഞിനും ലഭിക്കില്ല എന്ന് നാം മറക്കരുത്.

 • കൂട്ടം ചേർന്നുള്ള കളികൾക്ക് കുറച്ചുകാലത്തേക്കെങ്കിലും നിയന്ത്രണം കൊണ്ടുവരിക തന്നെ ചെയ്യുക. വീട്ടിൽ നിന്നും പുറത്തു പോകുന്ന ആരുമില്ലെങ്കിലും വീട്ടിലുള്ളവർക്ക് രോഗബാധയുണ്ടാകുന്നത് ഈ രീതിയിൽ കളിക്കുവാൻ പോകുന്ന കുട്ടികളിലൂടെ ആയിരിക്കുമെന്ന് മറക്കാതിരിക്കാം.
 • നിവൃത്തിയില്ലാത്ത സന്ദർഭങ്ങളിൽ  ഉപയോഗിച്ച കളിപ്പാട്ടങ്ങൾ വൃത്തിയായി സോപ്പിട്ട് കഴുകിയതിനു ശേഷം മാത്രം മറ്റു കുട്ടികൾക്ക് ഉപയോഗിക്കുവാൻ നൽകുക.
 • കുട്ടികൾക്ക് മുഖ വലിപ്പം അനുസരിച്ചുള്ള സർജിക്കൽ മാസ്ക്കുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഇല്ലെങ്കിൽ വിവിധ വർണങ്ങളിലുള്ള കാർട്ടൂൺ ചിത്രങ്ങളും മറ്റും ഉള്ള മാസ്ക്കുകൾ ഉപയോഗിക്കാം.
 • കുഞ്ഞുങ്ങളെ പൊതുവെ ശരീരബലം കുറവുള്ളവരായാണ് ആയുർവേദം കാണുന്നത്. സ്വാഭാവികമായും ബലക്കുറവുള്ളവർക്ക് രോഗങ്ങളും മറ്റും ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഔഷധ രൂപേണയോ ആരോഗ്യനിർദേശങ്ങൾവഴിയായോ അടുത്തുള്ള രജിസ്റ്റർഡ് ആയുർവേദ ഡോക്ടറിൽ നിന്നോ ആയുർരക്ഷ ക്ലിനിക്കുകളിൽ നിന്നോ സ്വീകരിക്കുക.
 • കഫക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള അവസ്ഥകളിലും വ്യക്തികളിലും തല കുളി,  എണ്ണതേപ്പ് എന്നിവ ഒന്നരാടൻ ദിവസങ്ങളിൽ ആക്കി ചുരുക്കുക. രാസ്നാദി ചൂർണം, കച്ചൂരാദി ചൂർണം പോലുള്ള മരുന്നുകൾ രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ നിത്യവും നിറുകയിൽ തിരുമ്മുന്നത് ജലദോഷം കഫക്കെട്ട് എന്നിവ ഉണ്ടാകുവാനുള്ള സാധ്യത  കുറയ്ക്കുന്നു.
 • ദഹിക്കുവാൻ എളുപ്പമുള്ള ആഹാരം വേണം കുട്ടികൾക്ക് നൽകുവാൻ.ഇഞ്ചി, കുരുമുളക്, മഞ്ഞൾപ്പൊടി, ജീരകം തുടങ്ങിയവ ആവശ്യാനുസരണം ചേർത്ത് ഭക്ഷണം പാചകം ചെയ്തു ചൂടോടെ നൽകുക. നെയ്യ് എണ്ണ എന്നിവ അധികം  ചേർത്തതും വറുത്തതുമായ ഭക്ഷണം പൂർണമായും ഒഴിവാക്കുക.
 • അതാത് കാലത്ത് ലഭിക്കുന്ന നാടൻ പച്ചക്കറികളും ഫലവർഗങ്ങളും നിത്യേന നൽകി ശീലിപ്പിക്കുക. പോഷക കുറവ് പരിഹരിക്കുവാൻ ഉത്തമമാണ്.
 • അഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ നിത്യേന മഞ്ഞൾപ്പൊടിയും തുളസിയിലയും ഇട്ട് നന്നായി തിളപ്പിച്ച വെള്ളത്തിൽ പാകത്തിന് ഉപ്പും ചേർത്ത് ഇളം ചൂടോടുകൂടി ദിവസത്തിൽ രണ്ടുനേരം കവിൾ കൊള്ളുന്നത് ശീലമാക്കുക.
 • തുളസിയില, കുരുമുളക്, ചുക്ക് എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളമോ "ഷഡംഗം" എന്നപേരിൽ ആയുർവേദ മരുന്നു കടകളിൽ ലഭിക്കുന്ന ഔഷധചൂർണ്ണം ചേർത്ത് തിളപ്പിച്ച  വെള്ളമോ ചൂടോടുകൂടി ധാരാളം കുടിക്കുവാൻ നൽകുക.
 • അന്നന്ന് രാവിലെ തിളപ്പിച്ച വെള്ളം വേണം കുട്ടികൾക്ക് നൽകുവാൻ. തലേന്ന് രാത്രി തിളപ്പിച്ച വെള്ളം കൊടുക്കുന്നത് പൂർണമായും ഒഴിവാക്കുക.
 • നല്ല മഞ്ഞൾപൊടി കുറച്ചു വീതം തേൻ ചേർത്ത് കുട്ടികൾക്ക് നിത്യവും കഴിക്കുവാൻ നൽകുക.
 • മഞ്ഞൾ ചേർത്ത് മൂപ്പിച്ച എള്ളെണ്ണയോ "അണുതൈലം" പോലുള്ള ആയുർവേദ മരുന്നുകളോ ഒരു തുള്ളി വീതം നിത്യവും മൂക്കിനകത്ത് പുരട്ടുക. എട്ടു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളെ വൈദ്യനിർദേശ പ്രകാരം ഇത് ശീലിപ്പിക്കാവുന്നതാണ്.
 • "അപരാജിത ധൂപ ചൂർണ്ണം" എന്ന പേരിൽ സർക്കാർ ആയുർവേദ ഡിസ്പെൻസറികളിൽ നിന്നും ലഭിക്കുന്ന മരുന്ന് ചിരട്ട കനലിലിട്ട് പുകയ്ക്കുക. കുട്ടികൾ ഉപയോഗിക്കുന്ന വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, വീടിൻറെ അകത്തളം,  വസ്ത്രങ്ങൾ, വീടിന്റെ ചുറ്റുവട്ടം എന്നിവിടങ്ങളിൽ ഈ പുകയേൽപ്പിക്കുക.
 • ആറുമാസം കൂടുമ്പോൾ എങ്കിലും കൃത്യമായി ആയുർവേദ മരുന്നുകൾ നൽകി കൃമി ചികിത്സ നടത്തി എന്ന് ഈ കോവിഡ് കാലത്തും ഉറപ്പുവരുത്തുക. എത്ര പോഷകസമൃദ്ധമായ ആഹാരം നല്കിയാലും ദേഹത്ത് കാണാതിരിക്കുന്നതും, ഇടക്കിടക്ക് അസുഖങ്ങളുണ്ടാകുന്ന ഒക്കെ കൃമി ചികിത്സ കൃത്യമായി നൽകാത്തത് കൊണ്ടുമാകാം.
 • കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സമ്മർദ്ദം ഉണ്ടാകുന്ന കാലത്ത് മാനസിക പിരിമുറുക്കം കുറയ്ക്കുന്ന ലഘുവ്യായാമങ്ങൾ, യോഗ, ധ്യാനം, സംഗീതം എന്നിവ പരീക്ഷിക്കുക. ആവശ്യമെങ്കിൽ വിദഗ്ധോപദേശം സ്വീകരിക്കുവാൻ മടി കാണിക്കാതിരിക്കുക.
 • സ്ഥിരമായി മരുന്നു കഴിക്കുന്നതോ തെറാപ്പികൾ ചെയ്യുന്നതോ ആയ വളർച്ചാ വൈകല്യങ്ങളും മറ്റുമുള്ള കുട്ടികളുടെ ചികിത്സ മുടങ്ങാതെ ശ്രദ്ധിക്കുക. ഡോക്ടറോടും തെറാപ്പിസ്റ്റിനോടും വേണ്ട നിർദ്ദേശങ്ങൾ ഫോണിലൂടെ സ്വീകരിക്കുക. മുൻകരുതൽ സ്വീകരിച്ചു കൊണ്ട് തന്നെ അവരോടൊപ്പം കൂടുതൽ സമയം ചെലവിടാൻ മറക്കാതിരിക്കുക.
 • ആരോഗ്യസംബന്ധമായ കാര്യങ്ങൾക്ക് പരമാവധി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക. എല്ലാ ചികിത്സ ശാഖകളിലും ഇന്ന് ഈ സൗകര്യം ലഭ്യമാണ് ( 24 മണിക്കൂറും പ്രവർത്തിക്കുന്ന ആയുർവേദ ആയുർഹെൽപ് ലെെൻ നമ്പർ 7034940000)
 • തെച്ചിയും, തുളസിയും, പനിക്കൂർക്കയും, പച്ചമഞ്ഞളും, ഇഞ്ചിയും ഒക്കെ ചെടിച്ചട്ടികളിൽ പോലും വളർത്താവുന്നതാണ്. കുട്ടികളെ ഇത്തരം കാര്യങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നത് വഴി വീട്ടിലിരിക്കുന്ന ബോറടി മാറുന്നതോടൊപ്പം  ഒരു മികച്ച സംസ്കാരത്തിനും കൂടിയാകും നാം അടിത്തറ പാകുന്നത്.
 • നെഗറ്റീവ് ചിന്തകളിൽ നിന്നും മനസ്സിനെ മാറ്റിയെടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതോടൊപ്പം ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഒക്കെ കൊണ്ടുവരുവാൻ  പറ്റിയ കാലമായി ഇതിനെ കാണാം. ദിനചര്യ എന്നും ഋതുചര്യ എന്നും സ്വസ്ഥവൃത്ത ചര്യ എന്നും ഒക്കെ പറയുന്ന ആരോഗ്യകരമായ ആയുർവേദ രീതികളെപ്പറ്റി അടുത്തുള്ള ആയുർവേദ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. സൂര്യോദയവും, രാവിലത്തെ ശാന്തതയും നൈർമല്യവും മറ്റും ഒന്നും ഒരിക്കൽപോലും ആസ്വദിക്കാൻ അവസരം ലഭിക്കാതിരുന്ന  കുഞ്ഞുമനസ്സുകളിൽ ആരോഗ്യത്തിന്റെ പുതുപുലരികൾ നാമ്പിടുന്നത് നമുക്കും അനുഭവവേദ്യമാകും.

(ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ ശിശു രോഗ ചികിത്സാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights: Covid19 and Kids Health Ayurveda Tips, Health, Ayurveda, Parenting