ലോക് ഡൗണ്‍ ആയതോടെ, കുട്ടിപ്പട്ടാളക്കാര്‍ വീട്ടിലുള്ള മാതാപിതാക്കളാണ് ശരിക്കും ലോക്ഡ് ആയത്. കുട്ടികള്‍ക്ക് സ്‌കൂളില്ല, പ്ലേ സ്‌കൂളില്ല, കൊണ്ടുപോകാന്‍ പാര്‍ക്കില്ല, ഔട്ടിംഗില്ല. അവരെ ബന്ധുവീടുകളില്‍ ആക്കാമെന്നു വിചാരിച്ചാല്‍ യാത്രകള്‍ക്കും വിലക്ക്.

ഇത്തരത്തില്‍ വീട്ടില്‍ 'പെട്ടുപോയ' കുട്ടികളുടെ ബോറടി മാറ്റാനും അവരുടെ ഒഴിവു സമയം ക്രിയാത്മകമാക്കാനുമായി ഇതാ ചില നിര്‍ദേശങ്ങള്‍. ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയും അവതാരകയും പ്രാസംഗികയുമായ മായാറാണി വിപിന്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുള്ള ഈ ആശയങ്ങള്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഏറെ പ്രയോജനകരമാകും.

മാതാപിതാക്കള്‍ക്കും വേണം ടൈംടേബിള്‍

മാതാപിതാക്കള്‍ വര്‍ക്ക് ഫ്രം ഹോം ആണെങ്കിലും അല്ലെങ്കിലും വീട്ടുജോലികള്‍ക്ക് സമയക്രമം പാലിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ കുട്ടികളെ കൃത്യസമയത്ത് സ്‌കൂളില്‍ അയക്കേണ്ട, നിങ്ങള്‍ക്ക് ഓഫീസിലും പോകേണ്ട... സ്വാഭാവികമായും വൈകി ഉണരാനും വീട്ടുജോലികള്‍ പതിയെ തീര്‍ക്കാനുമുള്ള പ്രവണത കൂടുതലാണ്. അതിനു പകരം വീട്ടുജോലികള്‍ പതിവു സമയത്ത് തീര്‍ക്കാന്‍ ശ്രമിക്കുക. കാരണം, നിങ്ങള്‍ ഫ്രീ ആണെങ്കില്‍ മാത്രമേ കുട്ടികളോടൊപ്പം സ്വച്ഛമായി സമയം ചെലവഴിക്കാനും അനുഭാവപൂര്‍വം അവരെ ശ്രദ്ധിക്കാനും നിങ്ങള്‍ക്ക് സാധിക്കുകയുള്ളു.

കുട്ടികള്‍ക്ക് ചെറിയ ജോലികള്‍ നല്‍കാം, ആക്ടീവാക്കാം

കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന് അനുസരിച്ച് ചെറിയ ജോലികള്‍ നല്‍കുക. ഉണര്‍ന്നാല്‍ കിടക്കവിരി നേരെയാക്കുക, പുതപ്പ് മടക്കിവയ്ക്കുക, ഭക്ഷണം കഴിച്ചതിനുശേഷം പാത്രം കഴുകുക, പൂന്തോട്ടമുണ്ടെങ്കില്‍ ചെടികള്‍ നനയ്ക്കുക, സ്വന്തം ഡ്രസുകള്‍ വാഷിംഗ് മെഷീനില്‍ ഇടുക, ഉണങ്ങിയ തുണികള്‍ മടക്കി വയ്ക്കുക... തുടങ്ങി ഏത് ജോലിയും നല്‍കാം. അവരെ ഏല്‍പ്പിക്കുന്ന ജോലികള്‍ ഏതാണെന്നും ചെയ്യേണ്ടത് ഏപ്പോഴാണെന്നും കൃതൃമായി പറഞ്ഞുകൊടുക്കുക. ആദ്യമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അത്ര പെര്‍ഫെക്ഷന്‍ പ്രതീക്ഷിക്കരുത്. അവരെ കുറ്റപ്പെടുത്താതിരിക്കുക, കൂടുതല്‍ നന്നായി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.

മോട്ടിവേറ്റ് ചെയ്യാം, റിവാര്‍ഡ് നല്‍കാം

പണി കൊടുത്താല്‍ ഉടനെ കുട്ടികള്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍മാര്‍ ആകുമെന്ന് പ്രതീക്ഷിക്കരുത്. അവര്‍ക്ക് റിവാര്‍ഡ് നല്‍കി, ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാം. കൃത്യതയോടെ ജോലികള്‍ ചെയ്യുന്നതിന് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യാം.

ഒരു ഡയറി നല്‍കൂ, ചെയ്ത ജോലികള്‍ ലിസ്റ്റ് ചെയ്യട്ടെ

കുട്ടികള്‍ക്ക് ഒരു ഡയറി കൊടുക്കാം. ഓരോ ദിവസവും ചെയ്യുന്ന ജോലികള്‍ എഴുതി വയ്ക്കാന്‍ അവരോട് പറയാം. നിങ്ങള്‍ക്ക് അത് നോക്കി റിവാര്‍ഡ് പോയിന്റ് നല്‍കാം. 100 പോയിന്റോ 50 പോയിന്റോ ആകുമ്പോള്‍ വാഗ്ദാനം ചെയ്ത റിവാര്‍ഡ് നല്‍കാം. (ഓര്‍ക്കുക, ചെയ്ത ജോലികളുടെ നീണ്ട പട്ടിക അവരെ ഉത്സാഹഭരിതരാക്കും.)

ഒരു കുഞ്ഞു കറി വയ്ക്കാന്‍ പഠിച്ചാലോ

കുട്ടികളെ അടുക്കളയിലേക്ക് ക്ഷണിക്കൂ, അവരുടെ പ്രായത്തിന് അനുസരിച്ച് കുഞ്ഞുകറികള്‍ വയ്ക്കാന്‍ പഠിപ്പിക്കാം. ചായ ഇടാനും പപ്പടം കാച്ചാനും ഓംലറ്റ് ഉണ്ടാക്കാനും തേങ്ങാ ചുരണ്ടാനും ഉള്ളി നന്നാക്കാനും ഒക്കെ അവരെ ഇക്കാലത്ത് പഠിപ്പിക്കാം. (അടുക്കളയില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക.)

നിര്‍ബന്ധമായും വേണം ഫസ്റ്റ് എയ്ഡ് ബോക്സ്

കുട്ടികള്‍ക്ക് വീഴാനും മുറിവ് പറ്റാനും ഒക്കെയുള്ള സാധ്യത മുന്നില്‍ക്കണ്ട് വീട്ടില്‍ ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് കരുതിവെയ്ക്കം. ഓരോ മരുന്നുകള്‍ എന്തിനുള്ളതാണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും മുതിര്‍ന്ന കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം.

വായന മുടക്കേണ്ട

ഈ വീട്ടിലിരിപ്പുകാലത്ത് വായനയ്ക്ക് നിശ്ചയമായും സമയം കണ്ടെത്തണം. എല്ലാ ദിവസവും കുറച്ചു നേരമെങ്കിലും അവര്‍ പത്രം  വായിക്കട്ടെ. നിങ്ങളുടെ വീട്ടില്‍ പുസ്തകങ്ങള്‍ ഇല്ലെങ്കില്‍ മതഗ്രന്ഥങ്ങളോ ഡൗണ്‍ലോഡ് ചെയ്ത പുസ്തകങ്ങളോ വായിക്കാന്‍ കൊടുക്കാം. കുട്ടികള്‍ ഒഴുക്കോടെ വായിക്കാന്‍ ശീലിക്കട്ടെ.

കുറച്ചു നേരം പഠിക്കണ്ടേ

മാര്‍ച്ച് മാസം പകുതി ആയപ്പോള്‍ ക്ലാസുകള്‍ തീര്‍ന്നതാണ്. മൂന്ന് മാസം പാഠപുസ്തകങ്ങള്‍ കാണാതിരുന്നാല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ അവര്‍ പ്രയാസപ്പെട്ടേക്കാം. കണക്കിലെ ഗുണനപ്പട്ടിക പോലുള്ളവ ഹൃദിസ്ഥമാക്കാനും ഗ്രാമര്‍ പഠിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താം. ചെറിയ ക്ലാസിലെ കുട്ടികള്‍ മലയാളം, ഹിന്ദി അക്ഷരങ്ങള്‍ മറന്നുപോകാതിരിക്കാനായി അവ എഴുതിപ്പിക്കാം. ഓര്‍ക്കുക, കൂടെയിരുന്ന് എഴുതിക്കേണ്ട. എഴുതിയത് ശരിയാണോ എന്ന് പരിശോധിച്ചാല്‍ മതി.

പ്രസംഗവും കവിതകളും കഥകളും പഠിച്ചാലോ

മല്‍സരങ്ങളില്‍ പങ്കെടുക്കാറുള്ള കുട്ടികള്‍ക്ക് ഈ സമയം അടുത്ത വര്‍ഷത്തേക്കുള്ള പ്രസംഗങ്ങള്‍, കവിതാപാരായണത്തിനുള്ള കവിതകള്‍, പാട്ടുകള്‍ തുടങ്ങിവ ഇപ്പോഴേ പഠിക്കാവുന്നതാണ്. കൊച്ചുകുട്ടികളെ സ്റ്റോറി ടെല്ലിംഗ് പോലുള്ള കാര്യങ്ങള്‍ പഠിപ്പിക്കാം.

ആര്‍ട്ടും ക്രാഫ്റ്റും ഉപേക്ഷിക്കേണ്ട

വരയ്ക്കാനും ക്രാഫ്റ്റ് ചെയ്യാനും ഇഷ്ടമുള്ള കുട്ടികള്‍ അത് ചെയ്യട്ടെ. അവരുടെ സൃഷ്ടികള്‍ വാ്ട്സ്ആപ്പിലെ ഫ്മിലി ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാനും മറക്കണ്ട. കുട്ടികള്‍ക്ക് അഭിനന്ദനം ലഭിക്കാനുള്ള അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുക.

കംപ്യൂട്ടര്‍/മൊബൈല്‍ ഗെയിമുകള്‍ അധികനേരം വേണ്ട

പല കുട്ടികള്‍ക്കും കംപ്യൂട്ടര്‍ ഗെയിമുകള്‍ മാത്രമാണ് ഈ ലോക് ഡൗണ്‍ കാലത്ത് ആശ്രയം. ഒരു മണിക്കൂറില്‍ അധികനേരം ഇത്തരം ഗെയിമുകള്‍ക്ക് സമയം നല്‍കേണ്ട്.

അടുക്കി വയ്ക്കാം, തരംതിരിക്കാം

പഴയ പുസ്തകങ്ങളും നോട്ട്ബുക്കുകളും നോക്കി, വില്‍ക്കാനുള്ളത് തരം തിരിക്കാന്‍ കുട്ടികളോട് പറയാം. വീണ്ടും ഉപയോഗിക്കാവുന്ന നോട്ട്ബുക്കുകളും വസ്ത്രങ്ങളും മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടാം. പുറത്തിറങ്ങാവുന്ന സാഹചര്യം വരുമ്പോള്‍ അവ സ്വീകരിക്കുന്ന ഇടങ്ങളില്‍ ഏല്‍പ്പിക്കാം.. ഷെല്‍ഫ് അടുക്കുക, ടിവി സ്റ്റാന്‍ഡ് വൃത്തിയാക്കുക തുടങ്ങി വ്യത്യസ്തയുള്ള ജോലികളും ഇടയ്ക്കു നല്‍കാം.

കളിക്കാനും സമയം വേണം

ശരീരത്തിന് ഉണര്‍വു പകരുന്ന കൊച്ചു കളികളികളില്‍ ഏര്‍പ്പെടാം. ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ പഠിക്കാം.

ഫോണ്‍ ചെയ്യാം, കണക്ടഡാകാം

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടില്‍ പോകാനോ, കസിന്‍സിനോടൊപ്പം കൂട്ടുകൂടാനോ കഴിയാത്ത ഒരു വെക്കേഷനാണിത്. അതുകൊണ്ട് എല്ലാ ദിവസവും ഫോണ്‍ ചെയ്യാനോ വീഡിയോ കോള്‍ ചെയ്യാനോ ശ്രമിക്കാം. അങ്ങനെ കണക്ടഡാകാം. ബന്ധങ്ങള്‍ ഊഷ്മളമാക്കാം.

Content Highlights: CoronaVirus Lockdown how to manage Kids free time