ഇന്ത്യയിലെ തന്നെ ശിശുമരണനിരക്ക് കുറഞ്ഞ സംസ്ഥാനമാണ് കേരളം. കേരളപ്പിറവിയുടെ സമയത്ത് ആയിരം ജനനത്തിന് 126 ശിശുമരണങ്ങള്‍ സംഭവിച്ചിരുന്നുവെങ്കില്‍ ഇന്നത് 12 ആയി കുറഞ്ഞിരിക്കുന്നു. ആരോഗ്യരംഗത്ത് കേരളം നടത്തിയ കുതിച്ചുചാട്ടത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. തീര്‍ച്ചയായും കേരളത്തിലെ ചികിത്സാ രീതികളിലും ആസ്പത്രികളുടെ നിലവാരത്തിലും ഉണ്ടായ ഉയര്‍ച്ച തന്നെയാണ് ഇതിന് കാരണം. കേരളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2020 ആകുമ്പോഴേക്കും ശിശുമരണത്തിന്റെ നിരക്ക് 12-ല്‍ നിന്നും 8-9 ആയി കുറക്കുകയാണ് അതിനുള്ള ആദ്യപടി. മാസം തികയാതെയുള്ള പ്രസവം, ജനിതക ഹൃദയരോഗം എന്നീ രണ്ടുകാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ വളരെ വേഗം തന്നെ കേരളത്തിന് ലക്ഷ്യത്തിലെത്തിച്ചേരാനാകും. 

എന്ത് ചെയ്യാനാകും? 

ജനിതകഹൃദയ രോഗങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ ആദ്യം വേണ്ടത് എത്രയും വേഗത്തിലുള്ള രോഗനിര്‍ണയവും തക്കസമയത്തുള്ള ചികിത്സയുമാണ്. അതിന് നമ്മുടെ ആരോഗ്യരംഗം കുറേക്കൂടി വളരേണ്ടതുണ്ട്. ശസ്ത്രക്രിയക്കായി ഒന്നോ രണ്ടോ ആസ്പത്രികളെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ മാറ്റം ഉണ്ടാകണം. സാധാരണക്കാരുടെ ആശ്രയമായ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങള്‍ എത്രയും പെട്ടന്ന് ഒരുക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ചുരുങ്ങിയത് ഒരു ഏഴ് സിഎച്ച്ഡി സര്‍ജിക് സെന്റേഴ്‌സ് എങ്കിലും കേരളത്തിന് ആവശ്യമുണ്ട്.

 

' ചെറിയ ചെറിയ സര്‍ജറികള്‍ എങ്കിലും മറ്റു ആസ്പത്രികളില്‍ ചെയ്യാനുള്ള ഒരു സംവിധാനം എത്രയും പെട്ടന്ന് ഉണ്ടാകണം, അപ്പോള്‍ വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സര്‍ജറികളില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാന്‍ ശ്രീചിത്രക്ക് സാധിക്കും. നിലവില്‍ ചെറിയ സര്‍ജറികള്‍ പോലും ശ്രീചിത്രയിലേക്ക് വരുന്ന അവസ്ഥയാണുള്ളത്. അത് മാറണം.' ശ്രീചിത്രയിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനായ ഡോ.ബൈജു പറയുന്നു. ' ഹാര്‍ട്ട് ഡിസീസ് ഉള്ള ഒരു കുട്ടിയെ ചികിത്സിച്ചാല്‍ 100% മാറ്റം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന കേസുകളുണ്ട്. ട്രാന്‍സ്‌പൊസിഷന്‍ എന്ന ഗുരുതര ജനിതക ഹൃദയ വൈകല്യവുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരുമാസത്തിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്തണം. ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ഇാ കുട്ടികളില്‍ 95%വും ജീവിച്ചിരിക്കും. അല്ലെങ്കില്‍ അത്തരം കോംപ്ലിക്കേഷനുള്ള കുട്ടികളില്‍ 95%പേരും ഫസ്റ്റ് ബര്‍ത്ത്‌ഡേയ്ക്ക് മുമ്പ് മരിച്ചുപോകും. അത്രയ്ക്കധികം ഔട്ട്‌ലുക്ക് മാറ്റാന്‍ നമുക്ക് സാധിക്കും. കുഞ്ഞ് ജനിച്ച് 25 ദിവസത്തിനുള്ളില്‍ തന്നെ ഡയഗണൈസ് ചെയ്ത് സര്‍ജറി ചെയ്യാനുള്ള ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകണം.' ബൈജു കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജനിതകഹൃദയരോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് കേരളം മുഴുവന്‍ ആശ്രയിക്കുന്നത് തിരുവനന്തപുരത്തെയും കൊച്ചിയെയുമാണ്. അതിനാല്‍ വടക്കന്‍ കേരളത്തിലുള്ളവരെ സംബന്ധിച്ച് യാത്രാദൂരവും കുഞ്ഞിന്റെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിഗുരുതരമായ ഹൃദയരോഗവുമായി കണ്ണൂരില്‍ ജനിച്ച കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്കായി ശ്രീചിത്രയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ട അനുഭവം ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ പങ്കുവെച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ എത്രയും പെട്ടെന്ന് ജനിതകഹൃദയരോഗ ചികിത്സക്കായി സജ്ജമാക്കുകയാണ് അതിനുള്ള ഏറ്റവും നല്ല പ്രതിവിധി. 

ജനിതകഹൃദയവൈകല്യത്തിനുള്ള കാരണങ്ങള്‍ - ഡോ.സുള്‍ഫിക്കര്‍ അഹമ്മദ് 

കാരണം അനലൈസ് ചെയ്യുമ്പോള്‍ നൂറുപേര്‍ക്ക് അസുഖമുണ്ടെങ്കില്‍ 80 ശതമാനത്തിന്റെ കാരണം നമുക്ക് അറിഞ്ഞുകൂട. അതിന് നമ്മള്‍ സയന്റിഫിക്കലി ഒരു പേരുവിളിക്കും മള്‍ഫാക്ടോറിയല്‍ എന്ന്. പിന്നെ ഒരു 20 ശതമാനമാണ് കാരണം അറിയുന്ന കേസുകള്‍ ഉള്ളു. അതില്‍ ഏറ്റവും പ്രധാനം ജെനിറ്റിക്കല്‍ പ്രോബ്ലം തന്നെയാണ്. റുബെല്ല സിന്‍ഡ്രോം ഉള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരും. റൂബെല്ല ബാധിതരായ അമ്മമാരുടെ 90 ശതമാനം കുട്ടികള്‍ക്കും ഹാര്‍ട്ട് ഡിസീസ് ഉറപ്പായും വന്നിരിക്കും. അതുപോലെ ഡയബറ്റിസ് ഉള്ള ഗര്‍ഭണികളുടെ കുട്ടികള്‍ക്കും വന്നേക്കാം. ഇപ്പോള്‍ 15 ശതമാനം പെണ്‍കുട്ടികള്‍ക്കും ഡെലിവറി ടൈമില്‍ മാത്രം വരുന്ന ഡയബറ്റിസ് ഉണ്ട്. എപിലെപ്‌സി പോലുള്ള രോഗങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്ക് ഈ അസുഖം ഉണ്ടായേക്കാം. ഇതെല്ലാം കൂടെ ചേര്‍ത്താലും 20 ശതമാനത്തിന് താഴെ മാത്രമെ വരുന്നുള്ളൂ. 

സര്‍ക്കാര്‍ ആസ്പത്രികള്‍ സജ്ജമാകുന്നതിന് ഒരുപക്ഷെ വലിയ കാലതാമസമെടുത്തേക്കാമെന്നതിനാല്‍ സ്വകാര്യ ആസ്പത്രികളെ ആര്‍.ബി.എസ്.കെ. പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നൊരു നിര്‍ദേശവും ഉയരുന്നുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കില്‍ വളരെവേഗത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ സ്വകാര്യ ആസ്പത്രികള്‍ ഇതിനെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെയും തള്ളിക്കളയാനാകില്ല. ആരോഗ്യശ്രീ എന്ന പദ്ധതിയില്‍ സ്വകാര്യ ആസ്പത്രികളെ ഉള്‍പ്പെടുത്തി അയല്‍സംസ്ഥാനമായ ആന്ധ്ര നടത്തിയ പരിഷ്‌ക്കണം ഒടുവില്‍ തലവേദനയായിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലാത്ത രോഗികള്‍ക്ക് പോലും ശസ്ത്രക്രിയകള്‍ നടത്തി അവിടെ നിരവധി ആസ്പത്രികളാണ് ഫണ്ട് ദുരുപയോഗം ചെയ്തത്. അതിനാല്‍ സ്വകാര്യ ആസ്പത്രികളെ എംപാനല്‍ ചെയ്യുന്നതിന് മുമ്പ്  വിശദമായ പഠനങ്ങളും കഠിന നിര്‍ദേശങ്ങളും ആവശ്യമാണ്. 

നാം നേരിടുന്ന മറ്റൊരു പ്രധാനവെല്ലുവിളി, ഈ രംഗത്തുള്ള വിദഗ്ധരുടെ കുറവാണ് ഇന്ത്യ മുഴുവന്‍ എടുത്തുനോക്കുകയാണെങ്കില്‍ തന്നെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് വളരെ കുറവാണ്. അവരില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ അതിലും കുറവാണ്.  24 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും 12 പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജനും ആവശ്യമുള്ള കേരളത്തില്‍ നിലവില്‍ 12 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും 10 പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് സര്‍ജനും മാത്രമെയുള്ളൂ. 'മെഡിക്കല്‍ കോളേജുകളില്‍ ഇതുമായി ബന്ധപ്പെട്ട എക്‌സ്‌പെര്‍ട്ടൈസിനെ കൊണ്ടുവരണം. സര്‍ജറി സെന്ററുകള്‍ ഉയര്‍ത്തിയതുകൊണ്ടോ വിഗദ്ധരുണ്ടായതുകൊണ്ടോ മാത്രം കാര്യമില്ല. ഇത് ഒരു വലിയ ടീം വര്‍ക്കാണ്. ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്യുന്ന മിടുക്കരായ ഒരു ടീം വേണം. നാലുമണിക്കൂറെടുത്ത് വിദഗ്ധനായ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രം കുഞ്ഞ് രക്ഷപ്പെടില്ല. അതിനുശേഷം കുഞ്ഞിന്റെ ഓരോ ചലനവും നിരീക്ഷിച്ച് വേണ്ട പരിചരണം നല്‍കുന്ന നഴ്‌സുമാരുള്‍പ്പടെ ടീമംഗങ്ങളെല്ലാം ഒരേ മനസ്സുള്ളവരായിരിക്കണം.' ഡോ.ബൈജു പറയുന്നു. 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യത്തെ കണ്‍മണിയെ കണ്‍നിറയെ കാണുന്നതിന് മുമ്പുതന്നെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ അവസ്ഥ അതിഭീകരമാണ്. കുഞ്ഞിന് ഹൃദയവൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ അത് മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുന്നത് തന്നെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഈ രംഗത്തുള്ള പല ഡോക്ടര്‍മാരുടെയും അനുഭവസാക്ഷ്യങ്ങള്‍. ഭൂരിഭാഗം പേരും ചികിത്സാചെലവുകള്‍ താങ്ങാന്‍ കഴിവുള്ളവരായിരിക്കില്ല. ഭാര്യയുടെ പ്രസവത്തിനായി 50,000 രൂപയുമായി എത്തിയവരോട് ജനിച്ച കുഞ്ഞ് ഹൃദയവൈകല്യമുള്ളതാണെന്നും ശസ്ത്രക്രിയ വേണമെന്നും പറയുമ്പോള്‍ ഭയന്നുപോകാതിരിക്കുന്നതെങ്ങനെ? അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കുകയാണ് ഇതിനുള്ള ഏക പ്രതിവിധി. മറ്റൊന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സാധാരണനിലയില്‍ കുഞ്ഞ് ജീവിക്കാന്‍ തുടങ്ങിയാലും അവരെ രോഗിയായി മാത്രമെ സമൂഹം കാണുകയുള്ളൂ. പെണ്‍കുഞ്ഞാണെങ്കില്‍ പറയുകയും വേണ്ട. സമൂഹത്തിന്റെ ഈ കാഴ്ചപ്പാടിലും മാറ്റം ഉണ്ടാവേണ്ടതുണ്ട്.

'കുഞ്ഞുങ്ങള്‍ക്കായി ഒരു ആസ്പത്രി ഉണ്ടാകണം. അതാകണം നമ്മുടെ ആത്യന്തിക ലക്ഷ്യം. വിദേശരാജ്യങ്ങളെ നോക്കൂ. എല്ലായിടത്തും കുഞ്ഞുങ്ങള്‍ക്ക് മാത്രമായി പ്രത്യേകം ആസ്പത്രികളുണ്ട്. ഇന്ത്യയിലാകട്ടെ ഒന്നുപോലും ഇല്ല. ആധുനിക ചികിത്സാരംഗത്ത് ഏറെ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ അവസ്ഥയാണ് ഇത്. ഭാവിയെ കുറിച്ച് നാം എന്ത് കരുതുന്നു ഇതില്‍ നിന്ന് മനസ്സിലാക്കാം.' ഡോ.ബൈജു വിരല്‍ചൂണ്ടുന്നത് ഭാവിയിലേക്കാണ്. ശരിയാണ് കുഞ്ഞുങ്ങളാണ് ഓരോ രാജ്യത്തിന്റെയും ഭാവി സമ്പത്ത് അവരുടെ ജീവിക്കാനുള്ള അവകാശം പോലും സംരക്ഷിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റുനേട്ടങ്ങള്‍ പ്രഹസമായി ഒതുങ്ങുകയേയുള്ളൂ. 

(അവസാനിച്ചു)


വായിക്കാം : കുഞ്ഞുഹൃദയങ്ങളിലെ ജനിതക ഹൃദയ വൈകല്യങ്ങള്‍കാത്തിരിപ്പ് മരണത്തിലേക്ക്