വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യന്റെ സങ്കല്പങ്ങൾക്കും അപ്പുറത്തേക്ക് വളർന്നുകഴിഞ്ഞു. എങ്കിലും അമ്മയുടെ ഭ്രൂണത്തിന്റെ കുഞ്ഞുഹൃദയം എങ്ങനെ മിടിച്ചുതുടങ്ങുന്നുവെന്നത് ഇന്നും അതിശയകരമായ കാര്യമാണ്.

ജീവന്റെ തുടിപ്പുകൾ എല്ലാ കോശങ്ങളിലേക്കും എത്തുകയും ഭ്രൂണം വളർന്ന് മനുഷ്യരൂപം പ്രാപിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ സങ്കീർണമായ ഈ പ്രക്രിയ നമ്മുടെ ധാരണയ്ക്കുമപ്പുറം അതിസൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് നടക്കുന്നത്. നിർഭാഗ്യവശാൽ ഭ്രൂണത്തിന്റെ വികാസപരിണാമത്തിൽ ഏതെങ്കിലും ഘട്ടത്തിൽ തകരാറുണ്ടായാൽ ജൻമനാലുള്ള രോഗങ്ങളുണ്ടാകുന്നു. ഹൃദയവൈകല്യങ്ങളാണ് അതിൽഏറ്റവും സാധാരണമായി കാണപ്പെടുന്നത്.

എന്താണ് ജൻമനാലുള്ള ഹൃദയവൈകല്യങ്ങൾ?

കുഞ്ഞ് അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾത്തന്നെ ഹൃദയത്തിന്റെ വികാസപരിണാമത്തിൽ വരുന്ന തകരാറുകളാണ് ജൻമനാലുള്ള ഹൃദയവൈകല്യങ്ങൾ. പലതരത്തിലുള്ള ഹൃദയവൈകല്യങ്ങൾ ഉണ്ടാകാം. ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഹൃദയത്തിന്റെ അറകളുടെ ഭിത്തികളിലുണ്ടാകുന്ന ദ്വാരങ്ങളാണ്.

എല്ലാ പ്രശ്നവും ഗുരുതരമാണോ?

ജൻമനാലുള്ള എല്ലാ ഹൃദ്രോഗങ്ങളും ഗുരുതരമല്ല. ഗൗരവം കണക്കാക്കി ജൻമനാലുള്ള ഹൃദ്രോഗങ്ങളെ മൂന്ന് വിഭാഗങ്ങളാക്കി തിരിക്കാം.
1) സങ്കീർണമല്ലാത്തത് (simple)
2) സങ്കീർണം(complex)
3) ഗുരുതരം(critical)

സങ്കീർണമല്ലാത്തവ എന്തൊക്കെ?

ഹൃദയ അറകളുടെ ഭിത്തികളിൽ ഉണ്ടാകുന്ന ദ്വാരങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. സാധാരണമായി കുഞ്ഞ് ജനിച്ച ഉടനെ ചികിത്സിക്കേണ്ടി വരാറില്ല. എന്നാൽ രോഗം തുടർന്നും നിലനിൽക്കുന്നുണ്ടെങ്കിൽ ദ്വാരങ്ങളുടെ വലുപ്പവും പ്രകൃതിയും അനുസരിച്ച് ചികിത്സ വേണ്ടി വരും. ഉദ്ദാഹരണമായി, എ.എസ്.ഡി. (atrial septal defect), വി.എസ്.ഡി.(ventricular septal defect), പി.എ.ഡി. (peripheral artery disease)

സങ്കീർണമായ ജൻമജാത ഹൃദയവൈകല്യങ്ങൾ

ഈ അവസ്ഥയിൽ പലതരം ഹൃദയവൈകല്യങ്ങൾ ഒരുമിച്ച് കാണുന്നു. ഉദാഹരണമായി ടെട്രലോജി ഓഫ് ഫാലൊട്ട്(tetralogy of fallot-TOF) എന്ന രോഗാവസ്ഥയിൽ വി.എസ്.ഡി. (വെൻട്രിക്കിൾ അറകളുടെ ഭിത്തിയിലെ ദ്വാരം), മഹാധമനിയുടെ സ്ഥാനവ്യതിയാനം, പൾമണറി വാൽവിന്റെ ചുരുങ്ങൽ, വലത് വെൻട്രിക്കിളിന്റെ ഭിത്തിയുടെ തടിപ്പ് എന്നിവ ഒരുമിച്ച് കാണുന്നു.

ഗുരുതര ഹൃദയവൈകല്യങ്ങൾ എന്തൊക്കെയാണ്?

കുഞ്ഞ് ജനിച്ച ഉടനെ തന്നെ ചികിത്സ തേടേണ്ടി വരുന്നവയാണ് ഗുരുതര ഹൃദയവൈകല്യങ്ങൾ. പൾമണറി വാൽവിന്റെ അഭാവം(pulmonary atresia), മഹാധമനികളുടെ വാൽവിന്റെ ഗുരുതരമായ തടസ്സം, പൾമണറി വെയ്നുകളുടെ തെറ്റായ ഗമനവും അതിൽ തടസ്സം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥ, മഹാധമനികൾ തെറ്റായി വരുന്ന അവസ്ഥ, ഹൃദയത്തിന്റെ ഇടത് അറകളും മഹാധമനിയും വികസിക്കാത്ത അവസ്ഥ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്ന രോഗാവസ്ഥകളാണ്. ഉടൻ ചികിത്സിക്കാത്ത പക്ഷം നവജാതശിശുവിന്റെ ജീവൻ തന്നെ നഷ്ടമാകാം.

ഹൃദയവൈകല്യങ്ങൾ ഗർഭാവസ്ഥയിൽ കണ്ടുപിടിക്കാനാവുമോ?

തീർച്ചയായും സാധിക്കും. ഗർഭസ്ഥ ശിശുവിന്റെ ഹൃദയസ്കാനിങ്ങിലൂടെ (ഫീറ്റൽ എക്കോ കാർഡിയോഗ്രഫി) ഒട്ടുമിക്ക ഹൃദയവൈകല്യങ്ങളും കണ്ടെത്താനാകും. തീവ്രത അനുസരിച്ച്, ഹൃദ്രോഗം സ്ഥിരീകരിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം പീഡിയാട്രി കാർഡിയോളജി സേവനമുള്ള ആശുപത്രികളിലാവുന്നതാണ് അഭികാമ്യം.

ജൻമനാലുള്ള ഹൃദ്രോഗങ്ങൾ കുഞ്ഞുജനിക്കുമ്പോൾ തന്നെ അറിയുമോ?

ജൻമനാലുള്ള ഹൃദ്രോഗങ്ങൾ സങ്കീർണമല്ലെങ്കിൽ, ചിലപ്പോൾ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അറിയാതെ പോകാം. അവ ഏത് പ്രായത്തിലും കണ്ടുപിടിക്കപ്പെടാം. മറ്റേതെങ്കിലും കാരണത്തിന് എക്കോകാർഡിയോഗ്രഫിക്ക് വിധേയമാകുമ്പോൾ ഹൃദയഭിത്തികളിലെ ദ്വാരങ്ങൾ മധ്യവയസ്സിൽ പോലും കണ്ടുപിടിക്കപ്പെടുന്നുണ്ട്.

ജൻമനാലുള്ള ഹൃദ്രോഗങ്ങളുടെ ചികിത്സ

ഏതുതരം രോഗമാണ് എന്നതിന് അുസരിച്ചാണ് ചികിത്സയുടെ സമയം നിശ്ചയിക്കുന്നത്. മഹാധമനികളുടെ സ്ഥാനമാറ്റത്തിന് (transposition of the great vessels, TAPVC) ഉടൻ തന്നെ ഓപ്പൺ ഹാർട്ട് സർജറി ചെയ്യേണ്ടതാണ്.

  • വി.എസ്.ഡി. (വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫക്ട്) ആണെങ്കിൽ ആദ്യമാസങ്ങളിൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വരും.
  • എ.എസ്.ഡി. (ഏട്രിയൽ സെപ്റ്റൽ ഡിഫ്ക്ട്) പോലുള്ള സുഷിരങ്ങൾ ആണെങ്കിൽ രണ്ട് വയസ്സിനുമപ്പുറം ചികിത്സിച്ചാൽ മതിയാകും.

എന്താണ് കാർഡിയാക് ഇന്റർവെൻഷൻ?

കാർഡിയാക് കത്തീറ്ററൈസേഷൻ വഴി തുടയിലെ ധമനിയിലൂടെ ട്യൂബ് കടത്തി, മഹാധമനി വഴി ഹൃദയ അറകളിൽ എത്തിച്ച്, ഭിത്തികലിലെ ദ്വാരങ്ങൾ അടയ്ക്കുന്ന സാങ്കേതികവിദ്യയാണിത്. നെഞ്ചിൽ മുറിവ് ഉണ്ടാകുന്നില്ല. ചുരുങ്ങിയ സമയം മാത്രമേ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നുള്ളൂ. എ.എസ്.ഡി., വി.എസ്.ഡി, പി.എ.ഡി. എന്നീ രോഗാവസ്ഥകളിൽ ഈ ചികിത്സാരീതി അവലംബിക്കാവുന്നതാണ്.

സാധാരണ ജീവിതം സാധ്യമോ?

ജൻമനാ ഹൃദ്രോഗമുള്ള കുട്ടികൾക്കും സാധാരണ ജീവിതം നയിക്കാൻ സാധിക്കും. എ.എസ്.ഡി., വി.എസ്.ഡി., പി.എ.ഡി. പോലുള്ള രോഗങ്ങൾ പൂർണമായി ചികിത്സിച്ച് ഭേദമാക്കാം. ഭാഗികമായി മാത്രം ചികിത്സിക്കാവുന്ന അവസ്ഥകളിൽ, ആവശ്യമായ മുൻകരുതലുകളെടുത്തും ജീവിതശൈലി ക്രമീകരണങ്ങൾ വരുത്തിയും മുന്നോട്ടും പോകും.

നവജാതശിശുവിന് ഹൃദയവൈകല്യമുണ്ടെങ്കിൽ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

മുലപ്പാൽ കുടിക്കാനുള്ള ബുദ്ധിമുട്ട്, തൂക്കം കൂടാത്ത അവസ്ഥ, നെറ്റിയിൽ അധികമായി വിയർക്കുക, കൂടെക്കൂടെയുള്ള ശ്വാസകോശ അണുബാധ, കരയുമ്പോൾ ശരീരത്തിന് നീല നിറം എന്നിവയാണ് പൊതുവേ രോഗലക്ഷണങ്ങൾ.

ജൻമനാലുള്ള ഹൃദയവൈകല്യങ്ങളുടെ കാരണമെന്താണ്?

  • ക്രോമസോമൽ വൈകല്യങ്ങളിൽ പലതിനും ഹൃദയവൈകല്യങ്ങൾ കാണാറുണ്ട്. ഉദാഹരണമായി ഡൗൺ സിൻഡ്രോമിൽ ഹൃദയഭിത്തിയിൽ ദ്വാരങ്ങൾ കാണപ്പെടാറുണ്ട്. പ്രത്യേകിച്ച് വി.എസ്.ഡി.
  • ഭ്രൂണത്തിന് ഹാനികരമാകുന്ന ചില മരുന്നുകൾ ഉപയോഗിക്കുന്നത്.
  • ഗർഭാവസ്ഥയിലെ ചില അണുബാധകൾ ജൻമനാലുള്ള ഹൃദയവൈകല്യങ്ങൾക്ക് കാരണമാകാറുണ്ട്. കൺജനൈറ്റൽ റുബല്ല സിൻഡ്രോം എന്ന വൈറൽ അണുബാധ മൂലം ഹൃദയഭിത്തികളിൽ ദ്വാരങ്ങൾ ഉണ്ടാകാം.
  • പ്രമേഹം കൃത്യമായി നിയന്ത്രിക്കാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

(കൊച്ചി ലിസി ഹോസ്പിറ്റലിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights:Congenital heart defects in children Diagnosis and treatments, Health, Kids Health, Heart Diseases