റ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന ഒരു മേഖലയാണ് കുട്ടികളിലെ അലര്‍ജി ചികിത്സ. പലപ്പോഴും കുട്ടികളിലെ അലര്‍ജി/ വലിവ് മാതാപിതാക്കള്‍ക്കൊരു പേടിസ്വപ്നമാണ്. അതുകൊണ്ടുതന്നെ അവര്‍ പല കെണികളിലും ചെന്ന് വീഴുകയും ചെയ്യും. കുട്ടിക്ക് വലിവ്/ശ്വാസംമുട്ടലാണെന്നു കേള്‍ക്കാന്‍ സാധാരണയായി ഒരു അച്ഛനുമമ്മയും ഇഷ്ടപ്പെടാറില്ല. അതുകൊണ്ടുതന്നെ പല ഡോക്ടര്‍മാരും ഇത് തുറന്നുപറയാന്‍ മടിക്കുന്നതായി കാണാറുണ്ട്. എന്തിനാണ് വെറുതേ അവരെ മുഷിപ്പിക്കുന്നതെന്നു കരുതിയിട്ടാകാം. ഒരു ഡോക്ടറെന്ന നിലയില്‍ കുട്ടിക്ക് ശ്വാസംമുട്ടലാണെന്നു തുറന്നുപറഞ്ഞതിന്റെ പേരില്‍ പിന്നീട് ഒരിക്കലും കാണാന്‍വരാതിരുന്ന മാതാപിതാക്കളെ എനിക്കും അറിയാം. പക്ഷേ, ഇത്തരം പ്രശ്‌നങ്ങളൊന്നും രോഗകാര്യം അവരെ അറിയിക്കുന്നതിന് തടസ്സമാകരുത്. എന്തൊക്കെ ലക്ഷണങ്ങളാണ് കുട്ടികളിലെ അലര്‍ജി/ആസ്ത്മയ്ക്കുണ്ടാവുകയെന്ന് ആദ്യ ലേഖനങ്ങളില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ആസ്ത്മയുടെ ലക്ഷണങ്ങളുമായി വരുന്ന ഒരു കുട്ടിയുടെ അച്ഛനമ്മമാരോട് എന്താണ് അസുഖമെന്ന് തുറന്നുപറയുന്നത് തന്നെയാണ് ചികിത്സയുടെ ആദ്യത്തെ കടമ്പ.

കൗണ്‍സലിങ്

ഇത് കുട്ടിക്കല്ലാ കേട്ടോ. അച്ഛനുമമ്മയ്ക്കുമാണ്. അല്ലെങ്കില്‍ അവര്‍ നിങ്ങള്‍ കൊടുക്കുന്ന ഒരു ചികിത്സയും നല്ലരീതിയില്‍ കൊണ്ടുപോകില്ല. കാര്യങ്ങളെല്ലാം വിശദമായി ലളിതമായഭാഷയില്‍ അവര്‍ക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കണം. അവരുടെ ആധികളും സംശയങ്ങളും ക്ഷമയോടെ കേട്ട് ദൂരീകരിക്കണം. ഇല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നതുകേട്ട് അവര്‍ നമ്മള്‍ നല്‍കുന്ന ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കും. അതുകൊണ്ടുതന്നെ കൗണ്‍സലിങ് ആസ്ത്മ ചികിത്സയില്‍ പ്രധാന ഭാഗമാണ്.

സ്ഥിരചികിത്സ എന്ത്, എന്തിന്?

സാധാരണയായി ഇന്‍ഹേലറുകളാണ് സ്ഥിരചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. അതില്‍തന്നെ രണ്ടുവിധമുള്ള മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്.

  • വലിവിനെ പ്രതിരോധിക്കാനുള്ള മരുന്ന് (സ്റ്റിറോയ്ഡ്)
  • വലിവ് വരുമ്പോള്‍ ഉപയോഗിക്കാനുള്ളത് (അസ്തലിന്‍ പോലെയുള്ളത്)

സ്റ്റിറോയ്ഡ് ഇന്‍ഹേലറുകള്‍ ചെയ്യുന്നത് - കുറെ വലിവ് സഹിച്ചു ക്ഷീണിച്ച നമ്മുടെ മക്കളുടെ ശ്വാസകോശത്തിനു ഒരു പുതുജീവന്‍ നല്‍കലാണ്. ഓരോ തവണ വലിവ് വരുമ്പോഴും നമ്മുടെ കുട്ടികളുടെ ശ്വാസകോശത്തിന് ചെറുതെങ്കിലും ഒരു കേടുപാട് വരുത്തുന്നുണ്ട്. കുറച്ചു കഴിയുമ്പോള്‍ ശ്വാസകോശത്തിന്റെ ഘടന സാധാരണയുള്ളതില്‍നിന്ന് മാറി ഒരു ആസ്ത്മ രോഗിയുടേതുപോലെ വീര്‍ത്തതായി മാറുന്നു. പിന്നീട് അവയെ സാധാരണഘടനയിലേക്കു തിരിച്ചുകൊണ്ടുവരിക ബുദ്ധിമുട്ടാണ്. സ്റ്റിറോയ്ഡ് ഇന്‍ഹേലറുകള്‍ ചെയ്യുന്നത് ഈ കേടുപാടുകള്‍ ശരിയാക്കലാണ്. പതിയെ ഈ ശ്വാസകോശങ്ങള്‍ അവര്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. അങ്ങനെ പതിയെ വലിവിന്റെ ആക്രമണത്തിന്റെ അളവ് കുറയുന്നു.

അസ്തലിന്‍ പോലെയുള്ള മരുന്നുകള്‍ ചെയ്യുന്നത് പെട്ടെന്നുണ്ടാകുന്ന വലിവിനെ ചികിത്സിക്കലാണ്. ഇത് ഒരിക്കലും പിന്നീടുള്ള വലിവിന്റെ ആക്രമണത്തെ തടയുകയില്ല. സ്ഥിര ചികിത്സ വേണ്ടാത്ത കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍മാത്രം മതിയാകും. കാരണം അവര്‍ക്ക് വലിവ് വരുന്ന തവണകള്‍ കുറവായതുകൊണ്ട് ശ്വാസകോശത്തിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായിക്കാണില്ല.

മരുന്നുകള്‍ എന്തിനു തുടങ്ങണം

ഞാന്‍ മുകളില്‍ പറഞ്ഞപോലെ ഇടയ്ക്കിടയ്ക്ക് വലിവ് വരുന്ന കുട്ടികളുടെ ജീവിതം നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ശരിക്കും കഷ്ടമാണ്. അവരുടെ മാത്രമല്ല, അവരുടെ അച്ഛനമ്മമാരുടെയും. അവര്‍ക്ക് പലപ്പോഴും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല, ഒന്ന് പുറത്തു കളിക്കാന്‍ പോകാന്‍ പറ്റില്ല, ഇഷ്ടമുള്ള സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പങ്കെടുക്കാന്‍ പറ്റില്ല, ഒരു ഡാന്‍സ് കളിക്കാന്‍ പറ്റില്ല. എപ്പോഴും അച്ഛനമ്മമാരുടെ കര്‍ക്കശനിയന്ത്രണങ്ങളിലാകും അവരുടെ ജീവിതം. ഇത് കുട്ടികളില്‍ വല്ലാത്ത ഒരു അവസ്ഥതന്നെ ഉണ്ടാക്കുന്നതായി കാണാറുണ്ട്. പലപ്പോഴും അവര്‍ വിഷാദരോഗത്തിലേക്കു വഴുതിവീഴാം, അല്ലെങ്കില്‍ അകാരണമായി ദേഷ്യപ്പെടാം, വലുതാകുന്തോറും അവര്‍ക്ക് ജീവിതത്തോടുതന്നെ ഒരു തരാം വിരക്തി തോന്നിത്തുടങ്ങാം. കാരണം സ്വാതന്ത്ര്യമാണല്ലോ പരമപ്രധാനം? അത് കൊണ്ടുതന്നെ അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള ഒരേ ഒരു വഴി കൃത്യമായ ചികിത്സയാണ്.

മാനസികമായ വളര്‍ച്ചയെ മാത്രമല്ല, ശാരീരിക വളര്‍ച്ചയെയും ബാധിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ച് തൂക്കവും ഉയരവുമെല്ലാം വലിവുള്ള കുട്ടികളില്‍ കുറവായാണ് കാണാറുള്ളത്. ഇതും 'എന്തിനു കൃത്യമായ ചികിത്സ നല്‍കണം?' എന്നതിന്റെ ഉത്തരമാണ്. കൃത്യമായ ചികിത്സ കിട്ടുന്ന കുട്ടികള്‍ സാധാരണ കുട്ടികളെപ്പോലെ നല്ലരീതിയില്‍ വളരുന്നത് നമ്മള്‍ എത്രയോ കാണുന്നതാണ്. 

Content Highlights: Childhood asthma Symptoms and causes and treatment , Childhood asthma