പഠിച്ചതെല്ലാം ഓര്‍ത്തെടുക്കാന്‍ കുട്ടികള്‍ കഷ്ടപ്പെടുന്നത് പരീക്ഷാഹാളിലെ പതിവുകാഴ്ചയാണ്. പരീക്ഷയ്ക്ക് തൊട്ടുമുമ്പുവരെ എത്ര വായിച്ചാലും തീരാത്ത പഠനം. ഇത്തരത്തില്‍ പരീക്ഷ കുട്ടികളിലുണ്ടാക്കുന്ന മാനസികപിരിമുറുക്കത്തിന് ആശ്വാസം കണ്ടെത്തിയിരിക്കുകയാണ് ന്യൂയോര്ക്കിലെ ഒരുസംഘം ഗവേഷകര്‍. 

ദിവസേന കൊച്ചുപരീക്ഷകള്‍ അഭിമുഖീകരിക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. പരീക്ഷയുടെ മാനസികപിരിമുറുക്കങ്ങളിലുള്‍പ്പെടാതെ ഓര്‍മ നിലനിര്‍ത്താന്‍ ഇത് സഹായകമാവും. 

എത്ര പാഠങ്ങള്‍ പഠിക്കുന്നുവെന്നോ എത്ര സമയം പഠിക്കുന്നുവെന്നോ എന്നതിലല്ല, മറിച്ച് എങ്ങനെ പഠിക്കുന്നുവെന്നതിലാണ് കാര്യമെന്ന് വിഷയത്തില്‍ ഗവേഷണം നടത്തിയ മസാച്ചുസെറ്റ്‌സിലെ ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഗവേഷകരിലൊരാളായ  ആമി സ്മിത്ത് പറഞ്ഞു. 

120 കുട്ടികളെയാണ് ഇതിനായി പഠിച്ചത്. ഇവരില്‍ അക്ഷരങ്ങളും ചിത്രങ്ങളും ഓര്‍ത്തെടുക്കാനായി പരീക്ഷകള്‍ നടത്തി.

പരീക്ഷപ്പേടി അഭിമുഖീകരിച്ചവര്‍ക്കും ഇതില്‍ മിക്കതും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു. സാധാരണ ഗതിയി ല്‍ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നവരില്‍ മറവി കൂടുതല്‍ പ്രകടമാവാറുണ്ട്. എന്നാല്‍, അതിനെ വേണ്ടവിധം കൈകാര്യം ചെയ്താല്‍ ഓര്‍മക്കുറവടക്കമുള്ള പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താമെന്ന് പഠനം തെളിയിക്കുന്നു.