കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അമ്മയുടെ മനസിൽ ഒട്ടേറെ സംശയങ്ങളും ജനിക്കാറുണ്ട്. എങ്ങനെ  മുലയൂട്ടണം, എപ്പോൾ പാലുകൊടുക്കണം, എത്രനാൾ മുലയൂട്ടണം എന്നിങ്ങനെ പോകുന്നു സംശയങ്ങളുടെ നീണ്ട നിര. 

ജനിച്ച് എത്ര സമയം കഴിഞ്ഞാണ് മുലപ്പാൽ കൊടുത്ത് തുടങ്ങേണ്ടത്?
എത്രയും വേഗം കൊടുക്കാമോ അത്രയും നന്ന്. സാധാരണ പ്രസവമാണെങ്കില്‍ കുഞ്ഞിനെ എടുത്ത് തുടച്ച് അമ്മയെ ഏല്‍പിച്ചാലുടന്‍ മുലകൊടുക്കണം. പ്രസവസമയത്തെ രക്തവാര്‍ച്ച തടയാനും അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികബന്ധം ശക്തമാക്കാനും ഇത് സഹായിക്കും. സിസേറിയന്‍ പ്രസവമാണെങ്കില്‍ അനസേ്തഷ്യ വിട്ടുണര്‍ന്നയുടന്‍ മുലകൊടുക്കണം.  

എത്രകാലം വരെ മുലയൂട്ടണം?
വേണ്ടത്ര പാലുണ്ടെങ്കില്‍ ആറുമാസം വരെ മുലപ്പാല്‍ മാത്രം മതിയാകും കുഞ്ഞിന്. നാലുമാസം കഴിഞ്ഞാല്‍ കുറുക്ക് പോലുള്ള ആഹാരങ്ങള്‍ കുറേശ്ശെ കൊടുത്തുതുടങ്ങാം. മുലപ്പാലില്‍ നിന്നു കിട്ടുന്ന പോഷകങ്ങള്‍ക്കു പുറമേ, കുഞ്ഞിനാവശ്യമുള്ള ഇരുമ്പുസത്ത് ലഭിക്കാന്‍  മുത്താറി (പഞ്ഞപ്പുല്ല്) അത്യുത്തമമാണ്.  

എന്നാൽ അപ്പോഴും മുലപ്പാല്‍ തുടരണം. മുലയൂട്ടല്‍ ഇത്രകാലംവരെ എന്നില്ല. രണ്ടുവയസ്സുവരെ സുഖമായി മുലയൂട്ടാം. പിന്നെയും തുടരാം. അടുത്ത കുഞ്ഞ് ഉടനെ വേണ്ട എന്നുള്ളവര്‍ക്ക് പറ്റിയ സ്വാഭാവിക ഗര്‍ഭനിരോധന മാര്‍ഗം കൂടിയാണ് മുലയൂട്ടല്‍. ക്രമേണ, പാല്‍ കുറഞ്ഞുവരുമ്പോള്‍ കുട്ടി സ്വയം കുടി നിര്‍ത്തിക്കോളും. മുലയില്‍ ചെന്നിനായകവും മറ്റും പുരട്ടി ബലമായി നിര്‍ത്തിക്കേണ്ടതില്ല. പാലുള്ളപ്പോള്‍ നിര്‍ത്തുന്നത് അമ്മയ്ക്കും പ്രശ്‌നമുണ്ടാക്കും.

കടപ്പാട്: ഡോ. ഷാജി തോമസ് ജോണ്‍