കുഞ്ഞിന്റെ ജനനം അമ്മയ്ക്കും കുടുംബത്തിനാകെയും സന്തോഷം നൽകുന്നതാണ്. വലിയ ഉത്തരവാദിത്തമാണ് ഈ സമയം അമ്മയ്ക്ക് കൈവരുന്നത്. കോവിഡ് വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് കുഞ്ഞിന്റെ കാര്യത്തിൽ അമ്മയ്ക്കും സമ്മർദമേറുന്ന സമയമാണ്. അതിനാൽ തന്നെ കുഞ്ഞിന്റെ സുരക്ഷിതത്വത്തിനാണ് ഇവിടെ പ്രാധാന്യം.
കൈ കഴുകൽ
കുഞ്ഞിനെ പരിപാലിക്കുന്ന അമ്മ ഉൾപ്പടെയുള്ളവർ കൃത്യമായ ഇടവേളകളിൽ കൈ കഴുകണം. അല്ലെങ്കിൽ അത് കുഞ്ഞിന് ആരോഗ്യപ്രശ്നമുണ്ടാക്കും.
കുഞ്ഞിനെ നന്നായി കുളിപ്പിക്കുക
ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. കുഞ്ഞിനെ ദിവസവും കുളിപ്പിക്കണം. ഇതിനായി മൈൽഡ് ഷാംപൂ ഉപയോഗിക്കാം. ഒരു കോട്ടൺ തുണി കഷ്ണം എടുത്ത് അത് സലൈൻ സൊല്യൂഷനിൽ മുക്കി കണ്ണുകളുടെയും ചെവികളുടെയും മൂക്കിന്റെയും വശങ്ങൾ തുടച്ചുവൃത്തിയാക്കണം. മൂക്കിനകത്തോ ചെവിക്കകത്തോ കോട്ടൺ ഇടരുത്.
കുഞ്ഞിന്റെ നഖങ്ങൾ വെട്ടണം
നഖങ്ങൾ നീട്ടി വളരുന്നത് രോഗാണുക്കൾക്ക് വളരാനുള്ള ഇടംകൊടുക്കുന്ന അവസ്ഥയുണ്ടാക്കും. അതിനാൽ നഖങ്ങൾ കൃത്യമായി വെട്ടിക്കൊടുക്കണം. കുഞ്ഞിന്റെ നഖം വെട്ടുമ്പോൾ ചർമത്തിൽ മുറിവുണ്ടാകാതെ നോക്കണം.
ഡയപ്പർ കൃത്യമായി മാറ്റണം
കുഞ്ഞിന്റെ വ്യക്തിശുചിത്വത്തിന് ഡയപ്പർ കൃത്യമായി മാറ്റണം. കൃത്യമായി ഡയപ്പർ മാറ്റാതിരിക്കുന്നത് കുഞ്ഞിന്റെ ചർമത്തിന് അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ട്. ചർമത്തിൽ നനവ് പറ്റിയിട്ടുണ്ടെങ്കിൽ ആ ഭാഗം വൃത്തിയായി കഴുകി പുതിയ ഡയപ്പർ കെട്ടണം.
കളിപ്പാട്ടങ്ങൾ വൃത്തിയാക്കണം
കുഞ്ഞ് ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പെൻസിലുകൾ തുടങ്ങിയ എല്ലാ ഉപകരണങ്ങളിലും ബാക്ടീരിയ സാന്നിധ്യം ഉണ്ടായിരിക്കും. ഭൂരിഭാഗം കുട്ടികൾക്കും കളിപ്പാട്ടങ്ങൾ വായിൽ ഇടുന്ന ശീലവും ഉണ്ടായിരിക്കും. അതിനാൽ കളിപ്പാട്ടങ്ങൾ കൃത്യമായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്.
കുഞ്ഞിന്റെ കൈകൾ വൃത്തിയാക്കണം
എല്ലാ കുഞ്ഞുങ്ങൾക്കും പൊതുവേ കണ്ടുവരുന്ന ഒരു സ്വഭാവമാണ് വായിൽ കൈയിടൽ. കൈയിലും വിരലുകളിലുമൊക്കെ അഴുക്കുണ്ടെങ്കിൽ അത് ശരീരത്തിലെത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. അതിനാൽ കുഞ്ഞിന്റെ കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതുണ്ട്.
Content Highlights: Health,babys kids personal hygiene during Covid19 Corona Virus outbreak you all needs to know