നുഷ്യരില്‍ കാണുന്ന വളരെ ശക്തവും അടിസ്ഥാനപരവുമായ വികാരമാണ് ഭയം. സ്വന്തം നിലനില്‍പ്പിന് അപകടമോ ഭീഷണിയോ ഉണ്ടാക്കുന്നവ എന്തെന്ന് തിരിച്ചറിയാനും 'സ്വയംരക്ഷ'യ്ക്കായി മുന്‍കരുതലുകള്‍ എടുക്കാനും മനുഷ്യനെ സഹായിക്കുന്നത് 'ഭയ' മാണ്. ഈ പേടികള്‍ യാഥാര്‍ഥ്യമോ സാങ്കല്പികമോ ആകാം. കടിക്കാന്‍ വരുന്ന പട്ടിയെ പേടിക്കുന്നത് യഥാര്‍ഥത്തിലുള്ളതും പ്രേതങ്ങളെ പേടിക്കുന്നത് സാങ്കല്പികവുമായ ഭയങ്ങളാണ്. 

തീരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ 'ഭയം' എന്ന വികാരം കാണാവുന്നതാണ്. എട്ട്-ഒന്‍പത് മാസം മുതല്‍ തന്നെ കുട്ടികള്‍ പരിചയമുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാന്‍ തുടങ്ങുകയും പരിചയമില്ലാത്തവരോട് പേടി കാണിക്കുകയും ചെയ്യാറുണ്ട്. കുട്ടികള്‍ പരിചയം കാണിക്കാത്ത സാഹചര്യത്തില്‍ അവരെ നിര്‍ബന്ധപൂര്‍വം പിടിച്ചുവലിച്ചെടുക്കാന്‍ ശ്രമിക്കരുത്. പകരം കുറച്ചുസമയം ചെലവഴിച്ച, പരിചയവും സുരക്ഷിതത്വബോധവും ഉണ്ടാക്കിയതിനുശേഷം കുഞ്ഞിന്റെ സമ്മതത്തോടെ എടുക്കുന്നതാണ് ഉചിതം. 

കുഞ്ഞുങ്ങളില്‍ കാണുന്ന മറ്റൊരു ഭയമാണ് മാതാപിതാക്കളില്‍ നിന്നോ അവര്‍ക്കടുപ്പമുള്ള വ്യക്തികളില്‍ നിന്നോ മാറിനില്‍ക്കുമ്പോള്‍ ഉണ്ടാകുന്നത്. സെപ്പറേഷന്‍ ആങ്‌സൈറ്റി എന്നാണിത് അറിയപ്പെടുന്നത്. സ്‌കൂളില്‍ പോയിത്തുടങ്ങുന്ന സമയം കുട്ടികള്‍ പൊതുവേ കരയുകയും മടികാണിക്കുകയും ബഹളം വെക്കുകയുമൊക്കെ ചെയ്യുന്നത് ഈ സെപ്പറേഷന്‍ ആങ്‌സൈറ്റി കാരണമാണ്. സ്‌കൂളിലും അധ്യാപകരുടെ അടുത്തും താന്‍ സുരക്ഷിതമാണെന്നും നിശ്ചിത സമയത്തേക്ക് മാത്രമാണ് വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടതെന്നും ബോധ്യപ്പെടുന്നതോടെ ഈ ഭയം മാറുകയാണ് പതിവ്. 

ക്ലാസിക്കല്‍ കണ്ടീഷനിങ്

പാവ്‌ലോവിന്റെ 'ക്ലാസിക്കല്‍ കണ്ടീഷനിങ്' എന്ന പ്രശസ്തമായ സിദ്ധാന്തമനുസരിച്ച്, കുട്ടിക്കാലത്ത് ഏതെങ്കിലും വസ്തു അല്ലെങ്കില്‍ സാഹചര്യവുമായ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, കുട്ടിക്കുണ്ടാകുന്ന മോശമായ അനുഭവം കുട്ടിയില്‍ ആഘാതം ഉണ്ടാക്കുകയും ആ വസ്തുവിനോടോ സാഹചര്യത്തിനോടോ ഉള്ള പേടിയായി പരിണമിക്കുകയും ചെയ്യാം. എന്നാല്‍ ആ വസ്തു/ സാഹചര്യവും അനുഭവവും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവുകയുമില്ല. 

ഒന്‍പതു മാസം പ്രായമുള്ള ലിറ്റില്‍ ആല്‍ബര്‍ട്ട് എന്ന കുട്ടിയില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഇത് തെളിയിക്കപ്പെടുകയും ചെയ്തു. അവന് ഒരു വെള്ളെലിയെ കളിക്കാന്‍ കൊടുത്തു. അതുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, ഒരു വലിയ ശബ്ദം ഉണ്ടാക്കി കുട്ടിയെ പേടിപ്പിച്ചു. ഇതേത്തുടര്‍ന്ന് കുട്ടിക്ക് വെള്ള എലികളെ പേടിയായിത്തുടങ്ങി. ഇവിടെ കുട്ടിക്ക് പേടിയുണ്ടാക്കിയ ശബ്ദവും വെള്ളെലിയും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നിട്ടും അവയെ തമ്മില്‍ ബന്ധപ്പെടുത്തി വെള്ളെലിയോടുള്ള പേടിയായി മാറുകയാണ് ചെയ്തത്. 

നിരുപദ്രവകരമായതും അപകടം തെല്ലുമില്ലാത്തതുമായ വസ്തുക്കളോടോ സാഹചര്യങ്ങളോടോ ഒക്കെ കുട്ടികള്‍ കാണിക്കുന്ന മിക്ക പേടികളും ഇങ്ങനെ സംഭവിക്കുന്നതാകാം. ഫോബിയ എന്നാണ് ഇത്തരം യുക്തിരഹിതമായ പേടികള്‍ അറിയപ്പെടുന്നത്. 

കണ്ടറിഞ്ഞ ഭയം

മറ്റുള്ളവരില്‍ നിന്ന് കണ്ടും നിരീക്ഷിച്ചുമാണ് ചില ഭയങ്ങള്‍ ഉണ്ടാകുന്നത്. മാതാപിതാക്കള്‍ക്ക് ഭയമുണ്ടാക്കുന്ന വസ്തുക്കള്‍ മിക്കതും സ്വന്തമായി അനുഭവങ്ങള്‍ ഇല്ലെങ്കില്‍ പോലും കുട്ടികളിലും ഭയത്തിന് കാരണമാകുന്നത് ഇത്തരത്തിലാണ്. സിനിമ-കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേടികളും കുട്ടികള്‍ നിരീക്ഷിക്കാറുണ്ട്. 

അതുപോലെ, ഏതെങ്കിലും വസ്തുക്കളെക്കുറിച്ചോ, ജീവികളെക്കുറിച്ചോ, കുട്ടികളോട് മറ്റുള്ളവര്‍ വിവരിക്കുമ്പോള്‍ ഭയത്തോടുകൂടിയാണ് അത് വിവരിക്കുന്നതെങ്കില്‍ ആ വസ്തുക്കളോടും ജീവികളോടും കുട്ടികള്‍ക്ക് ഭയമുണ്ടാകാം. 

ഉദ്ദാഹരണത്തിന് 'പാമ്പ്' എന്ന് പറയുമ്പോള്‍ തന്നെ മിക്കവരുടെ സ്വരത്തിലും മുഖഭാവത്തിലും ഭയം എന്ന വികാരം അല്ലെങ്കില്‍ പേടിക്കേണ്ട ഒന്ന് എന്ന ധ്വനി ഉണ്ടാകും. ഇതൊന്നുകൊണ്ടു തന്നെ കുട്ടികളില്‍ പാമ്പിനോടുള്ള ഭയം ഉണ്ടാകാം. 

ഭാവനയില്‍ അല്ലെങ്കില്‍ ചിന്തകളില്‍ക്കൂടി ഉണ്ടാകുന്ന ഭയങ്ങളും കുട്ടികളില്‍ കാണാറുണ്ട്. പ്രേതം, അന്യഗ്രഹജീവികള്‍ തുടങ്ങിയവയോടുള്ള പേടികളൊക്കെ ഇതില്‍പ്പെടും. ഇത്തരം പേടികള്‍ യാഥാര്‍ഥ്യത്തിലുള്ള പലതിനോടുമുള്ള പേടിയായും മാറാം. പ്രേതത്തെക്കുറിച്ചുള്ള പേടിയാണ് ഇരുട്ടിനോടുള്ള പേടിയായി പല കുട്ടികളിലും കാണുന്നത്. 

ഭയത്തെ പരിഹസിക്കരുത്

കുട്ടികളുടെ ഭയത്തെ കളിയാക്കിയും വഴക്കുപറഞ്ഞു അവഗണിച്ചും കൈകാര്യം ചെയ്യുന്ന രീതിയാണ് പൊതുവേ മുതിര്‍ന്നവരില്‍ കാണാറുള്ളത്. അതുപോലെ 'പേടിക്കുന്നത്' നാണക്കേടാണ് എന്ന ചിന്തയും നല്‍കാറുണ്ട്. 

'ഭയ'ത്തെക്കുറിച്ചുള്ള മുതിര്‍ന്നവരുടെ കാഴ്ചപ്പാടുകള്‍ കുട്ടിയുടെ ലിംഗവ്യത്യാസമനുസരിച്ചും മാറാറുണ്ട്. അതായത് 'ആണ്‍കുട്ടിയായ നിനക്ക് പേടിയോ' എന്നാണ് പലരും ചോദിക്കുക. 'പേടിയുള്ളവര്‍ ആണുങ്ങളല്ല', 'പേടിക്കുന്നത് പെണ്‍കുട്ടികളാണ്', 'പെണ്‍കുട്ടികളെപ്പോലെ പേടിക്കാതെ' എന്നൊക്കെയുള്ള സംസാരങ്ങള്‍ തെറ്റായ കാഴ്ചപ്പാടുകളില്‍ നിന്ന് ഉണ്ടാകുന്നതാണ്. ഇത്തരം സംഭാഷണങ്ങളിലൂടെ കുട്ടികളിലേക്കും മോശം മുന്‍വിധികളെ പകര്‍ന്നുനല്‍കുകയാണ് ചെയ്യുന്നത്. 

ഇരുട്ടിനോടുള്ള പേടിമാറാന്‍ ഒറ്റയടിക്ക് കുട്ടികളെ ഇരുട്ടുള്ള മുറിയില്‍ ഇട്ട് കതകടച്ച് പരീക്ഷിക്കുന്നവര്‍ ഉണ്ട്. കൃത്യമായ മനശ്ശാസ്ത്ര സമീപനത്തോട് കൂടിയല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പ്രശ്‌നം വഷളാക്കാം. അതുപോലെ, അട്ടയെ പേടിയുള്ള കുട്ടിയുടെ കൈയിലേക്ക് ജീവനുള്ള അട്ടയെ അവരറിയാതെ നല്‍കി തമാശ കാണിക്കുന്ന സഹോദരങ്ങളും സുഹൃത്തുക്കളുമൊക്കെയുണ്ട്. ഇവയൊക്കെ കുട്ടിയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 

പേടി സ്വാഭാവികമായ വികാരമാണെന്നും മിക്ക പേടികളും കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് മാറുകയും പുതിയ പേടികള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും മാതാപിതാക്കള്‍ മനസ്സിലാക്കുക. 

കുഞ്ഞിന്റെ പേടി എന്താണെന്നും എങ്ങനെ ഉണ്ടായി എന്നും കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. പേടിക്കുന്ന കാര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുട്ടിയുടെ പേടി ആനുപാതികമല്ലെന്ന് തോന്നിയാല്‍, മനശ്ശാസ്ത്രജ്ഞന്റെ സഹായം തേടുക. പേടിക്കുന്ന വസ്തുക്കളോ, സാഹചര്യങ്ങളോ ഒഴിവാക്കിക്കൊടുത്താല്‍ ആ പേടി കൂടുതല്‍ ശക്തമാവുകയേ ഉള്ളൂ എന്ന് തിരിച്ചറിയുക. 

പേടിയുള്ള വസ്തുക്കളോടും സാഹചര്യങ്ങളോടും സമ്പര്‍ക്കം ഘട്ടം ഘട്ടമായി ചെയ്യേണ്ടതാണ്. ആദ്യ ഘട്ടത്തില്‍ മുതിര്‍ന്നവര്‍ ഒപ്പമുണ്ടാകണം. 

സാധാരണ പേടിയും ഫോബിയയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക. ഫോബിയ ആണെങ്കില്‍ തീര്‍ച്ചയായും മനശ്ശാസ്ത്രജ്ഞന്റെ സഹായം തേടേണ്ടതാണ്. 

ആനുപാതികമല്ല എന്ന് തോന്നുന്ന മറ്റ് പേടികളും കുട്ടിയുടെ ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്നു എന്ന് തോന്നുന്ന പേടികളും മനശ്ശാസ്ത്രജ്ഞന്റെ സഹായത്തോടുകൂടി പരിഹരിക്കാന്‍ ശ്രമിക്കുക. 

പേടിക്കേണ്ട വസ്തുക്കളെയും സാഹചര്യങ്ങളെയും പേടിക്കാത്തതും അത്ര നന്നല്ല എന്നതും തിരിച്ചറിയുക. 

(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)

Content Highlights: Anxiety and fear in children-how to help children manage fears

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്