കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നത് ചെറിയൊരു കാര്യമല്ല. ആൺകുട്ടികളെയും പെൺകുട്ടികളേയും ഒരുപോലെ സംരക്ഷിക്കുമെങ്കിലും പലപ്പോഴും നാം പെൺകുട്ടികളെയും ആൺകുട്ടികളേയും രണ്ട് തട്ടിലാണ് നോക്കിക്കാണുന്നത്.  പെൺകുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ആവോളം നൽകുമ്പോഴും നമ്മുടെ ആൺകുട്ടികൾക്ക് സ്വയം സംരക്ഷിക്കാനുള്ള കരുത്തുണ്ടെന്നാണ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്. 
എന്നാൽപെൺകുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നതു പോലെ ആൺകുട്ടികളോടും പറയേണ്ട ചില കാര്യങ്ങളുണ്ട്. 

ആൺകുട്ടികളും ലെെംഗിക അതിക്രമങ്ങൾക്ക് വിധേയരായേക്കാം

പെൺകുട്ടികളുള്ള മാതാപിതാക്കളെ ഭയപ്പെടുത്തുന്ന വസ്തുതയാണ് കുഞ്ഞുങ്ങൾക്ക് നേരെ നടക്കുന്ന  ലെെംഗിക അതിക്രമങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആൺകുട്ടികൾക്കും ഉണ്ടാകാം എന്ന് മാതാപിതാക്കൾ മനസിലാക്കണം. ഒപ്പം നല്ലതും ചീത്തയുമായ സ്പര്‍ശനത്തെ കുറിച്ചും കുഞ്ഞുങ്ങളെ ബോധവാന്മാരാക്കണം. മോശമെന്ന് തോന്നുന്ന എന്ത് കാര്യങ്ങൾ സംഭവിച്ചാലും മാതാപിതാക്കളെ അറിയിക്കണമെന്നും കുഞ്ഞുങ്ങളെ പറഞ്ഞ് മനസിലാക്കുക. 

ആൺകുട്ടികൾക്കും പെരുമാറ്റ മര്യാദകൾ ഉണ്ടാവണം

ഒരു പെൺകുട്ടി വളര്‍ന്ന് വരുമ്പോൾ കേൾക്കുന്ന കാര്യങ്ങളാണ് എങ്ങനെ ഇരിക്കണം നടക്കണം സംസാരിക്കണം എന്നിങ്ങനെ പലതരം നിര്‍ദ്ദേശങ്ങൾ. നീ പെൺകുട്ടിയാണ് അതിനാൽ നീ തനിച്ച് പുറത്ത് പോകരുത്,  പെൺകുട്ടികൾ ഇങ്ങനെ മാത്രമേ ഇരിക്കാൻ പാടുള്ളു, പെൺകുട്ടികൾ ശബ്ദം ഉയര്‍ത്തരുത്,  പെൺകുട്ടികൾ വീട്ടുജോലികൾ ചെയ്ത് ശീലിക്കണം എന്നിങ്ങനെ പോകുന്നു മര്യാദ പഠിപ്പിക്കലുകൾ. എന്നാൽ പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും ഇത്തരത്തിലുള്ള പെരുമാറ്റ ചട്ടങ്ങൾ ബാധകമാണ്. എല്ലാത്തരത്തിലുമുള്ള ജോലി ചെയ്യാൻ ആൺകുട്ടികളെ പരിശീലിപ്പിക്കുക. ഒപ്പം പെൺകുട്ടികളെ ബഹുമാനിക്കണമെന്നും ആൺകുട്ടികൾക്ക് പറഞ്ഞ് കൊടുക്കുക.

ആൺകുട്ടികൾക്കും കരയാം

ആൺകുട്ടികൾ കരയാൻ പാടില്ല എന്ന് ഒരിക്കലും അവരെ പറഞ്ഞ് പഠിപ്പിക്കരുത്. അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ  അവരെ ശീലിപ്പിക്കുക. 

നിങ്ങൾ ആയിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്

സാധാരണ വീട് വൃത്തിയാക്കുക, വസ്ത്രം കഴുകുക എന്നിങ്ങനെയുള്ള ജോലികൾ പെൺകുട്ടികളാണ് ചെയ്യേണ്ടതെന്ന ധാരണ ചെറുപ്പത്തിലേ തിരുത്തുക. നമ്മൾ ആയിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരോരുത്തരുടെയും   ഉത്തരവാദിത്വമാണെന്നുള്ള ധാരണ വളര്‍ത്തുക. അതിന് ആൺ- പെൺ വ്യത്യാസത്തിൻ്റെ ആവശ്യമില്ല. ചൂലെടുക്കുന്നതിലോ വസ്ത്രം കഴുകുന്നതിലോ യാതൊരു തരത്തിലുമുള്ള നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ലെന്ന് ആൺകുട്ടികളെ ബോധ്യപ്പെടുത്തുക.

ഭക്ഷണം പാകംചെയ്യുന്നതിൽ ആൺ - പെൺ വ്യത്യാസം വേണ്ട

അടുക്കള പണികൾ പെൺകുട്ടികളുടെ ജോലിയാണെന്ന ചിന്ത ആൺകുട്ടികളിൽ ഉണ്ടാക്കരുത്. വിശപ്പ് എല്ലാവര്‍ക്കും തോന്നുന്ന വികാരമാണ്. അതിനാൽ ഭക്ഷണം ഉണ്ടാക്കുന്നതും ആര്‍ക്കു വേണമെങ്കിലും ആവാം. വിശക്കുമ്പോൾ സ്വയം ഭക്ഷണം പാകം ചെയ്ത് ശീലിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കാം.

സൗന്ദര്യ സംരക്ഷണം ആൺകുട്ടികൾക്കും ആവാം

മുഖ സൗന്ദര്യം ശ്രദ്ധിക്കുക, മുടിക്ക് കൃത്യമായ സംരക്ഷണം നൽകുക. സൗന്ദര്യ വര്‍ദ്ധനക്കായി സമയം മാറ്റിവെക്കുക എന്നതൊക്കെ പെൺകുട്ടികളുടെ ശീലങ്ങളായാണ് പലരും പറയാറുള്ളത്. എന്നാൽ തങ്ങളുടെ രൂപത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും ആൺകുട്ടികൾക്ക് കൃത്യമായ ധാരണ നൽകുക. സ്വന്തം സൗന്ദര്യം സംരക്ഷിക്കണമെന്നും, വ്യത്തിയായി വസ്ത്രം ധരിക്കണമെന്നും ആൺകുട്ടികളെയും പറഞ്ഞ് പഠിപ്പിക്കുക.