സ്‌കൂളുകള്‍ തുറക്കുന്നു; കുട്ടികളെ ധൈര്യമായി വിടാമോ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്


ഡോ. പാര്‍വതി കെ.എം.

7 min read
Read later
Print
Share

ഓരോ ക്ലാസ് മുറികളും നന്നായി വായുവും വെളിച്ചവും കയറുന്നതാണ് എന്ന് ഉറപ്പുവരുത്തേണ്ടതാണ്

കൊച്ചിയിൽ പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികളുടെ ശരീരതാപനില അളക്കുന്നു(ഫയൽ ചിത്രം)| ഫോട്ടോ: എ.പി.

നുഷ്യരാശിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ഒരു അടച്ചിടലിനാണ് ലോകത്തെ എല്ലാ സ്‌കൂളുകളും സാക്ഷ്യംവഹിച്ചത്. കോവിഡ്-19 വൈറസ് നമ്മുടെ കുട്ടികളെ സാരമായി ബാധിച്ചില്ലെങ്കിലും കോവിഡ് മൂലം സമൂഹത്തിലുണ്ടായ മാറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചത് നമ്മുടെ പിഞ്ചോമനകളെയാണ്; അവരുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയെയാണ്. അത് ഭാവിയില്‍ എത്ര ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്ന് പറയാന്‍ വയ്യ.

ഇപ്പോള്‍ ഇതാ ഏറെ കാത്തിരിപ്പിനുശേഷം നമ്മുടെ കുഞ്ഞുങ്ങള്‍ തിരികെ സ്‌കൂളിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. സ്വാഭാവികമായും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുക്കളായ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും ഒട്ടേറെ ആശങ്കകളും ആകുലതകളും ഉണ്ടാകും. അവരുടെ എല്ലാ സംശയങ്ങളും ദുരീകരിച്ച് അവരെ കൂടി ഈയൊരു പ്രക്രിയയിലേക്ക് മാനസികമായി തയ്യാറെടുക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലേഖനം എഴുതുന്നത്.

1. കുട്ടികളില്‍ കോവിഡ് ഗുരുതരമാവാത്തതിന്റെ കാരണങ്ങള്‍?

സാധാരണ വൈറല്‍ പനിയില്‍ നിന്ന് വിപരീതമായി കോവിഡ്-19 വൈറസ് കുട്ടികളെ സാരമായി ബാധിക്കുന്നില്ല. അതിനുള്ള കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

 • കുട്ടികളിലെ രക്തക്കുഴലുകളുടെ ആന്തരിക ആവരണം താരതമ്യേന ദൃഢമാണ്. ഇത് കോവിഡ് മൂലം ഉണ്ടാകുന്ന രക്തം കട്ടപിടിക്കലിനെ ചെറുക്കുന്നു.
 • കോവിഡ്-19 വൈറസ് ശരീരത്തിലെ കോശങ്ങളിലേക്ക് കയറാന്‍ സഹായിക്കുന്ന എ.സി.ഇ-2 റിസപ്റ്ററുകള്‍ കുട്ടികളില്‍ താരതമ്യേന കുറവാണ്. അതിനാല്‍ വൈറസ് ശരീരത്തില്‍ പെറ്റുപെരുകാനുള്ള സാധ്യത വളരെ കുറവാണ്.
 • പ്രായമായവരെ അപേക്ഷിച്ച് കുട്ടികളുടെ അവയവങ്ങളെല്ലാം നല്ല ആരോഗ്യം ഉള്ളതാണ്. അതുപോലെ പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളോ; ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളോ നമ്മുടെ കുട്ടികളെ പിടികൂടിയിട്ടില്ല. തന്മൂലം കോവിഡ് മൂലമുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ ആരോഗ്യമുള്ള കുട്ടികളില്‍ കാണുന്നില്ല.
 • കുട്ടികളിലെ ശ്വാസകോശത്തിലെ ചെറിയ അറകള്‍ (ആല്‍വിയോലൈ) അത്യന്തം പുനരുല്‍പാദന ശേഷിയുള്ളവയാണ്. അതുമൂലം കൊറോണ വൈറസ് കൊണ്ട് ശ്വാസകോശത്തിനുണ്ടാകുന്ന കേടുപാടുകള്‍ വളരെ കുറവാണ്.
2. മുകളില്‍ പറഞ്ഞതെല്ലാം ശാസ്ത്രീയമായ കാര്യങ്ങളാണ്. എന്നാല്‍ കുട്ടികളിലെ കോവിഡ്-19 വൈറസ് ബാധയുടെ കണക്കുകള്‍ മുകളില്‍ പറഞ്ഞ വസ്തുതകളെ ശരിവയ്ക്കുന്നതാണോ?

തീര്‍ച്ചയായും അതേ. 18 വയസില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് ബാധിച്ചാല്‍ 98 ശതമാനം പേരിലും ഒരു ലക്ഷണവും കാണാതിരിക്കുകയോ അല്ലെങ്കില്‍ ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രം കാണുകയോ ആണ് ചെയ്യുന്നത്. രണ്ട് ശതമാനം കുട്ടികള്‍ക്കു മാത്രമേ കോവിഡ് മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ ഉണ്ടാകുന്നുള്ളൂ; അതും ഹൃദയ, ശ്വാസകോശ, നാഡീ ഞരമ്പു സംബന്ധമായ അസുഖമുള്ള കുട്ടികളിലും, മറ്റ് അസുഖങ്ങള്‍ക്ക് ദീര്‍ഘകാലമായി മരുന്നുകഴിക്കുന്ന കുട്ടികളിലും.

3. കുട്ടികളില്‍ കോവിഡ് അസുഖം ഭേദമായതിനുശേഷം എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കാണുന്നുണ്ടോ?

വളരെ ചുരുക്കം കുട്ടികളില്‍ കോവിഡ് ഭേദമായി രണ്ട് മുതല്‍ ആറ് ആഴ്ചകള്‍ക്കു ശേഷം മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രം ഇന്‍ ചില്‍ഡ്രന്‍ (MIS-C) എന്നൊരു പ്രതിഭാസം കണ്ടിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്.

 • രണ്ടു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുന്ന പനി; അതോടൊപ്പം
 • തൊലിപ്പുറമെ വരുന്ന പാടുകള്‍
 • കണ്ണ്, ഉള്ളം കൈകാലുകള്‍ എന്നിവിടങ്ങളില്‍ ചുവപ്പ്
 • വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങള്‍.
 • ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന അവസ്ഥ.
ഇത്തരത്തിലുള്ള ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ കുട്ടികളില്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്; എത്രയും പെട്ടെന്ന് കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന അസുഖം ആണ് MIS-C

4. പൂര്‍ണമായും സുരക്ഷിതമായി സ്‌കൂളുകള്‍ എപ്പോള്‍ തുറക്കാമെന്നതിന് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടോ?

സ്‌ക്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗ്ഗരേഖ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വികേന്ദ്രീകൃതമായ സമീപനമാണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടത്. ആരോഗ്യവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, മറ്റ് അനുബന്ധ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിനായി വ്യക്തമായ ഒരു മൈക്രോപ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂള്‍ തുറന്നതിനു ശേഷം രണ്ടാഴ്ച കൂടുമ്പോള്‍ പ്രാദേശികതലത്തില്‍ അവലോകനം നടത്തി തീരുമാനങ്ങള്‍ എടുക്കണം.

5.സംസ്ഥാനത്ത് നടത്തിയ സെറോ പ്രിവലന്‍സ് സര്‍വ്വേ ആശ്വാസം നല്‍കുന്നത് ആണോ?

കേരളത്തില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വ്വേയില്‍ 18 വയസ്സിന് മുകളിലുള്ള 82 ശതമാനം പേരിലും അഞ്ചു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ 40 ശതമാനം പേരിലും കോവിഡ് വൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.രക്തത്തില്‍ ഈ ആന്റിബോഡി കള്‍ കാണുന്നത് സ്വാഭാവികമായ അണുബാധ ഉണ്ടാകുമ്പോഴോ, കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുമ്പോഴാ ആണ്. കുട്ടികളില്‍ നമ്മള്‍ ഇതുവരെ വാക്സിനേഷന്‍ തുടങ്ങാത്തതുകൊണ്ട് അവരുടെ രക്തത്തില്‍ കണ്ടെത്തിയ ആന്റി ബോഡിയുടെ സാന്നിധ്യം പൂര്‍ണമായും കോവിഡ് വന്ന് ഭേദമായതിന്റെ ലക്ഷണമാണ്. ഇത് സൂചിപ്പിക്കുന്നത് സ്‌കൂള്‍ തുറക്കുന്നത് കൊണ്ട് വലിയ രീതിയിലുള്ള ഒരു ആരോഗ്യ പ്രതിസന്ധി നേരിടേണ്ടി വരില്ല എന്നതാണ്.

6. തുറക്കുന്നതിനു മുന്‍പ് സ്‌കൂളുകളില്‍ ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ എന്തെല്ലാമാണ്? തുറന്നു കഴിഞ്ഞാല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നാണ് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്?

കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ കൂടുതലായി അടച്ചിട്ട സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭീഷണിയാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടാകും.

 • കാടുപിടിച്ചുകിടക്കുന്ന ചെടികള്‍, വള്ളിപടര്‍പ്പുകള്‍, ഇഴജന്തുക്കള്‍ എന്നിവ നീക്കംചെയ്തു സ്‌ക്കൂളുകള്‍ ശുചീകരിക്കുക എന്നതാണ് പ്രഥമമായി ചെയ്യേണ്ട കാര്യം.
 • സ്‌ക്കൂള്‍ പരിസരങ്ങളിലും ക്ലാസുകളിലും കോവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ (covid appropriate behaviour) വിവരിക്കുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. കുട്ടികള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ (കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ് റൂം) തുടങ്ങിയിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അടയാളങ്ങള്‍ ഇടേണ്ടതാണ്.
 • ഓരോ ക്ലാസ് മുറികളും നന്നായി വായുവും വെളിച്ചവും കയറുന്നതാണ് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്‌ക്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫ് കൗണ്‍സില്‍, പി.ടി.എ. യോഗങ്ങള്‍ കൂടുകയും വ്യക്തമായ കര്‍മ്മപദ്ധതി തയ്യാറാക്കേണ്ടതുമാണ്.
 • സ്‌ക്കൂളിലെ അധ്യാപകരും അനധ്യാപകരും നിര്‍ബന്ധമായും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കേണ്ടതാണ്.
 • സ്‌ക്കൂള്‍ തുറന്നുകഴിഞ്ഞാല്‍ ഒരോ ദിവസവും ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് കോവിഡ് അനുയോജ്യ പെരുമാറ്റ രീതികളെപ്പറ്റി കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടത്.
 • ബയോ ബബിള്‍' സംവിധാനത്തിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ബയോ ബബിള്‍ എന്ന് പറയുന്നത് ഒരു ക്ലാസ്സില്‍ പഠിക്കുന്ന 6 മുതല്‍ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ്. ഇവര്‍ മാത്രമേ പരസ്പരം ഇടപെടാന്‍ പാടുള്ളൂ. പ്രൈമറിതലത്തില്‍ അധ്യാപകരും ബയോ ബബിളിന്റെ ഭാഗമാകാന്‍ ശ്രമിക്കേണ്ടതാണ്.
 • ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ബാച്ചുകള്‍ ആയി തിരിച്ച് ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. സ്‌കൂള്‍ അസംബ്ലി, കൂട്ടം ചേരുന്ന കായികവിനോദങ്ങള്‍, ഒരുമിച്ചുള്ള ഭക്ഷണം ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്.
7. കുട്ടികളില്‍ SMS (Social Distancing, Mask Wearing, Sanitisation of Hands) എത്രമാത്രം പ്രായോഗികമായി നടത്താന്‍ സാധിക്കും? ഏതുതരം മാസ്‌ക്കാണ് കുട്ടികള്‍ ഉപയോഗിക്കേണ്ടത്? കുട്ടികളുടെ കയ്യില്‍ സാനിറ്റൈസര്‍ കൊടുത്തു വിടാമോ?

 • കുട്ടികളില്‍ SMS (പ്രത്യേകിച്ച് മാസ്‌ക്ക് അണിയല്‍) കുറച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ കോവിഡ്-19 നെ പറ്റിയും SMS ന്റെ പ്രാധാന്യത്തെപ്പറ്റിയും അവര്‍ക്ക് മനസ്സിലാക്കി കൊടുത്താല്‍ മുതിര്‍ന്നവരേക്കാള്‍ നല്ല രീതിയില്‍ ഇത്തരം കാര്യങ്ങള്‍ പാലിക്കാന്‍ അവര്‍ക്ക് സാധിക്കും. അതിനേക്കാള്‍ പ്രധാനം നമ്മള്‍ അവര്‍ക്ക് ഒരു റോള്‍ മോഡലായി തീരുക എന്നതാണ്.
 • ഏതുതരം മാസ്‌ക്കാണ് കുട്ടികള്‍ ഉപയോഗിക്കേണ്ടത് എന്നതിനേക്കാള്‍ പ്രധാനം എങ്ങനെ മാസ്‌ക്ക് ധരിക്കുന്നു എന്നതാണ്.
 • ഓരോ കുട്ടിയുടെയും മുഖത്തിന്റെ വലിപ്പത്തിനനുസരിച്ച് ആയിരിക്കണം മാസ്‌ക്ക് തിരഞ്ഞെടുക്കേണ്ടത്
 • മൂക്കും വായും താടിയും നന്നായി മൂടുന്ന വിധത്തില്‍ ആയിരിക്കണം മാസ്‌ക്ക് ധരിക്കേണ്ടത്; എന്നാല്‍ കുട്ടിയുടെ കാഴ്ച തടസ്സപ്പെടുത്തുന്ന വിധത്തില്‍ ആയിരിക്കരുത്
 • ഒരു കാരണവശാലും മാസ്‌ക്കിന്റെ പുറംഭാഗം കൈകൊണ്ട് തൊടരുത്
 • സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്‌ക്ക് താഴ്ത്തരുത്
 • മാസ്‌ക്ക് നിലത്തു വീണാല്‍, അഴുക്കായാല്‍ അല്ലെങ്കില്‍ നനഞ്ഞാല്‍ ഒരിക്കലും വീണ്ടും എടുത്തു ധരിക്കരുത്, പകരം പുതിയ മാസ്‌ക്ക് ഉപയോഗിക്കണം.
 • മാസ്‌ക്ക് ഒരിക്കലും കുട്ടികള്‍ തമ്മില്‍ കൈമാറ്റം ചെയ്യരുത്
 • മാസ്‌ക്ക് ഒരിക്കലും അലക്ഷ്യമായി വലിച്ചെറിയാതെ അതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ വേസ്റ്റ് ബാസ്‌ക്കറ്റില്‍ നിക്ഷേപിക്കുക.
 • കുട്ടികളില്‍ കോവിഡ് ബാധ ഗുരുതരമാവാത്തതിനാല്‍ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ അവരെ മാസ്‌ക്ക് ധരിക്കാന്‍ ശീലിപ്പിക്കുക എന്നതാണ്. വളരെ ചെലവ് കുറഞ്ഞ, എന്നാല്‍ ഫലപ്രദമായ ഒരു മാര്‍ഗ്ഗം തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുക എന്നതാണ്. തുണി മാസ്‌ക്ക് ഫലപ്രദമാകണമെങ്കില്‍ അത് കുറഞ്ഞത് മൂന്നു ലെയര്‍ തുണികൊണ്ട് ഉണ്ടാക്കിയതായിരിക്കണം. ഓരോ ഉപയോഗത്തിനു ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി, മുഴുവനായി ഉണങ്ങിയതിനുശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.
 • കുട്ടികളുടെ (പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ) കയ്യില്‍ സാനിറ്റൈസര്‍ കൊടുത്തു വിടാത്തതാണ് നല്ലത്. അതവര്‍ അറിയാതെ അകത്താക്കാനും കണ്ണില്‍ പോകാനും ഒക്കെ സാധ്യതയേറെയാണ്. സാനിറ്റൈസറിനേക്കാള്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം സോപ്പും വെള്ളവും ഉപയോഗിച്ചുള്ള കൈ കഴുകല്‍ തന്നെയാണ്. അതിനാല്‍ സ്‌കൂളിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം കൈ കഴുകാനുള്ള സംവിധാനമൊരുക്കണം. ഇത്തരം സംവിധാനം പ്രായോഗികമല്ലാത്ത സാഹചര്യങ്ങളില്‍ (ഉദാഹരണത്തിന് സ്‌കൂള്‍ ബസ് ) മാത്രം മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്‍കാം.
8.സ്‌കൂളിലേക്കുള്ള ഗതാഗതം-എന്തൊക്കെ ശ്രദ്ധിക്കണം?

തീര്‍ച്ചയായും ഗതാഗതം എന്നത് ക്ലാസ് മുറിയുടെ ഒരു തുടര്‍ച്ചയായി കണക്കാക്കണം. ക്ലാസ് മുറിയില്‍ പാലിച്ച എല്ലാ പ്രതിരോധമാര്‍ഗങ്ങളും ഇവിടെയും പാലിക്കണം. വാഹനത്തിലെ ഡ്രൈവര്‍മാര്‍ രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. വാഹനത്തിനുള്ളില്‍ കോവിഡ് അനുയോജ്യ പെരുമാറ്റ രീതികളെപ്പറ്റിയുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണം. ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. ബസില്‍ ആവശ്യത്തിന് സാനിറ്റൈസര്‍ കരുതിയിരിക്കണം . ജനലുകളും ഷട്ടറുകളും പൂര്‍ണമായും തുറന്നു തന്നെ വെക്കണം. ഒരു സീറ്റില്‍ ഒരു കുട്ടി എന്ന രീതിയില്‍ ട്രിപ്പുകള്‍ ക്രമീകരിക്കണം.

9. സ്‌കൂളില്‍ ഒരു കുട്ടി പോസിറ്റീവ് ആയാല്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

ഇപ്പോള്‍ തന്നെ സ്‌കൂളിലെ ഓരോ കുട്ടിയുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. കുട്ടി എവിടെനിന്നു വരുന്നു, എന്തെങ്കിലും തരത്തിലുള്ള അസുഖമുണ്ടോ, ദീര്‍ഘകാലമായി എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ, വീട്ടില്‍ ആരൊക്കെയുണ്ട്, അവരുടെ വാക്സിനേഷന്‍ സ്റ്റാറ്റസ് എങ്ങനെയാണ് തുടങ്ങിയ എല്ലാ കാര്യങ്ങളും അധ്യാപകര്‍ ശേഖരിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ഗുരുതര അസുഖം ഉള്ള കുട്ടികളോ, സ്റ്റിറോയ്ഡ് തുടങ്ങിയ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ദീര്‍ഘകാലമായി കഴിക്കുന്ന കുട്ടികളോ സ്‌കൂളിലേക്ക് വരേണ്ടതില്ല, അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത് തുടരാമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതുപോലെ കോവിഡിനു സമാനമായ ലക്ഷണങ്ങള്‍ ഉള്ള കുട്ടികളും വീട്ടില്‍ ഇരിക്കേണ്ടതാണ്. ഇത്തരത്തില്‍ ഏതെങ്കിലും ലക്ഷണം ഉണ്ടാവുകയാണെങ്കില്‍ ഉടന്‍തന്നെ കുട്ടിയെ ഐസൊലേറ്റ് ചെയ്യുകയും ടെസ്റ്റിന് വിധേയമാക്കേണ്ടതുമാണ്.

കുട്ടി പോസ്റ്റിവാണെങ്കില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായ മറ്റു കുട്ടികളെ ടെസ്റ്റിനു വിധേയമാക്കേണ്ടതും തുടര്‍നടപടികളിലേക്ക് പോകേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് ബയോ ബബിള്‍ സംവിധാനത്തിന്റെ പ്രസക്തി. വലിയ രീതിയിലുള്ള ഒരു കോവിഡ് വ്യാപനം തടയാനും സ്‌കൂള്‍ മൊത്തത്തില്‍ അടച്ചിടുന്നത് ഒഴിവാക്കാനും ഈ സംവിധാനം മൂലം സാധിക്കും. ഇനി കോവിഡ് പോസിറ്റീവായ കുട്ടി വീട്ടിലെത്തിയാല്‍ കോവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. പലപ്പോഴും 'ക്വാറന്റീന്‍' കുട്ടികളുടെ കാര്യത്തില്‍ ഫലപ്രദമായി നടത്താന്‍ പ്രയാസം നേരിടാം. അതിലും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം 'റിവേഴ്സ് ക്വാറന്റീന്‍' ആണ് (പ്രായമായവരെയും രോഗാതുരത ഉള്ളവരെയും മാറ്റിനിര്‍ത്തല്‍). കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ പാലിച്ചുകൊണ്ട് മാതാപിതാക്കള്‍ക്ക് തന്നെ കുട്ടികളെ പരിചരിക്കാം.

10. മറ്റു സംസ്ഥാനങ്ങളിലും ലോക രാജ്യങ്ങളിലും സ്‌കൂളുകള്‍ തുറന്നപ്പോള്‍ എന്തെങ്കിലും രീതിയിലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ഇതില്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് മറ്റു സംസ്ഥാനങ്ങളിലും ലോക രാജ്യങ്ങളിലും വളരെ നേരത്തെതന്നെ സ്‌കൂളുകള്‍ തുറന്നു എന്നുള്ളതാണ്. പലസ്ഥലങ്ങളിലും രണ്ടാം തരംഗത്തിനു മുന്‍പ് തന്നെ സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒന്നും സ്‌കൂള്‍ തുറന്നതുകൊണ്ട് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

11. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ കൂടുതലായി സ്‌കൂളുകള്‍ അടച്ചിട്ടതു മൂലം കുട്ടികള്‍ക്ക് ഉണ്ടായ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?

ശാരീരികം:

 • പോഷകാഹാരക്കുറവ് (പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍)
 • പൊണ്ണത്തടി (ഭക്ഷണശൈലിയിലും ജീവിത ശൈലിയിലുള്ള വ്യതിയാനം മൂലം)
 • കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ (ഡിജിറ്റല്‍ മീഡിയയുടെ അമിത ഉപയോഗം മൂലം)
മാനസികം:

 • വാശി, മടി, ഉത്കണ്ഠ വിഷാദം, കോവിഡിനെ പറ്റിയുള്ള അമിതാശങ്ക
സാമൂഹികം:

 • സ്വന്തം വീടുകളില്‍ തന്നെ കുട്ടികള്‍ക്ക് എതിരെയുള്ള അക്രമം, പീഡനം, ചൂഷണം.
 • ഒരു ഓണ്‍ലൈന്‍ ക്ലാസിനും കൊടുക്കാന്‍ പറ്റാത്ത, സ്‌കൂളില്‍ നിന്നും മാത്രം ആര്‍ജ്ജിക്കാന്‍ കഴിയുന്ന പല സാമൂഹിക കഴിവുകളുടെയും നഷ്ടം; ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ, പ്രായോഗിക അനുഭവങ്ങളുടെ കുറവ്, സംഘ പ്രവര്‍ത്തനത്തിന്റെ അപര്യാപ്തത, ഭാഷാനൈപുണ്യത്തിലുള്ള കുറവ്, കൂട്ടായ്മ, സ്നേഹം, സൗഹൃദം, അംഗീകാരം, പ്രോത്സാഹനം എന്നിവയുടെ അഭാവം. പഠനങ്ങള്‍ പറയുന്നത് ഇതെല്ലാം അവരുടെ വ്യക്തിത്വ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ്.
അവസാനമായി ഒന്നുകൂടെ പറഞ്ഞു നിര്‍ത്തട്ടെ. നമ്മളെല്ലാവരും നമ്മുടെ കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടുതന്നെയാണ് ഈ മഹാമാരിയുടെ തുടക്കത്തില്‍തന്നെ സ്‌കൂളുകള്‍ അടച്ചത്. ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതും അതേ കാരണം കൊണ്ട് തന്നെയാണ്. സ്‌കൂള്‍ എന്ന് പറയുന്നത് കേവലം ഒരു കെട്ടിടം മാത്രമല്ല; ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണം നടക്കുന്ന പ്രധാന ഇടമാണ്. കുട്ടികളുടെ നന്മയ്ക്ക് എന്നുകരുതി നാം ചെയ്യുന്ന ഒരു കാര്യവും അവര്‍ക്ക് ദോഷമായി ഭവിക്കരുത് എന്ന് ഓര്‍ക്കുക. നമ്മുടെ കുട്ടികള്‍ ഇതില്‍ കൂടുതല്‍ നമ്മില്‍നിന്ന് അര്‍ഹിക്കുന്നുണ്ട്.

(കോഴിക്കോട് പെരുമണ്ണ കുടുംബരോഗ്യ കേന്ദ്രത്തിലെ പീഡിയാട്രീഷ്യനും അസിസ്റ്റന്റ് സര്‍ജനുമാണ് ലേഖിക)

Content Highlights: Kerala govt set to reopen schools but parents are concerned, Health, Covid19, Corona Virus, Kids Health

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Representative Image| Photo: Gettyimages

3 min

അമ്മയ്ക്ക് പ്രായം കൂടിയാല്‍ കുഞ്ഞിന് ഡൗണ്‍സിന്‍ഡ്രോം വരുമോ? പരിപാലനം എങ്ങനെയാവണം?

Mar 21, 2022


kids fear

3 min

കുട്ടികളിലെ പേടി മാറ്റാന്‍ എന്തു ചെയ്യണം?

Jan 9, 2022


Most Commented