കൗമാരക്കാരായ മക്കളുടെ മാതാപിതാക്കളുടെ സ്ഥിരം പരാതികളിലൊന്നാണ് മക്കളുടെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നത്. ഓരോ സമയത്തും ഓരോ മൂഡായിരിക്കും അവർക്ക്. ചിലപ്പോൾ വളരെ സന്തോഷമായിരിക്കും. എന്നാൽ ചിലപ്പോൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കാണാം. മറ്റുചിലപ്പോഴാകട്ടെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടലായിരിക്കും. വഴക്കു പറഞ്ഞാലോ ദേഷ്യപ്പെട്ടാലോ തല്ലിയാലോ ഒന്നും ഈ സ്വഭാവം മാറില്ല. അത് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെയുള്ള അവസ്ഥയുണ്ടാക്കും.

എങ്ങനെ ശരിയാക്കാം

  • അവരെ മാറ്റിനിർത്തി സംസാരിക്കുക. അവരെ അലട്ടുന്ന പ്രശ്നമെന്താണെന്ന് ചോദിച്ചറിയുക. അതിന് വേണ്ട പരിഹാരം നിർദേശിക്കുക.
  • കൗമാരക്കാർക്ക് പല ആവശ്യങ്ങളും ഉണ്ടാകും. അതെല്ലാം സാധിക്കാൻ രക്ഷിതാക്കളിൽ അനാവശ്യമായ സമ്മർദം ചെലുത്തുകയും ചെയ്യും. എന്നാൽ അവർ പറയുന്നതെല്ലാം അതേപടി സാധിച്ചുകൊടുക്കരുത്. ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കുന്ന ശരീലം വളർത്തരുത്.
  • കൗമാരക്കാർക്ക് വേണ്ടി മാതാപിതാക്കൾ അൽപസമയം മാറ്റിവെക്കണം. അവർക്ക് ചെവി കൊടുക്കണം. അവരോട് തുറന്ന് സംസാരിക്കണം. എന്ത് പ്രശ്നമുണ്ടെങ്കിലും സമ്മർദമുണ്ടെങ്കിലും മാതാപിതാക്കളോട് തുറന്നു പറയുന്ന ഒരു സ്വഭാവം വളർത്തിയെടുക്കണം.
  • രക്ഷിതാക്കളും കൗമാരക്കാരായ മക്കളും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് പതിവാണ്. ആ സമയത്ത് രക്ഷിതാക്കൾ പതുക്കെ വാക്കേറ്റത്തിൽ നിന്ന് പിൻമാറണം. ദേഷ്യം കൊണ്ട് തിളച്ചുനിൽക്കുന്ന കൗമാരക്കാരെ വാക്കുകൾ കൊണ്ട് ശാന്തരാക്കാൻ നിങ്ങൾക്ക് സാധിക്കില്ല. ഇതോടെ അവർക്ക് മാത്രമല്ല നിങ്ങൾക്കും ഒന്ന് കൂൾ ആകാൻ സാധിക്കും. പിന്നീട് ദേഷ്യമെല്ലാം അടങ്ങിയാൽ മക്കളുടെ പെരുമാറ്റത്തെക്കുറിച്ച് അവരോട് നിങ്ങൾക്ക് തന്നെ ഒന്ന് വീണ്ടും സംസാരിക്കാനാവും. അത് ശാന്തമായി കേൾക്കാനും ചിന്തിക്കാനും അവരെ സഹായിക്കും.
  • അത്യാവശ്യമാണെങ്കിൽ മക്കളെ വഴക്കു പറയണം. ഒട്ടും വഴക്കുപറയാതിരിക്കുന്നത് അവരുടെ സ്വഭാവ രൂപീകരണത്തിന് ഗുണം ചെയ്യില്ല. വഴക്ക് പറയേണ്ട സമയത്ത് വഴക്ക് പറയണം. ആ സമയത്ത് പറയാതെ ഒരു അവസരം കിട്ടുമ്പോൾ അത് മുതലാക്കുകയല്ല വേണ്ടത്. ഏത് സമയത്തും വഴക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത് അവർക്ക് മടുപ്പുണ്ടാക്കും. അതോടെ അവർ നിങ്ങൾക്ക് വിലനൽകാത്ത അവസ്ഥയുണ്ടാക്കും.
  • നല്ല ക്ഷമയോടെയാവണം കൗമാരക്കാരോട് ഇടപഴകേണ്ടത്. അവരെ അവഹേളിക്കുന്ന രീതിയിൽ ഒരിക്കലും പെരുമാറരുത്. അവർക്ക് അർഹമായ പരിഗണന കൊടുക്കണം. അതുവഴി കൗമാരക്കാരുടെ ദേഷ്യത്തിന് കടിഞ്ഞാണിടാം.

Content Highlights:How to reduce your teens anger, Health, Mental Health, Kids Health