Representative Image| Photo: GettyImages
മൊബൈലില്‍ കളിച്ചതിന് അമ്മ ശാസിച്ചതിനാണ് അവന്‍ വീടുവിട്ടിറങ്ങിയത്. ദിവസങ്ങള്‍ക്കപ്പുറം അവനെ കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്നാണ്. പ്രായം 15. ഇനി മൊബൈല്‍ തരില്ലെന്ന ശാസനയില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പതിന്നാലുകാരനാണ്. വീട്ടുകാര്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായി. ഗെയിം കളിക്കാന്‍ പണത്തിന് വഴിയിലിറങ്ങിനിന്ന് പത്തുരൂപ വീതം പലരോടായി ഇരന്നുവാങ്ങുകയായിരുന്നു മറ്റൊരു പന്ത്രണ്ടുകാരന്‍. ഓണ്‍ലൈന്‍ ഗെയിം കുരുക്കില്‍ രണ്ടുവിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായതും ഇക്കഴിഞ്ഞദിവസങ്ങളിലാണ്.
കഥകളെ വെല്ലുന്ന ഇത്തരത്തിലുള്ള നേരനുഭവങ്ങള്‍ ഏറെയുണ്ട് നമുക്ക് ചുറ്റും. ഗെയിമുകളും മൊബൈലും കംപ്യൂട്ടറുമൊക്കെത്തന്നെയാണ് എല്ലായിടത്തും വില്ലന്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്‌ക്രീന്‍, ഗെയിം ഭ്രമം കൂടുന്നതായാണ് അധ്യാപകരും മാനസികാരോഗ്യവിദഗ്ധരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.
ഇടപെടേണ്ടി വരുന്ന 750 വിദ്യാര്‍ഥികളില്‍ 50 പേര്‍ക്ക് ഓണ്‍ലൈന്‍ അഡിക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്ന് വനിതാ- ശിശുവികസനവകുപ്പിന് കീഴിലെ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലറായ മഹിത വിപിനചന്ദ്രന്‍ പറഞ്ഞു. മൊബൈല്‍ ഉപയോഗവും ഗെയിമും നിഷേധിക്കുമ്പോള്‍ 14-നും 18-നും ഇടയില്‍ പ്രായമുള്ളവര്‍ അക്രമാസക്തരാകും. ഇതില്‍ ചെറിയ പ്രായത്തിലുള്ളവരില്‍ ശ്രദ്ധക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും പിടിമുറുക്കും -മഹിത പറഞ്ഞു.
ചൈല്‍ഡ് ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ പകുതിയിലധികവും ഓണ്‍ലൈന്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണെന്ന് നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ തങ്കച്ചന്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഇങ്ങനെ
- ക്ലാസില്‍ ഇരിക്കാന്‍ വിമ്മിട്ടം, ശ്രദ്ധക്കുറവ്
- ആശയവിനിമയക്കുറവ്
- തനിച്ചിരിക്കല്‍, മുറിയടച്ചിരിക്കല്‍
- അകാരണമായ ദേഷ്യം, അസ്വസ്ഥത
രണ്ടുമുതല്‍ അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ സ്‌ക്രീന്‍ ഉപയോഗം കഴിവതും ഒഴിവാക്കണം. മറിച്ചുള്ള സാഹചര്യങ്ങളില്‍ മുതിര്‍ന്നവരുടെ സാന്നിധ്യം വേണം. അഞ്ചുമുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് സ്‌ക്രീന്‍ ഉപയോഗത്തിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. ഇത് കുട്ടികളുമായി ചര്‍ച്ചചെയ്തു തീരുമാനിക്കാം.
പാരന്റല്‍ കണ്‍ട്രോള്‍ സോഫ്റ്റ്വേറുകള്‍ ഉപയോഗപ്പെടുത്തി സുരക്ഷിതമായ ബ്രൗസിങ് ഉറപ്പുവരുത്തണം. കുടുംബാംഗങ്ങളുടെ ശ്രദ്ധ കിട്ടുന്നരീതിയില്‍ കംപ്യൂട്ടറും ലാപ്ടോപ്പും വെക്കാന്‍ ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ മുറിയടച്ചിട്ട് വേണ്ടെന്ന് നിര്‍ദേശിക്കാം.
'സജ്ജം' വീണ്ടും
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും സൈബര്‍ ചതിക്കുഴികള്‍ക്കും എതിരേയുള്ള 'സജ്ജം' കാമ്പയിന്‍ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസവകുപ്പ്. പരീക്ഷകളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച കാമ്പയിന്‍ ഓണ്‍ലൈനില്‍ പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്.
-സി.എം. അസീം
കോ-ഓര്‍ഡിനേറ്റര്‍. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്‍
Content Highlights: How to prevent mobile game addiction in children


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..