മറ്റുള്ളവരുടെ ശ്രദ്ധയും സ്‌നേഹവും ലഭിക്കാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍ അറിയാന്‍


ഡോ. അദിതി എന്‍.

2 min read
Read later
Print
Share

വിഷലിപ്തമായ ബന്ധങ്ങളില്‍ നിന്ന് അകന്നുമാറാനും 'ഇല്ല, അരുത്' എന്നൊക്കെ പറയേണ്ട സന്ദര്‍ഭങ്ങളില്‍ അത് പറയാനും സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും കുട്ടികളെ ശീലിപ്പിക്കണം

Representative Image| Photo: GettyImages

ചെറുപ്പം മുതലേ ആരംഭിക്കുന്ന സങ്കീര്‍ണ പ്രക്രിയയാണ് വ്യക്തിത്വ വികാസം. ചിന്തകള്‍, കാര്യങ്ങള്‍ മനസ്സിലാക്കുന്ന രീതി, പ്രതികരണങ്ങള്‍, മനോഭാവങ്ങള്‍ എന്നിവയിലൂടെ വ്യക്തിത്വം വെളിവാകുന്നു.

അശുഭകരമായും അമിതമായും അനിയന്ത്രിതമായും അനവസരത്തിലും പ്രകടമാകുന്ന സ്വഭാവങ്ങളെ വ്യക്തിത്വവൈകല്യങ്ങളായി കണക്കാക്കുന്നു. ഇവ വ്യക്തിയുടെ പ്രവര്‍ത്തനശേഷിയെ തടസ്സപ്പെടുത്തുകയും ജീവിതം ദുരിതത്തിലാക്കുകയും ചെയ്യുന്നു.

ചിലയാളുകള്‍ സ്വയം പരിപാലിക്കുന്നതില്‍ അതീവ ഉത്കണ്ഠയുള്ളവരാണ്. ഇവര്‍, തങ്ങള്‍ക്കുവേണ്ട ശ്രദ്ധ ലഭിക്കാന്‍, സ്വാതന്ത്ര്യവും താത്പര്യങ്ങളും ഉപേക്ഷിക്കാനും കീഴടങ്ങാനുംവരെ തയ്യാറാണ്. ഇത് അതിരുവിട്ട വിധേയത്വത്തിലേക്കും പറ്റിപ്പിടിക്കുന്ന സ്വഭാവത്തിലേക്കും നയിക്കുന്നു. എന്നിട്ടിതിനെ സ്നേഹം, കടപ്പാട് എന്നൊക്കെയുള്ള മനോഹരപദാവലികളോടെ 'നല്ലകുട്ടിപ്പട്ടം' നല്‍കി ആദരിക്കുന്നു. എന്തും സഹിച്ചും എന്ത് വിലകൊടുത്തും ദാമ്പത്യം സംരക്ഷിക്കുന്നതിന്റെ ബാധ്യത പെണ്‍കുട്ടികളില്‍ കെട്ടിവയ്ക്കുന്നതുപോലെ പല ഉദാഹരണങ്ങള്‍ ഇതിനുണ്ട്.

വിഷലിപ്തമായ ബന്ധങ്ങളില്‍നിന്ന് അകന്നുമാറാനും 'ഇല്ല, അരുത്' എന്നൊക്കെ പറയേണ്ട സന്ദര്‍ഭങ്ങളില്‍ അത് പറയാനും സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും കുട്ടികളെ നാം പരിശീലിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ആത്മവിശ്വാസം വളര്‍ത്താനും പിന്തുണ നല്‍കാനും മുതിര്‍ന്നവര്‍ ബാധ്യസ്ഥരാണ്.

വേദനാജനകമായ പൂര്‍വകാല അനുഭവങ്ങളും, ജനിതക ഘടകങ്ങളും വിധേയ വ്യക്തിത്വം വളര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നു എന്നത് മറക്കുന്നില്ല. എന്നാല്‍ കൂടുതലും സാമൂഹിക സമ്മര്‍ദങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.

വിധേയത്വം ഇങ്ങനെയെല്ലാം

  • വിദ്യാഭ്യാസത്തിലൂടെ സ്വയംപര്യാപ്തത ആര്‍ജിക്കാന്‍ കഴിയുന്നില്ല.
  • തനിച്ചിരിക്കുമ്പോള്‍ നിസ്സഹായതയും അസ്വസ്ഥതയും. ഏകാന്തതയോട് ഭയം.
  • മറ്റുള്ളവരുടെ ശ്രദ്ധയും സ്നേഹവും ലഭിക്കാന്‍ കീഴടങ്ങലിന് പോലും തയാറാകുന്നു. ദൈനംദിന തീരുമാനങ്ങളില്‍പ്പോലും വളരെയധികം ഉപദേശം ആവശ്യമാണ്. അതുകൊണ്ട്, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവര്‍ക്ക് നല്‍കുന്നു.
  • ആശ്രയമാകുന്നവര്‍ ഉപേക്ഷിക്കുമോ എന്നും അതോടെ ജീവിതം അവസാനിക്കുമോ എന്നും ഉള്ള അമിതമായ ഭയവും അരക്ഷിതാവസ്ഥയും.
  • പിന്തുണയോ അംഗീകാരമോ നഷ്ടപ്പെടുമെന്ന ഭയത്താല്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട്.
  • തെറ്റാണെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ക്കുപോലും വഴങ്ങുന്ന ശീലം. ശാരീരികമോ ലൈംഗികമോ വൈകാരികമോ ആയ പീഡനങ്ങള്‍പോലും സഹിക്കുന്നു.
  • ആത്മവിശ്വാസക്കുറവുമൂലം സ്വയം താഴ്ന്നവരായി കണക്കാക്കുകയും കഴിവുകളെ കുറച്ചുകാണുകയും ചെയ്യുന്നു.
  • പുതിയ ജോലി ആരംഭിക്കുന്നതിനും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും ബുദ്ധിമുട്ട്. മേല്‍നോട്ടത്തിന് എപ്പോഴും മറ്റൊരാള്‍ വേണമെന്ന ചിന്ത.
  • അടുത്തബന്ധം അവസാനിക്കുമ്പോള്‍, പരിചരണവും പിന്തുണയും നല്‍കുന്ന ഒരാളുമായി പുതിയ ബന്ധം സ്ഥാപിക്കാനുള്ള അടിയന്തര ആവശ്യം.
ഇത്ര വിധേയത്വം വേണ്ട

വ്യക്തിത്വ വൈകല്യങ്ങളുള്ളവര്‍ സാധാരണ ചികിത്സതേടുകയോ ചികിത്സയോട് സഹകരിക്കുകയോ ചെയ്യുന്നവരല്ല. കാരണം ഇവ ചികിത്സ ആവശ്യമുള്ള പ്രശ്നമായി അവര്‍ തിരിച്ചറിയുന്നില്ല. എന്നാല്‍, വിഷാദം, ഉത്കണ്ഠ, ഫോബിയകള്‍, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ അനുബന്ധപ്രശ്നങ്ങള്‍, ചികിത്സാസഹായം തേടാന്‍ പ്രേരിപ്പിച്ചേക്കാം.

വ്യക്തിത്വം പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈക്കോതെറാപ്പി വിജയകരമാകണമെങ്കില്‍, അത് എത്രയും നേരത്തേ തുടങ്ങണം. മാത്രമല്ല, മാറ്റത്തിന് വേണ്ടിയുള്ള രോഗിയുടെ മാനസികമായ തയ്യാറെടുപ്പും ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന പ്രചോദനവും തെറാപ്പിസ്റ്റും രോഗിയും തമ്മിലുള്ള പരസ്പരധാരണയുമെല്ലാം പ്രാധാന്യമര്‍ഹിക്കുന്നു.

വ്യക്തിയെ കൂടുതല്‍ സജീവവും സ്വതന്ത്രവുമാകാന്‍ സഹായിക്കുക, ആശ്രയത്വം ഇല്ലാതെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക, ആരോഗ്യകരമായ ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ പ്രേരിപ്പിക്കുക എന്നിവയാണ് സൈക്കോതെറാപ്പിയുടെ ലക്ഷ്യം.

മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ, വിധേയത്വ വ്യക്തിത്വ വൈകല്യങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. മാത്രമല്ല, അവ അനുചിതമായി ഉപയോഗിക്കാനോ ദുരുപയോഗം ചെയ്യാനോ സാധ്യതയുള്ളതിനാല്‍, മരുന്നുകളുടെ ഉപയോഗം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം.

(തിരുവനന്തപുരം എം.ജി. കോളേജിലെ റിട്ട. മനശ്ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: How to learn to say No, How to Overcome Emotional Dependency, Health, Mental Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented