കുട്ടി ചെറിയ വായിൽ വലിയ വർത്തമാനങ്ങൾ പറയുന്നുണ്ടോ? അനുചിതമായ സംസാരവും കാരണങ്ങളും


​ഗം​ഗ കൈലാസ്(കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്)

Representative Image | Photo: Gettyimages.in

അമ്മ ദേഷ്യപ്പെടുന്നതോ, പിന്നെന്താ എനിക്ക് ദേഷ്യപ്പെട്ടാൽ'', ''ഈ അപ്പൂപ്പനെ അമ്മൂമ്മ എങ്ങനെ സഹിക്കുന്നു, ഡിവോഴ്‌സ് ചെയ്തൂടെ?'', ''വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ഞാൻ എന്തിന് എന്റെ റൂം മാറിക്കൊടുക്കണം, എനിക്ക് പ്രൈവസി വേണ്ടേ?,'' ''അങ്കിൾ ഫുൾടൈം ഫോൺ നോക്കിയിരിപ്പാണല്ലോ, ആന്റി അറിയാതെ ലൈൻ വല്ലതുമുണ്ടോ?'' ''എനിക്ക് കഷ്ടപ്പെട്ട് പഠിക്കാനൊന്നും പറ്റില്ല, ജീവിതം ഒന്നേ ഉള്ളൂ, അത് എൻജോയ് ചെയ്യണം''.

നാലുവയസ്സ് മുതൽ പത്തുവയസ്സുവരെയുള്ള ചില കുരുന്നുകളുടെ വാചകങ്ങളാണ് ഇവയൊക്കെ. മാതാപിതാക്കൾ എന്ന നിലയിൽ, ഒരിക്കലെങ്കിലും കുട്ടിയുടെ വളർച്ചാഘട്ടങ്ങളിൽ അവരുടെ 'വലിയ വർത്തമാനങ്ങൾ', കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. മറ്റുള്ളവരിൽനിന്നും സമൂഹത്തിൽനിന്നും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിൽനിന്നുമൊക്കെയാണ് കുട്ടികൾ സംസാരിക്കാൻ പഠിക്കുന്നത്. ഭാഷ പഠിച്ചുതുടങ്ങുന്ന കാലയളവിൽ കുട്ടികൾ, അവർ കേൾക്കുന്ന എല്ലാ വാക്കുകളും പറഞ്ഞുനോക്കുകയും മറ്റുള്ളവർ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് പരീക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതിലൂടെയാണ് അവർ സമൂഹത്തിൽ അംഗീകരിക്കപ്പെടുന്ന ഭാഷ, വാക്കുകൾ, ശൈലി തുടങ്ങിയവ ഏതെന്ന് തിരിച്ചറിയുന്നതും പഠിക്കുന്നതും. തെറ്റായ ഉച്ചാരണവും, മുതിർന്നവരെ അനുകരിച്ചുള്ള സംഭാഷണങ്ങളും ഒക്കെ കുട്ടിസംസാരത്തിന്റെ ഭാഗമാണ്. എന്നാൽ പുതുതലമുറയിലെ കുഞ്ഞുങ്ങളിൽ കുട്ടിത്തം തുളുമ്പുന്ന സംസാരവും പ്രവൃത്തികളും ഒക്കെ പഴയ തലമുറയെ അപേക്ഷിച്ച് കുറവാണെന്ന നിരീക്ഷണം പലപ്പോഴും ഉണ്ടാകുന്നുണ്ട്.കുട്ടികളുടെ അറിവും ലോകപരിചയവും കൂടുന്നതിനനുസരിച്ച് അവരുടെ ചിന്തകളും സംസാരവും പ്രവൃത്തികളും കൂടുതൽ പക്വതയും ഗൗരവമുള്ളതും ആകുന്നത് സ്വാഭാവികമാണ്. പുതിയ തലമുറയിലെ കുട്ടികൾ പക്വതയോടെ സംസാരിക്കുന്നതിൽ തെറ്റ് കാണേണ്ടതില്ല. തീരെ ചെറിയ പ്രായത്തിൽതന്നെ അവർ വളരെ ഗൗരവമുള്ള വിഷയങ്ങളെപ്പറ്റി സംസാരിച്ചുതുടങ്ങുകയും, മുതിർന്നവരെപ്പോലെ വീട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും അഭിപ്രായം അറിയിക്കുകയും, മുതിർന്നവരെ ഉപദേശിക്കുകയും കുറ്റപ്പെടുത്തുകയും ഒരു മടിയുമില്ലാതെ അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ഒക്കെ ചെയ്യുന്നു. വളരെ പോസിറ്റീവ് ആയ വശങ്ങൾ ഇതിൽ ഉണ്ടെങ്കിൽപ്പോലും, ഇതിൽ വേവലാതിപ്പെടുന്ന മാതാപിതാക്കളുണ്ട്. അതിനുകാരണം ചിലപ്പോൾ ഇവരുടെ സംസാരം അനവസരത്തിൽ ആയിപ്പോവുന്നതുകൊണ്ടാണ്. കുട്ടികളുടെ ഇത്തരം രീതികൾ പലപ്പോഴും മറ്റുള്ളവർക്ക്, പ്രത്യേകിച്ചും മാതാപിതാക്കൾക്കും അധ്യാപകർക്കും ബന്ധുക്കൾക്കും ഒക്കെ വിഷമം ഉണ്ടാക്കിയേക്കാം. അവഹേളനമായി തോന്നുകയോ, മറ്റുള്ളവരുടെ മുന്നിൽവെച്ച് നാണക്കേട് തോന്നുകയോ ഒക്കെ ചെയ്യുന്ന നിലയിലുമാവാം. കുട്ടികൾക്ക് കുട്ടിത്തം നഷ്ടപ്പെടുന്നോ എന്ന് തോന്നിപ്പോകുന്നവയാണ് അത്തരം വാചകങ്ങളും പ്രവൃത്തികളും.

കുട്ടികൾ ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ, പെരുമാറാവൂ എന്നൊക്കെയുള്ള മുൻധാരണകളിൽ മാറ്റം വരുത്തേണ്ട കാലമാണ് ഇതെന്ന് മുതിർന്നവർ മനസ്സിലാക്കുന്നത് ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ സഹായകമാകും. കഴിഞ്ഞ തലമുറകളിലെ കുട്ടികളെയും ഇപ്പോഴത്തെ കുട്ടികളെയും തമ്മിൽ താരതമ്യപ്പെടുത്തുന്നതിൽ അർഥമില്ല. കുട്ടികൾ വളരുന്ന സാഹചര്യം, സാമൂഹികാന്തരീക്ഷം, അവർക്ക് കിട്ടുന്ന അനുഭവങ്ങൾ, അറിവുകൾ ഒക്കെ പണ്ടത്തെ കുട്ടികൾക്ക് ലഭിച്ചതിൽനിന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, പണ്ടത്തെ കുട്ടികൾക്ക് മുതിർന്നവരോട് സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. പലർക്കും അച്ഛനോടുപോലും മിണ്ടാൻ ഭയമായിരുന്നു. എന്നാൽ ഇന്ന് മാതാപിതാക്കളിൽ ഭൂരിഭാഗവും കുട്ടികളുമായി ഇടപഴകുന്നവരും, സ്വാതന്ത്ര്യം നൽകുന്നവരുമാണ്.

എന്നാൽ പക്വതയോടെയുള്ള സംസാരവും, അനുചിതമായ സംസാരവും തമ്മിൽ വ്യത്യാസമുണ്ട്. സ്വന്തം വീട്ടിൽ മാത്രം പറയേണ്ട കാര്യങ്ങൾ ആൾക്കൂട്ടത്തിൽവെച്ച് പറയുമ്പോൾ അത് അനവസരത്തിലും അനുചിതവും ആകുന്നു. ഈ തിരിച്ചറിവ് പലപ്പോഴും തീരെ ചെറിയ കുട്ടികൾക്ക് ഉണ്ടാകണമെന്നില്ല. അച്ഛനമ്മമാരുടെ തെറ്റുകൾ, അത് യാഥാർഥ്യമാണെങ്കിൽകൂടി, മറ്റുള്ളവരുടെ മുന്നിൽവെച്ച് കുട്ടികൾ വിളിച്ചുപറയുന്നത് വിഷമം ഉണ്ടാക്കാം.

അനുചിതമായ സംസാരവും വാക്കുകളും പല കാരണങ്ങൾകൊണ്ട് കുട്ടികൾ ഉപയോഗിക്കാം. ചിലപ്പോൾ, 'ഇങ്ങനെ പറഞ്ഞാൽ മറ്റുള്ളവരുടെ പ്രതികരണം എന്താകും' എന്ന് വെറുതേ ഒന്ന് പരീക്ഷിച്ചുനോക്കുന്നതാകാം. ചിലപ്പോൾ എവിടെനിന്നെങ്കിലും കേട്ടത് അതുപോലെ, അർഥമോ ആശയമോ മനസ്സിലാക്കാതെ, പ്രയോഗിക്കുന്നതും ആകാം. ചില കുട്ടികൾ വളരെയധികം ദേഷ്യം വരുമ്പോഴോ, സങ്കടം വരുമ്പോഴോ ഒക്കെ ഇത്തരം സംസാരങ്ങളോ വാക്കുകളോ ഉപയോഗിക്കാറുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും, ആളുകൾക്കിടയിൽ ഷൈൻ ചെയ്യാനും ഒക്കെയുള്ള ഉദ്ദേശ്യത്തോടുകൂടിയും ഇത്തരം സംഭാഷണങ്ങളിൽ കുട്ടികൾ ഏർപ്പെടാറുണ്ട്. ഇത്തരത്തിൽ സംസാരിക്കുന്ന ഒരു കുട്ടിക്ക് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നു എന്ന് തോന്നിയാൽ, ഇത് കാണുന്ന കുട്ടികളും ആ രീതി അനുകരിക്കാൻ ശ്രമിക്കും.

സ്വാധീനിക്കുന്ന ഘടകങ്ങൾ

സമൂഹത്തിലും ജീവിതസാഹചര്യങ്ങളിലും വന്ന ഒട്ടനവധി മാറ്റങ്ങൾ കുട്ടികളിലെ ഭാഷാപ്രയോഗത്തെ സ്വാധീനിക്കുന്നുണ്ട്.

ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ: വളരെ വേഗത്തിൽ അനുകരിക്കാൻ ശ്രമിക്കുന്നവരാണ് കുട്ടികൾ. ഇഷ്ടമുള്ള നടന്മാരുടെ പഞ്ച് ഡയലോഗുകളും അവരുടെ കഥാപാത്രങ്ങളുടെ പെരുമാറ്റരീതികളുമൊക്കെ കുട്ടികൾ അനുകരിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. കുട്ടികളുടെ പല കാർട്ടൂണുകളും ശ്രദ്ധിച്ചാൽ, അവയിൽ പലതിലും കുട്ടിത്തം തീരേയില്ലാത്ത, കഥാപാത്രങ്ങളുണ്ടെന്നുകാണാം. മാത്രമല്ല മുതിർന്നവരുടെ സംഭാഷണരീതികളും ശൈലികളും, വളരെ കൃത്രിമം നിറഞ്ഞതും നാടകീയവുമായ സംസാരരീതികളും പല കാർട്ടൂണുകളിലും കാണുന്നുണ്ട്. റേറ്റിങ് കൂട്ടാനായി കുട്ടികളുടെ നിഷ്‌കളങ്കതയെ മുതലെടുത്ത് അവരെക്കൊണ്ട് 'വലിയ വർത്തമാനങ്ങൾ' പറയിപ്പിക്കുന്ന പരിപാടികളുമുണ്ട്. മിക്ക ടി.വി. സീരിയലുകളിലെയും കുട്ടികൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അമിത പക്വത കാണിക്കുന്നവയും അവരുടെ സംഭാഷണങ്ങൾ പലപ്പോഴും പ്രായത്തിന് അനുയോജ്യമല്ലാത്തവയുമാകാറുണ്ട്. ഇവയൊക്കെ കാണുന്ന കുട്ടികൾ അത്തരം സംസാരശൈലികൾ അനുകരിക്കാൻ സാധ്യത കൂടുതലാണ്.

മുതിർന്നവരുമായുള്ള സമ്പർക്കം: ഇന്നത്തെ അണുകുടുംബങ്ങളിൽ കുട്ടികൾക്ക് മുതിർന്നവരുമായുള്ള സമ്പർക്കം കൂടുതലാണ്. അവരുടെ കളികളും വിശേഷങ്ങൾ പങ്കുവയ്ക്കലുമൊക്കെ പലപ്പോഴും മാതാപിതാക്കൾക്കൊപ്പമാണ്. അയൽപക്കങ്ങളിലെ കുട്ടികൾ ഒന്നിച്ചുചേർന്ന് കളിക്കാനുള്ള അവസരങ്ങളും ഇന്നത്തെ സാഹചര്യത്തിൽ കുറവാണ്. അതിനാൽ കുട്ടികൾ കുടുതലും ഉപയോഗിക്കുന്നത് മുതിർന്ന ആളുകളുടെ സംഭാഷണശൈലിയായിരിക്കും. കൂട്ടുകുടുംബവ്യവസ്ഥിതിയിൽ ഒരു വീട്ടിലെ കുട്ടികൾ മാത്രമായി ചേർന്നാൽതന്നെ, അവർക്ക് അവരുടെതായ ഒരു ഇടമുണ്ടാകുമായിരുന്നു. അതുകൊണ്ട് മുതിർന്നവരുടെ കാര്യങ്ങളിൽ കുട്ടികൾ ശ്രദ്ധിക്കുന്നതും ഇടപെടുന്നതും അവരുമായുള്ള സംഭാഷണങ്ങളും ഒക്കെ കുറവായിരുന്നു.

സമൂഹത്തിന്റെ പ്രതീക്ഷ: കുട്ടികളെക്കുറിച്ചുള്ള സമൂഹത്തിന്റെ പ്രതീക്ഷയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പല സാഹചര്യങ്ങളിലും മുതിർന്നവർ ചെയ്യുന്നപോലുള്ള കാര്യങ്ങളാണ് കുട്ടികളിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. അതിനാൽ പല കാര്യങ്ങളിലും മുതിർന്നവർ ചെയ്യുന്നപോലെ ചെയ്യാൻ കുട്ടികൾ നിർബന്ധിതരാകും. മണിക്കൂറുകൾ നീണ്ട മീറ്റിങ്ങുകളിലും മറ്റും അത് തീരുന്നതുവരെ കുട്ടികൾ സംസാരിക്കാതെയും അനങ്ങാതെയും ഇരിക്കണമെന്ന് മുതിർന്നവർ വാശിപിടിച്ചിട്ട് കാര്യമില്ല.

അതുപോലെ, ആളുകളെയും സാഹചര്യവും ഒക്കെ നോക്കി, വേർതിരിവോടെ സംസാരിക്കാനുള്ള പക്വത ചെറിയ കുട്ടികൾക്കുണ്ടാകില്ല. അച്ചടക്കം പഠിപ്പിക്കുക എന്നപേരിൽ കുട്ടികളെ മറ്റു കുട്ടികളുമായി ഇടപഴകാൻ അനുവദിക്കാത്ത ഒരു പ്രവണത പലപ്പോഴും കാണാറുണ്ട്. കുട്ടികളുടെ പല തമാശകളും കുട്ടിസംസാരങ്ങളും അതിന്റെതായ ലാഘവത്തോടെ കണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം, അതൊക്കെ വളരെ ഗൗരവപ്രശ്‌നങ്ങളാക്കിമാറ്റി മനശ്ശാസ്ത്രജ്ഞന്റെ അടുത്തുവരെ കാര്യങ്ങൾ എത്തിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് നന്നല്ല.

കുട്ടികൾ നല്ലരീതിയിൽ സംസാരിക്കട്ടെ

  • മാതാപിതാക്കളെയോ മറ്റുള്ളവരെയോ അവഹേളിക്കുന്നതരത്തിലുള്ള സംസാരങ്ങൾ പ്രോത്സാഹിപ്പിക്കരുത്. മറ്റുള്ള ആളുകളെ മക്കൾ കളിയാക്കുമ്പോൾ, ബോഡി ഷെയ്മിങ് നടത്തുമ്പോൾ ഒക്കെ അത് ആസ്വദിക്കുന്ന പല മാതാപിതാക്കളുമുണ്ട്. അത് ഒരുതരത്തിലും നന്നല്ല.
  • സ്വന്തം അഭിപ്രായങ്ങൾ കുട്ടികൾ പ്രകടിപ്പിക്കുന്നത് തെറ്റല്ല. എന്നാൽ, മറ്റുള്ളവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടും സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടും സംസാരിക്കാൻ കുട്ടികളെ ശീലിപ്പിക്കണം.
  • അരുതാത്ത ഭാഷയോ സംസാരരീതിയോ കുട്ടികൾ ഉപയോഗിച്ചാൽ, അത് അവർ എങ്ങനെ പഠിച്ചുവെന്നും എന്തുകൊണ്ട് ഉപയോഗിച്ചുവെന്നും ഒക്കെ മാതാപിതാക്കൾ ചോദിച്ചറിയണം. കാരണം തീരേ ചെറിയ കുട്ടികൾ പലതും അർഥമറിയാതെ, സിനിമയിലോ സീരിയലിലോ കണ്ടത് അതേപടി അനുകരിക്കുകയാണ് പതിവ്. അതിനാൽ വിശദീകരണം ചോദിക്കാതെ ദേഷ്യപ്പെടുന്നത് ഒഴിവാക്കുക.
  • ചീത്തവാക്കുകൾ സംസാരത്തിൽ ഉപയോഗിക്കുക, മാതാപിതാക്കളെയും അതിനെക്കാൾ മുതിർന്നവരെയും പേരെടുത്തുവിളിക്കുക, മുതിർന്നവരെ എടാ, പോടാ എന്നൊക്കെ സംബോധനചെയ്യുക ഇതൊക്കെ ചെറിയപ്രായത്തിൽ മുതിർന്നവർക്ക് രസമായി തോന്നുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. അത് ശരിയായ പ്രവണതയല്ല.
  • എത്ര ഗൗരവമേറിയ കാര്യങ്ങളാണെങ്കിലും കുട്ടികൾ അതേക്കുറിച്ച് ചോദിച്ചാൽ, അവർക്ക് മനസ്സിലാകുന്നഭാഷയിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കണം.
  • കുട്ടികളാണ് പറഞ്ഞതെന്ന് കരുതി, അവർ പറഞ്ഞ ഗൗരവമുള്ളതോ ന്യായമുള്ളതോ ആയ കാര്യങ്ങൾ അവഗണിക്കാതിരിക്കുക.
ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: how to handle an overly talkative kid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented