കുട്ടികളും നിങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ ചില സൂത്രവിദ്യകള്‍ പറയാം. കുട്ടികള്‍ മാന്യമായി സംസാരിക്കണമെന്നാണ് നമ്മുടെ എല്ലാവരുടെയും ആഗ്രഹം. പക്ഷേ, അത് നടപ്പാക്കാന്‍ പ്രയാസമാണെന്നുമാത്രം. എന്റെ ചോദ്യം ഇതാണ്- കുട്ടികള്‍ എവിടെനിന്നാണ് അധികാരസ്വരത്തില്‍ ചോദ്യംചോദിക്കാനും മര്‍ക്കടമുഷ്ടി കാണിക്കാനും പഠിക്കുന്നത്. നമ്മളില്‍നിന്നുതന്നെയാണ് എന്നതാണ് ഈ ചോദ്യത്തിന്റെ ഉത്തരം.

കുട്ടികള്‍ സഹകരണമനോഭാവം കാണിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് വഴിയൊരുക്കേണ്ടതും നിങ്ങളുടെ ചുമതലയാണ്. നിങ്ങള്‍ അവര്‍ക്ക് മാതൃകയാവുകയാണ് വേണ്ടത്.

അധികാരത്തോടെ ചോദിക്കുകയല്ല അഭ്യര്‍ഥിക്കുകയാണ് വേണ്ടത്...

കുട്ടികളോട് മൃദുവായി സംസാരിക്കുന്നതും അഭ്യര്‍ഥിക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് ഒരുമിച്ച് പരിഹാരം കണ്ടെത്തുന്നതും അവരെ ധിക്കാരികളും അനുസരണയില്ലാത്തവരുമാക്കുമെന്ന് ഒരു പൊതുധാരണയുണ്ട്. എന്നാല്‍ ഇത് ശരിയല്ല. ഇത്തരത്തില്‍ പെരുമാറുന്നതിലൂടെ നാം അവരുടെ മനസ്സില്‍ വിശ്വാസത്തിന്റെയും 'ടീം വര്‍ക്കി'ന്റെയും തറക്കല്ല് പാകുകയാണ് ചെയ്യുന്നത്. അവര്‍ പിന്നീട് ഈ മൂല്യങ്ങളെ പിന്തുടരാന്‍ ആരംഭിക്കുകയും ചെയ്യും.

കാര്യങ്ങള്‍ കളികളാക്കി മാറ്റാം

കളിക്കാന്‍ വളരെ ഇഷ്ടമാണ് കുട്ടികള്‍ക്ക്. നിങ്ങള്‍ കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണെന്നിരിക്കട്ടെ. അവ അനുസരിക്കാന്‍ കുട്ടികള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. സര്‍ഗാത്മകതയും ചടുലതയുംമാത്രമാണ് ഇതിന് നിങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമായ ഘടകങ്ങള്‍. പാര്‍ക്കില്‍നിന്നു പുറത്തുവരാന്‍ കുട്ടി മടിക്കുകയാണെന്നിരിക്കട്ടെ, കാറിനുള്ളില്‍ കയറുക എന്നതിനെ രസകരമായ കാര്യമാക്കി മാറ്റാം. നിങ്ങള്‍ അഗ്‌നിരക്ഷാസേനയിലെ അംഗങ്ങളാണെന്നും തീയണയ്ക്കാന്‍ വേഗം പോകണമെന്നും പറയാം. അല്ലെങ്കില്‍ കുട്ടിയുമായി കാറിനരികില്‍വരെ ഓട്ടമത്സരം നടത്താം. ഇനി അതല്ലെങ്കില്‍ ഒറ്റക്കാലില്‍ ചാടി കാറിടുത്ത് ആര് ആദ്യമെത്തുമെന്നു നോക്കാം. അതുമല്ലെങ്കില്‍ തോളിലിരുത്തി കൊണ്ടുപോകാമെന്നു പറയുക.

കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നതിലൂടെ കുട്ടികളുടെ സഹകരണം കൂടുതല്‍ പ്രതീക്ഷിക്കാം. മാത്രവുമല്ല, കുട്ടികളുമായി കളിച്ചുല്ലസിക്കാനുള്ള അവസരം മാതാപിതാക്കള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. കുട്ടിയെ നിര്‍ബന്ധിച്ച് കാറിനുള്ളില്‍ തള്ളിക്കയറ്റാനാണോ അതോ സ്വമേധയാ കുഞ്ഞ് കാറിനുള്ളില്‍ കയറാനാണോ നിങ്ങള്‍ താത്പര്യപ്പെടുന്നത്?

ഏതുതരം കളിയാണ് വിജയിക്കുക എന്ന് നിങ്ങള്‍ക്ക് അറിയില്ലെന്നിരിക്കട്ടെ, കുട്ടിയുടെ താത്പര്യത്തിന് അക്കാര്യം വിട്ടുകൊടുക്കുക. മകള്‍ക്ക് രാജകുമാരിയാകുന്നതാണ് ഇഷ്ടമെന്നിരിക്കട്ടെ, വാളേന്തുന്ന അവളുടെ വിശ്വസ്തനായ പടയാളിയാകാം നിങ്ങള്‍ക്ക്. ഇനി മകന് ട്രക്കിനോടാണ് താത്പര്യമെന്നിരിക്കട്ടെ, സാധനങ്ങള്‍ കയറ്റാനും ഇറക്കാനും സഹായിക്കണോ എന്ന് ചോദിക്കാം. ഇനി നിങ്ങള്‍ കുട്ടിക്ക് മത്സ്യത്തെക്കുറിച്ചുള്ള കഥ വായിച്ചു കൊടുക്കുകയാണെന്നിരിക്കട്ടെ, അത് അഭിനയിച്ച് കാണിക്കാന്‍ ശ്രമിക്കാവുന്നതാണ്. ആശയമൊന്നും കിട്ടുന്നില്ലെങ്കില്‍ എന്താണ് കളിക്കാന്‍ താത്പര്യമെന്ന് കുട്ടിയോടുതന്നെ ചോദിക്കാവുന്നതാണ്. ഭൂരിഭാഗം കുട്ടികളുടെയും പക്കല്‍ കളികള്‍ക്കുവേണ്ട ആശയങ്ങളുണ്ടാകും. അതില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റംവരുത്തിയാല്‍ മതിയാകും.

പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക

കുട്ടികളോട് ഒരുതവണ പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക. ഇത് നാമെല്ലാവരും ചെയ്യുന്ന തെറ്റാണ്; പ്രത്യേകിച്ച് കുട്ടികളില്‍നിന്ന് നാം ആഗ്രഹിക്കുന്ന ഫലം കിട്ടാതിരിക്കുമ്പോള്‍. കുട്ടികളുമായി നല്ലബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഏറ്റവും അവസാനപടിയായിമാത്രമേ ഇത് നടപ്പാക്കാവൂ. കാരണം നിങ്ങള്‍ ആദ്യതവണ പറഞ്ഞപ്പോള്‍ത്തന്നെ കുട്ടി അക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവും. അതേകാര്യം വീണ്ടും ആവര്‍ത്തിക്കുന്നതിലൂടെ 'ഓ ഇതിന് വലിയ ശ്രദ്ധ നല്‍കേണ്ടതില്ലെ'ന്ന മനോഭാവം കുട്ടികളില്‍ വളരാനാകും കാരണമാവുക. മാത്രവുമല്ല നിങ്ങള്‍ ദേഷ്യപ്പെട്ടതിനുശേഷം ചെയ്യാമെന്ന ചിന്തയും കുട്ടികളിലുണ്ടായേക്കാം.

തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നല്ലബോധ്യമുള്ളവരാണ് കുട്ടികള്‍. അനുസരിക്കാതിരിക്കുമ്പോള്‍ അല്ലെങ്കില്‍ ദേഷ്യം പിടിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ എങ്ങനെ പെരുമാറുമെന്നും മറ്റുമുള്ള വിവരങ്ങള്‍ കുട്ടികള്‍ ശേഖരിക്കുകയും അതിനെ തങ്ങളുടെ താത്പര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌തേക്കാം.

മറവി നല്ലതാണ്!

എന്നാല്‍ നിങ്ങള്‍ ഒരുവട്ടം ചോദിച്ചിട്ട് കുട്ടികള്‍ പ്രതികരിക്കാതിരുന്നു എന്നിരിക്കട്ടെ. വീണ്ടും ചോദിക്കുന്നതിനുപകരം മറ്റൊരു മാര്‍ഗം പരീക്ഷിക്കുക. തൊട്ടുമുമ്പ് പറഞ്ഞ കാര്യം എന്താണെന്ന് മറന്നുപോയെന്നും അത് ഓര്‍മിപ്പിക്കാനും ആവശ്യപ്പെടുക. 'ഒരുനിമിഷം മുമ്പ് ഞാന്‍ നിന്നോട് എന്തോ പറഞ്ഞല്ലോ? ഞാന്‍ അത് മറന്നുപോയി... എന്തായിരുന്നു അത്? നമ്മള്‍ എവിടേക്കോ പോകാന്‍ തയ്യാറെടുക്കുകയായിരുന്നില്ലേ... എവിടേക്കായിരുന്നുവെന്ന് ഒന്ന് എന്നെ ഓര്‍മിപ്പിക്കാമോ'... എന്നിങ്ങനെ ചോദിക്കാം.

ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാം...

കുട്ടികളെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക. ഇതിലൂടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സഹകരണത്തിന്റെ തോത് മെച്ചപ്പെടും. നിര്‍ദേശങ്ങളുമായി കുട്ടികളുടെ പിന്നാലെ എപ്പോഴും നടക്കേണ്ട ആവശ്യമില്ല. ഉദാഹരണത്തിന്, വീട്ടില്‍ എല്ലാവരോടും തയ്യാറായി ഇറങ്ങാന്‍ പറയുക എന്ന ഉത്തരവാദിത്വം കുട്ടിയെ ഏല്‍പ്പിക്കുക. അത് എത്രവേഗം നടപ്പായെന്ന് നിങ്ങള്‍തന്നെ അദ്ഭുതപ്പെട്ടുപോകും.

കുട്ടികളുമായി സഹകരിക്കാം

വളരെ നന്നായി സഹകരിക്കുന്ന കുട്ടികള്‍ക്കും ഒരു കൈ അധികസഹായം ആവശ്യമായി വന്നേക്കാവുന്ന സന്ദര്‍ഭങ്ങളുണ്ടായേക്കാം. ക്ഷീണിതരായതു കൊണ്ടോ, വിശന്നിട്ടോ സങ്കടംവന്നിട്ടോ ഒക്കെയാകാം ഒരുപക്ഷേ, അവര്‍ അത്തരമൊരു അവസ്ഥയില്‍ എത്തിപ്പെട്ടത്. ഇത്തരം സാഹചര്യങ്ങളില്‍ ഞാനും മകളും ചില കളികളില്‍ ഏര്‍പ്പെടാറുണ്ട്. അവള്‍ ഒരു കൊച്ചുകുഞ്ഞാകും. എന്നോട് എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെടും. കളി തുടങ്ങി കുറച്ചു മിനിറ്റുകള്‍ക്കു ശേഷം ഞാന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ചെയ്യാനും എന്നെ സഹായിക്കാനും അവള്‍ തയ്യാറാകും. കാരണം എന്റെ മകള്‍ക്കറിയാം, അവള്‍ക്ക് അധിക പിന്തുണ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്തുകൊടുക്കാന്‍ ഞാന്‍ അവിടെയുണ്ടാകുമെന്ന്.