ചെറുപ്രായത്തില്‍ത്തന്നെ പുറംവേദന; അമിതഭാരം കയറ്റി കുട്ടികളുടെ നട്ടെല്ലിനെ ദ്രോഹിക്കരുത്


വി.എസ് സിജുമോന്‍

സ്‌കൂള്‍ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത് ഡോ. ജോണി സിറിയക്കായിരുന്നു. ബാഗിന്റെ ഭാരം മാത്രമല്ല പഠനഭാരവും കുറയ്ക്കണമെന്നാണ് ഡോക്ടര്‍ പറയുന്നത്.

Photo: Mathrubhumi Archives

സ്‌കൂള്‍ബാഗിന്റെ ഭാരം ലോകത്താകെ വ്യാപകമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ്. യൂറോപ്പിലാണ് ആദ്യമായി ഇതിനെക്കുറിച്ച് പഠിച്ചുതുടങ്ങിയത്. എല്ല് വളരുന്ന ഘട്ടത്തിലാണ് കുട്ടികളെക്കൊണ്ട് അമിതഭാരം ചുമപ്പിക്കുന്നത്. എല്ലിന്റെ രണ്ടറ്റത്തുമാണ് വളര്‍ച്ച നടക്കുന്നത്. മൃദുലമായിരിക്കും ഈഭാഗം. ഇവിടെയുണ്ടാകുന്ന എന്ത് ക്ഷതവും കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും.

ബാഗിന്റെ ഭാരം ശരീരഭാരത്തേക്കാള്‍ 10 ശതമാനത്തില്‍ അധികമായാല്‍ അത് എല്ലിന്റെ വളര്‍ച്ചയെ ബാധിക്കും. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണത്. 30 കിലോ ഭാരമുള്ള കുട്ടിയുടെ ബാഗിന്റെ ഭാരം മൂന്ന് കിലോയില്‍ കൂടുതലാകരുതെന്ന് സാരം. ഇന്ത്യയിലെ കുട്ടികള്‍ക്ക് ഇത്രയൊക്കെ ഭാരംതന്നെ അമിതമാണെന്ന് ഓര്‍ക്കണം.

john
ഡോ. ജോണി സിറിയക്

ജോയിന്റുകളെയാണ് ദുര്‍ബലപ്പെടുത്തുന്നത്

ഭാരം അധികമായ ബാക്ക്പാക്ക് നട്ടെല്ലിനെയാണ് ദുര്‍ബലമാക്കുന്നത്. കൂനും ഞെളിവുമൊക്കെ നട്ടെല്ലിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍മൂലം ഉണ്ടാകുന്നതാണ്. നട്ടെല്ല് വളഞ്ഞാല്‍പ്പിന്നെ മറ്റൊരു മാര്‍ഗവുമില്ല. 22, 23 വയസ്സുവരെയാകും നട്ടെല്ല് യഥാര്‍ത്ഥ വളര്‍ച്ചയെത്തി ഉറയ്ക്കാന്‍. 12 മുതല്‍ 14 വയസ്സുവരെയുള്ളവരില്‍ ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധവേണം. അപ്പോള്‍ അമിതഭാരം കയറ്റി നട്ടെല്ലിനെ ദ്രോഹിക്കരുത്.

പുറംവേദന ചില്ലറക്കാര്യമല്ല

കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ത്തന്നെ പുറംവേദന സമ്മാനിക്കുന്ന തെറ്റായ സംവിധാനമാണിപ്പോള്‍ നമ്മുടെ വിദ്യാഭ്യാസം. പുറംവേദന ചില്ലറക്കാര്യമല്ല. കുട്ടിയായിരിക്കുമ്പോഴേ പുറംവേദന വന്നാല്‍പ്പിന്നെ ഒരിക്കലും മാറില്ല. പുറംവേദന മാത്രമല്ല, മുട്ട്, അരക്കെട്ട്, തോള്‍, കഴുത്ത് എന്നിവയ്‌ക്കൊക്കെ വേദന സമ്മാനിക്കുകയാണ് അമിതഭാരമുള്ള ബാഗ്. അമിതഭാരമുള്ള ബാഗ് കുട്ടിയുടെ തോള്‍ വളഞ്ഞുപോകാനും കാരണമാകും. വലിയ ഭാരമുള്ള ബാക്ക്പാക്കും തൂക്കി, കൈകള്‍ മുന്നിലേക്കിട്ട്, അല്പം മുന്നോട്ടു കുനിഞ്ഞ് കുട്ടികള്‍ നടന്നുപോകുന്നത് കണ്ടിട്ടില്ലേ. തോള്‍ വളയുന്നതിന് പ്രധാന കാരണമാകുന്നത് ഇതാണ്. ഒരു വ്യക്തിയുടെ നില്പിനെത്തന്നെ ഇത് ബാധിക്കും. ഇന്ത്യയില്‍ മാത്രമല്ല, വികസിതരാജ്യങ്ങളായ അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ ഇതൊരു പ്രശ്‌നമാണ്.

ഗുണനിലവാരമില്ലാത്ത ബാഗും പ്രശ്‌നമാണ്

ഗുണനിലവാരമില്ലാത്ത ബാഗും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. ബാഗിന്റെ സ്ട്രാപ്പൊക്കെ മികച്ചതായിരിക്കണം. അല്ലെങ്കില്‍ ഭാരം ആനുപാതികമല്ലാതെ ഏതെങ്കിലും ഒരുവശത്ത് മാത്രമായി വരും. ഷോള്‍ഡര്‍ സ്ട്രാപ്പ് എപ്പോഴും കട്ടികൂടിയതായിരിക്കണം.

മാനസികാരോഗ്യത്തെയും ബാധിക്കും

അമിതഭാരം മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്. ഒന്നിലും കുട്ടികള്‍ക്ക് ശ്രദ്ധിക്കാനാകാത്ത അവസ്ഥ. ജിവിതംതന്നെ വലിയ ഭാരമായി കുട്ടികള്‍ക്ക് തോന്നും. സമൂഹത്തെപ്പോലും കുട്ടികള്‍ ഭയന്നുതുടങ്ങും. മിണ്ടാപ്രാണികളോടാണ് ഈ ദ്രോഹം.

അനുസരിക്കാന്‍ മാത്രമാണ് നമ്മള്‍ കുട്ടികളോട് പറയുന്നത്. ടീച്ചര്‍മാര്‍ പറഞ്ഞാല്‍ അനുസരിക്കുക, മുതിര്‍ന്നവര്‍ പറഞ്ഞാല്‍... സൊസൈറ്റി പറഞ്ഞാല്‍ അനുസരിക്കുക... കുട്ടികളോട് എപ്പോഴും പറയുന്നതാണിത്. ഇങ്ങനെ പറയുന്നവരാണ് കുട്ടികളുടെ മുതുകിലേക്ക് വലിയ ഭാരം കയറ്റിവെക്കുന്നത്. പശുക്കളേക്കാള്‍ നിഷ്‌കളങ്കരായ മിണ്ടാപ്രാണികളാണ് കുട്ടികള്‍. അവരുടെ വിചാരം ഇതാണ് സാധാരണ ജീവിതമെന്നാണ്.

വിഷയം ആദ്യം ഉന്നയിച്ചത് ആര്‍.കെ. നാരായണന്‍

ആദ്യമായി ഈ വിഷയം ഇന്ത്യയില്‍ ഉയര്‍ത്തുന്നത് എഴുത്തുകാരനായ ആര്‍.കെ. നാരായണനാണ്. രാജ്യസഭില്‍ മെമ്പറായിരിക്കെയാണ് അദ്ദേഹം വിഷയം ഉന്നയിച്ചത്. രാജ്യസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം പോലും പ്രശസ്തമാണ്.

ഇതിനെത്തുടര്‍ന്ന് യശ്പാല്‍ കമ്മിറ്റിയൊക്കെ നിലവില്‍ വന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമൊന്നും ഉണ്ടായില്ല.

ഓസ്‌ട്രേലിയന്‍ സ്‌പൈനല്‍ റിസര്‍ച്ച്, ബ്രിട്ടീഷ് ജേണല്‍ ഓഫ് പെയിന്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ ജേണലുകളില്‍ സ്‌കൂള്‍ബാഗുകള്‍ എങ്ങനെ കുട്ടികളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഛര്‍ദിയുമായി എത്തുന്ന കുട്ടികള്‍ ഒട്ടേറെയാണ്

കുട്ടികള്‍ക്ക് ഛര്‍ദിക്ക് ചികിത്സതേടി ഒട്ടേറെ രക്ഷിതാക്കളെത്തുന്നുണ്ട്. ഒട്ടേറെ മരുന്ന് കഴിച്ചിട്ടും ഛര്‍ദി മാറുന്നില്ലെന്ന പരാതിയോടെയാണ് ഭൂരിപക്ഷം പേരും എത്തുന്നത്. കുട്ടിയെ കാണുമ്പോഴേ മനസ്സിലാകും ടെന്‍ഷനാണ് രോഗകാരണമെന്ന്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കുപോലും ഐ.ഐ.ടി. പ്രവേശന പരിശീലനം നല്‍കുന്ന അവസ്ഥയുണ്ട്. വയറ്റുവേദനയടക്കം കുട്ടികളുടെ പരിഹാരം കാണാനാകാത്ത ഒട്ടേറെ രോഗാവസ്ഥകള്‍ കണ്ടിട്ടാണ് ബാഗിന്റെ ഭാരം ഒരു പ്രശ്‌നമായി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍സമയം പ്രശ്‌നമാണ്

നഗരത്തിലെ സ്‌കൂള്‍സമയമൊക്കെ എന്തൊരു തെറ്റാണ്. 9.30-3.30, 10-4 തുടങ്ങിയ സമയമൊക്കെയാണെങ്കില്‍ നല്ലതാണ്.

നഗരത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉറങ്ങാന്‍പോലും സമയമില്ല. ഉറക്കമാണ് കുട്ടികള്‍ക്ക് ഏറ്റവും ആവശ്യം. ഉറങ്ങാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്.

ട്രാഫിക് പ്രശ്‌നമാണ് നഗരത്തിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം നേരത്തെയാക്കാന്‍ കാരണമായി പറയുന്നത്. മുതിര്‍ന്നവര്‍ക്കുവേണ്ടി കുട്ടികള്‍ സഹിക്കണം എന്നാണ് നമ്മള്‍ പറയുന്നത്. ഗ്രാമത്തില്‍ ഇപ്പോഴും സ്‌കൂള്‍സമയം നല്ലതാണ്.

ഉറക്കവുമില്ല പ്രഭാതഭക്ഷണവുമില്ല

ഉറക്കം, പ്രഭാതഭക്ഷണം ഇതൊന്നും ഇല്ലാതെയാണ് കുട്ടികള്‍ സ്‌കൂളിലേക്ക് എത്തുന്നത്. സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനും സമയമില്ല. 30 മിനിറ്റായിരുന്നത് പല സ്‌കൂളുകളും ഇപ്പോള്‍ 20 മിനിറ്റാക്കി. കൊണ്ടുപോകുന്ന ഭക്ഷണം വാരിവലിച്ച് കഴിക്കുകയാണ് കുട്ടികള്‍.

വൈകീട്ട് വീട്ടിലേക്ക് വരുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ പോലും താത്പര്യമില്ല. മുമ്പൊക്കെ സ്‌കൂളില്‍നിന്ന് വരുന്ന കുട്ടി നേരേ കളിക്കാനാണ് പോകുന്നത്. രാവിലത്തെ അതേ ഉത്സാഹം വൈകീട്ടും ഉണ്ടായിരുന്നു.

ബാഗിനെതിരേയല്ല എന്റെ പോരാട്ടം

ഇപ്പോഴത്തെ വിദ്യാഭ്യാസരീതിയൊക്കെ മാറണം. വിദേശരാജ്യങ്ങളൊക്കെ അത്തരത്തില്‍ മാറി. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേക്ക് നോക്കൂ, ഒന്നിലും കടിച്ചുതൂങ്ങിക്കിടക്കുകയല്ല അവര്‍. സ്വീഡനാണ് ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ടത്. പ്രായോഗിക രീതിയിലൂടെയാണ് അവിടെ പഠനം. അവര്‍ ബുക്കുകളൊക്കെ ഐ പാഡായി മാറ്റി. ഹ്യൂമന്‍ ക്യാപ്പിറ്റലാണ് മനുഷ്യര്‍. അതിനെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയണം. അതില്ലാതെവരുമ്പോഴാണ് ജനസംഖ്യയൊക്കെ ഭാരമാണെന്നാണ് പറയുന്നത്.

130 കോടി ജനങ്ങളും ടാലന്റുള്ളവരായി മാറിയിരുന്നെങ്കില്‍ എന്തായിരുന്നു സ്ഥിതി. അതാണ് വിദ്യാഭ്യാസരീതി മാറണമെന്ന് പറയുന്നത്.

ഏകീകൃത സിലബസ് വേണം

സംസ്ഥാന സ്‌കൂള്‍ സിലബസ് മികച്ചതാണ്. പക്ഷേ, അവിടെ അടിസ്ഥാനസൗകര്യം ഇല്ല. സ്വകാര്യ മേഖലയെ മാറ്റിനിര്‍ത്തി ഇവിടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. രാജ്യത്തൊട്ടാകെ ഒരേ സിലബസില്‍ പഠിപ്പിക്കണം. ഒരു രാജ്യം ഒരു കരിക്കുലം എന്നതാണ് വേണ്ടത്.

വിദ്യാഭ്യാസകാര്യത്തില്‍ സോഷ്യലിസം വേണം. ഒട്ടേറെ സിലബസ് പഠിപ്പിച്ചിട്ട് എന്‍ട്രന്‍സ് പരീക്ഷയൊക്കെ നടത്തുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്. ഇന്ത്യന്‍ മണ്ടത്തരം എന്നേ ഇതിനെയൊക്കെ പറയാനാകൂ.

ഡോ. ജോണി സിറിയക്

സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഗ്യാസ്‌ട്രോ എന്ററോളജി, ലിസി ആശുപത്രി
ചേര്‍ത്തല കൊക്കോതമംഗലം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ചു. പ്രീഡിഗ്രി ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ് കോളേജില്‍. എം.ബി.ബി.എസ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് (എന്‍ട്രന്‍സ് പരിശീലനത്തിന് പോയിട്ടില്ല). ജനറല്‍ മെഡിസിനില്‍ എം.ഡി. മീററ്റ് മെഡിക്കല്‍ കോളേജില്‍നിന്ന് സ്വര്‍ണമെഡലോടെ ഗ്യാസ്‌ട്രോ എന്ററോളജിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചെയ്തത് ലേക്‌ഷോര്‍ ആശുപത്രിയില്‍.

ഭാര്യ: ഡോ. അര്‍ച്ചന തോമസ്. മക്കള്‍: ആരണ്‍ തോമസ് ജോണി, അനിറ്റ റോസ് ജോണി (ഇരുവരും വിദ്യാര്‍ഥികള്‍).

Content Highlights: how Heavy school bags affecting your child's health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented