Representative Image| Photo: Canva.com
കുട്ടികളുടെ കൈയിൽ കളിപ്പാട്ടങ്ങളേക്കാൾ കൂടുതൽ ഇന്ന് കാണാറുള്ളത് മൊബൈൽ ഫോണുകളാണ്. കുഞ്ഞുങ്ങളറിയാതെ അവരെ ഭക്ഷണമൂട്ടാനും കരച്ചിൽ നിർത്താനുമൊക്കെ മൊബൈൽ ഫോൺ കൈയിൽ കൊടുക്കുന്നവരുണ്ട്. വളരെ ചെറുപ്പത്തിലേ ഇത്തരം ഗാഡ്ജറ്റുകൾ കൈയിലെത്തുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നിരന്തരം കേൾക്കാറുണ്ട്. കുഞ്ഞുപ്രായത്തിൽ തന്നെ മൊബൈൽ ഫോണിന് ആകൃഷ്ടരാകുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്നാണ് അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ ലാബ്സിന്റെ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്. ഇതേ പഠനത്തെ ചൂണ്ടിക്കാട്ടി മാതാപിതാക്കളോട് വിഷയം ഗൗരവമായി എടുക്കണമെന്ന് പറയുകയാണ് ഷാവോമി ഇന്ത്യയുടെ മുൻ സി.ഇ.ഒ. ആയ മനു കുമാർ ജെയിൻ.
ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് മനു കുമാർ ജെയിൻ മൊബൈൽ ഫോണുകൾക്ക് അടിമകളാകുന്ന കുട്ടികളെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. മൊബൈലിൽ അടിമപ്പെടുന്നതു വഴിയുണ്ടാകുന്ന മാനസികാഘാതത്തെക്കുറിച്ച് നമുക്ക് സംസാരിക്കാം എന്ന് മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് കുറിക്കുകയാണ് അദ്ദേഹം. സാപിയൻ ലാബ്സിന്റെ പഠനത്തിൽ നിന്നുള്ള കണക്കുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം അവ ഞെട്ടിക്കുന്നതാണെന്നും കുറിക്കുന്നുണ്ട്.
പത്തുവയസ്സിന് മുമ്പേ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ മാനസിക പ്രശ്നം അനുഭവിക്കുന്നവർ 60-70% ആണെന്നാണ് പ്രസ്തുത പഠനം പറയുന്നത്. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ആൺകുട്ടികളിൽ 45-50% സമാന പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അതിനാൽ കുട്ടികളെ ഒരിടത്ത് അടക്കിയിരുത്താൻ മൊബൈൽ ഫോൺ നൽകിപ്പോരുന്ന ശീലം മാതാപിതാക്കൾ നിർത്തണമെന്നു പറയുകയാണ് മനു കുമാർ ജെയിൻ.
കുട്ടികൾ കരയുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, കാറിൽ ഇരിക്കുമ്പോഴൊക്കെ മൊബൈൽ ഫോൺ കൊടുക്കുന്ന ശീലം നിർത്തണം. പകരം അവരെ മറ്റുപല ഹോബികളിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിലും സജീവരാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. അതിലൂടെ അവർക്ക് ആരോഗ്യകരമായ അന്തരീക്ഷം നമുക്ക് സൃഷ്ടിക്കാനാകും. മാതാപിതാക്കൾ എന്ന നിലയ്ക്ക് കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ വലിയ ഉത്തരവാദിത്തം ഉണ്ടെന്നും അമിതമായി കുട്ടികൾ സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.
അവരുടെ ബാല്യകാലം അമൂല്യമാണ്. അവരുടെ മികച്ച ഭാവിക്കു വേണ്ടി നല്ല അടിത്തറയുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എന്നാൽ താൻ സ്മാർട്ഫോണുകൾക്കോ ടാബ്ലറ്റുകൾക്കോ എതിരല്ലെന്നും പക്ഷേ അവ കുട്ടികൾക്ക് നൽകുന്ന കാര്യത്തിൽ ജാഗ്രത കൈവിടാതിരിക്കാൻ ശീലിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളിൽ മൊബൈൽ ഫോൺ നൽകുന്നത് വൈകുന്നതിലൂടെ അവരുടെ മാനസികാരോഗ്യം കൂടുതൽ സംരക്ഷിക്കാമെന്നാണ് സാപിയൻ ലാബ്സിന്റെ പഠനത്തിനൊടുവിൽ വ്യക്തമായത്.
Content Highlights: Former Xiaomi India CEO Urges Parents To Stop Giving Smartphones To Children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..