പോഷകാഹാരക്കുറവിന്റെ പ്രത്യാഘാതങ്ങള്‍
കുഞ്ഞിലെ ഉണ്ടാകുന്ന പോഷകാഹാരക്കുറവിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരവും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതുമാണ്. ഭാവിയില്‍ അത് പരിഹരിക്കാന്‍ കഴിയില്ലെന്നും മനസിലാക്കുക.

വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം: വളര്‍ച്ചാ മുരടിപ്പുണ്ടായ കുട്ടികള്‍  വലുതാകുമ്പോള്‍ അവരുടെ വരുമാനത്തില്‍ 22 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ പറയുന്നു. വ്യക്തിയുടെ ഉയരത്തില്‍ ഒരു ശതമാനം ഉണ്ടാകുന്ന വര്‍ധനവ് ശമ്പളത്തില്‍ 2.4 ശതമാനം വര്‍ധനക്ക് കാരണമാകുമത്രേ.

കുട്ടികളുടെ മരണനിരക്ക്: അഞ്ചു വയസില്‍ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് പ്രധാന കാരണം പോഷകാഹാരക്കുറവാണ്. വളര്‍ച്ചാ മുരടിപ്പ്, ഉയരത്തിനനുസരിച്ച് തൂക്കമില്ലായ്മ, വൈറ്റാമിന്‍ എ, സിങ്ക് എന്നിവയുടെ കുറവ്, ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കാതിരിക്കല്‍ എന്നിവ പോഷകാഹാരക്കുറവ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു   

കുട്ടികളുടെ മരണം: കുഞ്ഞുങ്ങളുടെ മരണത്തിന് 17 ശതമാനത്തിനും കാരണം പോഷകാഹാരക്കുറവും വളര്‍ച്ചാമുരടിപ്പുമാണ്. ഉയരത്തിനനുസരിച്ച് തൂക്കമില്ലായ്മ കുഞ്ഞുങ്ങളുടെ മരണത്തിന്റെ  11.5 ശതമാനത്തിന് കാരണമാകുന്നു.   

പോഷകാഹാരക്കുറവ്: അണുബാധ രോഗങ്ങള്‍, വയറിളക്കം, ന്യൂമോണിയ, അഞ്ചാംപനി എന്നിവമൂലം മരിക്കുന്നതിന് സാധ്യത കൂടുതലാണ്    

ഐക്യു കുറവ് : ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളര്‍ച്ചാ മുരടിപ്പ് ദോഷകരമായി ബാധിക്കുന്നു. ഉദാസീനത, മന്ദത, മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള താല്‍പ്പര്യക്കുറവ് എന്നിവക്കും ഇത് കാരണമാകുന്നു. പോഷകാഹാരക്കുറവുമൂലം കുട്ടികളില്‍ ബുദ്ധിയുടെ അളവ് (ഐക്യു) 10 മുതല്‍ 15 പോയിന്റുവരെ കുറയുമെന്ന് വിവിധപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 12 മുതല്‍ 36 വരെയുള്ള മാസങ്ങള്‍ക്കുള്ളിലെ
വളര്‍ച്ചാ മുരടിപ്പ് കുട്ടികളെ പഠനത്തില്‍ പുറകോട്ടാക്കുന്നു. 

ജിഡിപിയിലുണ്ടാകുന്ന നഷ്ടം: പോഷകാഹാരക്കുറവ് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി)  ആറു ശതമാനത്തോളം നഷ്ടമുണ്ടാക്കുന്നു. പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങള്‍മൂലം ആളുകള്‍ക്ക് ജോലിക്ക് ചെയ്യാനാകാത്തതും ഉല്‍പ്പാദനക്ഷമത കുറയുന്നതുമാണ് ഇതിന്റെ കാരണങ്ങള്‍ 

രോഗങ്ങള്‍: വളര്‍ച്ചാമുരടിപ്പുള്ളയാള്‍ക്ക് പൊണ്ണത്തടി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയടക്കമുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. 
*Source:Grantham-Mc Gregor,2007
UNISEF.