Photo: Pixabay
ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ഓമനിച്ച് കൊതിതീരും മുമ്പേ ആയയുടെ കൈയിലോ ബന്ധുക്കളുടെ കൈയിലോ ഏല്‍പ്പിച്ച് ജോലിക്ക് ഓടേണ്ടി വരുന്നവരാണ് സ്ത്രീകള്‍. നമ്മുടെ നാട്ടിലാണെങ്കില്‍ അമ്മമാര്‍ ജോലി തന്നെ വേണ്ടെന്ന് വയ്‌ക്കേണ്ടി വരും പലപ്പോഴും. അച്ഛന്‍മാരോ, അവര്‍ക്കുമുണ്ടാവില്ലേ തങ്ങളുടെ കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹം. അമ്മമാര്‍ക്കുള്ള അവധി അച്ഛന്‍മാര്‍ക്ക് ഇല്ലാത്തതാണ് ഇത് സാധിക്കാത്തതിന് കാരണം. അച്ഛന്‍മാരുടെ ദുഖത്തിന് ഒരു പരിഹാരം കാണുകയാണ് ഫിന്‍ലന്‍ഡ് ഗവണ്‍മെന്റ്. അവിടെ ഇനിമുതല്‍ അച്ഛന്‍മാര്‍ക്കും കിട്ടും ഏഴ്മാസം പേരന്റല്‍ അവധി.
കുഞ്ഞിനെ വളര്‍ത്തുക എന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല മറിച്ച് കൂട്ടായ ചുമതലയാമെന്ന സന്ദേശമാണ് പുതിയ നിയമത്തിലൂടെ ഫിന്‍ലന്‍ഡ് കാട്ടിത്തരുന്നത്. ജെന്‍ഡര്‍ന്യൂട്രാലിറ്റി പോളിസിയുടെ ഭാഗമായാണ് പുതിയ നിയമം. മാത്രമല്ല കുഞ്ഞുണ്ടാവുന്നതോടെ ജോലി വിടേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം കുറയ്ക്കാനും ഈ നിയമം സഹായകമാകും.
അച്ഛനും അമ്മയ്ക്കും കൂടി 14 മാസമാണ് ലീവ്. ഇത് ഒരുമിച്ച് ഒരേ സമയത്ത് എടുക്കാം. അല്ലെങ്കില്‍ ഏഴ്മാസം അമ്മയും ഏഴ് മാസം അച്ഛനും എന്ന രീതിയില്‍ അവധി ലഭിക്കും. സിംഗിള്‍ പേരന്റ് ആണെങ്കില്‍ പതിനാല് മാസവും അവര്‍ക്ക് തന്നെ ലീവെടുക്കാം. കുഞ്ഞിന് ഒരു വയസ് കഴിയുന്നത് വരെ മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ലഭിക്കുമെന്ന് ചുരുക്കം. ഈ പതിനാല് മാസങ്ങളിലെയും ദിവസങ്ങള്‍ ഷെയറ് ചെയ്യാനുള്ള ഓപ്ഷനും ബില്ല് ഉറപ്പ് നല്‍കുന്നുണ്ട്.
ഒരാള്‍ക്ക് കുഞ്ഞിനൊപ്പം കൂടുതല്‍ ദിവസം വേണമെന്നിരിക്കട്ടെ, മറ്റേ ആള്‍ക്ക് കൂടുതല്‍ ജോലി ചെയ്യണമെന്നും... എങ്കില്‍ ജോലി ചെയ്യുന്ന ആളുടെ അവധി ദിനങ്ങള്‍ കുഞ്ഞിനെ നോക്കുന്ന ആള്‍ക്ക് നല്‍കാം. സെപ്റ്റംബറോടെ നിയമം നിലവില്‍വരും. സ്ത്രീപുരുഷ സമത്വം ലക്ഷ്യമിടുന്ന ഈ ബില്ലിന് വന്‍ സ്വീകാര്യതയാണ് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്.
Content Highlights: Finland to give dads same parental leave as mums
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..