കുട്ടികള്‍ കോവിഡിന്റെ നിശബ്ദ ഇരകള്‍ ആകുന്നുണ്ടോ?


ഡോ. ആര്‍. അഭിരാം ചന്ദ്രന്‍

3 min read
Read later
Print
Share

കുട്ടികളുടെ ചിട്ടയായ ശീലങ്ങള്‍ പലതും ഇല്ലാതായിരിക്കുന്നു

Representative Image| Photo: Gettyimages

കോവിഡ് മഹാമാരി ഒരു പേമാരിക്ക് ശേഷമുള്ള ചാറ്റല്‍ മഴപോലെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയും സ്‌കൂളുകള്‍ തുറക്കുകയും ചെയ്തിരിക്കുന്നു. ഈ മഹാമാരി പ്രത്യക്ഷത്തില്‍ ഒരുപാട് പേരെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ മഹാമാരിയുടെ നിശബ്ദ ഇരകള്‍ ആണ് നമ്മുടെ കുട്ടികള്‍. കോവിഡ്, കുട്ടികള്‍ക്ക് മാരകമായ അസുഖങ്ങളോ മരണമോ വളരെ വിരളമായേ ഉണ്ടാക്കുന്നുള്ളൂ.

കഴിഞ്ഞ ഒന്നരവര്‍ഷത്തിലേറെയായി കുട്ടികളെല്ലാം വീടുകളില്‍ അടച്ചിരിക്കുകയാണ്. ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുട്ടികളുടെ പഠനത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴി ഈ പ്രതിസന്ധിയെ മറികടക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. ഇത് ഒരു പരിധി വരെ പഠന പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിച്ചെങ്കിലും ഇതുമൂലം പുതിയ പ്രശ്നങ്ങള്‍ പലതും ഉണ്ടായിരിക്കുന്നു.

കുട്ടികളുടെ ചിട്ടയായ ശീലങ്ങള്‍ പലതും ഇല്ലാതായിരിക്കുന്നു. രാവിലെ കൃത്യസമയത്ത് ഉറക്കം എഴുന്നേല്‍ക്കുകയും ദിനചര്യകള്‍ ക്യത്യമായി പാലിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. ക്ലാസ്സ് തുടങ്ങുന്ന സമയത്ത് എഴുന്നേറ്റ് നേരിട്ട് ഡിജിറ്റല്‍ സ്‌ക്രീനിനു മുന്നില്‍ ഇരിക്കുകയാണ് കുട്ടികളുടെ പതിവ്. അതുപോലെ ക്ലാസ്സ് കഴിഞ്ഞാലും ഡിജിറ്റല്‍ സ്‌ക്രീനില്‍ മറ്റു കാര്യങ്ങള്‍ ചെയ്തു കൊണ്ട് ഇരിക്കുന്നു. ഇതു മൂലം ദിനചര്യകള്‍ ക്യത്യമായി നടക്കുന്നില്ല. മാത്രമല്ല അമിതമായ സ്‌ക്രീന്‍ ഉപയോഗവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും വളരെ രൂക്ഷമായി മാറുന്നു. കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിലേയും പ്രശ്നങ്ങള്‍ക്ക് വിധേയരായി തീരുന്നു. ദിവസം മുഴുവനും ഡിജിറ്റല്‍ സ്‌ക്രീനില്‍ ചിലവിടുന്നത് കുട്ടികളില്‍ വ്യായാമത്തിന്റെ അഭാവം, പൊണ്ണത്തടി, വിഷാദം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരുപാട് കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചു പോകാന്‍ വിമുഖത കാണിക്കുന്നു. വീടുകള്‍ക്ക് ഉള്ളില്‍ തന്നെ മുഴുവന്‍ സമയവും ചിലവഴിക്കുന്നത് കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?

  • കുട്ടികളെ പതിവായി സ്‌കൂളില്‍ വിടുകയാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് മിക്ക സ്‌കൂളുകളിലും ക്ലാസ്സ് നടക്കുന്നത്. ദിവസവും രണ്ടു മണിക്കൂര്‍ ക്ലാസ്സ് ഉണ്ടാകും. ഇത് കുട്ടികള്‍ക്ക് അവരുടെ ദിനചര്യകളിലേക്ക് സാവകാശം മടങ്ങിയെത്താനുള്ള അവസരം നല്‍കുന്നു.
  • ക്യത്യമായി ദിനചര്യകള്‍ പാലിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളിലും ക്യത്യസമയത്ത് ഉറക്കം എണീക്കുകയും ദിനചര്യകള്‍ ക്യത്യമായി പാലിക്കുകയും ചെയ്യുക.
  • ക്യത്യസമയത്ത് ഉറങ്ങുന്ന ശീലം പ്രോത്സാഹിപ്പിക്കുക. രാത്രി ഒരുപാട് നേരം ഉറക്കമിളച്ച് ഇരിക്കുന്നത് നിരുത്സാഹപ്പെടുത്തുക. ഉറക്കസമയത്തിന് രണ്ടു മണിക്കൂര്‍ മുന്‍പുള്ള സമയത്തെ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗം നിരുത്സാഹപ്പെടുത്തുക.
  • ദിവസം രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗം ചുരുക്കുക. ഈ രണ്ടു മണിക്കൂര്‍ എപ്പോള്‍ വേണമെന്ന് കുട്ടിക്ക് തീരുമാനിക്കാന്‍ അവസരം കൊടുക്കുക. ചെറിയ വ്യത്യാസങ്ങള്‍ അനുവദിക്കുകയും അത് പിറ്റേന്നത്തെ സമയത്തില്‍ ക്രമീകരിക്കുകയും ചെയ്യുക. പഠന ആവശ്യങ്ങള്‍ക്കുള്ള സ്‌ക്രീന്‍ ഉപയോഗം ഈ രണ്ടു മണിക്കൂറില്‍ കൂട്ടുന്നില്ല.
  • ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഓരോ പതിനഞ്ച് മിനിറ്റിലും അര മിനിട്ട് ഇടവേള എടുക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഈ ഇടവേള സമയത്ത് പുറത്തേക്ക് നോക്കുന്നതാണ് ഉത്തമം.
  • കുട്ടികളുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉപയോഗം മാതാപിതാക്കള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കുട്ടി ക്ലാസില്‍ പങ്കെടുക്കുന്നതും ഡിജിറ്റല്‍ സ്‌ക്രീനില്‍ ചെയ്യുന്ന മറ്റു കാര്യങ്ങളും മാതാപിതാക്കള്‍ ഇടക്കിടെ പരിശോധിക്കുന്നത് കുട്ടികളില്‍ ഉത്തരവാദിത്ത ബോധം വളര്‍ത്തുകയും ഡിജിറ്റല്‍ സ്‌ക്രീനിന്റെ തെറ്റായ ഉപയോഗങ്ങള്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്യും.
  • മതിയായ വ്യായാമം ചെയ്യുക. ദിവസവും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമം ആവശ്യമാണ്. ഇത് കുട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. കായിക വിനോദങ്ങളോ നൃത്തമോ നടക്കുകയോ ആകാം. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വ്യായാമം ആകുമ്പോള്‍ തുടര്‍ന്നു കൊണ്ടേയിരിക്കാനുളള സാധ്യത കൂടുതലാണ്. അതുപോലെ കൂട്ടുകാര്‍ക്ക് ഒപ്പമുളള വ്യായാമവും തുടര്‍ന്ന് പോകുന്നതാണ്.
  • സമീകൃതാഹാരം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. ഇത് കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
  • പ്രാതല്‍ കൃത്യമായി കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. അത്താഴം കഴിഞ്ഞ് രാവിലെ വരെയുള്ള പന്ത്രണ്ട് മണിക്കൂറോളം സമയം ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാതല്‍ കഴിച്ചില്ലെങ്കില്‍ അവതാളത്തിലാവുകയും ഇത് അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും.
മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളിലൂടെ നമ്മുടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താനും മികച്ച പൗരന്‍മാരുടെ ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാനും കഴിയും.

നമ്മുടെ നാട്ടില്‍ ആരോഗ്യമുള്ള ജനത ഉണ്ടാകണമെങ്കില്‍ നമ്മുടെ കുട്ടികള്‍ ആരോഗ്യമുള്ളവരും നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കുന്നവരും ആയിരിക്കണം. ഇതിന് പൊതുസമൂഹത്തിന്റേയും അധ്യാപകരുടേയും രക്ഷിതാക്കളുടെയും, ശിശുരോഗ വിദഗ്ധരുടേയും സര്‍ക്കാരിന്റേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരും ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സും കൈകോര്‍ത്ത് പിടിച്ച് ഇതിലേയ്ക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്. ഇതിന് ശക്തമായ പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ കുട്ടികളുടെ ഭാവി നമ്മുക്ക് ശോഭനമാക്കാം.

Content Highlights: Covid19 and kids health, Children and Corona Virus, Post Covid problems, Online Class

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Representative Image| Photo: Gettyimages

3 min

അമ്മയ്ക്ക് പ്രായം കൂടിയാല്‍ കുഞ്ഞിന് ഡൗണ്‍സിന്‍ഡ്രോം വരുമോ? പരിപാലനം എങ്ങനെയാവണം?

Mar 21, 2022


kids fear

3 min

കുട്ടികളിലെ പേടി മാറ്റാന്‍ എന്തു ചെയ്യണം?

Jan 9, 2022


Most Commented