-
കോവിഡ് 19 കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെങ്കിലും അവര്‍ നിശബ്ദ രോഗവാഹകരാകാം. ജേണല്‍ ഓഫ് പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നത് കുട്ടികള്‍ കോവിഡ് 19 ന്റെ സൂപ്പര്‍ സ്‌പ്രെഡേഴ്‌സ് ആയിമാറുന്നുവെന്നാണ്. അവരുടെ ശരീരത്തില്‍ വൈറസ് കൂടിയ തോതില്‍ ഉണ്ടാകുന്നുവെന്നും പഠനത്തില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ കോവിഡ് രോഗബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി ഫെയ്‌സ് ഗിയറുകളും സാനിറ്റൈസറുകളും ശീലമാക്കേണ്ടതുണ്ട്.
വൈറസില്‍ നിന്ന് രക്ഷനേടുന്നതിന് എല്ലാവരും ഫെയ്‌സ് മാസ്‌ക്കുകളാണ് ശീലമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെയ്‌സ് ഷീല്‍ഡുകളുടെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. സ്‌കൂള്‍ തുറന്ന രാജ്യങ്ങളിലെല്ലാം കുട്ടികള്‍ ഇപ്പോള്‍ ഫെയ്‌സ് ഷീല്‍ഡുകളാണ് ധരിച്ചിരിക്കുന്നത്.
ഫെയ്‌സ് മാസ്‌ക് വായും മൂക്കും ചേര്‍ത്ത് മൂടി സംരക്ഷണമേകുന്നു. എന്നാല്‍ ഫെയ്‌സ് ഷീല്‍ഡ് ആകട്ടെ മുഖത്തിന് ആകമാനം സുതാര്യമായ സംരക്ഷണം നല്‍കുകയാണ് ചെയ്യുന്നത്. ഒരു മാസ്‌ക് ധരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഒരു ഫെയ്‌സ് ഷീല്‍ഡ് ധരിക്കാം. മാസ്‌ക് ധരിക്കുമ്പോള്‍ ഇടയ്ക്ക് അതിന്റെ സ്ഥാനം മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഫെയ്‌സ് ഷീല്‍ഡിന്റെ കാര്യത്തില്‍ അങ്ങനെയൊരു റിസ്‌ക് ഇല്ല. മാസ്‌ക് ധരിച്ചതിന് ശേഷമാണ് സാധാരണ ഫെയ്‌സ് ഷീല്‍ഡ് ധരിക്കാറുള്ളത്. എന്നാല്‍ മാസ്‌ക് ധരിക്കാതെയാണ് ഫെയ്‌സ് ഷീല്‍ഡ് ധരിക്കുന്നതെങ്കില്‍ ഫെയ്‌സ് ഷീല്‍ഡിന്റെ വശങ്ങള്‍ താടിയ്ക്ക് താഴേക്കും വശങ്ങളിലേക്കും വലിച്ചുകെട്ടണം എന്നാണ് വിദഗ്‌ധോപദേശം.
ഫെയ്‌സ് ഷീല്‍ഡിന്റെ ഗുണങ്ങള്‍
കുട്ടികള്‍ ഇടയ്ക്കിടെ മുഖത്ത് സ്പര്‍ശിക്കാറുണ്ട്. ഇത്തരത്തില്‍ ഇടയ്ക്കിടെ മുഖത്ത് സ്പര്‍ശിച്ച് രോഗാണുക്കള്‍ പകരാനിടയാക്കുന്ന സാഹചര്യങ്ങളെല്ലാം ഫെയ്‌സ് ഷീല്‍ഡ് ഉപയോഗിക്കുന്നതു വഴി ഇല്ലാതാക്കാം. ഫെയ്‌സ് മാസ്‌ക്കിനേക്കാള്‍ കുട്ടികള്‍ക്ക് ഏറെ സൗകര്യം ഫെയ്‌സ് ഷീല്‍ഡായിരിക്കും. ഫെയ്‌സ് ഷീല്‍ഡുകള്‍ ഉപയോഗിക്കുന്നതു വഴി കണ്ണുകള്‍ കൂടി സുരക്ഷിതമാകുമെന്നതിനാല്‍ മ്യൂക്കോസല്‍ സ്തരം വഴിയുള്ള വൈറസ് വ്യാപനം തടയാന്‍ സാധിക്കും. കഴുകാനും വീണ്ടും ഉപയോഗിക്കാനും ഇത് എളുപ്പമാണ്. പ്രത്യേക ശ്രദ്ധ ആവശ്യം വരുന്ന കുട്ടികള്‍ക്കും പഠനവൈകല്യമുള്ള കുട്ടികള്‍ക്കും ഫെയ്‌സ് ഷീല്‍ഡാണ് കുറച്ചുകൂടി നല്ലത്. കോവിഡ് രോഗിയുടെ ശ്വാസകോശത്തില്‍ നിന്നും പുറത്തുവരുന്ന ഡ്രോപ്‌ലെറ്റുകള്‍ തടയാനും തന്നില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും ഫെയ്‌സ് ഷീല്‍ഡ് സഹായിക്കും. എന്നാല്‍ ഫെയ്‌സ് ഷീല്‍ഡുകള്‍ കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ക്ക് വളരെ പെട്ടെന്ന് അകത്തെത്താന്‍ സാധിക്കും. നവജാതശിശുക്കള്‍ക്കും ചെറിയ കുഞ്ഞുങ്ങള്‍ക്കും ഫെയ്‌സ് ഷീല്‍ഡ് ശുപാര്‍ശ ചെയ്യുന്നില്ല.
ഫെയ്‌സ് മാസ്‌ക് ധരിച്ച ശേഷം ഫെയ്‌സ് ഷീല്‍ഡ് കൂടി ധരിക്കുന്നതാണ് രോഗപകര്‍ച്ച ഒഴിവാക്കാന്‍ ആവശ്യമായ ഏറ്റവും മികച്ച മാര്‍ഗം. ഇത് മഹാമാരിയില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണമേകും. കൃത്യമായി മാസ്‌കും ഫെയ്‌സ് ഷീല്‍ഡും ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് വൃത്തിയാക്കാനും ആരോഗ്യകരമായ ആഹാരരീതി പാലിക്കാനും കുട്ടികളെ പ്രേരിപ്പിക്കണം. ഇതെല്ലാം രോഗങ്ങള്‍ അകറ്റി ആരോഗ്യത്തോടെ ജീവിക്കാന്‍ നമ്മെ സഹായിക്കും.
Content Highlights: Covid 19 Corona Virus outbreak Face mask or face shield Which is better for children, Health, KidsHealth, Parenting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..