Photo: Pixabay
മാസങ്ങള്‍ക്കുമുമ്പാണ് വയനാട്ടില്‍ മൂന്നരവയസ്സുകാരി വെള്ളം നിറച്ച ബക്കറ്റില്‍ വീണ് മരിച്ചത്. രാവിലെ കുഞ്ഞിനെ കുളിപ്പിക്കാനായി ബക്കറ്റില്‍ വെള്ളം നിറച്ചപ്പോഴാണ് സോപ്പ് എടുത്തില്ലെന്ന കാര്യം അമ്മ ഓര്‍ത്തത്. ബക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കുഞ്ഞിനോട് ആവശ്യപ്പെട്ട് അമ്മ അകത്തേക്കുപോയി. തിരിച്ചുവരുമ്പോഴേക്കും കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചുകിടക്കുന്നതാണ് കാണുന്നത്. ഒറ്റക്കുട്ടിയുള്ള വീടാണെങ്കിലും ഒന്നിലേറെ കുട്ടികള്‍ ഉണ്ടെങ്കിലും കൃത്യമായ ശ്രദ്ധ കൊടുക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് വീഴ്ച പറ്റുന്നതാണ് പല അത്യാഹിതങ്ങള്‍ക്കും കാരണം. ആറു മുതല്‍ പത്തുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഗൃഹാന്തരീക്ഷത്തില്‍ കൂടുതലും അപകടമരണങ്ങള്‍ സംഭവിക്കുന്നത്. നല്ലളത്ത് ശനിയാഴ്ച വൈകീട്ട് കളിക്കുന്നതിനിടെയാണ് അഞ്ചുവയസ്സുകാരി കിണറ്റില്‍ വീണുമരിച്ചത്. കിണറിന്റെ കമ്പിവലയില്‍ ചവിട്ടിയപ്പോള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.
പിറന്നാളിന് നാലഞ്ചുദിവസം മുമ്പാണ് അമ്മയുടെ കൈയില്‍നിന്ന് റോഡിലേക്ക് വീണ രണ്ടരവയസ്സുകാരന്‍ ഓട്ടോറിക്ഷ കയറി മരിച്ചത്. ഡോക്ടറെ കാണിച്ച് വരുന്നതിനിടെ കുറ്റ്യാടിയിലായിരുന്നു ദാരുണസംഭവം. ദമ്പതിമാരുടെ ഏകമകനാണ് മരിച്ചത്.
നാദാപുരത്ത് ഒരുവര്‍ഷം മുമ്പാണ് ഇരട്ടക്കുട്ടികളില്‍ ഒരു കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. ഏഴുവയസ്സുകാരന് ഭക്ഷണം എടുക്കാന്‍ മുത്തശ്ശി അടുക്കളയിലേക്ക് പോയതായിരുന്നു. മഴക്കാലമായതിനാല്‍ പാടത്തും പറമ്പിലും വെള്ളം നിറഞ്ഞിരുന്നു. ഭക്ഷണവുമായി തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ വീട്ടിനുള്ളില്‍ എവിടെയും കണ്ടില്ല. തിരിച്ചിലിനൊടുവില്‍ കുഞ്ഞ് പാടത്തെ വെള്ളക്കെട്ടില്‍ മരിച്ചു കിടക്കുന്നതാണ് മുത്തശ്ശി കണ്ടത്.
അടുക്കളയിലേക്കോ മറ്റോ പോയി മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചുവരുമ്പോഴേക്കും കുട്ടികള്‍ക്ക് അത്യാഹിതം സംഭവിക്കുമെന്ന് ആരും കരുതില്ല. എല്ലാ വസ്തുക്കളോടും കൗതുകം തോന്നുന്ന സമയമാണ് ബാല്യം. അതുകൊണ്ട് കാര്യത്തിന്റെ ഗൗരവമറിയാതെ കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടുകയും ചെയ്യും. ബീച്ചിലും മറ്റു തിരേക്കറിയ സ്ഥലങ്ങളിലും പോവുമ്പോള്‍ കുട്ടികളെ മറന്നുപോവുന്നതും സ്ഥിരം സംഭവമാണ്. പലപ്പോഴും വീടുകളില്‍ എത്തിയിട്ടാണ് പല രക്ഷിതാക്കളും കുട്ടികള്‍ കൂടെയില്ലാത്ത കാര്യംപോലും അറിയുക.
ഗൗരവമേറിയ ജോലികൾ വേണ്ട
രണ്ടുവര്‍ഷം മുമ്പാണ് പേരാമ്പ്രയില്‍ മണ്ണെണ്ണ ദേഹത്തുമറിഞ്ഞ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് മൂന്നാം ക്ലാസുകാരി മരിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ മൂത്തകുട്ടിയായിരുന്നു മരിച്ച കുട്ടി. അമ്മയും അച്ഛനും ജോലിക്ക് പോയാല്‍ ഇളയകുട്ടികളെ നോക്കുന്നത് അവളുടെ കടമയായിരുന്നു. അങ്ങനെ ഒരു ദിവസം അടുക്കള ജോലിക്കിടെയാണ് ദേഹത്ത് മണ്ണെണ്ണ മറിഞ്ഞത്. അടുപ്പില്‍നിന്ന് തീ കുട്ടിയുടെ ശരീരത്തില്‍ ആളിപ്പടര്‍ന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചു.

കുഞ്ഞുങ്ങളെ അടുക്കള ജോലിയടക്കമുള്ളവ ഏല്‍പ്പിക്കുന്നത് പല വീടുകളിലെയും കാഴ്ചയാണ്. പച്ചക്കറി മുറിക്കുന്നത് മുതല്‍ ഭക്ഷണം പാചകം ചെയ്യുന്ന കുട്ടികള്‍ വരെയുണ്ട്. കുട്ടികള്‍ മികച്ച വ്യക്തിത്വമുള്ളവരായി വളരണമെങ്കില്‍ ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. അതിനര്‍ഥം കളിച്ചുവളരേണ്ട പ്രായത്തില്‍ കുട്ടികളെ ഗൗരവമേറിയ ജോലികള്‍ ഏല്‍പ്പിക്കുകയെന്നതല്ല.
കാര്‍ട്ടൂണ്‍ ചാനല്‍ വെച്ചുകൊടുത്തും മൊബൈല്‍ ഫോണ്‍ നല്‍കിയും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന രക്ഷിതാക്കളാണ് ഇന്നുള്ളത്. പലപ്പോഴും കാര്‍ട്ടൂണ്‍ കണ്ട് കുഞ്ഞ് ചിരിക്കുന്നതിനിടയില്‍ ആഹാരം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു.
കുട്ടികളുടെ സുരക്ഷയെക്കുറിച്ച് സൈക്കോളജിസ്റ്റായ ഡോ. ബിന്ദു അരവിന്ദ് അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്. 'ശ്രദ്ധക്കുറവു മൂലം കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പരിമിതമായ ജീവിത സാഹചര്യം കൊണ്ട് ഓരോ കുട്ടിയിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ലെന്നത് വാസ്തവമാണ്. അത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളെക്കുറിച്ച് വളരെധികം ബോധവാന്മാരാക്കുക എന്നത് തന്നെയാണ് നമ്മുടെ മക്കളുടെ ജീവന്‍ പൊലിയാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടത്.'
Content Highlights: child safety at home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..