സ്ത്രീയും പുരുഷനും എങ്ങനെ പെരുമാറണം എന്തൊക്കെ ചെയ്യണം, അല്ലെങ്കില്‍ ചെയ്യാന്‍ പാടില്ല എന്നതിനെപ്പറ്റി ഓരോ സമൂഹത്തിലും ചില മുന്‍ധാരണകളോ വിശ്വാസങ്ങളോ ഉണ്ട്. ഇതിനെ ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പ് എന്നാണ് പറയുന്നത്. സമൂഹവും സംസ്‌കാരവും മാറുന്നതിനനുസരിച്ച് ഇതില്‍ ഒരുപാട് വ്യത്യാസമുണ്ടാകും. സ്ത്രീപുരുഷസമത്വത്തിന് പ്രാധാന്യം നല്‍കുന്ന സമൂഹത്തില്‍ പോലും അറിഞ്ഞോ അറിയാതെയോ ഇത്തരം ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറിപ്പോകാറുണ്ട്. ഇത്തരം കാര്യങ്ങള്‍ കുട്ടികളിലേക്കെത്തുമ്പോള്‍ അതവരുടെ സ്വഭാവത്തെയും മനോഭാവത്തെയും എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിനെപ്പറ്റി ധാരാളം പഠനങ്ങള്‍ മനഃശാസ്ത്രമേഖലയില്‍ നടന്നിട്ടുണ്ട്. സംസാരത്തിലോ പെരുമാറ്റത്തിലോ ഇത്തരം വിശ്വാസങ്ങള്‍ കടന്നുകൂടുന്നത് പലപ്പോഴും മാതാപിതാക്കള്‍പോലും തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം.
കുഞ്ഞ് ജനിച്ചയുടന്‍തന്നെ ആണ്‍കുട്ടിയാണെങ്കില്‍ നീലനിറത്തിലുള്ളതും പെണ്‍കുട്ടിയാണെങ്കില്‍ പിങ്ക്‌നിറത്തിലുള്ളതുമായ സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത് പുതുതലമുറയിലെ മാതാപിതാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന ട്രെന്‍ഡാണ്. നിറങ്ങളിലൂടെ ആണിനെയും പെണ്ണിനെയും വേര്‍തിരിക്കുമ്പോള്‍ ഇവിടെ തുടങ്ങുന്നു ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പിന്റെ സ്വാധീനം. നിറങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നകാലത്തുതന്നെ പിങ്ക് പെണ്‍കുട്ടികളുടെ നിറമാണ്, എനിക്ക് വേണ്ട എന്ന് ആണ്‍കുട്ടികളും ഒരു കാരണവുമില്ലാതെ നീലയെക്കാള്‍ കൂടുതലായി പിങ്കിനെ ഇഷ്ടപ്പെടാന്‍ പെണ്‍കുട്ടികളും പഠിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളായി കാറുകളും തോക്കും പന്തും വാങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ക്കായി കൂടുതല്‍ പേരും വാങ്ങുന്നത് ബാര്‍ബിയും ടെഡി ബെയറും കിച്ചണ്‍ സെറ്റുമാണ്. മാത്രമല്ല കിച്ചണ്‍ സെറ്റ് ആവശ്യപ്പെടുന്ന ആണ്‍കുട്ടിയെ കളിയാക്കുകയോ അതില്‍ നിന്ന് പിന്തിരിപ്പിച്ച് മെക്കാനിക്കല്‍ സെറ്റ് വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുമ്പോഴും പാചകം പെണ്‍കുട്ടികള്‍ മാത്രം ചെയ്യേണ്ടതാണ് എന്ന ധാരണ അവരിലേക്കെത്തുകയാണ്. അതുപോലെ കാറും ക്രിക്കറ്റ് ബാറ്റും ഇഷ്ടമാണെങ്കില്‍ കൂടി അത് ആണ്‍കുട്ടികള്‍ക്കുള്ളതാണെന്ന് കരുതി ആ ഇഷ്ടങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരാകുന്ന പെണ്‍കുഞ്ഞുങ്ങളും ഉണ്ടാകാം.
ആണ്‍കുട്ടി കരഞ്ഞാല്‍
അതുപോലെ മറ്റൊരു സ്വാധീനം ഉണ്ടാകുന്നത് കുഞ്ഞുങ്ങള്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോഴാണ്. സാധാരണമായി ആണ്‍കുട്ടികള്‍ കരയുകയോ നാണം കാണിക്കുകയോ ചെയ്യുമ്പോള്‍ 'അയ്യേ, നീ പെണ്‍കുട്ടിയാണോ' എന്ന് പലരും ചോദിക്കാറുണ്ട്. അതുപോലെ മരംകയറുകയോ ഒരുപാട് ധൈര്യംകാണിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടിയോട് നീ ആണായി ജനിക്കേണ്ടതായിരുന്നു എന്നതരത്തില്‍ പറയുന്നതും പതിവാണ്. വിഷമം വന്നാല്‍ ആണ്‍കുട്ടികള്‍ അത് പുറത്ത് കാണിക്കരുതെന്നും ദേഷ്യം പ്രകടിപ്പിക്കുന്നത് പെണ്ണിന് ചേര്‍ന്നതല്ല എന്നുമുള്ള ധാരണകള്‍ ഇതിലൂടെ കുഞ്ഞുങ്ങളിലേക്കെത്തുന്നു.
ഉത്തരവാദിത്വം പങ്കുവയ്ക്കാം
കുട്ടികള്‍ക്ക് ഉത്തരവാദിത്വങ്ങളോ ജോലികളോ നല്‍കുമ്പോഴും ഈ വ്യത്യാസം പലപ്പോഴും കാണാറുണ്ട്. വീട്ടിലെ വൃത്തിയാക്കല്‍, പാചകം തുടങ്ങിയ ജോലികള്‍ ആണ്‍കുട്ടികളെ ഏല്‍പ്പിക്കുന്നവര്‍ കുറവാണ്. അതുപോലെ കടയി പോകാനോ ഒരു ബള്‍ബ് മാറ്റിയിടാനോ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അഴിച്ചുപണിയാനോ ഉള്ള അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതും കുറവാണ്. ഇതൊക്കെ അവര്‍ക്ക് ചെയ്തുനോക്കാനെങ്കിലും അവസരം ലഭിക്കാതെപോകുന്നത് ഇത്തരം സ്റ്റീരിയോടൈപ്പ് ഉള്ളതുകൊണ്ട് മാത്രമാണ് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കുട്ടികളുടെ കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍പോലും ഇത്തരം സ്റ്റീരിയോടൈപ്പ് ഉണ്ടാകാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കുഞ്ഞുങ്ങള്‍ക്ക് വൈവിധ്യമുള്ള, എല്ലാ നിറത്തിലും തരത്തിലുമുള്ള കളിപ്പാട്ടങ്ങള്‍ നല്‍കുക. അവരുടെ ഇഷ്ടങ്ങള്‍ അവര്‍ തിരഞ്ഞെടുക്കട്ടെ.
- വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടത് ലിംഗഭേദമന്യേ മനുഷ്യരുടെ ആവശ്യമാണ്. ദേഷ്യവും സങ്കടവുമൊക്കെ ആരോഗ്യകരവും നിയന്ത്രിതവുമായി പ്രകടിപ്പിക്കേണ്ട രീതികള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അറിഞ്ഞിരിക്കേണ്ടതാണ്.
- കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ താത്പര്യത്തിനും കഴിവിനും പ്രാധാന്യം നല്‍കുക.
(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Why it is said that pink is for girls and blue is for boys Gender Stereotypes in Children, Health, Kids Health, Parenting