കുഞ്ഞുമക്കള്‍ക്ക് ഇത് കൊറോണക്കാലം മാത്രമല്ല, അവര്‍ ഏറെ സന്തോഷിച്ചു കാത്തിരുന്ന അവധിക്കാലം കൂടിയാണ്, പക്ഷേ, ഇത്തവണത്തെ അവധിക്കാലത്തിന് പ്രത്യേകതകള്‍ ഏറെയായിപ്പോയി അല്ലേ? ഒന്നാമത് വളരെ മുമ്പേ തുടങ്ങി. ഏകദേശം മൂന്നു മാസം കിട്ടും! പക്ഷേ, അതിന്റെ പ്രശ്‌നമോ?! ഈ കാലത്ത് ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി എന്നതുതന്നെ! ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ വീടുകളില്‍ ഒതുങ്ങുകയാണിപ്പോള്‍? ഒന്ന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല, കളിക്കാന്‍ അച്ഛനമ്മമാര്‍ വിടുന്നുണ്ടാകില്ല. ഈ അവധിക്കാലം കുട്ടികളെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമാകില്ല എന്നുറപ്പാണ്. ചില നിയന്ത്രണങ്ങള്‍ അനിവാര്യമായതുകൊണ്ട് തന്നെ നമുക്ക് അനുസരിച്ചേ മതിയാകൂ. എങ്കില്‍ കൂടിയും കുട്ടികളെ കുറച്ചുകൂടി ഉന്മേഷവാന്മാരാക്കാന്‍ നമുക്കെന്ത് ചെയ്യാമെന്ന് ഒന്ന് നോക്കാം.

ക്രിയാത്മകമായി എന്തുചെയ്യാം?

എല്‍.കെ.ജി./ യു.കെ.ജി. പ്രായത്തിലുള്ള കുട്ടികള്‍

പലരും ചെയ്യാറുള്ളത് ടി.വി. ഓണ്‍ ചെയ്തു കൊടുത്ത അവനവന്റെ ജോലികളില്‍ മുഴുകുകയാണ്. ഈ മൂന്നു മാസം നിങ്ങള്‍ ഇതാണ് ചെയ്യുന്നതെങ്കില്‍ തുടര്‍ന്നും കുട്ടികള്‍ ആവര്‍ത്തിക്കും! അപ്പോള്‍ പരാതിപ്പെട്ടിട്ടു കാര്യമില്ല എന്ന് സാരം. കാരണം ശീലങ്ങള്‍ ഉണ്ടായിവരുന്ന പ്രായമാണിത്. അതുകൊണ്ട് ടി.വി., മൊബൈല്‍ എന്നിവയില്‍നിന്ന് അവരെ അകറ്റിനിര്‍ത്താന്‍ ഈ സമയത്ത് നാം പ്രത്യേകം ശ്രദ്ധിക്കണം.

പിന്നെന്തുചെയ്യും എന്നത് വലിയൊരു ചോദ്യം തന്നെയാണ്. അതിനു നമ്മള്‍കൂടി കുറച്ചു കഷ്ടപ്പെടണം. നമ്മുടെ കുറച്ചു സമയം അവര്‍ക്കായി മാറ്റിവെക്കണം.

1. ചെറിയ കഥാപുസ്തകങ്ങള്‍ വായിച്ചു കൊടുക്കാം. പഞ്ചതന്ത്രകഥകള്‍, ഈസോപ്പ് കഥകള്‍ പോലൊക്കെയുള്ള ഗുണപാഠകഥകള്‍ അവയില്‍ ഉള്‍പ്പെടുത്താം. ഇത് അവരില്‍ സദ്ചിന്തകള്‍ ഉണര്‍ത്തുമെന്നതില്‍ സംശയമില്ല.

2. ചിത്രം വരയ്ക്കാനുള്ള ഒരു പുസ്തകവും കുറച്ചു കളര്‍ പെന്‍സിലുകളും വാങ്ങിക്കൊടുക്കാം. അവര്‍ കാണുന്ന എന്തും വരയ്ക്കട്ടെ! ഓരോ വര കഴിയുമ്പോഴും നിങ്ങള്‍ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുക. മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സ്‌നേഹത്തോടെ പറഞ്ഞുകൊടുക്കുക.

3. ചിത്രങ്ങള്‍ കളര്‍ ചെയ്യാനുള്ള പുസ്തകങ്ങളും വാങ്ങിക്കൊടുക്കാം. ഇതെല്ലാം അവരുടെ ഭാവനാശക്തിയെ ഉണര്‍ത്തുന്നതാണ്. വാട്ടര്‍ കളറുകളുമാകാം. കുറച്ചൊക്കെ വീട് അലങ്കോലമാകും കേട്ടോ. സാരമില്ലെന്നേ.

4. പിന്നെ അവരെ നിങ്ങള്‍ ചെയ്യുന്ന പണികളില്‍ കൂടി പങ്കാളികളാക്കാം. ഉദാഹരണത്തിന് നിങ്ങള്‍ വീട് വൃത്തിയാക്കുകയാണെന്ന് കരുതുക. അവര്‍ കൂടി കൂടട്ടെ! ഭാവിയിലും സ്വന്തം സ്ഥലവും സാധനസാമഗ്രികളും വൃത്തിയാക്കിെവക്കാന്‍ ഇത് അവരെ സഹായിക്കും. അതുമാത്രമല്ല അത് സ്വന്തം ഉത്തരവാദിത്വമാണെന്ന് കൂടി അവര്‍ക്ക് മനസ്സിലാകും. ഇതില്‍ ഒരു ആണ്‍/പെണ്‍ വ്യത്യാസവുമില്ല. അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കുഞ്ഞുകുഞ്ഞു ജോലികള്‍ അവരെ ഏല്‍പ്പിക്കുക.

5. ചെറിയ പൂന്തോട്ടമോ പച്ചക്കറിത്തോട്ടമൊ ഒക്കെ ഉണ്ടാക്കാം. അവര്‍ മണ്ണിലിറങ്ങി ശീലിക്കട്ടെ. ഒരു ചെറിയ ജൈവകൃഷി നമ്മുടെ ടെറസ്സിലോ അടുക്കളഭാഗത്തോ അവരെക്കൂടി കൂട്ടി തുടങ്ങുക. പ്രകൃതിയോട് അവരെ അടുപ്പിക്കുക. ദിവസവും വെള്ളമൊഴിക്കാനും പരിപാലിക്കാനും പരിശീലിപ്പിക്കുക. ആ ജോലി അവരെ ഏല്‍പ്പിക്കുക. അതില്‍ നിന്നുമുണ്ടാകുന്ന വിളവ് കാണുമ്പോള്‍ അവരുടെ മുഖത്തെ സന്തോഷം ഒന്ന് സങ്കല്പിച്ചു നോക്കിയേ!

6. കംപ്യൂട്ടര്‍ ഗെയിം, മൊബൈല്‍ ഗെയിം എന്നിവയില്‍നിന്ന് അവരെ അകറ്റി നാം പണ്ട് കളിച്ചിരുന്ന കളികളിലേക്ക് കൊണ്ടുവരാന്‍ ഒന്ന് ശ്രമിക്കാവുന്നതാണ്. ഓലകള്‍ കൊണ്ടുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും മണ്ണപ്പവുമൊക്കെ തിരിച്ചുവരട്ടെ അല്ലേ? കുട്ടികളുടെ സുരക്ഷ അപ്പോഴും ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. പൊന്തക്കാടുകളിലേക്കും വിജനമായ സ്ഥലത്തേക്കുമൊന്നും അവര്‍ പോകാതെ ഒരു കണ്ണ് എപ്പോഴും വേണം.

7. ഇന്നത്തെ ഏറ്റവും വലിയ ഒരു പ്രശ്‌നം തൊട്ടടുത്ത വീട്ടിലെ കുട്ടികള്‍ക്ക് വരെ പരസ്പരം അറിയില്ല എന്നതാണ്. അയല്പക്കത്തെ മൂന്നോ നാലോ വീട്ടിലെ സമപ്രായക്കാര്‍ ഒരുമിക്കുന്നത് നല്ല ഒരു തുടക്കമായിരിക്കും. ഓരോ ദിവസവും ഓരോ വീട്ടില്‍ ആയാല്‍ അത്രയും നല്ലത്. കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് ഈ സമയത് അഭികാമ്യമല്ലെങ്കിലും മൂന്നോ നാലോ പേര്‍ ഒരുമിച്ചു കളിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഇതില്‍ ആര്‍ക്കെങ്കിലും ചുമയോ പനിയോ ഒക്കെ ഉണ്ടെങ്കില്‍ മാറി നില്‍ക്കണം. അത്രേയുള്ളൂ.

കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ക്കോ?

പത്തു വയസ്സിനു മുകളിലാണെങ്കിലും മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ബാധകമാണ്. അവര്‍ക്ക് നമ്മള്‍ കഥാപുസ്തകങ്ങള്‍ വായിച്ചു കൊടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കുറെയൊക്കെ കാര്യങ്ങള്‍ അവര്‍ സ്വയം ചെയ്തുകൊള്ളും. നമ്മുടെ പണി കുറവാണ് ഒരു പരിധി വരെ.

പക്ഷേ, ഇക്കൂട്ടരെ മുഴുവനായും മൊബൈലില്‍ നിന്നും ടി.വി.യില്‍നിന്നും അകറ്റിനിര്‍ത്തല്‍ പ്രയോഗികമാകണമെന്നില്ല. അതൊക്കെ അവരുടെ ശീലമായി മാറിയിട്ടുണ്ടാകും ഇപ്പോഴേക്കും. അതുകൊണ്ടു തന്നെ ഒഴിവാക്കണമെന്നില്ല. പക്ഷേ, ഒരു നിശ്ചിതസമയം മാത്രം അതിനായി മാറ്റിെവക്കുക. ഒരു ദിവസം ഒരു മണിക്കൂര്‍. ഒരിക്കലും അമിതമാകരുത്.

വായനശീലം വളര്‍ത്തുക: ഇവര്‍ക്കും വായിക്കാനുള്ള പുസ്തകങ്ങള്‍ കൊടുക്കാം. അവരുടെ അഭിരുചി കൂടി പരിഗണിക്കണമെന്ന് മാത്രം. അതനുസരിച്ചു സാഹിത്യമോ കഥകളോ ചെറിയ നോവലുകളോ ഒക്കെയാവാം. പുസ്തകങ്ങളെ അവരുടെ കൂട്ടുകാരാക്കാനുള്ള ഒരു നല്ല അവസരമാണിത്. നല്ല പുസ്തകങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്താനും. നാട്ടിലെ ലൈബ്രറിയില്‍ അംഗത്വമുണ്ടെങ്കില്‍ അവരെയും അതിലേക്ക് കൊണ്ടുവരാം. അവിടെ ഇരുന്നു വായിക്കാതെ വിവിധ പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊണ്ട് വരാമല്ലോ.

ദിവസവും ഒരു വിഷയം വായിക്കാന്‍ പറയുന്നത് നല്ല ആശയമായിരിക്കും. അതിനെക്കുറിച്ച് അവര്‍ക്ക് വേണമെങ്കില്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യാം. അപ്പോള്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ സമ്മതിക്കുന്നില്ല എന്ന പരാതിയും മാറും! എന്നാല്‍, ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള നല്ല പ്രവൃത്തികള്‍ക്കാണ് താനും! ഉദാഹരണത്തിന് 'കൊറോണ വൈറസ്' എന്ന ഒരു വിഷയം കൊടുക്കൂ. അവര്‍ അതിനെക്കുറിച്ച് വാചകങ്ങള്‍ ഉണ്ടാക്കട്ടെ. പറ്റുമെങ്കില്‍ വൈകീട്ട് അവര്‍ ശേഖരിച്ച വിവരങ്ങള്‍ നിങ്ങളുടെ മുമ്പില്‍ ഒരു ലഘുപ്രസംഗംപോലെ പറയട്ടെ. ഇതുകൊണ്ട് പല ഗുണങ്ങളുണ്ട്. കുട്ടികളുടെ പൊതുവിജ്ഞാനം കൂടും. അവര്‍ക്ക് മടി കൂടാതെ നാലുപേരുടെ മുമ്പില്‍ സംസാരിക്കാനുള്ള ആത്മവിശ്വാസവും ലഭിക്കും. പറ്റുമെങ്കില്‍ ഒരു ചെറിയ പുസ്തകത്തില്‍ അവര്‍ ഓരോ വിഷയത്തെക്കുറിച്ചും ശേഖരിക്കുന്ന വിവരങ്ങള്‍ കുറിച്ചിടാന്‍ പറയുക. അത് ഭാവിയില്‍ ഗുണം ചെയ്യും.

വീട്ടിലെ ജോലികളുടെ ഉത്തരവാദിത്വം ഇവര്‍ക്കും കൊടുക്കണം. മുകളില്‍ പറഞ്ഞപോലെത്തന്നെ. പ്രായത്തിനനുസരിച്ച് ഏല്‍പ്പിക്കുന്ന ജോലികളുടെ ഗൗരവവും മാറ്റാം. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ അവരെ പതുക്കെ പ്രാപ്തരാക്കണം.

മുതിര്‍ന്ന കുട്ടികളെ, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അടുക്കളയില്‍ കയറ്റി ശീലിപ്പിക്കുന്നതും നല്ലതുതന്നെ. അത്യാവശ്യത്തിനു സ്വയം പാകംചെയ്യാന്‍ എല്ലാ കുട്ടികളും അറിഞ്ഞിരിക്കണം.

അതുകൂടാതെ അമ്മയെ അടുക്കളയില്‍ സഹായിക്കുന്നത് അടുക്കളപ്പണി എന്തോ മോശം ജോലിയാണെന്ന ധാരണയും മാറ്റും! ഇതെല്ലാം സ്ത്രീകള്‍ക്ക് മാത്രം പറഞ്ഞ പണികളെല്ലെന്നും പരസ്പരം സഹായിച്ചാണ് വീട്ടിലെ എല്ലാ ജോലികളും എടുക്കേണ്ടതെന്നുമുള്ള വലിയൊരു പാഠം ഇത് ആണ്‍കുട്ടികളെ പഠിപ്പിക്കും. അടുക്കളയിലെ പാത്രം കഴുകലും വൃത്തിയാക്കലുമെല്ലാം അവര്‍ ചെയ്തുപഠിക്കട്ടെ!

പച്ചക്കറിത്തോട്ടവും പൂന്തോട്ടവുമൊക്കെ ഇവര്‍ക്കും പയറ്റാം കേട്ടോ! മുതിര്‍ന്ന കുട്ടികളായതുകൊണ്ട്, ഹോബികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടല്ലോ. ഇല്ലെങ്കില്‍ അവരുടെ അഭിരുചിയനുസരിച്ചു ഒന്നുതുടങ്ങാന്‍ നിര്‍ദേശിക്കാം. വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാം.

കുട്ടികളെ ഭയപ്പെടുത്തരുത്

ചില കുട്ടികള്‍ അനാവശ്യമായി ഭീതിയില്‍ കൂടി ആണെന്ന് ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. നിപ, പ്രളയം, ഇപ്പോള്‍ കൊറോണ...! അവരെ സമാധാനമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം.

ആര്‍ക്കെങ്കിലും അമിതമായി ഭയപ്പാടുണ്ടെങ്കില്‍ അതിനുവേണ്ട കൗണ്‍സ ലിങ് കൊടുക്കാന്‍ മറക്കല്ലേ. കുട്ടികളാണെങ്കിലും അവര്‍ക്കും അവരുടേതായ ആശങ്കകള്‍ കാണാം. അവയെ അവഗണിക്കരുത്.

അങ്ങനെ ഒക്കെ നമ്മുടെ കുട്ടികള്‍ ക്രിയാത്മകമായി ഈ അവധി ആഘോഷിക്കട്ടെ! ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു, ഈ അവധി നമുക്ക് ട്രിപ്പ് പോവാനോ ചുറ്റിനടക്കാനോ ഉള്ളതല്ല. സുരക്ഷിതരായി വീട്ടില്‍ ഇരിക്കാനാണ്‍ അതുകൊണ്ടു നമ്മുടെ കുട്ടികള്‍ വീട്ടിലിരിക്കട്ടെ.

Content Highlights: Parenting during coronavirus