ണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വൈകാരികതലങ്ങള്‍ വ്യത്യസ്തമാണ്. അതിനനുസരിച്ചുതന്നെ വ്യത്യസ്തമാണ് അവര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന രീതികളും. ഒരാള്‍ തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നരീതിയനുസരിച്ചാണ് നമ്മളില്‍ അവരെക്കുറിച്ചുള്ള അഭിപ്രായങ്ങളും ധാരണകളും സാധാരണയായി രൂപപ്പെടുന്നതും.

പുരുഷന്‍ കരഞ്ഞാലെന്താണ്?

സമൂഹമെന്ന നിലയില്‍, ചില പെരുമാറ്റരീതികള്‍ സ്വീകാര്യവും മറ്റു ചിലത് അസ്വീകാര്യവുമാണെന്ന് നേരത്തേത്തന്നെ നമ്മള്‍ ധരിച്ചുവെച്ചിട്ടുണ്ട്. കൗമാരക്കാരന്‍ അല്ലെങ്കില്‍ ഒരു പുരുഷന്‍ കരയുന്നതും തന്റെ വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതുമെല്ലാം പരിഹാസ്യമാണിവിടെ. ഇത്തരം സാമൂഹിക നിബന്ധനകളാല്‍ ചുറ്റിവരിയപ്പെട്ടിട്ടുള്ളതിനാല്‍, ദുര്‍ബലമെന്ന് പൊതുവേ വിളിക്കപ്പെടുന്ന വികാരങ്ങളെ അടക്കി, ഒളിപ്പിച്ചു പിടിക്കാനും ശക്തരും പൗരുഷമുള്ളവരുമായി സ്വയം അവതരിപ്പിക്കാനും പുരുഷന്മാരും ആണ്‍കുട്ടികളും നിര്‍ബന്ധിതരാവുന്നു. ഇത്തരം അനാവശ്യവും അനാരോഗ്യകരവുമായ പ്രവണതകളെ പാടേ ഇല്ലാതാക്കണം.

തങ്ങളുടെ വികാരങ്ങളും ഭയവും സത്യസന്ധമായി പ്രകടിപ്പിക്കുന്നത് ആരോഗ്യകരമാണെന്ന് പുരുഷന്മാര്‍ തിരിച്ചറിയണം. സ്ത്രീ പുരുഷഭേദമെന്യേ, പ്രായഭേദമെന്യേ അത് എല്ലാവരും അംഗീകരിക്കാന്‍ തയ്യാറാകണം.

അണുകുടുംബങ്ങളിലെ ആത്മഹത്യകള്‍

ഇത്തരം അടക്കിവെക്കലുകള്‍ ആണ്‍കുട്ടികളിലും പുരുഷന്മാരിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവനവന്റെ വികാരങ്ങളെ പൂര്‍ണമായും സത്യസന്ധമായും പ്രകടിപ്പിക്കുന്നതിനുള്ള അവകാശവും അവസരവും നാമവര്‍ക്ക് നിഷേധിക്കുകയാണ്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള സാമൂഹിക രൂപകല്പനയും അതുണ്ടാക്കുന്ന സമ്മര്‍ദവും ഉത്കണ്ഠ, വിഷാദം, ആത്മഹത്യാപ്രവണത, മറ്റ് വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവ വര്‍ധിക്കുന്നതിലെ പ്രധാന ഘടകങ്ങളാണ്. ഇത് സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും അപകടാവസ്ഥയിലേക്ക് നയിക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളില്‍ കേരളത്തിലുണ്ടായ ആത്മഹത്യകളുടെ കണക്കുകള്‍ നമ്മള്‍ കണ്ടും വായിച്ചും അറിഞ്ഞിട്ടുള്ളതാണ്. ആത്മഹത്യ ചെയ്ത, 18 വയസ്സില്‍ത്താഴെയുള്ള കുട്ടികളില്‍ ഭൂരിഭാഗവും സ്വന്തം വീടുകളില്‍ മാതാപിതാക്കള്‍ക്കൊപ്പംതന്നെ താമസിച്ചിരുന്നവരും അതില്‍ ഭൂരിഭാഗവും അണുകുടുംബങ്ങളില്‍ നിന്നുള്ളവരുമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് അവരെ നയിച്ച ഘടകങ്ങളെന്തെന്ന് ആഴത്തില്‍ പഠിക്കേണ്ട സമയമാണിത്. വീട്ടിനുള്ളില്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം ദിനംചെല്ലുംതോറും ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് ഇതിനകംതന്നെ വ്യക്തമായ വസ്തുതയാണ്.

കൂട്ടുകുടുംബവും കുടിയേറ്റവും

ഒരാള്‍ വളര്‍ന്നുവരുന്ന രീതിയിലും അയാളുടെ സ്വഭാവരൂപവത്കരണത്തിലും തലമുറ വ്യത്യാസം വലിയ പങ്കുവഹിക്കുന്നുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥ സാധാരണയായിരുന്ന അമ്പതുകളും എണ്‍പതുകളിലുമെല്ലാം മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ അധികം സമയമുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഒരുപക്ഷേ, ബന്ധുക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിവിധ പ്രായത്തിലുള്ളവര്‍ ഒരേ ഇടത്തില്‍ കഴിഞ്ഞിരുന്ന അക്കാലത്ത് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. മാതാപിതാക്കളും ബന്ധുക്കളും കുട്ടികളോട് ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ നടത്തുന്ന സ്‌നേഹവികാരസാന്ത്വന പ്രകടനങ്ങള്‍ അപൂര്‍വവുമായിരുന്നെന്ന് മാത്രമല്ല, അത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല. പരസ്യ സ്‌നേഹപ്രകടനം, എന്തിന് പങ്കാളികള്‍ തമ്മില്‍ കൈപിടിച്ചു നടക്കുന്നതുപോലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന കാലം. എങ്കിലും വിവിധ പ്രായക്കാര്‍ ഒന്നിച്ചു താമസിക്കുന്നതിനാല്‍ കൂട്ടുകുടുംബങ്ങളില്‍ പരസ്പരസ്‌നേഹവും പിന്തുണയും നിലനിന്നു. ഒറ്റപ്പെടുന്നുവെന്ന് തോന്നുമ്പോള്‍ അവര്‍ കൂട്ടുകാര്‍ക്കിടയില്‍ ആശങ്കകള്‍ പങ്കുവെച്ചു. രക്ഷിതാക്കളുടെയോ മുതിര്‍ന്നവരുടെയോ ശ്രദ്ധയില്‍പ്പോലുമെത്തിക്കാതെ കുട്ടികളുടെ കൂട്ടം അതവിടെത്തന്നെ പരിഹരിക്കുകയും ചെയ്തിരുന്നു.

തൊണ്ണൂറുകള്‍ മുതല്‍, വിദ്യാഭ്യാസമുള്ള യുവത്വം കൂട്ടുകുടുംബങ്ങളില്‍നിന്ന് മറ്റു നഗരങ്ങളിലേക്കും വിദേശത്തേക്കും പറിച്ചുനടപ്പെട്ടതോടെ കാര്യങ്ങള്‍ മാറി. കുടുംബങ്ങളില്‍ അതുണ്ടാക്കിയ പ്രതിഫലനം ലഘൂകരിക്കാനുള്ള സംവിധാനങ്ങളും രീതികളും സ്വീകരിക്കുന്നതില്‍ നാം പരാജയപ്പെട്ടു.

പുതിയയിടങ്ങളില്‍ സുഹൃത്തുക്കളില്ലാത്തത്, ആശയവിനിമയത്തിലെ പാളിച്ച, പുതിയജോലിയും സംസ്‌കാരവും നല്‍കുന്ന സമ്മര്‍ദവുമെല്ലാം കുറച്ചധികം പേരെ വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും തള്ളിവിട്ടു. തലമുറകള്‍ക്കിടയിലെ മാനസികാവസ്ഥയുടെയും പ്രത്യയശാസ്ത്രങ്ങളുടെയും വിടവ് വര്‍ധിച്ചതോടെ തലമുറഭേദമെന്നു പറയുന്നത് വെറും അഞ്ചോ ആറോ വര്‍ഷം മാത്രമായി ചുരുങ്ങി. അതായത് ഒരു വീട്ടിനുള്ളില്‍ത്തന്നെ നമുക്ക് രണ്ടോ മൂന്നോ തലമുറകളുണ്ടെന്നര്‍ഥം.

പുതിയരീതികളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ മുതിര്‍ന്ന തലമുറയ്ക്കായില്ല. തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നലിലേക്ക് അതവരെ നയിച്ചു. മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നത് നമ്മള്‍ കണ്ടു.

മനോഭാവം മാറണം

സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നതിനും പ്രശ്‌നങ്ങള്‍ പങ്കുവെക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ നാം തയ്യാറാകണം. മാതാപിതാക്കളുടെ രീതികളും സംവിധാനങ്ങളും പിന്തുടരാന്‍ കുട്ടികള്‍ക്കുമേല്‍ എത്രത്തോളം സമ്മര്‍ദം ചെലുത്തുന്നോ അത്രയുംതന്നെ ചെറുത്തുനില്‍ക്കാന്‍ അവരും ശ്രമിക്കും. അതിനാല്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നതരത്തില്‍ തങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ശാരീരികമായും മാനസികമായും കുട്ടികളോടുള്ള സ്‌നേഹവും അടുപ്പവും രക്ഷിതാക്കള്‍ പ്രകടിപ്പിച്ചേ തീരൂ. വികാരങ്ങളും സ്‌നേഹവും അടുപ്പവും പ്രകടിപ്പിക്കുകയെന്നത് സ്വാഭാവികമാകണം.

(സാമൂഹികവൈകാരിക പഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ് ലേഖിക) 

Content Highhlights: Parenting and its Effects on Children