ന്യൂഡല്‍ഹി: കുട്ടികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിം വ്യാപകമാകുന്നത് ആത്മഹത്യകളിലേക്കടക്കം നയിക്കുന്ന സാചര്യത്തില്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. കളിക്കുന്നതിനിടെ ഗെയിമില്‍ അസ്വഭാവികത തോന്നിയാല്‍ ഉടന്‍ കളി അവസാനിപ്പിച്ച്, അവസാനം കണ്ട സ്‌ക്രീന്‍ ഷോട്ടെടുക്കാന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കണം, ഗെയിമിനിടെ അപരിചിതര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറരുത് തുടങ്ങി കുട്ടികള്‍ ഗെയിം കളിക്കുമ്പോള്‍ അച്ഛനമ്മമാരും അധ്യാപകരും സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് നല്‍കിയിരിക്കുന്നത്. ചില ഗെയിമുകളോടുള്ള അമിതാഭിമുഖ്യം ജീവന്‍പോലും അപകടത്തിലാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലത്തിന്റെ നിര്‍ദേശം.

കുട്ടികള്‍ ചെയ്യേണ്ടത്

 • കളി അച്ഛനമ്മമാരുടെ സാന്നിധ്യത്തില്‍ മാത്രം മതി.
 • ഗെയിമില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശരിയായ പേരും വിവരങ്ങളും നല്‍കരുത്.
 • അനൗദ്യോഗിക വെബ്സൈറ്റുകളില്‍നിന്ന് ഗെയിം ഡൗണ്‍ലോഡ് ചെയ്യരുത്.
 • കളിക്കുന്ന ഉപകരണത്തില്‍ ആന്റി -വൈറസ്, പാരന്റ് കണ്‍ട്രോള്‍ ഫീച്ചേഴ്സ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.
 • കളിക്കിടെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന മെസേജുകളോ സംസാരമോ സഹകളിക്കാരില്‍ നിന്നുണ്ടായാല്‍ അത് റെക്കോഡ് ചെയ്യണം.
 • ഗെയിമിനിടെ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
 • ഇമേജുകളെയും പോപ്പ്- അപ്പുകളെയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.

അച്ഛനമ്മമാരും അധ്യാപകരും ചെയ്യേണ്ടത്

 • ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണ നല്‍കണം.
 • അപരിചിതരില്‍നിന്ന് കുട്ടികള്‍ക്കെത്തുന്ന ഫോണ്‍കോളുകള്‍, മെസേജുകള്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ എന്നിവയുടെ ഉറവിടം നിരീക്ഷിച്ച് ഉറപ്പുവരുത്തണം.
 • എന്ത് ഗെയിമാണ് കുട്ടികള്‍ കളിക്കുന്നതെന്നും അവരുടെ പ്രായത്തിനനുസരിച്ചുള്ള ഘടകങ്ങള്‍ മാത്രമാണോ അതിലുള്ളതെന്നും പരിശോധിക്കണം.
 • ശരീരചലനങ്ങള്‍ കൂടി ആവശ്യമുള്ള വീഡിയോ ഗെയിമുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതുപോലെ ശ്രദ്ധ, പ്രശ്‌നപരിഹാരം മുതലായ കഴിവുകള്‍ മെച്ചപ്പെടുന്ന തരത്തിലുള്ള ഗെയിമുകളും ഉണ്ട്. അത്തരം ഗെയിമുകള്‍ തരിഞ്ഞെടുക്കാന്‍ നിര്‍ദേശിക്കാം.
 • അമിത ദേഷ്യം, പെട്ടെന്നുള്ള ഉള്‍വലിവ്, പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ താത്പര്യകുറവ് തുടങ്ങി കുട്ടിയുടെ സ്വഭാവത്തിലെ ചെറിയമാറ്റങ്ങള്‍ പോലും കണ്ടെത്തി ആവശ്യമെങ്കില്‍ കൗണ്‍സലറുടെയോ ഡോക്ടറുടെയോ സഹായം തേടണം.
 • മണിക്കൂറുകളോളം ഓണ്‍ലൈന്‍ ഗെയിമില്‍ സമയം ചെലവഴിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.

Content Highlights: Online game; Ministry of Education asked to monitor children