കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോകേണ്ട സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരം അവസരങ്ങളില്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളെക്കുറിച്ച് അറിയാം.
- എട്ടുവയസ്സോ അതിന് താഴെയോ പ്രായമായ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകരുത്.
- രക്ഷിതാക്കള്‍ എത്തുന്നതിന് മുന്‍പ് സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തുന്ന കുട്ടികള്‍ സുരക്ഷിതരാണോ എന്ന് വിളിച്ച് ഉറപ്പുവരുത്തുക.
- കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുമ്പോള്‍ ഡോര്‍ തുറന്ന് കിടക്കുന്നതോ, ജനല്‍ ചില്ല് പൊട്ടിയതായോ മറ്റോ കണ്ടാല്‍ വീട്ടിനുള്ളിലേക്ക് കയറാതെ വിശ്വസിക്കാന്‍ പറ്റുന്ന അയല്‍ക്കാരുടെ അടുത്ത് ചെന്ന് രക്ഷിതാക്കളെ വിളിക്കാന്‍ നിര്‍ദേശിക്കുക.
- അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കാനുള്ള ഫോണ്‍ നമ്പറുകള്‍ (രക്ഷിതാക്കളുടെ നമ്പര്‍, കുടുംബാംഗങ്ങളുടെ നമ്പര്‍, വിശ്വസിക്കാന്‍ പറ്റുന്ന അയല്‍ക്കാരുടെ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പര്‍) കുട്ടിക്ക് കാണത്തക്കവിധത്തില്‍ വെക്കുകയും അതേക്കുറിച്ച് ഓര്‍മപ്പെടുത്തുകയും വേണം.
- എന്തെങ്കിലും സാധനങ്ങള്‍ തരാനാണെന്ന് പറഞ്ഞ് അപരിചിതര്‍ വീട്ടില്‍ വന്നാല്‍ കതക് തുറക്കരുത്. വാതിലിന്റെ മുന്‍പില്‍ വെച്ച് പൊയ്‌ക്കോളു എന്നു പറയാന്‍ പ്രേരിപ്പിക്കുക.
- അച്ഛനമ്മമാര്‍ വീട്ടില്‍ ഇല്ലേ എന്ന് ചോദിച്ച് അപരിചിതരുടെ ഫോണ്‍ വരുമ്പോള്‍ രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ല എന്ന് പറയുന്നതിന് പകരം അവര്‍ കുറച്ചു തിരക്കിലാണ്, പേര് പറഞ്ഞാല്‍ തിരിച്ചു വിളിക്കാന്‍ പറയാം എന്നു പറയുക.
- കുട്ടികള്‍ വീടിന് പുറത്തേക്ക് രക്ഷിതാക്കളുടെ അനുവാദമില്ലാതെ പോകരുത്. ഇനി പോകണമെങ്കില്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ മടങ്ങിവരുമെന്നും കൃത്യമായി പറയണം. പറഞ്ഞ സമയത്ത് കുട്ടി തിരിച്ചെത്തിയോ എന്ന് ഉറപ്പാക്കുകയും വേണം.
- രക്ഷിതാക്കള്‍ ഇല്ലാത്ത സമയം കുട്ടി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടോ, കൂട്ടുകാരെ വിളിച്ചു വരുത്തുന്നുണ്ടോ മുതലായ കാര്യങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
- ഫോണ്‍, ലോക്കുകള്‍, അടുക്കള സാധനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ കുട്ടിക്ക് അറിയുമെന്ന് ഉറപ്പാക്കണം.
- മാതാപിതാക്കള്‍ ഇല്ലാത്ത സമയം വീട്ടില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും സ്‌നേഹപൂര്‍വം ചോദിച്ചറിയുക. കുട്ടി ഒറ്റയ്ക്കിരിക്കാന്‍ ഭയം പ്രകടിപ്പിക്കുകയോ അടുത്തിടപഴകിയിരുന്ന ബന്ധുക്കളോടോ അയല്‍ക്കാരോടോ ഇടപഴകാന്‍ ഭയം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുക.
- കുട്ടികളുടെ ചെറിയ തെറ്റുകള്‍ക്ക് അവരെ അനാവശ്യമായി കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. സ്‌നേഹപൂര്‍വം അവരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. അല്ലാത്തപക്ഷം വീട്ടില്‍ നടക്കുന്ന പല കാര്യങ്ങളും തുറന്നു പറയുവാന്‍ കുട്ടി ഭയപ്പെടും.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി.ടി. സന്ദീഷ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, കോഴിക്കോട്

ആരോഗ്യമാസിക വാങ്ങാം
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: kids care you needs to know, kids care, parenting