ആലപ്പുഴ: പഠനങ്ങള്‍ എളുപ്പമാക്കുന്ന ഓണ്‍ലൈന്‍ പഠനങ്ങള്‍ വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നു. പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിലൂടെ കുരുക്കിലാകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലാ വുമണ്‍സെല്ലില്‍ കൗണ്‍സലിങ്ങിനായി എത്തുന്നത് നിരവധിപേരാണ്. മക്കളുടെ മൊബൈല്‍ മാനിയ അകറ്റുന്നതിനാണ് കുട്ടികളുമായി മാതാപിതാക്കള്‍ വുമണ്‍ സെല്ലില്‍ എത്തുന്നത്. വിഷയങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും ഞെട്ടലാണ്.

അശ്ലീല സന്ദേശങ്ങള്‍ കൈമാറുക, ലൈംഗിക രംഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് ഏറെയും. അതും വെറും ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികളിലാണ് ഇത്തരം വിഷയമേറെയുള്ളത്. മാതാപിതാക്കള്‍ക്ക് പരിഹരിക്കാന്‍ കഴിയാതെ പോകുമ്പോഴാണ് കൗണ്‍സലര്‍മാരുടെ സഹായം തോടുന്നത്. 2019ല്‍ നൂറോളം കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് പത്തോളം കേസുകളാണ് വുമണ്‍ സെല്ലില്‍ എത്തിയത്.

വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്ന്...

എന്തും ഏതും ആര്‍ക്കും സന്ദര്‍ശിക്കാന്‍ കഴിയുംവിധമുള്ള ഇന്റര്‍നെറ്റ് സംവിധാനം വിദ്യാര്‍ഥികളെ വലയില്‍ കുടുക്കുന്നു.

പഠനമെന്ന് കരുതി അടിച്ചിട്ടമുറിക്കുള്ളില്‍ മൊബൈല്‍ ഫോണുമായുള്ള ഇരിപ്പ്. പതിവായി ഒരേ സമയം മടുപ്പില്ലാത്ത പഠനം. പിന്നീട് ഇത് ചോദ്യം ചെയ്താല്‍ മാതാപിതാക്കളോട് അമിതദേഷ്യം. ആ സാഹചര്യത്തില്‍ മാനസിക പിന്തുണ നല്‍കുന്ന ഓണ്‍ലൈന്‍ സുഹൃത്ത് പിന്നീട് ആശ്വാസമേകുന്നു. ഇത് മറ്റൊരു ബന്ധത്തിലേക്ക് വഴിവെയ്ക്കുന്നു. ഇതാണ് പലരുടെയും പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

എല്ലാം അതിരുകടക്കുമ്പോഴാകും മാതാപിതാക്കള്‍ പലതും അറിയുന്നത്. അപ്പോഴേക്കും കുട്ടി മറ്റൊരു മാനസിക തലത്തിലെത്തിയിട്ടുണ്ടാകും.

കരുതല്‍ മാത്രം പോരാ ശ്രദ്ധയും വേണം

കുട്ടികള്‍ വേണ്ടതെല്ലാം വാങ്ങി നല്‍കി അവരുടെ സന്തോഷം നിലനിര്‍ത്താന്‍ കാട്ടുന്നതിനുള്ള കരുതലിനൊപ്പം മാതാപിതാക്കള്‍ ഏറെ ശ്രദ്ധ ചെലുത്തണം. വാതിലടച്ചിട്ടുള്ള പഠനം ചെറുപ്പത്തില്‍തന്നെ ഒഴിവാക്കണം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ചുള്ള പഠനം അനുവദിക്കാതെ തുറന്ന സ്ഥലത്ത് കംപ്യൂട്ടര്‍ സ്ഥാപിച്ച് മാതാപിതാക്കളുടെ ശ്രദ്ധയോടെയുള്ള പഠനങ്ങള്‍ മാത്രം അനുവദിക്കുക.

Content Highlights: Is Your Child Addicted to Mobile Devices?