ഒരുവര്‍ഷം നീണ്ട ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ഒടുവില്‍ ഓഫ്ലൈന് പരീക്ഷ. എസ്.എസ്.എല്‍.സി., പ്ലസ് ടു പൊതുപരീക്ഷകളും മറ്റ് ക്ലാസുകളിലെ വാര്ഷികപരീക്ഷകളും പ്രവേശനപരീക്ഷകളും എല്ലാമായി വിദ്യാര്‍ഥികളുടെ ജീവിതം വീണ്ടും തിരക്കുപിടിച്ചതാവുകയാണ്. ഒരുവര്‍ഷം സ്കൂള്‍ അന്തരീക്ഷത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നതും ശീലമായ വിദ്യാഭ്യാസരീതികളില്നിന്ന് അകന്നുപോയതും, ഈ ഘട്ടത്തില്‍ കുട്ടികളില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കാം. ഒപ്പം പരീക്ഷാപേടിയും.
ഡിജിറ്റല്‍ അടിമത്തം ഒഴിവാക്കാം
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ദിവസത്തില്‍ ഒട്ടേറെ മണിക്കൂറുകള്‍ മൊബൈല്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ഇപ്പോള്‍ ശീലമാണ്. ഈ ശീലം ഡിജിറ്റല്‍ അടിമത്തത്തിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ ഉടനെ അവരെ അതില്‍നിന്ന് മോചിപ്പിക്കണം. പാഠഭാഗങ്ങള്‍ ബുക്കുകളിലേക്ക് പകര്‍ത്തിയെഴുതി അത് നോക്കി പഠിക്കാന്‍ കുട്ടികളെ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം. പഠനം കൂടുതല്‍ നേരം പുസ്തകങ്ങള്‍ ഉപയോഗിച്ചുതന്നെ നിര്‍വഹിക്കുന്നതാണ് നല്ലത്. അത്യാവശ്യം സംശയങ്ങള്‍ ദൂരീകരിക്കാന്‍ മാത്രം ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതാണ് ഉചിതം. ഉറങ്ങുന്നതിന് ചുരുങ്ങിയത് രണ്ടുമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
ഓര്‍മകള്‍ മൂന്ന് തരം
കുട്ടികള്‍ക്ക് സാധാരണമായി മൂന്നുതരത്തിലാണ് ഓര്‍മശക്തി. എഴുപതുശതമാനം പേര്‍ക്കും ദൃശ്യസ്മൃതിയായിരിക്കും കൂടുതല്‍. അതായത് കാര്യങ്ങള്‍ ദൃശ്യവത്കരിച്ച് ഓര്‍ത്തിരിക്കാനുള്ള കഴിവ്. ഇപ്പോഴത്തെ സ്മാര്‍ട്ഫോണ്‍ വിദ്യാഭ്യാസം, കണ്ടുപഠിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഗുണംചെയ്യും. പക്ഷേ, മറക്കരുതാത്ത ഒരുകാര്യം, ഒരുപാട് സമയം ഡിജിറ്റല്‍ സ്ക്രീനില്‍ നോക്കിയിരിക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക എന്നതാണ്. ഫോണുപയോഗം അമിതമായാല്‍ ഏകാഗ്രത കുറയും. കണ്ണിന് പ്രശ്നങ്ങളുണ്ടാകും. ഓര്‍മയെയും ഉറക്കത്തെയും ബാധിക്കും. മാത്രമല്ല, പഠനത്തില്‍നിന്ന് ശ്രദ്ധ വഴുതിപ്പോകാനും സാധ്യതയുണ്ട്. താത്പര്യത്തോടെ കാണുന്ന കാര്യങ്ങള്‍ മാത്രമേ ദീര്‍ഘകാലത്തേക്ക് മനസ്സില്‍ പതിയൂ. താത്പര്യമില്ലാതെ കാണുന്ന കാര്യങ്ങള്‍ ഒരു സെക്കന്‍ഡിന്റെ നാലിലൊന്ന് സമയം മാത്രമേ ഓര്‍മയില്‍ നില്ക്കുകയുള്ളൂ. താത്പര്യമില്ലാതെ കേള്‍ക്കുന്ന കാര്യങ്ങളാകട്ടെ, ഏതാണ്ട് രണ്ട് സെക്കന്‍ഡ് കഴിയുമ്പോള്‍തന്നെ മറന്നുപോകും. 20 ശതമാനം കുട്ടികള്‍ക്ക് ശ്രവ്യസ്മൃതി ഉണ്ട്. അവര്‍ക്ക് ക്ലാസില്‍ ഇരുന്ന് അധ്യാപകരെ കേള്ക്കാന്കഴിയാത്തത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. വളരെ കുറച്ചുപേര്‍ ചലനങ്ങളിലൂടെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കഴിവുള്ളവരാണ്. അവര്‍ക്കും ഓണ്‍ലൈന്‍പഠനം ചില്ലറ അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം.
ഏകാഗ്രതയോടെ പഠിക്കാം
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മനസ്സിലേക്ക് മറ്റ് പല ചിന്തകളും കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കുറെയേറെക്കാലമായി ഗൗരവതരമായ പഠനാന്തരീക്ഷത്തില്‍നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍. പലരും ഇക്കൊല്ലം പരീക്ഷ ഉണ്ടാകുമെന്നുപോലും പ്രതീക്ഷിച്ചുകാണില്ല. അവര്‍ക്ക് ഇനി കുറഞ്ഞസമയംകൊണ്ട് പഠിച്ചുതീരുമോ എന്ന ആശങ്ക കാണും. ഇതെല്ലാം ഏകാഗ്രതയെ ബാധിക്കും. പഠിക്കുമ്പോള്‍ ഉറക്കം വരുന്നതും ഇടയ്ക്കിടെ എഴുന്നേറ്റുപോകാന്‍ തോന്നുന്നതുമൊക്കെ കുട്ടികളുടെ സാധാരണ പ്രശ്നങ്ങളാണ്. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അവസാനവട്ട തയ്യാറെടുപ്പുകള്‍ക്ക് തടസ്സമാകാറുണ്ട്.
മനോനിറവ് ശ്വസനം
പഠനത്തില്‍ ഏകാഗ്രത കൈവരിക്കാന്‍ സഹായിക്കുന്ന ലളിതമായ വ്യായാമമാണ് മനോനിറവ് ശ്വസനം. ഉത്കണ്ഠ കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും ഇത് സഹായിക്കും. ആദ്യം അരയും കഴുത്തും നട്ടെല്ലും നേര്‍രേഖയില്‍ വരുന്ന രീതിയില്‍ കസേരയില്‍ നിവര്‍ന്നിരിക്കുക. പാദങ്ങള്‍ ചേര്‍ത്തുവയ്ക്കാം. കണ്ണുകള്‍ അടയ്ക്കാം. ഇടതുകൈ നെഞ്ചിലും വലതുകൈ വയറിലും വയ്ക്കുക. രണ്ട് മൂക്കിലൂടെയും സാധാരണ രീതിയില്‍ ശ്വാസമെടുത്ത്
സാവധാനം പുറത്തേക്ക് വിടാം. ശ്വസനത്തില്തന്നെ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിച്ചാല്‍, മൂക്കിലൂടെ കാറ്റ് അകത്തേക്ക് ഒഴുകി, പതിയെ നെഞ്ചില്‍ നിറയുന്നതും അതുപോലെതന്നെ അതൊഴിഞ്ഞ് പുറത്തേക്ക് പോകുന്നതും അനുഭവിക്കാം. മനസ്സ് മറ്റെന്തെങ്കിലും ചിന്തകളിലേക്ക് പോയാല്‍ ഉടന്‍തന്നെ ശ്രദ്ധ ശ്വാസോച്ഛ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരുക. ദിവസേന പഠിക്കാന്‍ ഇരിക്കുന്നതിന് തൊട്ടുമുന്‍പ് 15 മിനിറ്റ് തുടര്‍ച്ചയായി ഇത് ചെയ്യുക.
ഓര്‍മയുടെ മുനകൂര്പ്പിക്കാം
പഠിച്ച കാര്യങ്ങള്‍ പരീക്ഷാസമയത്ത് ഓര്മയില്ലാതെവരുന്നത് പല കുട്ടികളും നേരിടുന്ന പ്രതിസന്ധിയാണ്. വായിക്കുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ നിലനിര്‍ത്താന്‍ ചെറു നോട്ടുകള്‍ തയ്യാറാക്കി പഠിക്കുന്നത് ഗുണംചെയ്യും. പഠിക്കുമ്പോള്‍ എഴുതിവയ്ക്കുന്ന നോട്ടുകള്‍ പലരും പഠനം കഴിയുമ്പോള്‍ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ നോട്ടുകളും ചെറുകുറിപ്പുകളും സൂക്ഷിച്ചുവച്ചാല്‍, പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍, അത് മാത്രം വേഗത്തില്‍ വായിച്ചുപോയാല്‍ മതിയാകും. ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ പാഠഭാഗങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇത് വളരെയേറെ സഹായക
മാകും.
പരീക്ഷാപേടി മറികടക്കാം
പഠിച്ചതെല്ലാം പരീക്ഷയ്ക്ക് പര്യാപ്തമാണോ, ശരിയാണോ എന്നൊക്കെ കുട്ടികള്‍ക്ക് ആശങ്കയുണ്ടാകാം. സ്വയം പഠിച്ചതില്‍ സംശയങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അധ്യാപകരെ വിളിച്ച് അത് ദൂരീകരിക്കാന്‍ പ്രേരിപ്പിക്കണം. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുതന്നെയാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളതും സിലബസ് ക്രമീകരിച്ചിട്ടുള്ളതുമെല്ലാം. അതുകൊണ്ട് മാര്ക്കിനെക്കുറിച്ചോര്ത്ത് ഇപ്പോഴേ പേടിക്കേണ്ടതില്ലെന്ന് അവര്‍ക്ക് ആത്മവിശ്വാസം നല്‍കണം.
നന്നായി പഠിക്കുന്ന ചില കുട്ടികള്‍പോലും പരീക്ഷയെ വല്ലാതെ ഭയക്കുന്നതായി കണ്ടുവരുന്നു. ഇവര്‍ പരീക്ഷയുടെ തലേന്ന് തെല്ലും ഉറങ്ങാതെ, ഭക്ഷണംപോലും കഴിക്കാതെയൊക്കെയാവും പരീക്ഷയെഴുതാന്‍ പോകുന്നത്. എന്നിട്ട് പരീക്ഷാഹാളില്‍ ചെല്ലുമ്പോഴോ, ആകെ തളര്‍ന്ന് പഠിച്ചതൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാകും. ഇത്തരം പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പരീക്ഷയുടെ തലേന്ന് കൃത്യമായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പകല്‍സമയത്ത് പഠിച്ചുമനസ്സിലാക്കുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ വ്യക്തമായി പതിയണമെങ്കില്‍ ഇതാവശ്യമാണ്. ആവശ്യത്തിന് ഭക്ഷണം കഴിച്ചുവേണം പരീക്ഷയ്ക്ക് പോകാന്‍. അല്ലെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് അസ്വസ്ഥതയുണ്ടാകും.

പരീക്ഷ ഒരു ഭീകര സംഭവമാണെന്ന മുന്‍വിധിയാണ് പലരെയും സമ്മര്‍ദത്തിലാക്കുന്നത്. പരീക്ഷ ഏറെ ആഹ്ലാദകരമായ ഒരനുഭവമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പ്രശ്നം തീരും. അതിന് സഹായിക്കുന്ന മനോവ്യായാമം കുട്ടികളെ ശീലിപ്പിക്കാം.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍, പരീക്ഷാഹാളിലേക്ക് നടന്നുപോകുന്ന രംഗം മനസ്സില്‍ കാണുക. പരീക്ഷാകേന്ദ്രത്തിലെത്തി. രജിസ്റ്റര്‍ നമ്പര്‍ അനുസരിച്ച് സീറ്റ് കണ്ടെത്തുന്നു. ബെല്ലടിച്ചു. ടീച്ചര്‍ ചേദ്യപേപ്പറും ഉത്തരക്കടലാസും നിങ്ങള്‍ക്ക് കൈമാറി. എല്ലാ ചോദ്യങ്ങളും നിങ്ങള്‍ക്ക് ഉത്തരമറിയാവുന്നതുതന്നെ. സാവധാനം അത് ഉത്തരക്കടലാസില്‍ എഴുതിപ്പിടിപ്പിക്കുന്നത് സങ്കല്പിക്കുക. തുടര്‍ന്ന് സന്തോഷത്തോടെ നിങ്ങള്‍ പരീക്ഷാഹാളില്നിന്നിറങ്ങുന്നു. കൂട്ടുകാര്‍ കാത്തുനില്‍ക്കുന്നുണ്ട്. അവരുമായി പരീക്ഷയെക്കുറിച്ച് സംസാരിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നു. എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ രംഗങ്ങള്‍ ഭാവനചെയ്യുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും
(തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
Content Highlights: How to get first in the exam tips to know, Health, Parenting, Kids Health