മാതാപിതാക്കള്‍ സ്വീകരിക്കുന്ന ശിക്ഷാരീതികള്‍ക്ക്, കുട്ടികളുടെ സ്വഭാവരൂപവത്കരണത്തില്‍ അതിപ്രധാന പങ്കുണ്ട്. 'ശിക്ഷ' എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ 'ശാരീരികമായി ശിക്ഷിക്കുക' എന്നാണ് ഇന്നും ഭൂരിഭാഗം മാതാപിതാക്കളും മനസിലാക്കുന്നത്. 'അടിക്കാതെ എങ്ങനെ കുട്ടികളെ വളര്‍ത്താന്‍ പറ്റും' എന്നത് സ്ഥിരം സംശയവും.

ശാരീരികമായ ഉപദ്രവം (Physical Punishment) ഒരുതരത്തിലും പ്രയോജനം ചെയ്യുന്നില്ല. മാത്രമല്ല, നിരന്തരമായ ശാരീരികോപദ്രവം കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തെയും കുട്ടിയുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ പലപ്പോഴും കുട്ടികള്‍ അനുസരണക്കേടുകള്‍ കാണിക്കുന്നത് സ്വാഭാവികമാണ്. ആവര്‍ത്തിക്കുന്ന തെറ്റുകള്‍ക്ക് 'ശിക്ഷകള്‍' നല്‍കേണ്ടത് അനിവാര്യവും. എന്നാല്‍ 'എന്ത്' ശിക്ഷ, 'എപ്പോള്‍', 'എങ്ങനെ' 'എത്രമാത്രം' നല്‍കണം എന്നത് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. ശാരീരികമായി ഉപദ്രവിക്കാതെ, വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കാതെ കുട്ടികളെ എങ്ങനെ ശിക്ഷിക്കാമെന്ന് നോക്കാം.

സ്വീകാര്യമല്ലാത്തതോ മോശമോ ആയ ഒരു സ്വഭാവം നിര്‍ത്തുന്നതിനോ നിരുത്സാഹപ്പെടുത്തുന്നതിനോ ആകണം ശിക്ഷകള്‍ നല്‍കേണ്ടത്. കുട്ടികള്‍ ഇഷ്ടപ്പെടാത്തതോ ബോറിങ് ആയതോ ആയ കാര്യങ്ങള്‍ നല്‍കിക്കൊണ്ട് ശിക്ഷിക്കുന്നതാണ് ഒരു രീതി.

കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ നല്‍കാതിരിക്കുകയോ അവയ്ക്കുവേണ്ടിയുള്ള സമയം വെട്ടിച്ചുരുക്കുകയോ ചെയ്യുന്നതാണ് മറ്റൊരു ശിക്ഷാരീതി. ഉദാ: ഹോംവര്‍ക്ക് കൃത്യസമയത്ത് ചെയ്തുതീര്‍ത്തില്ലെങ്കില്‍ ടി.വി. കാണാനോ കളിക്കാനോ അനുവദിച്ചിട്ടുള്ള സമയം അന്നത്തെ ദിവസം നല്‍കാതിരിക്കുകയോ സമയം കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.

ശിക്ഷകള്‍ തീരുമാനിക്കുമ്പോള്‍ കുട്ടികളുടെ പ്രായവും തെറ്റിന്റെ തീവ്രതയും കണക്കിലെടുക്കണം. തീരെ ചെറിയ കുട്ടികളുടെ, നിരുപദ്രവകരമായ തെറ്റുകളോ വാശികളോ ഒക്കെ അവഗണിക്കാവുന്നതാണ്. അതുപോലെ വലിയ കുട്ടികളെ സ്വന്തം തെറ്റുകള്‍ക്കുള്ള സ്വാഭാവികമായ പരിണതഫലങ്ങള്‍ അനുഭവിക്കാന്‍ അനുവദിക്കുക. ഉദാ: ഹോംവര്‍ക്ക് ചെയ്യാതെപോയാല്‍ സ്‌കൂളില്‍നിന്നുള്ള ശിക്ഷകള്‍ അവര്‍ നേരിടേണ്ടതാണ്.

'കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടും', 'മുതിര്‍ന്നവരെ ചവിട്ടിയാല്‍ കാലു പുഴുക്കും', 'ചീത്തവാക്കുകള്‍ പറഞ്ഞാല്‍ നാവു പിഴുതുപോരും' എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച് മോശം സ്വഭാവങ്ങളില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഇത്തരം 'പേടിപ്പിക്കലുകള്‍' (Imaginary punishments) യാഥാര്‍ഥ്യമല്ല എന്ന് കുട്ടികള്‍ കാലക്രമേണ മനസ്സിലാക്കും. അതിനാല്‍ മോശം വാക്കുകളും ഉപദ്രവവും മറ്റുള്ളവരെ വേദനിപ്പിക്കുന്നവയാണെന്നും അത്തരം പ്രവൃത്തികള്‍ മാനുഷികമൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്നും പറഞ്ഞുമനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

കുട്ടികളെ തിരുത്തുന്നതിന് മുന്‍പ്

  1. കുട്ടികളില്‍ ആരു തെറ്റുചെയ്താലും മൂത്ത കുട്ടികളെ മാത്രം ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന രീതി ശരിയായ കാര്യമല്ല. തെറ്റുചെയ്തത് ഇളയകുട്ടിയാണെങ്കിലും പ്രായത്തിനനുസരിച്ചുള്ള ശിക്ഷ നല്‍കുകയും തെറ്റ് എന്താണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
  2. കൊച്ചുകുട്ടികള്‍ കസേരയിലോ മറ്റോ തട്ടിവീഴുകയോ തലമുട്ടുകയോ ചെയ്ത് കരയുമ്പോള്‍, ആശ്വസിപ്പിക്കാനായി ആ കസേരയ്ക്ക് അടികൊടുക്കുന്ന രീതി മുതിര്‍ന്നവര്‍ കാട്ടാറുണ്ട്. ഇതുമൂലം താന്‍ വീണത് 'ശ്രദ്ധയില്ലാതെ നടന്നതുകൊണ്ടാണെന്ന' തിരിച്ചറിവ് കുട്ടികളില്‍ ഉണ്ടാകുന്നില്ല എന്നുമാത്രമല്ല, ഭാവിയിലെ എല്ലാ 'വീഴ്ച'കള്‍ക്കും മറ്റുള്ളവരില്‍ കുറ്റമാരോപിക്കാനുള്ള പ്രവണതയ്ക്ക് ഇത് കാരണമാകുകയും ചെയ്യാം.
  3. ശാരീരികോപദ്രവം പോലെതന്നെ ഒഴിവാക്കേണ്ടതാണ് ശാപവാക്കുകളും (നശിച്ചുപോകും, ഗുണംപിടിക്കില്ല) തരംതാഴ്ത്തലുകളും (നിന്നെ എന്തിനുകൊള്ളാം?) കളിയാക്കലുകളുമൊക്കെ (ബുദ്ധിയില്ലാത്തവന്‍, നാണംകെട്ടവന്‍).
  4. തെറ്റുചെയ്താല്‍ ശിക്ഷയായി 'പഠിക്കാന്‍ പറയുകയോ' 'വീട്ടുജോലികള്‍ ചെയ്യാന്‍ പറയുകയോ' ചെയ്യുന്നത് നല്ലതല്ല. പഠനവും വീട്ടുജോലികളും കുട്ടികള്‍ ഏതുസാഹചര്യത്തിലും ചെയ്യേണ്ടതും അവരുടെ ഉത്തരവാദിത്വങ്ങളില്‍ പെടുന്നതുമാണ്. അവയോട് മോശം കാഴ്ചപ്പാടുണ്ടാകാന്‍ ഇടവരരുത്.
  5. കുട്ടികളുടെ തെറ്റുകള്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും അവരുടെ മുന്നില്‍വെച്ചു പറഞ്ഞ് കളിയാക്കാതിരിക്കുക.
  6. മോശം പ്രവൃത്തികള്‍ക്ക് ശിക്ഷനല്‍കുന്നതിനോടൊപ്പം നല്ല പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയും വേണം.
  7. കുട്ടികള്‍ പാലിക്കേണ്ട നിയമങ്ങള്‍, അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പരിമിതികള്‍, പ്രതീക്ഷിക്കുന്ന സ്വഭാവരീതികള്‍ ഇവയിലൊക്കെ മാതാപിതാക്കള്‍ക്ക് യോജിച്ച കാഴ്ചപ്പാടുണ്ടാകണം.
  8. 'mood' അനുസരിച്ച് കുട്ടികളെ ശിക്ഷിക്കുന്ന രീതി ശരിയല്ല. ഒരേ തെറ്റിന്, മാതാപിതാക്കള്‍ ദേഷ്യപ്പെട്ടിരിക്കുകയാണെങ്കില്‍ കൂടിയ ശിക്ഷ നല്‍കുന്നതും സ്നേഹത്തിലിരിക്കുകയാണെങ്കില്‍ ശിക്ഷിക്കാതെ വിടുന്നതും നല്ലതല്ല.
  9. ശിക്ഷിക്കുന്നതിന്റെ ഭാഗമായി കുട്ടികളോട് സംസാരിക്കാതിരിക്കുകയോ അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാതിരിക്കുകയോ ചെയ്യുന്ന രീതി ഉചിതമല്ല.
  10. കുട്ടികള്‍ക്ക് നല്ലതെന്ത് എന്ന് കൃത്യമായി പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. അവ ചെയ്യുന്നതില്‍ മാതാപിതാക്കള്‍ മാതൃകയുമാകണം.

(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)

Content Highlights: How to correct kid's mistakes without physical punishments, Health, Kids Health

ആരോ​ഗ്യമാസിക വാങ്ങാം