കൊച്ചി: ‘സുഖവിവരം അന്വേഷിച്ച് വിളിക്കുന്നൊരു കൂട്ടുകാരി’-വനിത ശിശുവികസന വകുപ്പിന്റെ കുട്ടി ഡെസ്കിനെ പലർക്കും പരിചയം ഇങ്ങനെയാണ്. കോവിഡ് ബോധവത്കരണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി ഇപ്പോൾ കുട്ടികൾക്ക് തണലായി മാറുകയാണ്.

കഴിഞ്ഞവർഷം ലോക്ഡൗൺ സമയത്താണ് കുട്ടികൾക്കായി കുട്ടികൾതന്നെ സഹായംനൽകുന്ന കുട്ടി ഡെസ്കിന് തുടക്കം. കൈകഴുകലും മാസ്കിടലും അനിവാര്യമെന്ന ബോധവത്കരണമായിരുന്നു ആദ്യം. എന്നാലിപ്പോൾ കുട്ടികൾക്ക് വിശേഷങ്ങളും പ്രശ്നങ്ങളുമെല്ലാം പങ്കുവെക്കാനുള്ള ഒരു വേദികൂടിയായി ഇത് മാറിക്കഴിഞ്ഞു.

കഴിഞ്ഞ വർഷംമുതൽ ഇതുവരെ കുട്ടി ഡെസ്ക് സംഘം വിളിച്ചത് 30800 പേരെ. അധ്യാപകരാണ് കുട്ടികളുടെ ഫോൺ നമ്പറുകൾ നൽകുന്നത്. രക്ഷിതാക്കളുടെ ഫോണാണ് വൊളന്റിയർമാർ ഉപയോഗിക്കുന്നത്. കുട്ടികൾ പറയുന്ന പ്രശ്നങ്ങൾ പിന്നീട് അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തും.

അധ്യാപകരിൽനിന്നും രക്ഷിതാക്കളിൽനിന്നുമെല്ലാം മികച്ച പ്രതികരണമാണ് കുട്ടി ഡെസ്‌കിന് ലഭിക്കുന്നതെന്ന് വനിത-ശിശുവികസന വകുപ്പിന്റെ ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാന പ്രോഗ്രാം ഓഫീസർ ആര്യ ആർ. ചന്ദ്ര പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ സഹായം തേടുന്നതിനുള്ള ഫോൺനമ്പറുകളും കുട്ടി ഡെസ്ക് വൊളന്റിയർമാർ വിദ്യാർഥികൾക്ക് പങ്കുവെക്കാറുണ്ട്.

Content Highlights: Covid19 awareness desk by Kids in Kerala, Health, Kids Care