ലോക്ഡൗണ്‍കാലത്ത് കളിക്കാനോ കൂട്ടുകൂടാനോ കഴിയാതിരിക്കുമ്പോള്‍ കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്ക് ചിലത് ചെയ്യാനുണ്ടെന്ന് ചൈല്‍ഡ്‌ലൈന്‍ ഓര്‍മിപ്പിക്കുന്നു

പുറത്തിറങ്ങാതെ വീട്ടിലടച്ചിരിക്കുന്നത് കുട്ടികളെ സംബന്ധിച്ച് പ്രയാസമാണ്. അവരെ നിയന്ത്രിക്കാന്‍ രക്ഷിതാക്കളും ബുദ്ധിമുട്ടുകയാണ്. ലോക്ഡൗണ്‍ കാലത്ത് കളിക്കാനോ കൂട്ടുകൂടാനോ കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്കും ചിലത് ചെയ്യാനുണ്ടെന്ന് ചൈല്‍ഡ്‌ലൈന്‍ ഓര്‍മിപ്പിക്കുന്നു. കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും വീട്ടിനുള്ളില്‍ അവരോടൊപ്പം എന്തെല്ലാം ചെയ്യണമെന്നും വയനാട് ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ സി.കെ. ദിനേശന്‍ നിര്‍ദേശിക്കുന്നു. ചൈല്‍ഡ്‌ലൈന്‍ അടിയന്തരസേവനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സേവനം ആവശ്യമായ കുട്ടികള്‍ക്കോ അവര്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ക്കോ 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.

കുട്ടികളെ ചേര്‍ത്തുനിര്‍ത്താം

കുടുംബത്തോടൊപ്പം നില്‍ക്കാന്‍ സമയമില്ലെന്ന പ്രയാസം നീക്കാന്‍ കിട്ടിയ സന്ദര്‍ഭമാണ്. കഴിഞ്ഞ കാലങ്ങളില്‍ കുട്ടികളുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെപോയ കാര്യങ്ങള്‍ എല്ലാം ഓര്‍ത്തുചെയ്യാന്‍ ശ്രമിക്കുക. തിരക്കിട്ട് ചെയ്തിരുന്ന കാര്യങ്ങള്‍ കൂടുതല്‍ സമയമെടുത്ത് ചെയ്യുക. വ്യക്തിശുചിത്വത്തിലും ആരോഗ്യ ഭക്ഷണകാര്യങ്ങളിലും അവര്‍ക്കൊപ്പം ചേര്‍ന്ന് അവരെക്കൂടി പങ്കാളികളാക്കി ചെയ്യാന്‍ ശ്രമിക്കുക. വിദ്യാലയങ്ങളിലെ അനുഭവങ്ങള്‍ അന്വേഷിക്കുകയും സ്വതന്ത്രമായി സംസാരിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കുകയും ചെയ്യണം. രക്ഷിതാക്കള്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് അവരെ സഹായിക്കും.

വീട് ഒരു പാഠശാല

കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും കൂടുതല്‍ മിഴിവേകുന്നതിനുമുള്ള അവസരം ഒരുക്കണം. കല, വായന, കൈവേലകള്‍, പഠനസംബന്ധമായ പരീക്ഷണനിരീക്ഷണങ്ങള്‍, പാചകം, അടുക്കളത്തോട്ടം, തുടങ്ങി കുട്ടികള്‍ക്ക് താത്പര്യമുള്ളവ പരീക്ഷിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക. ഇതിനു രക്ഷിതാക്കളുടെ സാമീപ്യം അവര്‍ക്ക് കൂടുതല്‍ ആവേശം നല്‍കും.

ടിവി, മൊബൈല്‍, ഇന്റര്‍നെറ്റ്

ഇക്കാര്യത്തില്‍ പൊതുവേ കുട്ടികളെ കുറ്റം പറയുന്നവരാണ് രക്ഷിതാക്കളും പൊതുസമൂഹവും. ഇതെല്ലാം ദുരുപയോഗം ചെയ്യുന്നു എന്ന ആവലാതികളാണ് ചുറ്റിലും. അത്തരം സാധ്യതകളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്ന് പറഞ്ഞുകൊടുക്കാനും ആ രീതിയില്‍ പ്രവര്‍ത്തിക്കാനും കുട്ടികളെ പ്രേരിപ്പിക്കുക. ഓണ്‍ലൈന്‍ പഠനസാധ്യതകളും പ്രയോജനപ്പെടുത്തണം. കുട്ടികള്‍ പലപ്പോഴും അതിനുമുമ്പില്‍ മാത്രമായിപോകുന്നത് രക്ഷിതാക്കള്‍ അവരോടൊപ്പം കൂടാത്തതുകൊണ്ടുകൂടിയാണ്.

രക്ഷിതാക്കള്‍ കൂടുതല്‍ സമയവും ഓണ്‍ലൈനില്‍ ആകാതിരിക്കുകയും വേണം. മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുട്ടികളെ അസ്വസ്ഥമാക്കുമെന്ന് തിരിച്ചറിയണം. ആനുകാലിക സംഭവങ്ങള്‍ വിശകലനംചെയ്യാന്‍ പ്രേരിപ്പിക്കണം. ഈ വീട്ടിലിരുപ്പുപോലും സമൂഹത്തിനുവേണ്ടിയാണെന്ന തിരിച്ചറിവ് കുട്ടികളിലുണ്ടാക്കണം.

അംഗീകാരം

കുട്ടികളുടെ നേട്ടങ്ങളും ചിന്തകളും നിരീക്ഷണങ്ങളും അംഗീകരിക്കണം. അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ പ്രോത്സാഹനങ്ങള്‍ സ്വാധീനംചെലുത്തും. നാടിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്നവരെ മനസ്സിലാക്കുന്നതിനും അത്തരം കാര്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ചര്‍ച്ചകള്‍ വീടുകളിലുണ്ടാകുന്നതും നല്ലതാണ്. കുട്ടികള്‍ തുറന്നു സംസാരിക്കുന്നതിലൂടെ അവരുടെ ആശങ്കകള്‍ തിരിച്ചറിയണം.

Content Highlights: Coronavirus: What parents should know