ആറ്റു നോറ്റിരുന്ന് കുഞ്ഞാവയൊക്കെ വന്നു കഴിയുമ്പോഴാണ് അടുത്ത പ്രശ്‌നം ഉടലെടുക്കുക. ചിലപ്പോള്‍ കുഞ്ഞാവ മാസം തികയുന്നതിന് മുമ്പേ തന്നെ ഇങ്ങെത്തിയിട്ടുണ്ടാകും. കൂടെ തൂക്കക്കുറവും കാണും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ ചകഇഡ വില്‍ അഡ്മിറ്റായിട്ടുണ്ടാവും. അതുമല്ലെങ്കില്‍ അമ്മയുടെ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്നത് കൊണ്ടോ വിണ്ടു പൊട്ടിയതുകൊണ്ടോ നേരാംവണ്ണം മുലയൂട്ടാന്‍ കഴിയാത്തതുകൊണ്ടുമാകാം.(ഈ മുലക്കണ്ണ് ഉള്‍വലിഞ്ഞു നില്‍ക്കുന്നതൊക്കെ നേരത്തേ തന്നെ കണ്ടുപിടിച്ച് ശരിയാക്കേണ്ടതാണ് കേട്ടോ ).
എന്തായാലും കുഞ്ഞാവയ്ക്ക് പാലു കൊടുക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം ഒരു വശത്ത്. പോരാത്തതിന് പാലുകെട്ടി വീര്‍ത്ത മാറിടത്തിന്റെ വേദന മറുവശത്ത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുലപ്പാല്‍ പിഴിഞ്ഞെടുക്കുക എന്നത് അത്യന്താപേക്ഷിതമായി വരുന്നു. മാത്രവുമല്ല ചെറിയ ഇടവേള കഴിഞ്ഞ് കുഞ്ഞാവ ഉഷാറായി വരുമ്പോള്‍ മുലപ്പാല്‍ വറ്റിപ്പോവാതെ ആവശ്യത്തിന് ഉണ്ടാവാനും ഇത്തരത്തില്‍ പാല് പിഴിഞ്ഞെടുക്കുന്നത് ഉപകരിക്കും.
മുലപ്പാല്‍ പിഴിഞ്ഞെടുക്കുന്നത് ഏറ്റവും ആവശ്യമായി വരുന്നത് അമ്മമാര്‍ ജോലിക്ക് പോയിത്തുടങ്ങുമ്പോഴാണ്. പലരും പാല്‍പ്പൊടികള്‍ കൊടുത്തു തുടങ്ങുമെങ്കിലും ഒന്നു മനസ്സുവെച്ചാല്‍ കുഞ്ഞിനെ പരമാവധി മുലയൂട്ടാന്‍ സാധിക്കും.
തൊഴിലിടങ്ങള്‍ മാതൃസൗഹൃദമാകേണ്ടതുണ്ട്
മറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ് 2017 നിഷ്‌കര്‍ഷിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ പിഴിഞ്ഞെടുക്കുന്നതിനും മുലയൂട്ടുന്നതിനുമായി നിര്‍ദ്ദിഷ്ട ഇടവേളകള്‍ നല്‍കണം എന്നാണ്. ഈ നിയമപ്രകാരം 50 തൊഴിലാളികള്‍ ഉള്ളിടത്ത് തൊഴിലുടമ കുഞ്ഞുങ്ങള്‍ക്കായി ഒരു Creche (ക്രെഷ് ) ആരംഭിക്കേണ്ടതുണ്ട്. അമ്മമാര്‍ക്ക് ജോലി സമയത്ത് 4 തവണ ക്രെഷില്‍ കുഞ്ഞിനെ സന്ദര്‍ശിക്കാം.
മാതൃ ശിശു വികസന മന്ത്രാലയം നവംബര്‍ 2018-ല്‍ പുറത്തിറക്കിയ Creche ഗൈഡ്‌ലൈന്‍സ് താഴെ പറയുന്നവയാണ്.
തൊഴിലാളികളുടെ 6 മാസത്തിനും 6 വയസ്സിനും ഇടയിലുള്ള 30 കുഞ്ഞുങ്ങള്‍ക്ക് ഓരോ ക്രെഷ് വീതം ഉണ്ടായിരിക്കേണ്ടതാണ്.
തൊഴിലിടത്തിലോ അഞ്ഞൂറ് മീറ്ററിനുള്ളിലോ ക്രെഷ് പ്രവര്‍ത്തിക്കണം. ആറ് മാസത്തിനും മൂന്ന് വയസ്സിനും ഇടയിലുള്ള ഓരോ പത്തു കുഞ്ഞുങ്ങള്‍ക്ക് വീതവും മൂന്ന് വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള ഓരോ ഇരുപത് കുട്ടികള്‍ക്ക് വീതവും ഒരു ക്രെഷ് വര്‍ക്കറും ഹെല്‍പ്പറും എന്ന കണക്കിന് നിയമനം നടത്തേണ്ടതുണ്ട്.
നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും എത്ര തൊഴിലിടങ്ങളില്‍ ഇവയെല്ലാം പ്രാബല്യത്തിലാവുന്നുണ്ട് എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.
ജോലി ചെയ്യുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടത്ര സ്വകാര്യതയും സൗകര്യങ്ങളും തൊഴിലിടങ്ങളില്‍ ഉറപ്പു വരുത്തേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണ്.
ക്രെഷ് സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നവരും ഇടയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയുന്നവരും (കുഞ്ഞിനെ തൊഴിലിടങ്ങളിലേക്ക് കൊണ്ടുവന്നോ ,വീട്ടില്‍ പോയോ) ആ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക.
വീട്ടില്‍ നിന്നിറങ്ങും മുമ്പ് മുലപ്പാല്‍ പിഴിഞ്ഞു വെക്കാം. തൊഴിലിടങ്ങളിലെ ഇടവേളകളിലും ഇതു ചെയ്യാം.
- മുലപ്പാല്‍ പിഴിയുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകണം. മുലപ്പാല്‍ ശേഖരിക്കേണ്ട പാത്രം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി ഉണക്കണം. അടപ്പുള്ള ചെറിയ സ്റ്റീല്‍ പാത്രങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം.
- സമ്മര്‍ദ്ദമേതുമില്ലാതെ, സമാധാനത്തോടെ വേണം മുലപ്പാല്‍ എക്‌സ്പ്രസ് ചെയ്യാനിരിക്കാന്‍. കുഞ്ഞാവയെക്കുറിച്ച് ഓര്‍ക്കുകയോ മൊബൈലില്‍ കുഞ്ഞാവയുടെ പടം കാണുകയോ ചെയ്യുന്നത് പാല്‍ നന്നായി ചുരത്താന്‍ സഹായകമാകും. ആദ്യം മൃദുവായി മാറിടം മസാജ് ചെയ്യണം. തുടര്‍ന്ന് C ആകൃതിയില്‍ തള്ളവിരലും ചൂണ്ടുവിരലും ഏരിയോളയ്ക്ക് (മുലക്കണ്ണിന് പുറകില്‍ വൃത്താകൃതിയില്‍ ഇരുണ്ടു കാണുന്ന ഭാഗം) പുറകിലായി പിടിക്കുക.
- ആദ്യം പുറകിലോട്ട് നെഞ്ചോട് ചേര്‍ന്നും തുടര്‍ന്ന് മേല്‍പ്പറഞ്ഞ രണ്ട് വിരലുകള്‍ ചേര്‍ത്തും അമര്‍ത്തുക. മുലപ്പാല്‍ തുള്ളി തുള്ളിയായി വരുന്നത് കാണാം. മുലപ്പാലിന്റെ അളവനുസരിച്ച് ധാരയായി ഒഴുകിയും ശക്തിയോടെ ചീറ്റിയും പാല്‍ ലഭ്യമാവും. അത് ശ്രദ്ധയോടെ പാത്രത്തില്‍ ശേഖരിക്കണം.
- മുലപ്പാല്‍ കിട്ടുന്നത് കുറഞ്ഞു തുടങ്ങുമ്പോള്‍ നാം വിരലുകള്‍ പിടിക്കുന്ന ദിശ മാറ്റി വീണ്ടും അമര്‍ത്തുക.
- ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുലക്കണ്ണിലോ അതിനോട് തൊട്ട് ചേര്‍ന്നോ അമര്‍ത്തിപ്പിഴിയരുത് എന്നതാണ്.
- വേണ്ടത്ര മേല്‍നോട്ടത്തിലൂടെയും പരിശീലനത്തിലൂടെയും മാത്രമേ കാര്യക്ഷമമായി മുലപ്പാല്‍ പിഴിഞ്ഞെടുക്കുവാനുള്ള ടെക്‌നിക് സ്വായത്തമാക്കാന്‍ കഴിയൂ.
- മുലപ്പാല്‍ പിഴിഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. ശാരീരികമായും മാനസികമായും ഏറെ ക്ലേശങ്ങള്‍ തരുന്ന ഒന്നാണത്.
കൂടുതല്‍ എളുപ്പത്തില്‍ മുലപ്പാല്‍ പിഴിഞ്ഞെടുക്കാന്‍ ബ്രെസ്റ്റ് പമ്പുകളും ലഭ്യമാണ്. നമുക്ക് കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മാന്വല്‍ ബ്രെസ്റ്റ് പമ്പുകള്‍ക്ക് പുറമേ ഇലക്ട്രിക് ബ്രെസ്റ്റ് പമ്പുകളും വിപണിയില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് പോലെ ലളിതമായി ചാര്‍ജ് ചെയ്യാവുന്ന ഇവയില്‍ ബാറ്ററിയും ഉപയോഗിക്കാം. മസേജ് ചെയ്യാനും സക്ഷന്‍ പ്രഷര്‍ നിയന്ത്രിക്കാനും ഉള്ള സംവിധാനങ്ങളും ഇവയിലുണ്ട്.താരതമ്യേന വില കൂടുതലാണ് എന്നതാണ് ഒരു പോരായ്മ.
എന്നാല്‍ ബ്രെസ്റ്റ് പമ്പുകള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാവുന്നവയാണ് എന്നത് പ്രധാന മേന്മയാണ്. ഓരോ തവണ ബ്രെസ്റ്റ് പമ്പ് ഉപയോഗിക്കും മുമ്പും അവ വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഒരാള്‍ ഉപയോഗിച്ചു കഴിഞ്ഞാലും അണുവിമുക്തമാക്കിയതിന് ശേഷം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുകയും ചെയ്യാം.
മാന്വല്‍ ബ്രെസ്റ്റ് പമ്പിന് ശരാശരി 600 - 1000 രൂപയും ഇലക്ട്രിക് ബ്രെസ്റ്റ് പമ്പിന് 1500-3000 രൂപയും ഒക്കെ ചിലവ് വരും. അവയുടെ സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് വിലയില്‍ വലിയ വ്യത്യാസം വരാം. വിവിധ മോഡലുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.
മുലപ്പാല്‍ സംഭരിച്ച് സൂക്ഷിക്കുന്നതെങ്ങനെ?
പിഴിഞ്ഞെടുത്ത മുലപ്പാല്‍ സാധാരണ ഊഷ്മാവില്‍ ആറു മണിക്കൂര്‍ നേരം സൂക്ഷിക്കാം. വീട്ടിലെ താരതമ്യേന ചൂട് കുറവുള്ള ഇടം മുലപ്പാല്‍ നിറച്ച പാത്രം സൂക്ഷിക്കാനായി തിരഞ്ഞെടുക്കണം.
പിഴിഞ്ഞെടുത്ത മുലപ്പാല്‍ റഫ്രിജറേറ്ററില്‍ 24 മണിക്കൂറും ഫ്രീസറില്‍ രണ്ടാഴ്ചയും സുരക്ഷിതമായി സൂക്ഷിക്കാം.
മുലപ്പാല്‍ ശേഖരിക്കുന്ന തിയതിയും സമയവും അതത് പാത്രങ്ങളില്‍ എഴുതി ഒട്ടിക്കാന്‍ മറക്കരുത്. ആദ്യം ശേഖരിച്ച പാല്‍ ആദ്യമേ തന്നെ കുഞ്ഞിന് നല്‍കാന്‍ ഇത് സഹായകമാകും.
ഓഫീസില്‍ വെച്ച് മുലപ്പാല്‍ ശേഖരിച്ച് ആറ് മണിക്കൂറിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെങ്കില്‍ മുലപ്പാല്‍ ശേഖരിച്ച പാത്രം അധികം ചൂട് തട്ടാത്തയിടത്ത് സൂക്ഷിച്ചാല്‍ മതിയാവും. അല്ലെങ്കില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടതുണ്ട്.
ഫ്രിഡ്ജില്‍ സൂക്ഷിച്ച മുലപ്പാല്‍ കുഞ്ഞിന് നല്‍കും മുമ്പ് തണുപ്പ് മാറ്റിയെടുക്കേണ്ടതുണ്ട്. അതിനായി ചൂടുവെള്ളം നിറച്ച പാത്രത്തില്‍ മുലപ്പാല്‍ പാത്രം മുക്കി വെക്കാം. അല്ലാതെ മുലപ്പാല്‍ തിളപ്പിക്കാനൊന്നും നില്‍ക്കരുത് കേട്ടോ!
തൊഴിലിടങ്ങളില്‍ വെച്ച് ശേഖരിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിച്ച മുലപ്പാല്‍, വീട്ടിലെത്തി സ്റ്റോര്‍ ചെയ്യാം. അമ്മ ജോലിക്കിറങ്ങിയാല്‍ ആദ്യം ശേഖരിച്ച മുലപ്പാല്‍ ആദ്യം എന്ന കണക്കിന് കുഞ്ഞിന് നല്‍കാം. ഗോകര്‍ണം (പാലട), സ്പൂണ്‍ എന്നിവ ഉപയോഗിച്ച് കുഞ്ഞിന് പാലു കൊടുക്കുന്നതാണ് നല്ലത്.
ഇക്കഴിഞ്ഞ ദിവസം ഏറെ സന്തോഷം നല്‍കിയ ഒരു കാഴ്ച കണ്ടു. ഇടവേളകളില്‍ ഓടി വന്ന് ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് മുലപ്പാല്‍ പിഴിഞ്ഞെടുത്ത്, അത് പാത്രത്തില്‍ ശേഖരിച്ച്, ലേബല്‍ ചെയ്ത്, NICU വിലെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച്, തിടുക്കത്തോടെ എന്നാല്‍ ഏറെ സന്തോഷത്തോടെ ഇറങ്ങിപ്പോകുന്ന ഒരു ഹൗസ് സര്‍ജന്‍ കൊച്ച്! ഏറെ സന്തോഷത്തോടെയാണവള്‍ തന്റെ കുഞ്ഞാവയെപ്പറ്റി പറഞ്ഞത്. ഡ്യൂട്ടിക്കിടയില്‍ ഇടയ്‌ക്കൊന്നു വീട്ടിലേക്ക് ഓടിപ്പോവാനും കൂടി സമയം കണ്ടെത്തുന്നതിനാല്‍ തന്റെ മുലപ്പാല്‍ കൊണ്ട് മാത്രം കുഞ്ഞാവയെ മാനേജ് ചെയ്യാന്‍ പറ്റുന്നു എന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് എത്ര സന്തോഷത്തിരകളായിരുന്നു..!
Content Highlights: benefits of breast pumping, breast pumping tips, Breast feeding,