ത് വായിക്കുന്നവരില്‍ നല്ലൊരുവിഭാഗം മാതാപിതാക്കള്‍ ഈ പ്രശ്‌നം അഭിമുഖീകരിച്ചിട്ടുണ്ട്, അല്ലെങ്കില്‍ ഇപ്പോഴും അഭിമുഖീകരിക്കുന്നുണ്ട്. കിടക്കയില്‍ മൂത്രമൊഴിച്ചതിന് ചിലര്‍ കുട്ടികളെ തല്ലാറുണ്ട്, ചീത്ത പറയാറുണ്ട്, ചിലപ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് കളിയാക്കുകയും ചെയ്യും. മനഃപൂര്‍വമല്ലെങ്കില്‍പോലും അത് കുഞ്ഞുമനസ്സുകളെ വല്ലാതെ നോവിക്കുന്നുണ്ട്. ഇത് ഈ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്ന് എത്ര പേര്‍ക്കറിയാം? അതുകൊണ്ടാണ് ഇന്ന് നമ്മള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഈ പ്രശ്‌നത്തെ എങ്ങനെ പോസിറ്റീവ് ആയി നേരിടാം എന്ന് നമുക്കു നോക്കാം. 

പ്രശ്‌നം രണ്ടുതരം

പ്രൈമറി ടൈപ്പ്

ഇത് സാധാരണയായി ജന്മനാ ഉള്ള ചില വ്യതിയാനങ്ങള്‍ കാരണമാണ് സംഭവിക്കുന്നത്. സാധാരണയായി കുട്ടികള്‍ രണ്ടു വയസ്സാവുമ്പോഴേക്കും പകല്‍സമയങ്ങളില്‍ മൂത്രമൊഴിക്കണമെങ്കില്‍ അച്ഛനമ്മമാരോട് അവരുടെ ഭാഷയില്‍ ആശയവിനിമയം നടത്തിത്തുടങ്ങും. അഞ്ചു വയസ്സാവുമ്പോഴേക്കും മുതിര്‍ന്നവരെപ്പോലെ മലമൂത്രവിസര്‍ജനം സ്വയം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. അധിക കുട്ടികളും ഇതിനുശേഷം കിടക്കയില്‍ മൂത്രമൊഴിക്കാറില്ല. എന്നാല്‍ പ്രൈമറി ടൈപ്പ് കുട്ടികളില്‍ ഒരിക്കലും സ്വയനിയന്ത്രണം കൈവരിക്കുന്നില്ല. ഇതിനു കാരണങ്ങള്‍ പലതാവാം.

ചില കുട്ടികളില്‍ പ്രശ്‌നം പാരമ്പര്യമായി കാണപ്പെടുന്നു. അത്തരം കുട്ടികളുടെ അച്ഛനമ്മമാര്‍ കുട്ടിക്കാലത്ത് കിടക്കയില്‍ മൂത്രമൊഴിക്കുന്ന പതിവുണ്ടായിരുന്നെന്ന് ചോദിക്കുമ്പോള്‍ മനസ്സിലാക്കാം. ചില കുട്ടികളില്‍ നാഡീവ്യവസ്ഥയുടെ മൂപ്പു കുറവുകാരണവും പ്രശ്‌നം ഉണ്ടാവാറുണ്ട്. ഇത്തരം കുട്ടികളില്‍ പ്രത്യേക ചികിത്സയൊന്നും കൂടാതെതന്നെ പതിയെ കുറഞ്ഞ് മുഴുവനായി സുഖപ്പെടുന്നതായി കാണാറുണ്ട്. എന്നാല്‍ അവര്‍ക്കു കുറച്ചുസമയവും നമ്മുടെ മാനസികമായ സപ്പോര്‍ട്ടും കൊടുക്കേണ്ടതായുണ്ട്. ചെറിയ ഒരു ശതമാനം കുട്ടികളില്‍ നാഡീവ്യവസ്ഥയിലെ ചില വൈകല്യങ്ങള്‍ കാരണവും കിടക്കയില്‍ മൂത്രമൊഴിച്ചുപോവുന്നത് കാണാറുണ്ട്. അങ്ങനെയുള്ള കുട്ടികളില്‍ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും എം.ആര്‍.ഐ. സ്‌കാന്‍ പോലുള്ള ടെസ്റ്റുകള്‍ ആവശ്യമായി വന്നേക്കാം. കൂടാതെ വേറെയും ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ പ്രൈമറി ടൈപ്പിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

 • പാരമ്പര്യം
 • നാഡീവ്യൂഹത്തിന്റെ പൂര്‍ണവളര്‍ച്ചയെത്താനുള്ള കാലതാമസം.
 • തലച്ചോറില്‍ കാണപ്പെടുന്ന ചില വൈകല്യങ്ങള്‍
 • നാഡീവ്യവസ്ഥയില്‍ കാണുന്ന ചില വൈകല്യങ്ങള്‍
 • തലച്ചോറിന് മൂത്രസഞ്ചിയിന്മേലുള്ള നിയന്ത്രണക്കുറവ്

സെക്കന്‍ഡറി ടൈപ്പ് 

ഈ വിഭാഗം സാധാരണകുട്ടികളെപ്പോലെ മലമൂത്രവിസര്‍ജനത്തില്‍ സ്വയനിയന്ത്രണം കൈവരിച്ചവരാണ്. എന്നാല്‍ പല കാരണങ്ങളാല്‍ അവര്‍ക്കു ആ നിയന്ത്രണം നഷ്ടപ്പെടുന്നു. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, മുന്നേ കിടക്കയില്‍ മൂത്രമൊഴിക്കാതിരുന്നിരുന്ന കുട്ടി പിന്നീട് മൂത്രമൊഴിച്ചു തുടങ്ങുന്നു. ഇത് അധികവും ഒരു രോഗാവസ്ഥ കാരണമാണ്. സാധാരണ കണ്ടുവരുന്ന കാരണങ്ങള്‍ ഇവയാണ്...

 • മൂത്രപ്പഴുപ്പ്
 • മലബന്ധം
 • ടെന്‍ഷന്‍
 • അമിത ആകാംക്ഷ
 • മൂത്രം പിടിച്ചുവെക്കല്‍

എങ്ങനെ നേരിടാം?

ആദ്യമായി വേണ്ടത് നിങ്ങളുടെ കുട്ടി ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നു മനസ്സിലാക്കുക എന്നതാണ്. പല അച്ഛനമ്മമാരും പതുക്കെ മാറിക്കോളും എന്ന വിശ്വാസത്തില്‍ ഒരിക്കലും ഈ പ്രശ്‌നത്തിനായി ഡോക്ടറെ കാണിക്കാറില്ല. അത് പാടില്ല. ഒരു ഡോക്ടറെ, പറ്റുമെങ്കില്‍ ഒരു ശിശുരോഗവിദഗ്ധനെത്തന്നെ കാണിക്കുക. പ്രൈമറി ടൈപ്പിലാണെങ്കില്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതാണ്. അച്ഛനമ്മമാരുടെ കുട്ടിക്കാലം, ഇതേ പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ വേറെ ആര്‍ക്കെങ്കിലും ഉണ്ടോ എന്നതെല്ലാം അറിയേണ്ടതുണ്ട്. കുഞ്ഞിനെ വിശദമായി പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. ഡോക്ടറുടെ പരിശോധനയ്ക്കുശേഷം വേണമെങ്കില്‍ സ്‌കാനിങ് ചെയ്യണം.

സെക്കന്‍ഡറി ടൈപ്പാണെങ്കില്‍ കുഞ്ഞിന് മൂത്രപ്പഴുപ്പിന്റെ ലക്ഷണങ്ങളുണ്ടോ എന്നും മലബന്ധമുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. ഉണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. കുഞ്ഞിന്റെ മാനസികനിലയും പരിശോധിക്കേണ്ടതുണ്ട്. മുകളില്‍ പറഞ്ഞ കാരണങ്ങളില്‍ കുഞ്ഞുമനസ്സുകളിലെ അമിത ആകാംക്ഷയും ടെന്‍ഷനും ഉള്‍പ്പെട്ടത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. വീട്ടിലെ മോശം അന്തരീക്ഷമോ, അച്ഛനമ്മമാരുടെ വഴക്കോ, സ്‌കൂളിലെ ശിക്ഷാനടപടികളോ, അപരിചിതരില്‍നിന്നുള്ള മോശം അനുഭവങ്ങളോ. കാരണങ്ങള്‍ എന്തുമാവാം. എന്നാല്‍ അത് ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ അറിയാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇത് അധികവും നടക്കാറില്ല. എന്റെ അനുഭവത്തില്‍ പല കുഞ്ഞുങ്ങളിലും രാത്രി കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന്റെ കാരണം ഒരു രോഗാവസ്ഥയുമാവാറില്ല, അവരുടെ ചെറിയ ചില മാനസികപിരിമുറുക്കങ്ങള്‍ മാത്രമാകും. പക്ഷേ, അത് നമ്മള്‍ കണ്ടില്ലെന്നു നടിക്കരുതെന്നു മാത്രം!

ഇന്ന് കണ്ടുവരുന്ന വേറെ വലിയ ഒരു പ്രശ്‌നം കുട്ടികള്‍ സ്‌കൂളുകളില്‍നിന്ന് മൂത്രമൊഴിക്കാന്‍ മടിക്കുന്നതാണ്. ചിലപ്പോള്‍ മൂത്രപ്പുരയുടെ വൃത്തിയില്ലായ്മയാവാം, അല്ലെങ്കില്‍ മടികാരണം വെള്ളം കുടിക്കാത്തതാവാം. ഈ രണ്ടു സന്ദര്‍ഭങ്ങളിലും കുട്ടികള്‍ക്ക് മൂത്രപ്പഴുപ്പുണ്ടാകാം. അത് കിടക്കയില്‍ മൂത്രമൊഴിപ്പായി മാറിയേക്കാം

ടെസ്റ്റുകള്‍ ആവശ്യമുണ്ടോ?

ഏതുതരമാണെന്ന് കണ്ടുപിടിച്ച ശേഷമേ ടെസ്റ്റുകള്‍ ഏതൊക്കെ വേണമെന്ന് തീരുമാനിക്കാനാകൂ. ഓരോ കുട്ടിക്കും പ്രശ്‌നം വ്യത്യസ്തമായിരിക്കും.

പ്രൈമറി ടൈപ്പാണെങ്കില്‍ കൂടുതലായും കുട്ടിയുടെ ശാരീരികപരിശോധനയ്ക്ക് ഊന്നല്‍ നല്‍കണം. ആവശ്യമെങ്കില്‍ എം.ആര്‍.ഐ. സ്‌കാന്‍ എടുക്കാവുന്നതാണ്.

സെക്കന്‍ഡറി ടൈപ്പിലാണ് കൂടുതല്‍ ടെസ്റ്റുകള്‍ ആവശ്യം. മൂത്രപ്പഴുപ്പുണ്ടോ എന്ന് നോക്കുന്നതിനായി മൂത്രം കള്‍ച്ചര്‍ ചെയ്യേണ്ടതായുണ്ട്. ഒരു സൈക്കോളജിസ്റ്റിന്റെ സേവനത്തെക്കുറിച്ചു മുകളില്‍ പറഞ്ഞുകഴിഞ്ഞല്ലോ..

എന്തൊക്കെയാണ് ചികിത്സാരീതികള്‍?

ആദ്യമായി നമ്മള്‍ സ്വയംമാറുകയാണ് വേണ്ടത്.. കുട്ടികളെ ഈ കാര്യത്തിന്റെപേരില്‍ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ അരുത്. മറ്റുള്ളവരോട് ഇതിനെപ്പറ്റി കുട്ടികളുടെ മുന്നില്‍വെച്ച് ചര്‍ച്ച ചെയ്യാതിരിക്കുക. അത് അവരില്‍ വലിയ അപകര്‍ഷബോധമുണ്ടാക്കും. അതുകൊണ്ടു ഇതിനെപ്പറ്റി അവരോടു പോസിറ്റീവ് ആയി മാത്രം സംസാരിക്കുക.

 • രാത്രി കിടക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് പാനീയങ്ങള്‍ ഒഴിവാക്കുക.
 • കിടക്കുന്നതിനുമുന്നേ മൂത്രമൊഴിപ്പിച്ചതിനുശേഷം മാത്രം കിടത്തുക
 • രാത്രി ഉറക്കത്തില്‍ കൃത്യമായി അലാറം വെച്ച് കുഞ്ഞിനെ എഴുന്നേല്‍പ്പിച്ചു മൂത്രമൊഴിപ്പിച്ചതിനുശേഷം വീണ്ടും കിടത്തുക.
 • മൂത്രപ്പഴുപ്പുണ്ടെങ്കില്‍ അത് ചികിത്സിച്ചുമാറ്റണം.
 • മലബന്ധവും ചികിത്സിച്ചു മാറ്റേണ്ടതുണ്ട്.
 • കുട്ടികള്‍ക്ക് നല്ല ടോയ്ലറ്റ് ശീലങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടതുണ്ട്
 • നല്ലപോലെ വെള്ളം കുടിക്കാന്‍ ഉപദേശിക്കണം
 • സ്‌കൂളുകളിലെ ടോയ്‌ലെറ്റുകള്‍ വൃത്തിയുള്ളതാണോയെന്നു ഉറപ്പുവരുത്തണം, ഇല്ലെങ്കില്‍ അത് അധികൃതരുമായി സംസാരിച്ചു ശരിയാക്കണം.
 • സമയാസമയങ്ങളില്‍ മൂത്രമൊഴിക്കാന്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.
 • എന്തെങ്കിലും ജന്മവൈകല്യങ്ങള്‍ സ്‌കാനിങ് വഴി കണ്ടുപിടിക്കുകയാണെങ്കില്‍ ചിലപ്പോള്‍ സര്‍ജറി വേണ്ടിവന്നേക്കാം.

കാരണം എന്തായാലും കുഞ്ഞിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടേ ഇരിക്കുക. അവനോ അവളോ ഒരു ദിവസം കിടക്കയില്‍ മൂത്രമൊഴിക്കാതിരുന്നാല്‍ അത് ഒരു കലേണ്ടറില്‍ അടയാളപ്പെടുത്തുക. ഒരു സ്റ്റാര്‍ കൊടുക്കുക. അല്ലെങ്കില്‍ ഒരു ചെറിയ സമ്മാനം ആ ദിവസം കൊടുക്കുക. ഇത് കൂടുതല്‍ ദിവസങ്ങള്‍ ഇതേപോലെ കിടക്കയില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ അവര്‍ക്കു ഊര്‍ജം നല്‍കും. അവരില്‍ ആത്മവിശ്വാസം വളര്‍ത്തും.

( മാതൃഭൂമി ദിനപത്രം കോഴിക്കോട് എഡിഷന്‍ നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌)

 

Content Highlights: bed wetting in children, peeing in bed, bed wetting in children and adults