കുഞ്ഞുങ്ങളുടെ പരിചരണം അമ്മമാര്‍ക്ക് എത്ര തീര്‍ത്താലും തീരാത്ത ആശങ്കയാണ്. കുഞ്ഞുവാവ ഉണ്ടാകുമ്പോള്‍തന്നെ അമ്മമാര്‍ക്ക് സംശയങ്ങള്‍ തുടങ്ങുകയായി. കുട്ടികളുടെ ചര്‍മ സംരക്ഷണത്തെക്കുറിച്ചും ആവശ്യമായ പോഷകങ്ങളെ കുറിച്ചും പാലൂട്ടലിനെ കുറിച്ചും ധരിപ്പിക്കേണ്ട വസ്ത്രത്തെ കുറിച്ചും തുടങ്ങി കുഞ്ഞുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും ഏതൊരമ്മയ്ക്കും ടെന്‍ഷനുണ്ടാവാം. കണ്‍മണിക്ക് വേണ്ടി ഏറ്റവും മികച്ചതെന്ന് അവകാശപ്പെട്ട് മാര്‍ക്കറ്റില്‍ നിരവധി ഉത്പന്നങ്ങള്‍ ഉണ്ടെങ്കിലും ഇതെല്ലാം നല്ലതാണോ എന്ന് ആശങ്ക വേറെയും..കുഞ്ഞിന്റെ പരിചരണത്തില്‍ അമ്മമാരറിയാന്‍ ഇതാ ചില കാര്യങ്ങള്‍.

നടക്കാന്‍ തുടങ്ങുന്ന കൊച്ചുകുട്ടികള്‍ക്ക് വാക്കര്‍ നല്‍കുന്നതില്‍ തെറ്റുണ്ടോ?

ഒമ്പത് പത്തു മാസമാവുമ്പോഴാണ് കുഞ്ഞ് നടക്കാന്‍ തുടങ്ങുന്നത്. വളര്‍ച്ചക്കൊപ്പം നടത്തവും കുട്ടി പഠിച്ചെടുത്തോളും. വാക്കര്‍ ഉപയോഗിച്ച് നടക്കാന്‍ ശീലിച്ച ചില കുട്ടികളില്‍ കാലിന് വളവുകള്‍ കണ്ടിട്ടുണ്ട്. വാക്കര്‍ വേഗത്തില്‍ നീങ്ങുന്നതിനാല്‍ കുഞ്ഞ് ഓട്ടംകൂടി ശീലിക്കേണ്ടിവരും.

കുഞ്ഞിനെ സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്നതില്‍ വല്ല പ്രശ്‌നവുമുണ്ടോ?

മൃദുവായ ബേബിസോപ്പുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ചര്‍മരോഗങ്ങളും വരണ്ട ചര്‍മവും ഉള്ള കുഞ്ഞുങ്ങള്‍ക്ക് സോപ്പ് വേണ്ട. കടലമാവ്, ചെറുപയര്‍പൊടി, വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം എന്നിവ ഉപയോഗിച്ചാല്‍ മതി.

കുപ്പിയില്‍ പാല്‍ കുടിപ്പിക്കുന്നതില്‍ അപകടമുണ്ടെന്നത് ശരിയാണോ?

അതെ. ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍തന്നെ നല്‍കണം. കുപ്പിയില്‍ പാല്‍ കൊടുക്കുന്നതുകൊണ്ട് പല ദോഷങ്ങളും ഉണ്ട്. ഇങ്ങനെ പാല്‍ കുടിക്കുന്ന കുട്ടികളില്‍ വയറിളക്കം, ന്യുമോണിയ, ചെവിപഴുപ്പ് തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. വായ്പുണ്ണ്, പൂപ്പല്‍ബാധ എന്നിവയ്ക്കും ഇതിടയാക്കാം. പക്ഷേ യാത്രയിലൊക്കെ പാല്‍കുപ്പി അമ്മയ്ക്ക് ആവശ്യമായി വരും. അങ്ങനെ വരുമ്പോള്‍ കുപ്പി നല്ല ചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും കഴുകണം. പാലിന്റെ അവശിഷ്ടങ്ങള്‍ കുപ്പിയിലുണ്ടാവുന്നതാണ് പിന്നീട് അസുഖങ്ങള്‍ വരുത്തുന്നത്.

വിപണിയില്‍ ധാരാളം ടിന്‍ഫുഡുകള്‍ ലഭിക്കുന്നുണ്ടല്ലോ. അവ നല്‍കാമോ?

ടിന്‍ഫുഡില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍ കുഞ്ഞിന് ദോഷം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയെ ഇത് ബാധിക്കാം. നമ്മുടെ നാട്ടില്‍തന്നെ ലഭ്യമായ മുത്താറി, കായപ്പൊടി എന്നിവയൊക്കെ കുറുക്കായി കുഞ്ഞിന് നല്‍കാം. പ്രോട്ടീനും കാത്സ്യവുമെല്ലാം ധാരാളമടങ്ങിയ ഭക്ഷണമാണിത്. മുത്താറിയില്‍ മധുരത്തിന് ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ഡയപ്പര്‍ ധരിപ്പിക്കുന്നത് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് കേട്ടു?

ഡയപ്പര്‍ കെട്ടിക്കൊടുക്കുന്നത് ഒട്ടും നല്ലതല്ല. ഉള്ളില്‍ പലവട്ടം മൂത്രം വീണ് നനഞ്ഞാലും അമ്മ അറിയണമെന്നില്ല. മൂത്രം നനഞ്ഞ ഡയപ്പര്‍ അധികനേരമിട്ടാല്‍ ചര്‍മരോഗങ്ങള്‍ക്കിടയാക്കാം. മൂത്രത്തിലെ യൂറിയ ചില കുട്ടികളുടെ തുടകള്‍ക്കിടയില്‍ കുരുക്കളുണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. യാത്രയിലും മറ്റും ഡയപ്പര്‍ നിര്‍ബന്ധമാണെങ്കില്‍ ധരിപ്പിക്കാം. പക്ഷേ നാലു മണിക്കൂര്‍ ഇടവിട്ടെങ്കിലും അത് മാറ്റാന്‍ മറക്കണ്ട.

തുണിത്തൊട്ടിലാണ് കുഞ്ഞിനെ കിടത്താന്‍ നല്ലതെന്നു കേള്‍ക്കുന്നു?

കടയില്‍ നിന്നു വാങ്ങിക്കുന്ന തൊട്ടിലിനേക്കാള്‍ നല്ലത് തുണിത്തൊട്ടില്‍തന്നെ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന അതേ സുഖത്തോടെ തുണിത്തൊട്ടിലില്‍ കുഞ്ഞിന് ചുരുണ്ട് കിടന്നുറങ്ങാനാവും. തലയുടെ ആകൃതി ശരിയാക്കാനും തുണിത്തൊട്ടില്‍ സഹായിക്കും. തലയുടെ പിന്‍ഭാഗം പരന്നിരിക്കുന്നതും കഴുത്ത് ചെരിഞ്ഞിരിക്കുന്നതുമൊക്കെ പരിഹരിക്കാന്‍ യോജിച്ചത് തുണിത്തൊട്ടില്‍തന്നെ.

കുഞ്ഞിനെ ഏതുപ്രായത്തില്‍ ബ്രഷ് ചെയ്യാന്‍ പഠിപ്പിക്കണം?

ആറാം മാസത്തിലാണ് കുഞ്ഞിന് ആദ്യത്തെ പല്ല് വരുന്നത്. രണ്ടു വയസാവുമ്പോഴേക്ക് ഇരുപതോളം പല്ലുകള്‍ വന്നിരിക്കും. ഈ സമയത്തുതന്നെ ബ്രഷ് ഉപയോഗിച്ച് പല്ല് തേപ്പിക്കാന്‍ ശീലിപ്പിക്കാം. അമ്മ പല്ല് തേക്കുന്നത് കാണുമ്പോള്‍ കുട്ടിയത് അനുകരിക്കും. ആദ്യം ബ്രഷില്ലാതെ തേപ്പിക്കുക. മോണയുടെ മുകളില്‍ നിന്ന് താഴേക്ക് തേക്കുന്ന രീതിയാണ് നല്ലത്. പല്ലുകള്‍ക്കിടയിലെ വിടവുകളില്‍ ബ്രഷുകൊണ്ട് വൃത്തിയാക്കാന്‍ പഠിപ്പിക്കണം. വെള്ളം വായിലാക്കി കുലുക്കുഴിയാനും ശീലിപ്പിക്കാം. ഇത് ആഹാരവശിഷ്ടങ്ങള്‍ കളയാന്‍ സഹായിക്കും. ഉറക്കത്തില്‍ കുപ്പിപ്പാല് കുടിക്കുന്ന കുട്ടികളുടെ പല്ല് കേടാകാന്‍ സാധ്യത കൂടുതലാണ്. ബ്രഷില്‍ അല്‍പം പേസ്റ്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

കുഞ്ഞിന്റെ വികൃതി മാറ്റാന്‍ എന്തുചെയ്യും?

വികൃതിക്ക് ശിക്ഷ കൊടുത്തതുകൊണ്ട് കാര്യമില്ല. വികൃതിയെ അവഗണിക്കുക. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പ്രശംസിക്കാനും മടിക്കേണ്ട.  നല്ല പെരുമാറ്റത്തിന് ശ്രദ്ധ കിട്ടുന്നു എന്നു തോന്നിത്തുടങ്ങിയാല്‍ വികൃതി താനെ കുറയും. വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോള്‍ കുഞ്ഞിനെ നോക്കി വീട്ടുകാര്‍ പറയും. 'ഓ എന്തൊരു വികൃതിയാ ഇവന്‍'. അതു കേട്ട് എല്ലാവരും ചിരിക്കും. കുഞ്ഞ് വികൃതി നല്ല കാര്യമാണെന്ന് ധരിക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണം. ചെറിയ വികൃതിയൊക്കെ ആനക്കാര്യമായി കാണേണ്ടതുമില്ല.

കടയില്‍ പോയാല്‍ അതുമിതും വേണമെന്നു പറഞ്ഞ് വാശി പിടിച്ചാല്‍ സാധിപ്പിച്ചുകൊടുക്കണോ?

കുട്ടിയുടെ ആവശ്യങ്ങള്‍ ഒരളവുവരെ അംഗീകരിക്കണം. നിര്‍വഹിക്കാന്‍ പറ്റുന്നതാണെങ്കില്‍ സാധിപ്പിച്ചു നല്‍കാം. പക്ഷേ അതിനൊരു പരിധി വെക്കാം. എന്തുകൊണ്ട് വാങ്ങിക്കേണ്ടെന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കാം. ആദ്യം വേണ്ടെന്ന് പറഞ്ഞ സാധനം കുട്ടി നിലത്ത് കിടന്നുരുളുമ്പോള്‍ വാങ്ങിച്ചു നല്‍കുന്നത് നല്ലതല്ല. നിലത്ത് കിടന്നുരുണ്ടാല്‍ ആവശ്യങ്ങള്‍ സാധിക്കുമെന്നാവും കുട്ടി പഠിക്കുന്നത്.

കുഞ്ഞിന് എത്രസമയത്തെ ഉറക്കം വേണം?

ഓരോ പ്രായത്തിലും കുഞ്ഞ് ഇത്ര സമയം ഉറങ്ങണമെന്നുണ്ട്. ഒരു വയസില്‍ 14 മണിക്കൂറും രണ്ടു വയസില്‍ 13 മണിക്കൂറും ഉറങ്ങണം. മൂന്നു വയസാവുമ്പോള്‍ 12 മണിക്കൂറും നാലു വയസില്‍ പതിനൊന്നര മണിക്കൂറും അഞ്ചു വയസാവുമ്പോള്‍ 11 മണിക്കൂറും ഉറക്കം വേണം. ഉറക്കം കുറയുന്നത് പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കിടയാക്കാം. ഉറങ്ങുന്ന മുറിയില്‍ ശാന്തമായ അന്തരീക്ഷമൊരുക്കാനും ശ്രദ്ധിക്കണം.

Content Highlights: All you Need to know about Baby Care