രീക്ഷാക്കാലങ്ങളില്‍ കുട്ടികൾ മാതാപിതാക്കളുടെ സാമീപ്യം ആഗ്രഹിക്കും. അതിനാൽ കൂടുതല്‍ സമയം കുട്ടികളോടൊപ്പം വീട്ടില്‍ത്തന്നെ ഉണ്ടാകാന്‍ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇത് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തും. ജോലിയുള്ള മാതാപിതാക്കൾ കുറച്ചു ലീവെടുക്കുകയോ, ഓഫീസില്‍നിന്ന് ഇടയ്ക്ക് വിളിക്കുകയോ, വീട്ടിലുള്ള സമയം കൂടുതലും അവര്‍ക്കുവേണ്ടി ചെലവഴിക്കുകയോ ചെയ്യാം.

പഠനരീതികള്‍ മാറ്റേണ്ട

ഓരോ കുട്ടിക്കും പഠിക്കുന്നതിന് അവരുടെതായ രീതികളുണ്ട്. പരീക്ഷാസമയത്ത് ഈ രീതികള്‍ മാറ്റേണ്ടതില്ല. വായിച്ചുപഠിക്കുന്നവര്‍ അങ്ങനെ പഠിക്കട്ടെ. രാത്രി ഏറെനേരം ഇരുന്ന് പഠിക്കുന്നവരോട് വെളുപ്പിന് എഴുന്നേറ്റ് പഠിക്കണമെന്ന് നിര്‍ബന്ധിക്കേണ്ട. മറ്റു കുട്ടികളുടെ പഠനശൈലിയുമായി താരതമ്യപ്പെടുത്തി സംസാരിക്കരുത്. സ്വന്തം കുട്ടിയുടെ കഴിവിലും പഠനരീതിയിലും വിശ്വസിച്ച് അവനെ/അവളെ പിന്തുണയ്ക്കുക.

ടൈംടേബിള്‍ അറിയണം

പരീക്ഷാ തീയതി, സമയം, ഓരോ ദിവസത്തെയും വിഷയം എന്നിവയെല്ലാം മാതാപിതാക്കൾ അറിയണം. അതിനനുസരിച്ചുവേണം 
പഠനത്തിനുള്ള സമയം ചിട്ടപ്പെടുത്താനും തയ്യാറെടുപ്പുകളെപ്പറ്റി ഓര്‍മപ്പെടുത്താനുമൊക്കെ. പരീക്ഷയ്ക്കു പോകുമ്പോള്‍ എടുക്കേണ്ട സാധനങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കണം.

പ്രശ്‌നങ്ങളെ മുന്‍കൂട്ടി അറിയാം

പരീക്ഷയെഴുതുമ്പോള്‍ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളൊക്കെ മുന്‍കൂട്ടിക്കണ്ട് അതിനായി എന്തൊക്കെ ചെയ്യാം എന്ന് കുട്ടികളോട് സംസാരിക്കുന്നത് നല്ലതാണ്. അറിയാത്ത ഒരു ചോദ്യം വന്നുവെന്നിരിക്കട്ടെ. സ്വാഭാവികമായും ടെന്‍ഷന്‍ കൂടും. ഇത്തരം അവസരത്തില്‍ പ്രയോഗിക്കാന്‍ ചില എളുപ്പവിദ്യകള്‍ കുട്ടികളെ ശീലിപ്പിക്കാം. ടെന്‍ഷന്‍ കുറയ്ക്കാന്‍ അല്പനിമിഷം കണ്ണുകളടച്ച് പതുക്കെ ക്രമമായി പത്തുതവണ ശ്വാസോച്ഛ്വാസം ചെയ്യാം. ഒപ്പം കുറച്ചു വെള്ളം കുടിക്കാം. 

exam time for children, Help your children get through the exams, exam tips, parenting

 

അവലംബം: മാതൃഭൂമി ആരോഗ്യമാസിക