kidsരണ്ടാം ക്ലാസുകാരന്‍ മകന്‍ മനുവിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ സുനിത ഞെട്ടി. കഴിഞ്ഞ പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കിനേക്കാളും വളരെ മോശം. കണക്കിനും ഇംഗ്ലീഷിനും പത്തില്‍ താഴെ. മറ്റ് വിഷയങ്ങള്‍ക്ക് പന്ത്രണ്ട്, പതിന്നാല് അങ്ങനെ.

കൂടാതെ വികൃതിയെയും ശ്രദ്ധയില്ലായ്മയെയും കുറിച്ച് ടീച്ചറുടെ കമന്റ് പ്രത്യേകമായും. ഇവനെ എങ്ങനെയൊന്ന് നേരെയാക്കി എടുക്കും? സുനിതയെപ്പോലെ ഒട്ടനവധി മാതാപിതാക്കളുടെ വേവലാതിയാണിത്. ഇവിടെയാണ് പ്രശ്‌നങ്ങളോടുള്ള ശാസ്ത്രീയ സമീപനം ആവശ്യമായി വരുന്നത്.

പഠന വൈകല്യം
പലപ്പോഴും കുട്ടികളിലെ പഠന പിന്നാക്കാവസ്ഥയ്ക്കുള്ള മുഖ്യകാരണം പഠന വൈകല്യങ്ങള്‍ തന്നെ ആയിരിക്കാം. അതായത് സമപ്രായക്കാരായ മറ്റു കുട്ടികളെ പോലെ ശരിയായി വായിക്കാനോ എഴുതാനോ കണക്ക് കൂട്ടാനോ പെരുമാറാനോ ഇവര്‍ക്ക് കഴിവ് കുറവായിരിക്കും എന്നര്‍ഥം. എന്നാല്‍ ബുദ്ധിപരമായി സഹപാഠികളെപ്പോലെയോ അവരേക്കാള്‍ ഏറെയോ മുന്നിലായിരിക്കും ഇവരില്‍ പലരും. ഇനി എന്താണ് പഠന വൈകല്യമെന്നും ലക്ഷണങ്ങള്‍ വെച്ച് അവയെ എങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.

വായനയിലുള്ള വൈകല്യം (Dyslexia)
ഒഴുക്കോടെ, തെറ്റില്ലാതെ വായിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളാണ് ഇത്തരം വൈകല്യമുള്ളവര്‍. വായിക്കുമ്പോള്‍ ചില വാക്കുകള്‍ വിട്ടുകളയും. ചില വരികള്‍ പോലും വായിക്കാതെ വിട്ടുകളഞ്ഞെന്നും വരാം. ചിലപ്പോള്‍ ഊഹിച്ച് വായിക്കും. പലപ്പോഴും വാക്കുകള്‍ തിരിച്ച് വായിക്കും. ഉദാഹരണമായി ''WAS' എന്ന വാക്ക് ഇങ്ങനെയുള്ളവര്‍ വായിക്കുന്നത് ''SAW' എന്നായിരിക്കും.

എഴുത്തിലെ വൈകല്യം (Dysgraphia)
കൃത്യമായും വൃത്തിയായും എഴുതാന്‍ ബുദ്ധിമുട്ടുള്ളവരായിരിക്കും ഈ വൈകല്യമുള്ളവര്‍. ഇത്തരം കുട്ടികളുടെ കൈയക്ഷരം പൊതുവെ മോശമായിരിക്കും. അവരെഴുതിയത് അവര്‍ക്കുതന്നെ വായിക്കാന്‍ ബുദ്ധിമുട്ടാകും. അക്ഷരത്തെറ്റുകള്‍ ഇത്തരക്കാരുടെ എഴുത്തുകളില്‍ ധാരാളം കണ്ടുവരാറുണ്ട്. ആകപ്പാടെ അടുക്കും ചിട്ടയുമില്ലാത്ത, വായിച്ചാല്‍ അര്‍ഥം പോലും മനസ്സിലാകാത്ത ഒരു കുത്തിക്കുറിക്കലായിരിക്കും അവരുടെ എഴുത്ത്.

ഗണിതശാസ്ത്രപരമായ വൈകല്യം (Dyscalculia)
ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പഠന വൈകല്യമാണ് ഇത്. ഇത്തരം പ്രശ്‌നമുള്ള കുട്ടികള്‍ക്ക് ഗണിത ശാസ്ത്രപരമായ തത്ത്വങ്ങളും ചിഹ്നങ്ങള്‍ പോലും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പലപ്പോഴും സാധിക്കാറില്ല. കൂട്ടാനും കിഴിക്കാനും ഹരിക്കാനുമൊക്കെയുള്ള ചിഹ്നങ്ങള്‍ പലതും കടുത്ത വൈകല്യമുള്ള ഇവരില്‍ പലര്‍ക്കും അന്യമായിരിക്കും. ഉദാഹരണമായി 10 2, എന്ന കണക്കിന്റെ ഉത്തരം ഇവര്‍ നല്‍കുന്നത് ഒരു പക്ഷേ 10 നോട് 2 കൂട്ടി 12 എന്നോ, 10 ല്‍ നിന്ന് 2 കുറച്ച് 8 എന്നോ ഒക്കെയായിരിക്കും. വാച്ചില്‍ നോക്കി സമയം പറയാന്‍ പോലും ബുദ്ധിമുട്ടായിരിക്കും ഇവര്‍ക്ക്.

ശ്രദ്ധാവൈകല്യം
പഠനപ്രക്രിയയെ ബാധിക്കുന്നതും ബുദ്ധിവികാസവുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ ഒരു വൈകല്യമാണിത്. മറ്റ് മൂന്നു വൈകല്യങ്ങളെ അപേക്ഷിച്ച് മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ കുട്ടികളുടെ ഈ പ്രശ്‌നത്തെ വേര്‍തിരിച്ചറിയാന്‍ അല്പം ബുദ്ധിമുട്ടാണ്. പലപ്പോഴും പഠനത്തിലുള്ള അശ്രദ്ധ, ഓര്‍മക്കുറവ്, ബുദ്ധിയില്ലായ്മ എന്നിങ്ങനെയൊക്കെയായി ഇവയെ വ്യാഖ്യാനിക്കാറുണ്ട്.

''എന്ത് പറഞ്ഞ് കൊടുത്താലും ഓര്‍മയില്ല'', ''അരണയുടെ ബുദ്ധിയാണ്'' എന്നൊക്കെ കുറ്റപ്പെടുത്താറുണ്ട് ഇത്തരക്കാരെ. പഠനവിഷയങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ള ഇവര്‍ക്ക് ക്രമേണ പഠനകാര്യങ്ങളില്‍ താത്പര്യക്കുറവുണ്ടാവുക സാധാരണമാണ്.

അമിത പ്രവര്‍ത്തനമാണ് (Hyper Activity) പഠന വൈകല്യത്തോടൊപ്പം കുട്ടികളില്‍ കാണുന്ന മറ്റൊരു പ്രശ്‌നം. ഒരു സ്ഥലത്ത് അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ട്. സഹപാഠികളോടുള്ള അനുവദനീയമല്ലാത്തതും അക്രമരീതിയിലുള്ളതുമായ പെരുമാറ്റങ്ങള്‍, സാധനങ്ങള്‍ നശിപ്പിക്കുക, ഉയരങ്ങളില്‍ ഓടിക്കയറുക തുടങ്ങിയ പ്രവൃത്തികള്‍, അമിത സംസാരം എന്നിവയൊക്കെയാണ് ഇത്തരം പെരുമാറ്റ വൈകല്യത്തിന്റെ ലക്ഷണങ്ങള്‍.

ലോകചരിത്രത്തില്‍ ഉന്നതരായ പല വ്യക്തികളും ഇത്തരത്തിലുള്ള പഠനവൈകല്യമുള്ളവരായിരുന്നു. മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയോനോര്‍ഡോ ഡാവിഞ്ചി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്‌റോ വില്‍സണ്‍, ടെലിഫോണ്‍ കണ്ടുപിടിച്ച ഗ്രഹാംബെല്‍ എന്നിങ്ങനെ ലോകപ്രശസ്തരുടെ ഒരുനിരതന്നെയുണ്ട് പഠന വൈകല്യമുള്ളവരുടേതായി.

കാരണങ്ങളും പരിഹാര നിര്‍ദേശങ്ങളും
ജനിതകപരം ആകാമെങ്കിലും പ്രസവസമയത്ത് കുഞ്ഞുങ്ങള്‍ക്ക് ഏല്ക്കുന്ന ക്ഷതവും ഒരളവുവരെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ചില രോഗങ്ങള്‍, രോഗശമനത്തിന് നല്കുന്ന ചില മരുന്നുകള്‍, കളിപ്പാട്ടങ്ങളിലൂടെയും മറ്റും കുട്ടികളുടെ ഉള്ളില്‍ ചെല്ലുന്ന ലെഡിന്റെ അളവ്, പ്രസവസമയത്ത് അനുഭവപ്പെടുന്ന ഓക്‌സിജന്റെ ലഭ്യതക്കുറവ് എന്നിവയും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.

അമ്മയുടെ മൊബൈല്‍ഫോണിന്റെ അമിത ഉപയോഗം, മദ്യംപോലുള്ള ലഹരിപദാര്‍ഥങ്ങള്‍ ഇവയൊക്കെ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഇന്ത്യയില്‍ത്തന്നെ ഏകദേശം 20 ശതമാനം കുട്ടികളിലും ഇത്തരം പഠനവൈകല്യങ്ങള്‍ ഉള്ളതായി ഈയിടെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരളത്തിലാകട്ടെ 9 മുതല്‍ 13 ശതമാനംവരെ കുട്ടികളില്‍ പഠനവൈകല്യമുള്ളതായാണ് പ്രാഥമിക കണ്ടെത്തലുകള്‍. ഇത്തരം വൈകല്യമുള്ള കുട്ടികളുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്നതിന് മുന്‍പേ സ്‌കൂളിലോ വീട്ടിലോ അവര്‍ക്ക് വ്യക്തിപരമായി നേരിടേണ്ടിവരുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നുകൂടി അറിയേണ്ടതുണ്ട്. മാതാപിതാക്കളില്‍നിന്നും കുട്ടി ആഗ്രഹിക്കുന്നതും എന്നാല്‍ കിട്ടാതിരിക്കുകയും ചെയ്യുന്ന ശ്രദ്ധയും സ്‌നേഹവും പരിഗണനയും അംഗീകാരവുമൊക്കെ അവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തണം.

വീട്ടിലെയോ കുടുംബങ്ങള്‍ക്കിടയിലുുള്ളതോ ആയ സൗഹൃദാന്തരീക്ഷത്തിന് മാറ്റം വരികയോ, ക്ലാസ്സില്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നലുണ്ടാവുകയോ ഒക്കെ ചെയ്യുമ്പോള്‍ കുട്ടിക്ക് പഠനത്തില്‍ താത്പര്യക്കുറവ് ഉണ്ടായി എന്നുവരാം. കാഴ്ചയിലും കേള്‍വിയിലുമുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ കുട്ടിക്ക് ഉണ്ടോയെന്നുപോലും നാം പരീക്ഷിച്ചറിയേണ്ടതാണ്.

അമ്മമാര്‍ അറിയേണ്ടത്
പഠനവിഷയങ്ങളില്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ അവരുടെ കഴിവിനൊത്ത് ഉയരുന്നില്ല എന്ന് നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍, പഠിക്കാന്‍ അലസത കാട്ടുന്നുണ്ടെങ്കില്‍, അകാരണമായി ഏതെങ്കിലും വിഷയത്തിലോ മറ്റു പാഠ്യവിഷയങ്ങളിലോ മാര്‍ക്ക് കുറയുന്നുണ്ടെങ്കില്‍, സ്‌കൂളില്‍പോകാന്‍ രോഗകാരണങ്ങള്‍ പറഞ്ഞും അല്ലാതെയും മടികാണിക്കുന്നുണ്ട് എങ്കില്‍ പഠനവുമായി ബന്ധപ്പെട്ട് അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് മാറ്റിയെടുക്കാന്‍ നിങ്ങളുടെ സഹായം ആവശ്യമാണ് എന്നും മനസ്സിലാക്കണം.

ഒരു ഡോക്ടര്‍ക്കോ കുട്ടികളുടെ മനഃശാസ്ത്രജ്ഞനോ ഒരു പരിധിവരെ പരിഹാരം നിര്‍ദേശിക്കാനാവുമെങ്കിലും പഠനവൈകല്യ പരിഹാര വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ അധ്യാപകര്‍ക്കായിരിക്കും ഇത്തരം പ്രശ്‌നങ്ങളില്‍ അവരെ ഏറ്റവും കൂടുതല്‍ സഹായിക്കാനാവുക. സഹപാഠികളോടൊപ്പം തങ്ങളുടെ വൈകല്യങ്ങളെക്കുറിച്ച് ബോധവാന്മാരാവാതെ കളിച്ചും പഠിച്ചും അധ്യാപകരുടെ പരിശീലനത്തിലൂടെ ഈ കുറവുകള്‍ മാറ്റിയെടുക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.

പഠിക്കുന്നില്ല, പരീക്ഷയില്‍ മാര്‍ക്കില്ല, ബുദ്ധിയില്ല എന്നൊക്കെ തങ്ങളുടെ മക്കളെപ്പറ്റി പരിതപിക്കുന്നതിന് പകരം അവരുടെ കുറവുകളും വിഷമതകളും കണ്ടറിഞ്ഞ് ഉടന്‍തന്നെ അവ പരിഹരിക്കുവാന്‍ ശ്രമിക്കുകയാണ് ഇനിയെങ്കിലും നാം ചെയ്യേണ്ടത്.