''ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. കാരണം ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്‍മാര്‍.'' പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകള്‍ നമ്മില്‍ പലരും പലയിടത്തുമായി വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാവും. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പരമപ്രധാനമായൊരു പങ്ക് പോഷകാഹാരത്തിനുണ്ടെന്നതില്‍ തര്‍ക്കമില്ല.

പക്ഷേ എന്താണ് പോഷകാഹാരം എന്നു ചോദിച്ചാല്‍ ധനിക-ദരിദ്ര, സാക്ഷര-നിരക്ഷര ഭേദമില്ലാതെ മിക്കയാളുകള്‍ക്കും എണ്ണിപ്പറയാന്‍ ടി.വി.യിലും മറ്റു മാധ്യമ പരസ്യങ്ങളിലും കാണുന്ന ബ്രാന്‍ഡഡ് ഭക്ഷണ പാനീയങ്ങളുടെ പേരുകളേ ഓര്‍മ്മയില്‍ വരൂ. പ്രകൃതിയുടെ വരദാനമായ മാതൃത്വത്തിന്റെ അമൃതവര്‍ഷമായ മുലപ്പാലിന്റെ കാര്യം നാം മിക്കപ്പോഴും മറന്നു പോകുന്നു. അതുകൊണ്ടാണ് ലോകാരോഗ്യസംഘടനയും മറ്റനേകം ആരോഗ്യപ്രസ്ഥാനങ്ങളും കൈകോര്‍ത്തുകൊണ്ട് അമ്മിഞ്ഞപ്പാലിന്റെ മാഹാത്മ്യം കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നതിനായി വര്‍ഷംതോറും ആഗസ്ത് ആദ്യവാരം ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്.

ഇന്ത്യയിലാണെങ്കില്‍ ലോകാരോഗ്യസംഘടനയ്ക്ക് പുറമെ ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (IAP), ബ്രസ്റ്റ് ഫീഡിങ് പ്രമോഷന്‍ നെറ്റ്‌വര്‍ക്ക് ഓഫ് ഇന്ത്യ (Breast Feeding Promotion Network Of India (BPNI) എന്നീ സംഘടനകളൊക്കെ മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവരാണ്. മുലയൂട്ടല്‍-അടിയന്തിര പ്രതികരണം അതിപ്രധാനം- Breastfeeding-A vital emergency response എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.

ലോകമെമ്പാടും പലയിടങ്ങളിലായി നടത്തിയ പഠനങ്ങളില്‍ ശിശുമരണ നിരക്ക് വളരെയേറെ കുറയ്ക്കുന്നതിലും അഞ്ചുവയസ്സില്‍ താഴെയുള്ളവരുടെ മരണനിരക്ക് കുറയ്ക്കുന്നതിലും മുലപ്പാലിനുള്ള പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നാലാം മാസം മുതല്‍ മുലപ്പാലിനോടൊപ്പം കട്ടിയാഹാരവും കൊടുത്തു തുടങ്ങാമെങ്കിലും ലോകാരോഗ്യസംഘടനയുടെ ഇപ്പോഴത്തെ പുതിയ ആഹ്വാനം ആറുമാസം വരെ മുലപ്പാല്‍ മാത്രം കൊടുക്കുക എന്നതാണ്.