കുട്ടികള്‍ക്ക് ഉണ്ടാകുന്ന സാധാരണ രോഗങ്ങളും അവയ്ക്ക് എളുപ്പം ചെയ്യാവുന്ന ഗൃഹ ചികിത്സകളുമാണ് ഇവിടെ വിശദീകരിക്കുന്നത്. കുഞ്ഞിന് മരുന്നു കഴിക്കാന്‍ പ്രയാസമായി വന്നാല്‍ ഔഷധം അമ്മയുടെ മുലകളില്‍ പുരട്ടി കുറേനേരം ഇരുന്ന് പിന്നെ കഴുകി കളഞ്ഞ് ആ മുല കുടിച്ചാല്‍ മതിയാവും.


മുലപ്പാല്‍ ഛര്‍ദ്ദിക്കല്‍


പാട്ടക്കിഴങ്ങ്, ചുക്ക്, ചിറ്റമൃത്, പുത്തിരിച്ചുണ്ടവേര്, ദേവതാരം, തിപ്പലി, നന്നാറിക്കിഴങ്ങ്, കുടകപാലയരി, പെരും കുരുമ്പവേര്, ഇവ കഷായം വെച്ച് അമ്മ കഴിക്കുക.
ജീരകം, അരച്ച് നെല്ലിക്കയോളം നെയ്യും തേനും കൂട്ടി ചാലിച്ച് പലവട്ടമായി നാവിന്മേല്‍ തേച്ചു കൊടുക്കുക.


മണ്ണ് തിന്നുന്നതിന്


പാടക്കിഴങ്ങ്, വിഴാലരി, മഞ്ഞള്‍, മരമഞ്ഞള്‍, മുത്തങ്ങക്കിഴങ്ങ്, ചെറുതേക്കിന്‍ വേര്, തമിഴാമ വേര്, കൂവളവേര്, ചുക്ക്, തിപ്പലി, തേക്കിടവേര്, ഇവകൊണ്ട് നെയ്യ് കാച്ചി മൂന്നുനേരം രണ്ടുനുള്ള് വീതം നാക്കില്‍ തേച്ച് കൊടുക്കുക.


പൊക്കിള്‍ക്കൊടി പഴുത്താല്‍


കൊട്ടം ഇട്ട് കാച്ചിയ വെളിച്ചെണ്ണ പുരട്ടുക.
മുത്തങ്ങാ, വരട്ടുമഞ്ഞള്‍, നെല്ലിക്കാ, വെളുത്ത കൊട്ടം, ഇവ ചതച്ച് കഷായംവെച്ച് കുറുന്തോട്ടിവേര്, കറുക, ഇരട്ടിമധുരം, ഇവ അരച്ച് കലക്കി വെളിച്ചെണ്ണ ചേര്‍ത്ത് കാച്ചി അതില്‍ പഞ്ഞി മുക്കി വെക്കുക. ഇടക്ക് നനച്ച് കൊടുക്കുക.
നാളികേര പാലില്‍ പാവ് അരച്ച് കലക്കി കറുക നീര് ചേര്‍ത്ത് വെളിച്ചെണ്ണയും കൂട്ടി കാച്ചി ചെറിയ മാത്രയില്‍ അകത്തേക്ക് കൊടുക്കാവുന്നതാണ്.
ആവണക്കെണ്ണ പുരട്ടുക.


മൂക്കടപ്പ്, നീരുവീഴ്ച


കുറുന്തോട്ടി വേര്, മുത്തങ്ങക്കിഴങ്ങ്, പുളിഞ്ഞരമ്പ്, അരത്ത എന്നിവ സമം പൊടിച്ച് ശീലപ്പൊടിയാക്കി ആ പൊ
ടി മുലപ്പാലില്‍ കുഴച്ച് ഒരു തുണിയില്‍ പരത്തി കുഞ്ഞിന്റെ നിറുകയില്‍ ഇടുക.
ഇതുതന്നെ മുരിങ്ങത്തളിരു പിഴിഞ്ഞ നീരിലും, കൂവളത്തില പിഴിഞ്ഞ നീരിലും ചേര്‍ത്ത് നെറുകയില്‍ ഇടുക.
തുളസിനീര് മൂന്നു തുള്ളി വീതം അകത്തേക്ക് രണ്ടു തവണ കൊടുക്കുക.


മലബന്ധം മാറാന്‍


നെല്ലിക്ക പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കൊടുക്കുക.
ആവണക്കെണ്ണ മുലക്കണ്ണുകളില്‍ തേച്ച് മുലകൊടുക്കുക.
കാച്ചിത്തണുത്ത വെള്ളത്തില്‍ കടുക്ക അരച്ച് മുലക്കണ്ണിന്‍മേല്‍ തേച്ച് മുല കുടിപ്പിക്കുക.


മൂത്രക്കടച്ചിലിന്


ഞെരിഞ്ഞില്‍ പൊടിച്ച് ശീലപ്പൊടിയാക്കി തേന്‍ ചേര്‍ത്ത് കൊടുക്കുക.
തമിഴാമ ഇടിച്ച്പിഴിഞ്ഞ നീര് സമം തേന്‍ ചേര്‍ത്ത് കൊടുക്കുക.


മുല കുടിക്കാതിരുന്നാല്‍


ഏലത്തിരി, തിപ്പലി, വിഴാലരി, താലീസ്​പത്രം, ഇവ പൊടിച്ച് പഞ്ചസാരയും തേനും ചേര്‍ത്ത് കഴിക്കുക. ലന്തക്കുരുവിന്റെ പൊടിക്ക് സമം പഞ്ചസാര ചേര്‍ത്ത് തേനിനൊപ്പം കൊടുക്കുക.


പനിക്ക്


കടുകു രോഹിണി പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.
പര്‍പ്പടകം ഉണക്കിപ്പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.
പര്‍പ്പടകം, മുത്തങ്ങാ ഇവ ഉണക്കിപ്പൊടിച്ച് മുലപ്പാലില്‍ കഴിക്കുക.
തൊട്ടാവാടി ഉണക്കിപ്പൊടിച്ച് പാലില്‍ കഴിക്കുക.
പാടക്കിഴങ്ങും കൊത്തമ്പാലരിയും സമം പാലിലരച്ച് സേവിപ്പിക്കുക.


തലവേദനക്ക്


ചെറുവഴുതിനവേര്, കൂവളവേര്, കൊട്ടം, മുത്തങ്ങാ, ചന്ദനം, ക ന്നാരം, ഇരുവേലി എന്നിവ മുലപ്പാലിലരച്ച് നെറ്റിയില്‍ ഇടുക.


ചുമയ്ക്ക്


ആടലോടകത്തിന്റെ ഇല വറുത്തു മലരും സമം കൂട്ടിപൊടിച്ച് ആ പൊടി പഞ്ചസാര കൂട്ടി കഴിക്കുക.
ചെറുവഴുതിന വേര് തേനിലരച്ച് കഴിക്കുക.
ചെറുവഴുതിനയുടെ ഇല മോരില്‍ തിളപ്പിച്ച് നല്‍കുക.
മുക്കാല്‍ പിരിയത്തിന്റെ ഇല പിഴിഞ്ഞ നീരെടുത്തു പഴയ ശര്‍ക്കര ചേര്‍ത്ത് കൊടുക്കുക.
ത്രികടു, ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, കീഴാനെല്ലി എന്നിവകൊണ്ട് കഷായം വെച്ച് നല്‍കുക.


ശ്വാസം മുട്ടിന്


കുറുന്തോട്ടി വേര്, ഒമ്പത് അംശം, ജീരകം, ചുക്ക്, പ്ലാവിലഞ്ഞെട്ടി എന്നിവ ഓരോ അംശം എടുത്ത് കഷായംവെച്ച് കഴിക്കുക, മേമ്പൊടി തേന്‍.കരുനെച്ചിവേര്, കരത്ത, വയമ്പ്, പുത്തിരിച്ചുണ്ടവേരിന്‍മേല്‍ത്തൊലി, കിരിയാത്ത് എന്നിവകൊണ്ട് കഷായം വെച്ച് തേന്‍ചേര്‍ത്ത് കഴിക്കുക. ബലാജീരകാദി കഷായം ആട്ടിന്‍പാലില്‍ കുറുക്കി കഴിക്കുക.
ഊരകത്തിന്റെ വേര് കഷായംവെച്ച് തേനും പഞ്ചസാരയും മേമ്പൊടി ചേര്‍ത്ത് കഴിക്കുക.
കന്നാരം പൊടിച്ച് പാലില്‍ കലക്കി കഴിക്കുക.


ബാലക്ഷയത്തിന്


ഓരിലവേര്, മൂവ്വിലവേര്, ചെറുവഴുതിനവേര്, ചെറുപൂളവേര്, ഞെരിഞ്ഞില്‍, കുറുന്തോട്ടി വേര്, തമിഴാമ വേര് എന്നിവകൊണ്ട് കഷായംവെച്ച് തേന്‍ മേമ്പൊടി ചേര്‍ത്ത് കഴിക്കുക.
മുന്തിരിങ്ങ, ജീരകം, പുഷ്‌കരമൂലം എന്നിവകൊണ്ട് കഷായംവെച്ച് തേന്‍ മേമ്പൊടിയായി ധാരാളം ചേര്‍ത്ത് കഴിക്കുക.
ഏലത്തരി, തിപ്പലി, ഇരട്ടിമധുരം ദശമൂലം, ചിറ്റമൃത്, എന്നിവകൊണ്ട് കഷായംവെച്ച് തിപ്പലി, ജീരകം, തേന്‍, പഞ്ചസാര എന്നിവ മേമ്പൊടി ചേര്‍ത്ത് കഴിക്കുക.


ഒച്ചയടപ്പിന്


കഞ്ഞുണ്ണി ഇടിച്ചു പിഴിഞ്ഞ നീരില്‍ മുന്തിരിങ്ങാപ്പഴം അരച്ചുകലക്കി നെയ്യോടുസമം പശുവില്‍പാലും ചേര്‍ത്ത് കാച്ചിയരച്ച് കഴിക്കുക.
മുതുക്കിന്‍കിഴങ്ങ് ഇടിച്ച് പിഴിഞ്ഞനീരിലും ഈ നെയ്യ് കാച്ചാവുന്നതാണ്.
ഏലത്തരി, ഇലവംഗത്തൊലി, പച്ചില എന്നിവ കഷായം വെച്ച് തേനും പഞ്ചസാരയും മേമ്പൊടിചേര്‍ത്ത് കഴിക്കുക.
മുന്തിരിങ്ങാപഴം, തിപ്പലി, ആടലോടകത്തിന്‍വേര് ഇവ കഷായംവെച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്ത് സേവിക്കുക.


അരുചിക്ക്


തുമ്പപ്പൂ, മാതളനാരങ്ങായല്ലി, ഇഞ്ചി എന്നിവകൊണ്ട് കഷായം വച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക.
ആട്ടിന്‍പാല്‍ കറന്ന് ആറുന്നതിനുമുമ്പേ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.


ഭക്ഷണം ഇറങ്ങുന്നില്ലെങ്കില്‍


തുമ്പപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്, ഇഞ്ചി എന്നിവ കൊണ്ട് കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.
ചുക്ക്, മുത്തങ്ങാക്കിഴങ്ങ്, കുറുന്തോട്ടിവേര് എന്നിവ കഷായം വെച്ച് തേന്‍ അരത്ത, തിപ്പലി എന്നിവ പൊടിച്ച് മേമ്പൊടിയാക്കി കഴിക്കുക.
ഊരകത്തിന്‍ വേര്, കോലരക്ക്, കരുമുളക് എന്നിവ കഷായംവെച്ച് തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുക.


ഛര്‍ദ്ദിക്ക്


കൂവളവേര്, തേനിലരച്ച് കഴിക്കുക.
മലര്, കൂവളത്തിന്‍ വേര്, ചെറുപയറിന്‍ പരിപ്പ്, കദളിവാഴക്കിഴങ്ങ്, ദേവതാരം, ഞാവല്‍ത്തൊലി, ഏലത്തരി, എന്നിവകൊണ്ട് കഷായംവെച്ച് പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക.
മുളക്, അഞ്ജനക്കല്ല്, തിപ്പലി, കാവിമണ്ണ് എന്നിവ പൊടിച്ച് താളിമാതളത്തിന്‍ കായോ തളിരോ പിഴിഞ്ഞ നീരില്‍ ചാലിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. അക്ലാരിത്തേങ്ങ (അര്‍ക്കരാഗം) കാച്ചിത്തണുത്ത വെള്ളത്തില്‍ അരച്ചു കലക്കി കഴിക്കുക.


കൃമിശല്യത്തിന്


വിഴാലരി, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി, പ്ലാശിന്‍തൊലി കഷായംവെച്ച് കായം മേമ്പൊടി ചേര്‍ത്ത് കഴിക്കുക.
നായ്‌ക്കൊരണയുടെ പുറമേയുള്ള തൊണ്ട് ശര്‍ക്കരയുടെ അകത്താക്കി പൊതിഞ്ഞ് കാപ്‌സ്യൂള്‍ രൂപത്തിലാക്കി കഴിക്കുക.
കാട്ടുതിപ്പലിവേര്, തിപ്പലി, മുരിങ്ങവേര്, വിഴാലരി, മുളക് എന്നിവ കഷായം വെച്ച് മോര് ഒഴിച്ച് മോര്‍ക്കഞ്ഞി വെച്ച് ചവര്‍ക്കാരം പൊടിച്ചിട്ട് കഴിക്കുക. കുപ്പമഞ്ഞള്‍ മോരില്‍ തിളപ്പിച്ച് കഴിക്കുക.


വയറ്റില്‍വേദന


ദശമൂലമിട്ടു കാച്ചിയ ആട്ടിന്‍പാല്‍ പഞ്ചസാരയിട്ടു കഴിക്കുക.
കരുവേപ്പില അരച്ച് പുളിച്ച മോരിലോ ചൂടുവെള്ളത്തിലോ കഴിക്കുക. ചപല്‍ക്കാരവും അയമോദകവും സമംകൂടി പൊട്ടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക. കുമ്പളത്തിന്റെ ഇല, പാലയില, നന്നാറിയില, എന്നിവ വാട്ടിപ്പിഴിഞ്ഞ് നീര് വെവ്വേറെ കഴിക്കുക.


മഞ്ഞപ്പിത്തത്തിന്


മാവിന്റെ തളിരില ഇളനീര്‍വെള്ളത്തില്‍ കഴിക്കുക. തമിഴാമവേര് അരച്ച് ഇളനീരില്‍ കലക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
തുമ്പപ്പൂവ് അരച്ച് കറന്ന ചൂടാറാത്ത പാലില്‍ കഴിക്കുക.
കരിമുത്തിളിന്റെ ഇല പിഴിഞ്ഞ നീര് പാലുകൂട്ടി കഴിക്കുക.


മൂത്രത്തില്‍ ഊറല്‍


വെളുത്ത ചെമ്പരത്തിവേരോ, തെച്ചിയുടെ പൂവോ മുരുക്കിന്റെ തൊലിയോ, എരിഞ്ഞിക്കുരുവോ, അത്തിക്കൂമ്പോ അരച്ച് മോരില്‍ കഴിക്കുക.


നിറം കൂട്ടാന്‍


കൊട്ടം, വയമ്പ്, ബ്രഹ്മി, താമരയല്ലി ഇവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കുഴച്ച് ശിശുവിന് കൊടുത്താല്‍ നിറം, ആയുസ്സ്, കാന്തി എന്നിവയുണ്ടാകും.കൃഷ്ണതുളസിയില ഇടിച്ച് പിഴിഞ്ഞ നീര് 10 തുള്ളിമുതല്‍ അര ഔണ്‍സ് വരെ പ്രായഭേദമന്യേ കൊടുത്താല്‍ കുട്ടി വെളുത്ത് കാന്തിയുള്ളവനാകും. ഒലീവ് ഓയില്‍ പുരട്ടി കുളിപ്പിക്കുക.


ബുദ്ധിയുണ്ടാകാന്‍


ബ്രഹ്മി, മഞ്ഞള്‍ എന്നിവ പിഴിഞ്ഞ നീര് ഒന്നിച്ചോ വെവ്വേറെയോ കൊടുക്കുക.
സാരസ്വതാരിഷ്ടം കഴിക്കുക. പ്രായമനുസരിച്ച് മാത്രം.
ഗോമൂത്രം അരിച്ചെടുത്ത് അതില്‍ സമം തേന്‍ ചേര്‍ത്ത് കൊടുക്കുക.
വയമ്പില്‍ സ്വര്‍ണകമ്പി അടിച്ചുകേറ്റി ചാണയില്‍ അരച്ച് ദിവസവും കൊടുക്കുക. ഇരട്ടിമധുരവും ഇപ്രകാരം കൊടുക്കാവുന്നതാണ്.


നീരിന്


പാലിലോ, ഗോമുത്രത്തിലോ ആവണക്കെണ്ണ ചേര്‍ത്ത് കഴിക്കുക.
കുമിഴിന്‍ വേര് കൂവളവേര്, പൂപ്പാതിരി വേര്, പലകപ്പയ്യാനി വേര്, മുഞ്ഞ വേര് എന്നിവ ഓരോ ഭാഗം തമിഴാമവേര്, അഞ്ചു ഭാഗം ചുക്ക് രണ്ടു ഭാഗം, ഇങ്ങനെ ചേര്‍ത്ത് കഷായംവെച്ച് തിപ്പലി, പഞ്ചസാര മേമ്പൊടി ചേര്‍ത്തു കഴിക്കുക.
വയല്‍ച്ചുള്ളി വേര്, കടുക്കാ, കൂവളവേര് എന്നിവ കഷായംവെച്ച് പഞ്ചസാര, തിപ്പലി പൊടിച്ചു ചേര്‍ത്ത് കഴിക്കുക.
വേപ്പിന്‍ തൊലി, ഞെരിഞ്ഞില്‍, മുത്തങ്ങാക്കിഴങ്ങ് എന്നിവ കഷായംവെച്ച് തേന്‍ ചേര്‍ത്ത് കഴിക്കുക.
ഇഞ്ചിയും ശര്‍ക്കരയും കൂടി തേന്‍ ചേര്‍ത്ത് രാവിലെ സൂര്യനു അഭിമുഖമായി നിന്നു കഴിക്കുക.
കരിക്കൊടിക്കിഴങ്ങ് ഗോമൂത്രത്തില്‍ അരച്ചുകലക്കി നെയ്യ് ചേര്‍ത്ത് കാച്ചിയരിച്ചു കഴിക്കുക.


കരപ്പന്‍ മാറാന്‍


നന്നാറിക്കിഴങ്ങോ, വേമ്പാടത്തൊലിയോ തേങ്ങാപ്പാലില്‍ അരച്ച് കൂടെക്കൂടെ പുരട്ടുക.
മഞ്ചാടിപ്പൊടി, നന്നാറിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ് എന്നിവ തൈര്‍വെള്ളത്തില്‍ അരച്ചു പുരട്ടുക.
മയിലെള്ളിന്റെ തൊലി തയിര്‍വെള്ളത്തില്‍അരച്ചുപുരട്ടുക.
അപ്പോള്‍ കറന്ന പാലില്‍ ആവണക്കെണ്ണ ചേര്‍ത്തുകൊടുത്ത് വയര്‍ ഇളക്കുക.
ത്രീകോല്‍പക്കൊന്ന പൊടിച്ച് തേങ്ങാപ്പാലില്‍ കൊടുക്കുക.
നെല്ലിക്ക, ഇരട്ടിമധുരം, മഞ്ചട്ടിപ്പൊടി, ചന്ദനം എന്നിവ പൊടിച്ച് നെയ്യില്‍ ചാലിച്ച് തലയില്‍ കുഴമ്പ് ഇടുക.
ചെന്നിനായകം, കന്നാരം, ഇരുവേലി, രാമച്ചം, ചന്ദനം, മുത്തങ്ങാക്കിഴങ്ങ് എന്നിവ പൊടിച്ച് മുലപ്പാല്‍ ചേര്‍ത്ത് അരച്ച് നെറ്റിയില്‍ ഇടുക.


പാലുണ്ണി


ഇരട്ടിമധുരം തേനിലരച്ച് പുരട്ടുക. പാലുണ്ണി പഴുത്തുപൊട്ടിപ്പോകും.
താമരയിലനീരില്‍ ഇരട്ടിമധുരം അരച്ചുകലക്കി വെളിച്ചെണ്ണയും വെളിച്ചെണ്ണയ്ക്കു സമം പശുവിന്‍ പാലും ചേര്‍ത്ത് കാച്ചിയരച്ച് പുരട്ടുക.
വെള്ളുള്ളിനീര് പുരട്ടുക.


മുഖക്കുരുവിന്


കൊത്തമ്പാലരി, വയമ്പ്, പാച്ചോറ്റിത്തൊലി എന്നിവ തൈര്‍ വെള്ളത്തില്‍ അരച്ചുപുരട്ടുക.
പേരാലിന്‍ത്തളിര്, മഞ്ചട്ടിപ്പൊടി, പാച്ചോറ്റിത്തൊലി എന്നിവ തൈര്‍ വെള്ളത്തില്‍ അരച്ചുപുരട്ടുക.
ഒരു മാസക്കാലം 'നവനീതമധുസ്‌നുഹീ' കഴിക്കുക. ഭക്ഷണം ഉടനെ പാകം ചെയ്ത് ചൂടോടെ കഴിക്കണം.


ചുണങ്ങ് മാറാന്‍


പൊങ്കാരം തീയ്യില്‍ കാച്ചി ചെറുനാരങ്ങാ നീരില്‍ഇട്ട് ചന്ദനമുട്ടികൊണ്ട് അരച്ചുചേര്‍ത്ത് ആ ചന്ദനത്തോടുകൂടി ചുണങ്ങിന്മേല്‍ പുരട്ടി വലിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുകിക്കളയുക. പുളിച്ച മോരുകൊണ്ട് ആ മരുന്നു പുരട്ടിയ സ്ഥലത്ത് ധാരകോരുക.
ചന്ദനം, വയമ്പ് ഇവ മോരിലരച്ച് ലേപനം ചെയ്യുക.
ചെറുനാരങ്ങാനീരില്‍ ശംഖുപാഷാണം, ചന്ദനം എന്നിവ അരച്ചുപുരട്ടുക.


കാലിലെ വിള്ളലിന്


വരട്ടുമഞ്ഞള്‍, മാവിന്റെ പശ, വെളുത്ത മെഴു എന്നിവ അരയാലിന്റെ പാലില്‍ അരച്ചുപുരട്ടുക.
കൃഷ്ണാജിനത്തിന്റെ ഭസ്മം വെണ്ണ ചേര്‍ത്ത് പുരട്ടുക.
നാഗദന്തി വേര്, താന്നിക്കാക്കുരു, വരട്ടു മഞ്ഞള്‍, ഇന്തുപ്പ് എന്നിവ ഗോമൂത്രത്തില്‍ അരച്ചുപുരട്ടുക.


അരിമ്പാറ മാറാന്‍


പൊന്നാരന്തകരക്കുരു കള്ളിയാലനീരില്‍ അരച്ച് പുരട്ടുക.
അട്ടക്കരി ചെറുനാരങ്ങനീരില്‍ അരച്ചു പുരട്ടുക.
കള്ളിപ്പാലില്‍ കൊടുവേലിക്കിഴങ്ങ് അരച്ചുപുരട്ടുക.
കള്ളിപ്പാലില്‍ കടുക്ക കുരുവോടുകൂടി അരച്ചു പുരട്ടുക.
അക്ലാരി തേങ്ങാ കടലാവണക്കിന്റെ പാലില്‍ അരച്ചുപുരട്ടുക.


മെലിയുവാന്‍


കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍ എന്നിവയുടെ കഷായത്തില്‍ രാത്രി മുഴുവനിട്ട് പകല്‍ മുഴുവനും ഇണക്കി ഏഴു തവണ ഭാവനചെയ്ത ത്രിഫല പൊടിച്ച് തേനില്‍ കഴിക്കുക.
കന്മദം പൊടിച്ചു മുഞ്ഞയില നീരിലോ തേനിലോ കഴിക്കുക.
തണുത്ത പച്ചവെള്ളവും തേനും സമമായി ചേര്‍ത്തുകഴിക്കുക.


തടി വെക്കാന്‍


അമുക്കുരത്തിന്റെ പൊടി നെയ്യില്‍ കഴിക്കുക. എത്ര ചടച്ചവര്‍ ആയാല്‍ പോലും 15 ദിവസംകൊണ്ട് തടിക്കും.
അന്നന്നു കടഞ്ഞെടുത്ത വെണ്ണയും ഇന്തുപ്പുംകൂട്ടി രാത്രിയില്‍ നവരച്ചോരില്‍ ചേര്‍ത്ത് ഭക്ഷിക്കുക. താമസം വിനാ തടിക്കും.
നെല്ലിക്ക, അടപതിയന്‍ കിഴങ്ങ്, പുണ്ഡരീക കരമ്പ് എന്നിവയുടെ നീരില്‍ എള്ള് അരച്ചുകലക്കി നെയ്യും ചേര്‍ത്ത് കാച്ചിയരിച്ച് കഴിക്കുക.


വായില്‍ പുണ്ണ്


മച്ചിങ്ങാമുഖം നന്നായി തേനിലരച്ച് പുരട്ടുക.
കാവിമണ്ണ് ശുദ്ധദ്ദുര്‍വാദി വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക.
തിപ്പലി, വേപ്പില എന്നിവ വെണ്ണയില്‍ അരച്ചുകൊടുക്കുക.