മുലയൂട്ടുന്ന അമ്മമാര്‍ ഒരു ദിവസം ശരാശരി 400 മുതല്‍ 600 കലോറിവരെ അധികമായി ചെലവഴിക്കുന്നുണ്ട്. അതിനനുസരിച്ച് അമ്മമാര്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും വേണം. എന്നാല്‍ കുട്ടികളെ മുലയൂട്ടുമ്പോള്‍ അമ്മമാര്‍ക്കും ഏറെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്.

സ്തനാര്‍ബുദവും ഗര്‍ഭാശയത്തിലെ അര്‍ബുദവും ചെറുക്കുമെന്നതാണ് മുലയൂട്ടലിന്റെ പ്രധാന ഗുണമായി കണ്ടെത്തിയിട്ടുള്ളത്. ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും മുലയൂട്ടുന്നവര്‍ക്കേ ഈ ആനുകൂല്യം പ്രതീക്ഷിക്കേണ്ടതുള്ളൂ.

മധ്യവയസ്സിലും വാര്‍ധക്യത്തിലും ഉണ്ടായേക്കാവുന്ന അസ്ഥികളുടെ ബലക്ഷയം ചെറുക്കാനും മുലയൂട്ടല്‍ സഹായിക്കും. പാലൂട്ടല്‍ തുടങ്ങുമ്പോള്‍ താല്‍ക്കാലികമായി കാത്സ്യത്തിന്റെ അഭാവം സ്ത്രീകളില്‍ ഉണ്ടാകുമെങ്കിലും പിന്നീട് അത് നികത്തപ്പെടുമെന്നും എല്ലുകളുടെ കരുത്ത് കൂടുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

മനോസംഘര്‍ഷം കുറയ്ക്കുമെന്നതാണ് മുലയൂട്ടലിന്റെ മറ്റൊരു പ്രധാന ഗുണം. മനോസംഘര്‍ഷം വഴിയുണ്ടാകുന്ന ഒട്ടേറെ രോഗങ്ങളില്‍ നിന്നും മുലയൂട്ടല്‍ മോചനം നല്‍കും. മുലയൂട്ടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതാണ് ഇവിടെ ഗുണകരമാവുന്നത്. കൂടാതെ പ്രസവത്തിനുശേഷം ഗര്‍ഭപാത്രം സങ്കോചിക്കുന്നതിനും അതുവഴി പ്രസവാനന്തരം ഉണ്ടായേക്കാവുന്ന രക്തസ്രാവം ഇല്ലാതാക്കാനും ഓക്‌സിടോസിന്‍ സഹായിക്കുന്നു.