മഞ്ഞുകാലമിങ്ങെത്തി. മുതിര്‍ന്നവര്‍ പോലും മോയിസ്ച്ചറൈസിങ് ക്രീമുകളുടെയും ലിപ്പ് ബാമുകളുടെയും സ്വെറ്ററുകളുടെയും മഫ്ലൂുകളുടെയും പിന്നാലെ ഓടുമ്പോള്‍ വീട്ടിലെ കുഞ്ഞുങ്ങള്‍ക്കായി എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാകും മാതാപിതാക്കള്‍. തണുപ്പുകാലം അസുഖങ്ങളുടെ കാലം കൂടിയാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. അല്‍പ്പം ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ മഞ്ഞുകാലത്തെ രോഗങ്ങളെ അകറ്റി നിര്‍ത്താം.


അലര്‍ജികള്‍


കുട്ടികള്‍ക്ക് അലര്‍ജികളുണ്ടെങ്കില്‍ അത് അധികരിക്കുന്ന സമയമാണ് തണുപ്പുകാലം. അന്തരീക്ഷം തണുക്കുന്നതിനാല്‍ അലര്‍ജികള്‍ ഉണ്ടാകാനും അവ മൂര്‍ച്ഛിക്കാനും സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് അതിരാവിലെ. തണുപ്പു കാലത്ത് രാത്രിയിലും രാവിലെ എട്ടു മണിക്ക് മുമ്പും കുട്ടികളെ പുറത്തേക്ക് വിടാതിരിക്കുന്നതാണ് നല്ലത്.


ആസ്ത്മ


ആസ്ത്മ, ശ്വാസം മുട്ടല്‍ എന്നിവയുള്ള കുട്ടികള്‍ക്ക്് രോഗം അധികരിക്കാന്‍ സാധ്യതയുള്ള സമയമാണ് മഞ്ഞുകാലം. മഞ്ഞുകാലത്ത്് അന്തരീക്ഷത്തില്‍ പൊടിപടലങ്ങളും അലര്‍ജി ഉണ്ടാക്കുന്ന പദാര്‍ഥങ്ങളും കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്.


ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍


ശ്വാസംമുട്ടല്‍, കഫക്കെട്ട് തുടങ്ങി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഏറെ വരാന്‍ സാധ്യതയുള്ള സമയമാണ് മഞ്ഞുകാലം. ജലദോഷം ചുമയായും അത് കഫക്കെട്ടായും മാറാന്‍ സാധ്യതകള്‍ ഏറെയാണ്. ആറോ ഏഴോ വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്കേ ചുമച്ച് വരുന്ന കഫം തുപ്പിക്കളയാന്‍ കഴിയൂ. അതിലും ചെറിയ കുട്ടികള്‍ക്ക് കഫം നെഞ്ചില്‍ കെട്ടിക്കിടക്കും.


ചെവിയില്‍ അണുബാധ


തണുപ്പുകാലത്ത് ചെവിയിലൂടെ തണുപ്പടിക്കുകയും ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുമുള്ള സാധ്യതയും കൂടുതലാണ്. ജലദോഷം, മൂക്കൊലിപ്പ് എന്നിവ ഉണ്ടാവുമ്പോഴും ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാം. ചെവി വേദനയും പഴുപ്പും തണുപ്പുകാലത്തെ സ്ഥിരം രോഗങ്ങളാണ്.


കഫക്കെട്ടും ന്യുമോണിയയും


കുട്ടികളുടെ നെഞ്ചില്‍ കെട്ടിക്കിടക്കുന്ന കഫം കുറുങ്ങലായും പിന്നീട് ന്യുമോണിയ വരെയും ആകാം.


തൊലിക്കും സംരക്ഷണം


കുട്ടികളുടെ തൊലി വളരെ നേര്‍ത്തതും മൃദുവുമാണ്. തണുപ്പുകാലത്ത് ചര്‍മത്തിലെ എണ്ണമയവും ജലാംശവും വളരെയധികം നഷ്ടപ്പെടും. കുട്ടികളെ നിര്‍ബന്ധമായും എണ്ണ തേച്ച് കുളിപ്പിക്കുക. അധികം കാഠിന്യമില്ലാത്ത സോപ്പ് മാത്രമേ ഉപയോഗിക്കാവൂ. എന്നിട്ടും ചര്‍മം വല്ലാതെ വരണ്ട് കാണപ്പെട്ടാല്‍ ഏതെങ്കിലും നല്ല മോയിസ്ച്ചറൈസിങ് ക്രീമോ വെളിച്ചെണ്ണയോ തേച്ചു കൊടുക്കാം.


നിര്‍ജലീകരണം


മഞ്ഞുകാലത്ത് ശരീരം വിയര്‍ക്കുന്നില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ദാഹം അധികം അനുഭവപ്പെടില്ല. വെള്ളം കുടിക്കാത്തതിനാല്‍ ശരീരം നിര്‍ജലീകരണത്തിന് വിധേയമാവാനും മൂത്രത്തില്‍ പഴുപ്പ്് പോലുള്ള ഇന്‍ഫെക്ഷനുകള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കാനും സമയാസമയത്ത്് മൂത്രമൊഴിക്കാനും കുട്ടികളെ ശീലിപ്പിക്കണം.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍തണുപ്പുകാലത്ത് കുട്ടികളെയും കൊണ്ട് യാത്ര പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് രാത്രിയും വെളുപ്പിനുമുള്ള യാത്രകള്‍ തീര്‍ത്തും ഒഴിവാക്കുക.

അലര്‍ജിയുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. സ്‌കൂളില്‍ പോകുന്ന കുട്ടിയാണെങ്കില്‍ അധ്യാപകരോട് ഇക്കാര്യം പറയുക.

ധാരാളം വെള്ളം കുടിക്കാന്‍ ശീലിപ്പിക്കുക. ശരീരം നിര്‍ജലീകരിക്കപ്പെടാതിരിക്കാനും ചര്‍മ്മം വരണ്ടു പോകാതിരിക്കാനും ദഹനത്തിനും വെള്ളം ധാരാളം കുടിക്കണം.

തണുപ്പുകാലത്ത് മൂക്കൊലിപ്പും ജലദോഷവുമുണ്ടായാല്‍ ചെവിയില്‍ ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യതയുണ്ടെന്നോര്‍ക്കുക. കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ടെങ്കില്‍ ചെവി വേദനയാവാനും സാധ്യതയുണ്ട്.

കുഞ്ഞിന് കഫക്കെട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. ഉണ്ടെങ്കില്‍ വെച്ചു താമസിപ്പിക്കാതെ ഡോക്ടറെ കാണുക. മഞ്ഞുകാലത്തെ കഫക്കെട്ട് ന്യുമോണിയ വരെ എത്താം.

തണുപ്പുകാലത്ത് ഭക്ഷണം ചെറു ചൂടോടെ നല്‍കുക. രണ്ടാമത് ചൂടാക്കിയതോ തണുത്തതോ ആയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കരുത്.

മഞ്ഞുകാലത്ത് ദഹനം സാവധാനമാകും. ശരീരത്തിന് ചൂട് കിട്ടുന്ന, എന്നാല്‍ എളുപ്പം ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണം നല്‍കുന്നതാവും നല്ലത്.

അത്യാവശ്യ യാത്രകളില്‍ ആവശ്യത്തിന് കമ്പിളി വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്.

രാത്രികളില്‍ കുട്ടിയുടെ ചെവി മൂടുന്നതാണ് നല്ലത്. ചെവിയിലൂടെ ശരീരം പെട്ടെന്ന് തണുക്കാനും സാധ്യതയുണ്ട്.


വിവരങ്ങള്‍:


ഡോ. എബ്രഹാം കെ. പോള്‍
പീഡിയാട്രീഷ്യന്‍, കൊച്ചിന്‍ ഹോസ്പിറ്റല്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍,
ചൈല്‍ഡ് കെയര്‍ സെന്റര്‍