ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് രോഗ പ്രതിരോധത്തിനു വേണ്ടി കൈ കഴുകി വൃത്തിയാക്കാന്‍ ആദ്യം പറഞ്ഞ ഡോ. സിമ്മെല്‍ വെയ്സ്സ്(1818-1865) ജനിച്ചത്. അദ്ദേഹം ഒരു ഗൈനക്കോളജിസ്റ്റായിരുന്നു. പ്രശസ്തനായ അധ്യാ പകനും സര്‍ജറി പ്രൊഫസറുമായിരുന്ന  ഡോ. എസ്. വൈദ്യനാഥന്‍ ഡോക്ടര്‍മാരോട് രോഗപ്രതിരോധത്തിന് ആദ്യമായി കൈകഴുകാന്‍ പറഞ്ഞതിന്റെ പേരില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ച് മാനസികമായി തകര്‍ന്ന് ഏകാന്തനായി മരണം വരിച്ച  ഡോ. സിമ്മെല്‍ വെയസിനെ കുറിച്ചു ഒരു പുസ്തകം കോവിഡ് 19 ലോക്ക്ഡൗണ്‍ സമയത്ത് എഴുതി  പ്രസിദ്ധീകരിച്ചിരുന്നു. 

ബുഡാപെസ്റ്റിലെ വിയന്ന ജനറല്‍ ആശുപത്രിയില്‍ ഡോ. സിമ്മെല്‍ വെയ്സ്സ് ജോലി ചെയ്തിരുന്ന ഗൈനക്ക് വാര്‍ഡില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന കഴിഞ്ഞു വന്ന ഡോക്ടര്‍മാരും വിദ്യാര്‍ഥികളും കൈ കഴുകാന്‍ കൂട്ടാക്കാതെ പ്രസവം കാത്തു  ആശുപത്രി വാര്‍ഡില്‍ വിശ്രമി ക്കുന്ന  സ്ത്രീകളെയും പരിശോധിച്ചിരുന്നു. അതിനെ തുടര്‍ന്ന് 'പ്യുപ്പറല്‍ രോഗം' ബാധിച്ച് പതിനെട്ടു ശതമാനം ഗര്‍ഭി ണികള്‍ ദാരുണമായി മരണമടഞ്ഞു.  ഈ മരണങ്ങള്‍ ഒരു നിത്യ സംഭവമായി കണ്ടുവന്നപ്പോള്‍ സിമ്മെല്‍ വെയ്സ്സ് മാനസികമായി തളര്‍ന്നു. ഇതിന് ഒരു പരിഹാരം തേടി അദ്ദേഹത്തിന്റെ മനസ്സ് വിങ്ങിക്കൊണ്ടിരുന്നു. 'ഡോക്ടര്‍മാര്‍ ദിവ്യന്‍മാരാണ്, അവരുടെ കരങ്ങള്‍ ശുദ്ധമാണ്' എന്നതായിരുന്നു അന്നത്തെ ഡോക്ടര്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ഉറച്ച വിശ്വാസം.  ഈ തെറ്റായ നിലപാടിനെയാണ് സിമ്മെല്‍ വെയ്സ്സ് എതിര്‍ത്തതും  പൊളിച്ചെഴുതിയതും.  

അദ്ദേഹത്തിന്റെ നിരീക്ഷണം കുറ്റമറ്റതായിരുന്നു. ഡോക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തമായി നഴ്സുമാര്‍ മാത്രം ചാര്‍ജ് ഉള്ള ഗര്‍ഭിണികളുടെ വാര്‍ഡില്‍ പ്യുപ്പറല്‍ ഫീവര്‍ മൂലമുള്ള മരണം വളരെ അപൂര്‍വമായിട്ടേ റിപ്പോര്‍ ട്ട് ചെയ്തിരുന്നുള്ളു. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഈ കാര്യം വന്നുപെട്ടു. നഴ്‌സുമാര്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയി ല്‍ പങ്കെടുക്കുന്നില്ലായിരുന്നു എന്നത് അദ്ദേഹം പ്രാധാന്യത്തോടെയാണ് കണ്ടത്. 

സിമ്മെല്‍ വെയ്സ്സ് ഒന്നിനും കാത്തു നിന്നില്ല. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞുവരുന്ന എല്ലാവര്‍ക്കും കൈ കഴുകി വൃത്തിയാക്കാന്‍ സോപ്പും വെള്ളവും ലായനിയും നല്‍കി അവരെ കൊണ്ടു നിര്‍ബന്ധിപ്പിച്ചു കൈ കഴുകിപ്പിക്കുകയും മറ്റുള്ളവരെ കൊണ്ടു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും  ചെയ്തു. ഫലം അത്ഭുതകരമയിരുന്നു. വിയന്ന ജനറല്‍ ആശുപത്രിയില്‍ പ്യുപ്പറല്‍ ഫീവര്‍ മൂലം ഉണ്ടായിക്കൊണ്ടിരുന്ന മരണം രണ്ട് ശതമാനമായി കുറഞ്ഞു. സിമ്മെല്‍ വെയ്സ്സ് തന്റെ വാദഗതി ശക്തമായി ഡോക്ടര്‍മാരുടെ മുന്നിലും മീറ്റിങ്ങുകളിലും  അവതരിപ്പിച്ചു. തുടര്‍ന്ന് എല്ലാ വാര്‍ഡിലും ആശുപത്രി മുഴുവനും ഇത്  നടപ്പാക്കാന്‍ ശ്രമിച്ചു.

ഡോക്ടര്‍മാരിലെ വരേണ്യ വിഭാഗത്തില്‍  നിന്ന് ശക്തമായ എതിര്‍പ്പ് ഉണ്ടായി. ഇത് സിമ്മെല്‍ വെയ്സ്സിനെ മാനസികമായി തളര്‍ത്തി. ചില സമയം നിരാശ കൂടി തന്റെ സിദ്ധാന്തത്തെ എതിര്‍ത്തവരോട് അദ്ദേഹം കായികമായി വരെ ഏറ്റുമുട്ടി. ഫലം അപ്രതീക്ഷിതമായിരുന്നു. കൈ കഴുകുന്നതിനെ  അനുകൂലിക്കാത്ത വിഭാഗം  അദ്ദേഹത്തെ വിയന്ന ആശുപത്രിയില്‍ നിന്ന് പുറത്താക്കി. വളരെ വേദനാജന കമായ ഒരു അനുഭവമായിരുന്നു ഈ തീരുമാനം അദ്ദേഹത്തില്‍ ഏല്‍പ്പിച്ചത്. 
ആഹരവും വെള്ളവും ഇല്ലാതെ അദ്ദേഹം ബുഡാപെസ്റ്റിലെ തെരുവില്‍ അലഞ്ഞു. അവസാനം മാനസിക രോഗികള്‍ക്കുള്ള ഒരു പാര്‍പ്പിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ 1865 ല്‍  അകാലത്തില്‍ മരണപ്പെട്ടു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സാംക്രമിക രോഗങ്ങള്‍ അണുബാധ മൂലം ആണ് ഉണ്ടാവുന്നത് എന്ന് കണ്ടുപിടിച്ചത്. ജെന്നറും ലൂയിപാസ്ചറും എല്ലാം രംഗ പ്രവേശനം നടത്തിയത്. അപ്പോള്‍ ആണ് മുന്‍പ് സിമ്മെല്‍ വെയ്സ്സ് പറഞ്ഞകാര്യം രോഗാണുശാസ്ത്ര വിദഗ്ധരുടെ ഓര്‍മ്മയില്‍ വന്നത്. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ അവഗ ണിച്ചത് രോഗചികിത്സയുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണെന്ന് അവര്‍ക്ക് മനസ്സിലായി. 

അവര്‍ അദ്ദേഹത്തിന്റെ കുഴിമാടം തേടി കണ്ടുപിടിച്ച് ശരീര അവശിഷ്ടം  വിയന്നയില്‍ കൊണ്ടുവന്ന് വീണ്ടും സംസ്‌ക്കരിച്ചു. തുടര്‍ന്ന് അംഗീകാരങ്ങ ളുടെ കുത്തൊഴുക്കായിരുന്നു.  'അമ്മമാരുടെ രക്ഷകന്‍' എന്ന് പേര് അദ്ദേഹത്തിനു ചാര്‍ത്തി നല്‍കപ്പെട്ടു ഹംഗറിയിലെയും ലോകത്തിലെ പല ഭാഗത്തെയും ആശുപത്രികള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി. തെരുവില്‍ പ്രതിമകള്‍ സ്ഥാപിച്ചു. ഒക്ടോബര്‍ 15 'ലോക് കൈ കഴുകല്‍ ദിന'മായി ആചരിക്കാന്‍ തുടങ്ങി. അദ്ദേ ഹത്തിന്റെ പേരില്‍ പുസ്തകങ്ങളും സിനിമയും എല്ലാം ഉണ്ടായി. 

book

തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ നിന്ന് ലഭിച്ച പുസ്തകത്തില്‍ നിന്നാണ് സിമ്മെല്‍ വെയ്സ്സിന്റെ കഥ മെഡിക്കല്‍ വിദ്യാര്‍ഥി ആയിരുന്ന ഡോ. വൈദ്യനാഥന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചത്. തനിക്കു ശരിയാണെന്ന് തോന്നിയ ഒരു നില പാടില്‍ ഉറച്ചു നിന്നത് മൂലം ഒരുപാട് യാതനകള്‍ അനുഭവിച്ച സിമ്മെല്‍ വെയ് സ്സ് ഒരു നീറുന്ന നൊമ്പരമായി അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നുമുണ്ടായിരുന്നു. 2020 മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലത്തെ ഏകാന്തതയും സാര്‍സ് കോവിഡ് വൈറസിനെ അതിജീവിക്കാന്‍ കൈ കഴുകല്‍ വ്യാപകമായി പ്രചരിപ്പിക്കുക യും ചെയ്തപ്പോള്‍ ആ ഓര്‍മ്മകള്‍ വീണ്ടും ശക്തമായി മനസ്സിനെ നൊമ്പര പ്പെടുത്തി. ആ സാഹചര്യവും വ്യക്തി പരമായ മാനസിക അവസ്ഥയും ഒന്നു ചേര്‍ന്നപ്പോഴാണ് പുസ്തക രചന ഒരു നിയോഗം പോലെ പ്രക്ഷുബ്ധവും  തപസ്സു പോലെ തീക്ഷണവുമായി മാറുന്നത് എന്ന് വൈദ്യനാഥന്‍ സാര്‍ പുസ്തകത്തിന്റെ വരികള്‍ക്കിടയിലൂടെ പറയുന്നുണ്ട്. പുസ്തകത്തിന്റെ ഓരോ  അധ്യായവും താണ്ടുമ്പോള്‍ ഓരോ വരിയും അപഗ്രഥിച്ചു മനസ്സിലാ ക്കുമ്പോള്‍ ആ ചൂട് നമ്മുടെ സിരകളില്‍ കൂടിയും പടര്‍ന്നു വ്യാപിപ്പിക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഗ്രന്ഥകര്‍ത്താവിന് സംതൃപ്തിയും സായൂജ്യവും നേടാനാവുന്നത്. 

Content Highlights: Story of Dr. Semmelweis, Health