നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി ഇതുണ്ടാകുന്നത്.
നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു. ഇത് രൂക്ഷമായാല്‍ പഴുപ്പും ഉണ്ടാവാറുണ്ട്. ഇതേ അവസ്ഥ നീണ്ടുനിന്നാല്‍ അത് നഖത്തിലും കേടുപാടുകള്‍ ഉണ്ടാക്കും. നഖത്തിലെ നിറം മാറ്റം, നഖം പൊടിഞ്ഞു പോകല്‍, വളര്‍ച്ച മുരടിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവാം.
കുഴിനഖം തടയാന്‍ വേണം മുന്‍കരുതല്‍
- നഖവും ചുറ്റുമുള്ള ഭാഗങ്ങളും നനവില്ലാതെ സൂക്ഷിക്കുക
- നനവുണ്ടാകാന്‍ സാധ്യതയുള്ള ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ഗ്ലൗസ് ധരിക്കുക
- കൈകാലുകള്‍ ഉപ്പുലായനിയില്‍ 10 മിനുട്ട് നേരെ രാവിലേയും രാത്രിയിലും മുക്കിവയ്ക്കുക.
- ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ഓയിന്‍മെന്റുകളും ഗുളികകളും ഉപയോഗിക്കുക.