പോഷകങ്ങളുടെ കുറവ്, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ കുറവ്, വിഷ-രാസ വസ്തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവ നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. നഖങ്ങള്‍ ആരോഗ്യത്തോടെ പരിപാലിക്കാനുള്ള ഗൃഹചികിത്സകള്‍ പരിചയപ്പെടാം.

  • നഖങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തരുത്. തുടര്‍ച്ചയായി വെളളവുമായി സമ്പര്‍ക്കത്തില്‍ വരുന്നത് നഖം പൊട്ടാനും നഖത്തിന്റെ ആവരണമായ ക്യൂട്ടിക്കിളിന് ക്ഷതമേല്‍പിച്ച് അണുബാധ ഉണ്ടാകാനും കാരണമാകാം. നഖങ്ങള്‍ കഴുകി വൃത്തിയാക്കി ഈര്‍പ്പം തുടച്ചെടുക്കണം. 
  • നിത്യേന നഖങ്ങളില്‍ എണ്ണ തേയ്ക്കണം. ഇത് നഖത്തിന് പുറമെയുള്ള ആവരണത്തെ സംരക്ഷിക്കും.
  • നഖത്തിലെ കുളികള്‍, നഖത്തിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് പെട്ടന്ന് പൊട്ടിപോകുന്ന അവസ്ഥകള്‍ എന്നിവ പരിഹരിക്കാന്‍ കുറുന്തോട്ടി പൊടിച്ചത് പാല്‍ ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്. 
  • ഫെഗല്‍ ഹാധ കൊണ്ട് നഖം കേടുവരുന്ന അവസ്ഥയില്‍(കുഴിനഖം) കണിക്കൊന്നയില അരച്ച് തേയ്ക്കുന്നത് ഫംഗല്‍ഡ ബാധ ഇല്ലാതാക്കും. 
  • ആര്യവേപ്പിലയും തകരയിലയും ഇതേരീതിയില്‍ അരച്ചുതേക്കുന്നതും ഫംഗല്‍ ബാധ പരിഹരിക്കാന്‍ നല്ലതാണ്. 
  • നഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന അണുബാധ പരിഹരിക്കാന്‍ ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക) ഇട്ട് തിളപ്പിച്ച് വെള്ളത്തില്‍ പൊന്‍കാരം(borax) ലയിപ്പിച്ച് ചേര്‍ത്ത ലായിനി പുരട്ടുന്നത് നല്ലതാണ്.  
  • ഇരട്ടിമധുരം ഇട്ട് തിളപ്പിച്ച വെള്ളവും ഇതേരീതിയില്‍ ഉപയോഗിച്ചാല്‍ നഖത്തിന്റെ വശങ്ങളിലുണ്ടാകുന്ന അണുബാധ പരിഹരിക്കാനാകും. 
  • നഖത്തിന് കുറുകെ വര വന്ന് നഖ വളര്‍ച്ച മുരടിക്കുന്ന അവസ്ഥയില്‍ അതിന് കാരണമാകുന്ന അസുഖത്തിന്റെ ചികിത്സയോടൊപ്പം കുറുന്തോട്ടി കളിക്കുന്നത് നഖത്തിന്റെ ആരോഗ്യം  പെട്ടന്ന്‌ വീണ്ടെടുക്കാന്‍ സഹായിക്കും. 
  • നഖം വൃത്തിയായി വെട്ടി പരിപാലിക്കണം. നഖം കൂടുതലായി വളര്‍ന്ന മുറിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയില്‍ വെളിച്ചെണ്ണയോ, നെയ്യോ തേച്ച് ചെറുചൂടുവെള്ളത്തില്‍ നഖങ്ങള്‍ കുറച്ച് സമയം മുക്കി വെച്ചാല്‍ അനായായമായി നഖം മുറിക്കാന്‍ സാധിക്കും. 
  • ഡിറ്റര്‍ജന്റുകളും മറ്റു രാസവസ്തുക്കളും കൂടുതല്‍ തട്ടുന്നതു മൂലം നഖത്തില്‍ പല മാറ്റങ്ങളുമുണ്ടാകാം. ഇത് പരിഹരിക്കാന്‍ നാല്‍പാമരത്തിന്റെ തൊലി അരച്ച് ചേര്‍ത്തുണ്ടാക്കിയ നെയ്യ് തേയ്ക്കുന്നത് വളരെ ഫലപ്രദമാണ്.

 

ശ്രദ്ധിക്കേണ്ടത്: നഖത്തിലുണ്ടാകുന്ന മാറ്റങള്‍ ചിലപ്പോള്‍ മറ്റേതെങ്കിലും രോഗത്തിന്റെ പ്രതിഫലനമാകാറുണ്ട്. അതിനാല്‍ ഇവ ഏറെക്കാലം തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടണം. 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ജി അരുണ്‍ കുമാര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, പൂതാടി, വയനാട് 

ആരോഗ്യമാസിക മേയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്