സിക്ക വൈറസ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ ആക്ഷൻപ്ലാൻ രൂപവത്കരിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുമെന്ന് കളക്ടർ പറഞ്ഞു.

സിക്ക വൈറസ് ഗർഭിണികളെ ഗുരുതരമായി ബാധിക്കും. മറ്റുള്ളവരിൽ രോഗലക്ഷണത്തിന്റെ കാഠിന്യം കുറവായിരിക്കും. ഗർഭിണികൾ കൊതുകുകടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും സിക്ക വൈറസ് ബാധ കണ്ടെത്താൻ സൗകര്യമൊരുക്കണം.

സിക്ക വൈറസിനെതിരായ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടപ്പാക്കും. കൊതുകുനിവാരണ നടപടികൾ വീടുകളിൽനിന്നു തുടങ്ങണം. കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും കളക്ടർ പറഞ്ഞു. വാർഡ് തലത്തിൽനിന്ന്‌ ഈഡിസ് കൊതുകിനെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കണം. ആരോഗ്യവകുപ്പിന് കീഴിലെ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുകൾ കോർപ്പറേഷൻ പരിധിയിൽ നിരീക്ഷണം നടത്തുകയും കൊതുകുനിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രവർത്തനക്ഷമമാക്കുകയും വേണമെന്ന് കളക്ടർ പറഞ്ഞു.

ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്.ഷിനു, ഡി.പി.എം. ഡോ. അരുൺ പി.വി., ഡി.എസ്.ഒ.മാരായ ഡോ. ജോസ് ജി.ഡി. ക്രൂസ്, ഡോ. ധനുജ വി.എ., ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുകേഷ് രാജ്, ആർ.സി.എച്ച്. ഓഫീസർ ഡോ. ദിവ്യ സദാശിവൻ, ജില്ലാ കൺട്രോൾ റൂം നോഡൽ ഓഫീസർ ഡോ. സുനിത എൻ, തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Zika Virus, Pregnant women should be careful, Health