ലോക ക്ഷയരോഗ ദിനചാരണം കോഴിക്കോട് ജില്ലാതല പരിപാടികൾ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു. ഡോ ഉമ്മർ ഫാറൂഖ്, ഡോ. പ്രമോദ് കുമാർ പി.പി., ഡോ. അജിത് ഭാസ്കർ, ഡോ. ബി. വേണു ഗോപാൽ എന്നിവർ സമീപം
കോഴിക്കോട്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഉള്ള രാജ്യമാണ് ഇന്ത്യയെങ്കിലും ക്ഷയരോഗത്തെ തുടച്ചു നീക്കുന്നതില്‍ കേരളം ഒറ്റക്കെട്ടായി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തി വരുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ. ഹാളില്‍ നടന്ന ജില്ലാതല പരിപാടികള്‍ തുറമുഖ -മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
'ക്ഷയരോഗ നിവാരണത്തിനായി നിക്ഷേപിക്കാം, ജീവന് രക്ഷിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനസന്ദേശം. ചില ലക്ഷണങ്ങളിലൂടെ ക്ഷയരോഗം തിരിച്ചറിയാനാകും. എന്നാലും, ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും ആഗോള തലത്തില്‍ നടക്കുന്ന ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളവും പങ്കാളികളാവുമെന്നും മന്ത്രി പറഞ്ഞു.
മികച്ച ടി. ബി പ്രതിരോധപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍ നിന്നും കോഴിക്കോട് ജില്ലാ ടി.ബി. കേന്ദ്രത്തിലെ എസ്.ടി.എല്‍.എസ്. ഇ. ബിന്ദു ഏറ്റു വാങ്ങി. ജില്ലാ ടി.ബി. ആന്‍ഡ് എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. പി.പി. പ്രമോദ് കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അധ്യക്ഷനായി. ചടങ്ങില്‍ മുഖ്യാതിഥിയായ ഐ.എം.എ. സ്റ്റേറ്റ് സെക്രട്ടറി ഡോ. അജിത് ഭാസ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി. വേണുഗോപാലന്‍ ക്ഷയരോഗദിന പ്രതിജ്ഞ ചൊല്ലി. ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, സ്റ്റേറ്റ് ടി. ബി. അസോസിയേഷന് എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. എം. രാജന്, ജില്ലാ ടി.ബി. ഫോറം പ്രസിഡന്റ് ശശികുമാര്‍ ചേളന്നൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ടി.ബി. സെന്റര്‍ എം.ഒ.ടി.സി. ഡോ. ജ്യോതി കൈലാഷ് നന്ദി പറഞ്ഞു.
ഉദ്ഘാടനചടങ്ങിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഡോ. ശില്പ ടി.ബി. ദിന സന്ദേശപ്രചരണാര്ഥം മോഹിനിയാട്ടം അവതരിപ്പിച്ചു. ശേഷം 'പോസ്റ്റ് കോവിഡ് ടി.ബി. നോട്ടിഫിക്കേഷന്‍' എന്ന വിഷയത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആര്. എസ്സ്. രജസി ആരോഗ്യസെമിനാര് അവതരിപ്പിച്ചു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ആരംഭിച്ച് ഐ.എം.എ. ഹാളില്‍ സമാപിച്ച ക്ഷയരോഗ ദിന സന്ദേശ ബഹുജനറാലി മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ആശാ വര്‍ക്കര്‍മാര്‍, കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്, മലബാര്‍ മെഡിക്കല്‍ കോളേജ് എന്നിവടങ്ങളിലെ ഹൗസ് സര്ജന്മാര്, പി.വി.എസ്. നഴ്സിംഗ് കോളേജ്, ബീച്ച് നഴ്സിംഗ് കോളേജ്, ബേബി മെമ്മോറിയല്‍ നഴ്സിംഗ് കോളേജ്, ഐ.എച്ച്്.ആര്.ഡി. കോളേജ് എന്നിവടങ്ങളിലെ വിദ്യാര്‍ഥികള്‍, ജില്ലയിലെ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, എന്‍.സി.സി. സ്കൗട്ട് കേഡറ്റുകള്‍, യു.എല്‍.സി.സി.യിലെ അന്യസംസ്ഥാന തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ബഹുജന റാലിയില്‍ പങ്കെടുത്തു.

ക്ഷയരോഗദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജില്‍ ക്ഷയരോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി 'എക്സ്റ്റ്രാ പള്‍മണറി ടി.ബി.' എന്ന വിഷയത്തില്‍ ജില്ലാ ടി.ബി. കേന്ദ്രം കണ്‍സള്‍ട്ടന്റ് ഡോ. ജ്യോതി കൈലാഷിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി.
മുക്കം കെ.എം.സി.ടി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ ക്ഷയരോഗ ബോധവത്കരണ റാലി, സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരം, ബാലുശ്ശേരി ടൗണ്‍, രാമനാട്ടുകര ടൗണ്‍, വടകര ബസ്സ്റ്റാന്‍ഡ്, മുക്കം ബസ്സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ ക്ഷയരോഗ ബോധവത്കരണവുമായി ബന്ധപ്പെട്ട ഫ്ളാഷ് മോബ് നടത്തി.
ജില്ലയിലെ ടി.ബി. യൂണിറ്റുകളായ ബാലുശേരി, മുക്കം, കൊയിലാണ്ടി, വടകര, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ടി.ബി. രോഗം വന്ന് സുഖപ്പെട്ടവരെ ഉള്‍പ്പെടുത്തി (ടി.ബി. സര്‍വൈവേഴ്സ്) ബോധവത്കരണ പരിപാടിയും വടകര, ബാലുശ്ശേരി, മുക്കം എന്നീ ടി.ബി. യുണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പ്രശ്നോത്തരി മത്സരവും നടത്തി. ബീച്ച് പരിസരത്ത് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പാരമെഡിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ് എന്നിവയും നടത്തി.
Content Highlights: World Tuberculosis Day 2022, Tuberculosis, Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..