കോഴിക്കോട്: മഹാമാരിക്കാലമാണ്, ഒട്ടേറെ പ്രതിസന്ധികൾ രോഗത്തിനുപുറമേ വന്നുചേരാം. ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണുവേണ്ടത്. ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ (സെപ്റ്റംബർ 10) ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന നിർദേശമിതാണ്. ഒരുനിമിഷത്തെ അവിവേകംമൂലം സ്വയംവരുത്തുന്ന അനർഥം പ്രതിരോധിക്കുകയാണ് 'ടുഗെതർ വീ കാൻ' എന്ന കാമ്പയിനിലൂടെ ഡബ്ള്യു.എച്ച്.ഒ. ലക്ഷ്യമിടുന്നത്.

രണ്ടുമൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിലെ ആത്മഹത്യനിരക്ക് കൂടിവരുന്നതായാണ് കണക്കുകൾ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുപ്രകാരം ആത്മഹത്യാനിരക്കിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ് കേരളം. കേരളത്തിൽ കുടുംബിനികൾക്കിടയിലും വലിയതോതിൽ ആത്മഹത്യ കൂടിവരുന്നുണ്ട്.

ആകെ ആത്മഹത്യ ചെയ്യുന്നവരിൽ കുടുംബപ്രശ്നങ്ങൾമൂലം ജീവിതം അവസാനിപ്പിക്കുന്നവർ 42.7 ശതമാനമാണ്. 961 പേരാണ് കഴിഞ്ഞവർഷം മരിച്ചത്. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കൂടുതലും ചെറുപ്പക്കാരാണ് ആത്മഹത്യ ചെയ്യുന്നത് (18-50 വയസ്സുള്ളവർ). വിവാഹിതരാണ് ഇവരിൽ ഭൂരിഭാഗവും.

തുടക്കത്തിലേ കണ്ടുപിടിച്ച് തണലേകാം

  • നമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാൽ മടികൂടാതെ അവരോട് കാര്യങ്ങൾ ചോദിച്ചറിയണം. ഒരു പരിധിവരെ മനസ്സുതുറന്നുള്ള സംസാരങ്ങൾ ആത്മഹത്യയെ ചെറുക്കാൻ സഹായിക്കും.
  • ആത്മഹത്യാ പ്രവണതയുള്ളവരാണെന്നു തോന്നിയാൽ അവർ അതിന് ശ്രമിച്ചേക്കാവുന്ന മാർഗങ്ങൾക്ക് പരമാവധി തടയിടാൻ ശ്രമിക്കണം.
  • കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ കാർഷിക ആവശ്യത്തിനുള്ള വിഷം നൽകരുതെന്നുള്ള രീതി വരണം.
  • വികസിത രാജ്യങ്ങളിലുള്ളതുപോലെ മൊബൈൽ വിഷചികിത്സാ കേന്ദ്രങ്ങൾ ലഭ്യമാക്കണം.
  • കുടുംബപ്രശ്നങ്ങൾ ഒരുപരിധിവരെ കൗൺസലിങ്ങിലൂടെ പരിഹരിക്കാം. ഇതിനായി പഞ്ചായത്തിൽ സൈക്കോളജി ബിരുദമുള്ളവരെ നിയമിക്കണം.

കോവിഡ് മാനസികാരോഗ്യനയങ്ങൾ അനിവാര്യം

ആത്മഹത്യയെ സംബന്ധിച്ച് കോവിഡ് കാലം നിർണായകമാണ്. സമ്പത്തികമാന്ദ്യം, ജോലി നഷ്ടപ്പെടൽ, പ്രവാസി തിരിച്ചുവരവ് എന്നിവയെല്ലാം ഘടകമാകും. അതുകൊണ്ട് കോവിഡിനെ അതിജീവിക്കാനുള്ള മാനസികാരോഗ്യ നയങ്ങൾ കൊണ്ടുവരണം.
- ഡോ. പി.എൻ. സുരേഷ് കുമാർ,
മാനസികാരോഗ്യ വിദഗ്ധൻ, കെ.എം.സി.ടി., കോഴിക്കോട്

സഹായം തേടാം
ഓരോരുത്തരും വ്യത്യസ്തമായ പ്രശ്നങ്ങൾകൊണ്ടാണ് ആത്മഹത്യയിലേക്കു തിരിയുന്നത്. നിരന്തരമായി തോന്നലുണ്ടാകുമ്പോൾ കൗൺസലറെ സമീപിക്കുകയും ആവശ്യമായ ചികിത്സ തേടുകയും വേണം
- അർഷക് ചന്ദ്രൻ,
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കോഴിക്കോട്

Content Highlights:world suicide prevention day 2020, increasing suicide rates in kerala, Health